അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും എങ്ങനെ മനസ്സിലാക്കണം?

ശമീര്‍ മദീനി

2017 സെപ്തംബര്‍ 02 1438 ⁠⁠ദുൽഹിജ്ജ 11

അല്ലാഹുവിനുള്ളതായി അല്ലാഹുവും റസൂലും(സ്വ) അറിയിച്ച ഒരു നാമവും വിശേഷണവും നാം നിഷേധിക്കാന്‍ പാടുള്ളതല്ല. കാരണം അല്ലാഹുവിനെ കുറിച്ച് കൂടുതല്‍ അറിയുന്നവന്‍ അല്ലാഹുവാണ്. സൃഷ്ടികളില്‍വെച്ച് ഏറ്റവും നന്നായി അല്ലാഹുവിനെ അറിഞ്ഞത് മുഹമ്മദ് നബി(സ്വ)യുമാണ്. അതിനാല്‍ അല്ലാഹുവും റസൂലും അറിയിച്ച കാര്യങ്ങളെ നിഷേധിക്കല്‍ സത്യനിഷേധമാണ്.  

അല്ലാഹുവിന്റെ നാമ ഗുണ വിശേഷണങ്ങളുടെ വിഷയത്തില്‍ ജഹ്മിയ്യാക്കള്‍ക്ക് പറ്റിയ ഭീമാബദ്ധം ഇതായിരുന്നു. അവര്‍ അല്ലാഹുവിന്റെ സ്വിഫാത്തുകളെ (വിശേഷണങ്ങളെ) നിഷേധിച്ചു കളഞ്ഞു. തങ്ങളുടെ പരിമിത ബുദ്ധിയെ അടിസ്ഥാനപ്പെടുത്തി അല്ലാഹു ആരായിരിക്കണമെന്ന് അവര്‍ സ്വയം തീരുമാനിച്ചു. അതിനുശേഷം വന്ന മുഅ്തസില വിഭാഗവും സ്വീകരിച്ചത് പ്രമാണങ്ങളെക്കാള്‍ തങ്ങളുടെ ബുദ്ധിക്ക് പ്രാധാന്യവും അപ്രമാദിത്വവും കല്‍പിച്ചുകൊണ്ടുള്ള ഇത്തരം സമീപനങ്ങളായിരുന്നു. അല്ലാഹുവിന് എന്തെല്ലാം വിശേഷണങ്ങളുണ്ടാവണമെന്നും ഉണ്ടായിക്കൂടാ എന്നും തീരുമാനിക്കാന്‍ ഇവരൊക്കെ ആശ്രയിച്ചത് പ്രമാണങ്ങളെ കൈവിട്ടുകൊണ്ടുള്ള ഗവേഷണങ്ങളെയായിരുന്നു. 

അല്ലാഹുവും റസൂലും അല്ലാഹുവിനുള്ളതായി അറിയിച്ച വിശേഷണങ്ങളെ നാം അംഗീകരിച്ചാല്‍ അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തലാണെന്നും അത് തൗഹീദിന് വിരുദ്ധമാണെന്നും അവര്‍ വാദിച്ചു. എന്നാല്‍ ഇവരൊക്കെയും അല്ലാഹുവിന്റെ അസ്തിത്വം അംഗീകരിക്കുന്നവരാണ്. സൃഷ്ടികളുടെ അസ്തിത്വങ്ങളെയും അംഗീകരിക്കുന്നുണ്ട്. അപ്പോള്‍ മേല്‍പറഞ്ഞ സാദൃശ്യപ്പെടുത്തല്‍ ഇവിടെയും വരില്ലേ എന്ന് ചോദിച്ചാല്‍, അല്ലാഹുവിന്റെ അസ്തിത്വം പോലെയല്ല സൃഷ്ടികളുടെ അസ്തിത്വം എന്നാണ് മറുപടി. എങ്കില്‍ ഇവരോട് നമുക്കും അല്ലാഹുവിന്റെ വിശേഷണങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് പറയാനുള്ളത്. അല്ലാഹുവിനെ പോലെ യാതൊന്നുമില്ല. അല്ലാഹു പറയുന്നു: 

''ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു (അവന്‍) നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നു തന്നെ അവന്‍ ഇണകളെ (ഉണ്ടാക്കിത്തന്നിരിക്കുന്നു) അതിലൂടെ നിങ്ങളെ അവന്‍ സൃഷ്ടിച്ച് വര്‍ധിപ്പിക്കുന്നു. അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു.'' (42:11)

അല്ലാഹുവിന്റെ അനവധി സ്വിഫാത്തുകളുടെ കൂട്ടത്തില്‍ കേവലം ആറേഴെണ്ണത്തെ മാത്രം അംഗീകരിക്കുകയും ബാക്കിയുള്ളവയെ എല്ലാം മുഅ്തസിലികള്‍ ചെയ്തതുപോലെ വ്യാഖ്യാനിക്കുകയോ അല്ലെങ്കില്‍ ഒന്നും പറയാതെ അല്ലാഹുവിലേക്ക് മടക്കുകയോ ചെയ്ത (തഫ്‌വീളിന്റെയും തഅ്‌വീലിന്റെയും വക്താക്കളായ) അശ്അരീ- മാതുരീദി വിഭാഗവും അകപ്പെട്ടത് ഒരേ കുഴിയില്‍ തന്നെയാണ്.

ജഹ്മികളോടും മുഅ്തസിലികളോടും പറഞ്ഞതുപോലെ തന്നെ ഇവരോടും അഹ്‌ലുസ്സുന്നക്ക് പറയാനുള്ളത് ഇതാണ്: അല്ലാഹുവിന്റെ ഏഴ് സ്വിഫത്തുകളെ നിങ്ങളംഗീകരിക്കുകയും ബാക്കിയുള്ളവയെ നിരാകരിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ അറിവും ശക്തിയും കേള്‍വിയും കാഴ്ചയുമൊക്കെ നിങ്ങളംഗീകരിക്കുന്ന സ്വിഫാത്തുകളാണ്. എന്നാല്‍ സൃഷ്ടികള്‍ക്കും അറിവും കഴിവും കാഴ്ചയും കേള്‍വിയുമൊക്കെ ഉണ്ടല്ലോ എന്ന് ചോദിക്കുമ്പോള്‍, അല്ലാഹുവിന്റെ കഴിവും കാഴ്ചയും അറിവും കേള്‍വിയുമൊന്നും സൃഷ്ടികളുടേത് പോലെയല്ല എന്നാണ് മറുപടി. എങ്കില്‍ പ്രമാണങ്ങള്‍ നമ്മെ അറിയിച്ച ബാക്കിയുള്ള സ്വിഫാത്തുകളുടെ കാര്യത്തിലും അവയൊന്നും സൃഷ്ടികളുടെ വിശേഷണങ്ങള്‍ പോലെയല്ല; അല്ലാഹുവിന്റെ വിശേഷണങ്ങള്‍ അവന്റെ മഹത്വത്തിനും ഔന്നിത്യത്തിനും യോജിക്കുന്ന വിധത്തില്‍ പരിപൂര്‍ണതയുടെ ഗുണങ്ങളും സമാനതകളില്ലാത്തതുമാണ് എന്ന് പറയലല്ലേ പ്രമാണത്തോടും ശരിയായ ബുദ്ധിയോടും യോജിക്കുന്നത് എന്ന് ചോദിച്ചാലും വ്യാഖ്യാനത്തിന്റെ അനിവാര്യതക്കും സാധുതക്കും തെളിവുനിരത്താനായിരിക്കും അവരില്‍ ഭൂരിഭാഗവും പരിശ്രമിക്കുക.

പ്രസ്തുത കാര്യങ്ങളിലൊക്കെ തങ്ങള്‍ക്കുള്ള മാതൃകയും മുന്‍ഗാമികളും ആരൊക്കെയാണ് എന്ന് വേണ്ടവിധത്തില്‍ ആലോചിക്കാന്‍ പോലും അവര്‍ക്ക് സാധിക്കാതെ പോവുകയാണ്. നബി(സ്വ)യോ സ്വഹാബത്തോ താബിഉകളോ തബഉത്താബിഉകളോ അടങ്ങുന്ന സലഫുകളില്‍ നിന്ന് ഒരാളെ പോലും അവര്‍ക്ക് മാതൃകയായി ഉദ്ധരിക്കാന്‍ കഴിയില്ല എന്നതും നാം തിരിച്ചറിയേണ്ട വസ്തുതയാണ്. അവരാണല്ലോ നമ്മുടെ സച്ചരിതരായ മുന്‍ഗാമികള്‍. അവരെ പിന്‍പറ്റുവാനാണല്ലോ നാം കല്‍പിക്കപ്പെട്ടതും.


ഇവരുടെ വ്യാഖ്യാനത്തിന്റെ അപകടങ്ങള്‍

1. അല്ലാഹുവിന്റെ പേരില്‍ നാം വ്യക്തമായി അറിയാത്തവ പറയലാണ് ഇത്തരം വ്യാഖ്യാനങ്ങളിലൂടെ സംഭവിക്കുന്നത്. അതാകട്ടെ അല്ലാഹു ശക്തമായി നമ്മളോട് വിലക്കിയതാണ്.

''അവര്‍ (യഹൂദര്‍) പറഞ്ഞു: എണ്ണപ്പെട്ട ദിവസങ്ങളിലല്ലാതെ ഞങ്ങളെ നരക ശിക്ഷ ബാധിക്കുകയേ ഇല്ല. ചോദിക്കുക: നിങ്ങള്‍ അല്ലാഹുവിങ്കല്‍നിന്ന് വല്ല കരാറും വാങ്ങിയിട്ടുണ്ടോ? എന്നാല്‍ തീര്‍ച്ചയായും അല്ലാഹു തന്റെ കരാര്‍ ലംഘിക്കുകയില്ല. അതല്ല, നിങ്ങള്‍ക്ക് അറിവില്ലാത്തത് അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ''(2:80).

''അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനേക്കാള്‍ അക്രമിയായി ആരുണ്ട്? അവര്‍ അവരുടെ രക്ഷിതാവിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുന്നതാണ്. സാക്ഷികള്‍ പറയും: ഇവരാകുന്നു തങ്ങളുടെ രക്ഷിതാവിന്റെ പേരില്‍ കള്ളം പറഞ്ഞവര്‍, ശ്രദ്ധിക്കുക: അല്ലാഹുവിന്റെ ശാപം ആ അക്രമികളുടെ മേലുണ്ടായിരിക്കും''(11:18).

''മൂസാ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് നാശം! നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കരുത്. ഏതെങ്കിലും ഒരു ശിക്ഷ മുഖേന അവന്‍ നിങ്ങളെ ഉന്‍മൂലനം ചെയ്‌തേക്കും. കള്ളം കെട്ടിച്ചമച്ചവനാരോ അവന്‍ തീര്‍ച്ചയായും പരാജയപ്പെട്ടിരിക്കുന്നു''(20:61).

ആരെക്കുറിച്ചും വ്യക്തമായ അറിവില്ലാത്തത് പറഞ്ഞുകൂടാ. അപ്പോള്‍ അത് അല്ലാഹുവിനെ സംബന്ധിച്ച് ആകുമ്പോള്‍ എന്ത് മാത്രം അപകടകരമായിരിക്കും! 

''നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്'' (17:36).


2. നാം നല്ലതായി കരുതുന്ന വ്യാഖ്യാനങ്ങള്‍ നല്ലതും മതത്തില്‍ അനിവാര്യവുമായ ഒന്നായിരുന്നെങ്കില്‍ അല്ലാഹുവും റസൂലും(സ്വ) അത് നമുക്ക് വിശദീകരിച്ചു തരേണ്ടതായിരുന്നുവല്ലോ! ഇതിനെക്കാള്‍ നിസ്സാരമായ വിഷയങ്ങള്‍ വിശദമായി വിശദീകരിച്ച മതപ്രമാണങ്ങള്‍ മൗലികമായ ഈ വിശ്വാസ കാര്യത്തെ വിശദീകരിക്കാതെ അവഗണിച്ചു കളഞ്ഞു എന്നതും ഉണ്ടാകുവാന്‍ യാതൊരു ന്യായവുമില്ല. അതിനാല്‍ സ്വന്തമായി നാം അവതരിപ്പിക്കുന്ന വ്യാഖ്യാനങ്ങള്‍ മതത്തില്‍ പലതും കൂട്ടിച്ചേര്‍ക്കലായിരിക്കും. 


3. സലഫുകളില്‍ ഒരാളില്‍ നിന്നുപോലും ഇത്തരം വ്യാഖ്യാനങ്ങള്‍ ഉദ്ധരിക്കപ്പെടുന്നില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. അപ്പോള്‍ അല്ലാഹു തൃപ്തിപ്പെട്ടവരും ഉത്തമ തലമുറക്കാരും ശുദ്ധ അറബി ഭാഷക്കാരുമായ സച്ചരിതരുടെ പാത കയ്യൊഴിച്ച് കൊണ്ട് നാം സ്വീകരിക്കുന്ന വ്യാഖ്യാനത്തിന്റെ രീതി ക്വുര്‍ആനും സുന്നത്തും നമ്മോട് പിന്‍പറ്റാന്‍ നിര്‍ദേശിച്ച പാതയെ കയ്യൊഴിക്കലും സന്മാര്‍ഗം വിട്ട് ദുര്‍മാര്‍ഗം സ്വീകരിക്കലുമായിരിക്കും എന്ന് തിരിച്ചറിയുക.

''തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!'' (4:115).


4. അല്ലാഹുവിന്റെ സ്വിഫത്തുകളെ കുറിച്ച് പറഞ്ഞ ക്വുര്‍ആനിക വചനങ്ങളെയും ഹദീഥുകളെയും സലഫുകള്‍ വ്യാഖ്യാനിക്കാതിരുന്നത് എന്തുകൊണ്ടായിരിക്കും എന്ന ചിന്ത പ്രസക്തമാണ്. നന്മയുള്ള കാര്യമാണ് ഈ വ്യാഖ്യാനമെങ്കില്‍ അവരായിരുന്നു നമ്മെക്കാള്‍ മുമ്പ് അത് ചെയ്യുകയും അതിന്റെ പ്രചാരകരാവുകയും ചെയ്യുക. ദീനിയായ ഒരു വിഷയത്തില്‍ അതും അസ്മാഉ വസ്വിഫാത്ത് പോലെയുള്ള അടിസ്ഥാനപരമായ ഒരു അഖീദാവിഷയത്തില്‍ സലഫുകള്‍ സ്വീകരിക്കാത്ത മാര്‍ഗമാണ് നാം സ്വീകരിക്കുന്നതെങ്കില്‍ പ്രസ്തുത വഴി പിഴച്ചതാണെന്നതിന് അതുമാത്രം മതിയാകും വ്യക്തമായ തെളിവായിട്ട്. അല്ലാതെ സച്ചരിതരായ മുന്‍ഗാമികള്‍ പിഴവിലും പില്‍ക്കാലത്തുള്ളവര്‍ ശരിയിലും നന്മയിലും എന്ന് ദീനിന്റെ ബാലപാഠങ്ങളെങ്കിലും മനസ്സിലാക്കിയവര്‍ക്ക് അനുമാനിക്കാനാവുമോ?

അഭിപ്രായ ഭിന്നതകളും ആശയക്കുഴപ്പങ്ങളുമുണ്ടാകുമ്പോള്‍ നമ്മളോട് പിന്‍പറ്റാന്‍ നബി(സ്വ) നിര്‍ദേശിച്ച നേരിന്റെ സുരക്ഷിതപാത സലഫിന്റെതാണല്ലോ.


5. നബി(സ്വ)യോ സ്വഹാബത്തോ ഒന്നും വിശദീകരിക്കാത്ത ഒരു വിവരണം നാം കല്‍പിക്കുമ്പോള്‍ വിശിഷ്ടരും വിശുദ്ധരുമായ ആ മുന്‍ഗാമികളെ മോശപ്പെട്ടവരും മതത്തിന്റെ അടിസ്ഥാന വിഷയങ്ങളില്‍ പോലും വേണ്ടത്ര ഗ്രാഹ്യത ഇല്ലാത്തവരുമായി ചിത്രീകരിക്കലും അറിഞ്ഞോ അറിയാതെയോ സംഭവിച്ചു പോകുന്നു എന്നത് നാം മറന്ന് കൂടാ.

ഇബ്‌നു മസ്ഊദ്(റ) വിശദമാക്കിയതുപോലെ അവരാണ് ഉത്തമര്‍. സംശയങ്ങള്‍ തീര്‍ത്ത് ഏറ്റവും ഉത്തമ ഗുരുവില്‍ നിന്ന് മതം ശരിയായ രൂപത്തില്‍ പഠിച്ച് മനസ്സിലാക്കിയവര്‍. ജാഡകളോ നാട്യങ്ങളോ ഇല്ലാത്ത, അറിവും ഭക്തിയും സമന്വയിച്ച മഹത്തുക്കള്‍. അവരുടെ മാര്‍ഗമാണ് നാം പിന്‍പറ്റേണ്ടത്.

പ്രസ്തുത മാര്‍ഗം വിട്ടുകൊണ്ട് വ്യാഖ്യാനത്തിന്റെ വക്താക്കള്‍ കൊണ്ടുവരുന്നതാകട്ടെ സത്യവിശ്വാസികള്‍ പോലുമല്ലാത്ത ഗ്രീക്ക് തത്ത്വശാസ്ത്രത്തിന്റെയും വചനശാസ്ത്രത്തിന്റെയും ആളുകളുടെ വാക്കുകളും അഭിപ്രായങ്ങളുമാണ്.


6. വ്യാഖ്യാനത്തിന്റെ വക്താക്കളായി ആ മാര്‍ഗത്തില്‍ ആയുസ്സിന്റെ നല്ലൊരു ഭാഗം ചെലവഴിച്ച് അതിന്റെ വക്താക്കളും പ്രയോക്താക്കളുമായി ജീവിച്ച പല മഹാന്മാരും ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ അതില്‍ നിന്ന് ഖേദിച്ച് മടങ്ങിയ ചരിത്രവും നമ്മുടെ മുന്നിലുണ്ട്. എന്നിട്ടും പ്രമാണങ്ങളും സച്ചരിതരായ മുന്‍ഗാമികളുടെ മാര്‍ഗവും വിട്ട് വക്താക്കള്‍ തന്നെ കയ്യൊഴിച്ച വാദഗതികളെ വിശുദ്ധമായി ഗണിച്ച് കൊണ്ടുനടക്കുന്നത് എത്രമാത്രം ബാലിശമാണ്!


7. വ്യാഖ്യാനത്തിന്റെ തുടക്കം തന്നെ പിഴവാണ്. കാരണം, അല്ലാഹുവിന്റെ ഗുണ വിശേഷണങ്ങളെ സൃഷ്ടികളുടെ വിശേഷണങ്ങളോട് സാദൃശ്യപ്പെടുത്തി ഗ്രഹിക്കുന്നതില്‍ നിന്നാണ് വ്യാഖ്യാനത്തെ രക്ഷാമാര്‍ഗമായി കണ്ടെത്തുന്നത്. വാസ്തവത്തില്‍ അല്ലാഹുവിന്റെ മഹത്ത്വത്തിനും ഔന്നിത്യത്തിനും യോജിച്ച രീതിയില്‍ അവന്റെ വിശേഷണങ്ങളെ സ്വീകരിക്കുകയാണെങ്കില്‍ ഇത്തരം വ്യാഖ്യാനങ്ങളിലേക്കും നിഷേധങ്ങളിലേക്കും ഒന്നും പോകേണ്ടിവരില്ലായിരുന്നു. സത്യത്തില്‍ ഏതൊരു സാദൃശ്യപ്പെടുത്തലിനെയാണോ ഇവര്‍ ഭയന്നത് അതിലാണ് ഇവര്‍ ആദ്യം ചെന്നുചാടിയത്. രക്ഷപ്പെടാന്‍ വ്യാഖ്യാനമെന്ന മറ്റൊരു അപകടത്തിലേക്കും വഴുതിവീഴുകയാണുണ്ടായത്.

വ്യാഖ്യാനത്തിന്റെയാളുകള്‍ കൊണ്ടുവരുന്ന അര്‍ഥകല്‍പനകള്‍ക്കും ആശയങ്ങള്‍ക്കുമപ്പുറമാണ് വാസ്തവത്തില്‍ പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന സ്വിഫത്തുകള്‍ നിലകൊള്ളുന്നത്. അഥവാ വ്യാഖ്യാനങ്ങളില്‍ പരിമിതമായ ചില അര്‍ഥ തലങ്ങളാണ് ഉള്‍ക്കൊള്ളുന്നതെങ്കില്‍ സലഫുകള്‍ സ്വീകരിച്ച ശരിയായ സ്വിഫത്ത് സ്ഥിരീകരണത്തില്‍ അതിലുപരി ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് സാരം.

ഉദാഹരണത്തിന,് അല്ലാഹുവിന്റെ ഇറക്കം (നുസൂല്‍) എന്ന സ്വിഫത്തിനെ അനുഗ്രഹം എന്നോ കല്‍പനയെന്നോ മലക്കുകള്‍ എന്നോ ഒക്കെ വ്യാഖ്യാനിക്കുമ്പോള്‍ വാസ്തവത്തില്‍ അതിന്റെ ഒരു ഭാഗം മാത്രമെ ആകുന്നുള്ളൂ. എന്നാല്‍ ഹദീഥില്‍ വ്യക്തമായി വിശദീകരിച്ചതാകട്ടെ അതിനുമപ്പുറമാണ്.

നബി(സ്വ) പറയുന്നു: ''രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് അവശേഷിക്കുമ്പോള്‍ ഓരോ രാത്രിയും അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങും. എന്നിട്ട് പറയും: ആരുണ്ട് എന്നോട് പ്രാര്‍ഥിക്കുന്നവരായി? ഞാന്‍ അവന് ഉത്തരം ചെയ്യാം. ആരുണ്ട് എന്നോട് ചോദിക്കുന്നവനായി? ഞാനവന് നല്‍കാം. ആരുണ്ട് എന്നോട് പാപമോചനം തേടുന്നവനായി? ഞാനവന് പൊറുത്ത് കൊടുക്കാം'' (ബുഖാരി, മുസ്‌ലിം).

അല്ലാഹുവിനെ കുറിച്ച് നബി(സ്വ) അറിയിച്ച ഒരു കാര്യത്തെപ്പറ്റി അതങ്ങനെയല്ല എന്ന് പറയാന്‍ ആര്‍ക്ക് എന്ത് അവകാശമാണുള്ളത്? അപ്രകാരം തന്നെ അല്ലാഹുവിന്റെ കൈ (യദുന്‍) എന്ന വിശേഷണത്തെ കേവലം ശക്തി അല്ലെങ്കില്‍ സഹായം എന്നൊക്കെ വ്യാഖ്യാനിക്കുമ്പോഴും സംഭവിക്കുന്നത് ഇതുതന്നെയാണ്.

ഈ വിഷയത്തില്‍ ഓരോ സത്യവിശ്വാസിയും സ്വീകരിക്കേണ്ട നിലപാട് ഇതായിരിക്കണം: സ്വീകാര്യയോഗ്യമായ പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ട സ്വിഫത്തുകളെയെല്ലാം വിശ്വസിച്ച് അംഗീകരിക്കുക. എന്നാല്‍ അവയെ ഒരിക്കലും സൃഷ്ടികളുടെ വിശേഷണങ്ങള്‍ക്ക് സമാനമെന്ന ചിന്താഗതി കടന്നുവന്നുവരാതെ സൂക്ഷിക്കേണ്ടതുമുണ്ട്. അല്ലാഹുവിന്റെ മഹത്വത്തിന് നിരക്കാത്ത ന്യൂനതകളുടെ യാതൊരു വിശേഷണവും അവനിലേക്ക് ചേര്‍ത്ത് പറയാതിരിക്കുകയും വേണം. എന്നാല്‍ സ്വീകാര്യയോഗ്യമല്ലാത്ത റിപ്പോര്‍ട്ടുകളും അവയില്‍ വന്നിട്ടുള്ള മോശമായ പ്രയോഗങ്ങളും നാം സ്വീകരിക്കേണ്ടതില്ല.

അല്ലാഹുവിന്റെ ഏതെങ്കിലും സ്വിഫത്തുകളെ കുറിച്ച് ആരെങ്കിലും അതെങ്ങനെയാണ് എന്ന് ചോദിച്ചാല്‍ ഇമാം റബീഅയും(റഹി) ഇമാം മാലികും(റഹി) മറ്റും പറഞ്ഞതുപോലെയാണ് മറുപടി പറയേണ്ടത്: 'എങ്ങനെ എന്നത് അജ്ഞാതമാണ്. ആ വിശേഷണത്തില്‍ വിശ്വസിക്കല്‍ നിര്‍ബന്ധവുമാണ്. എങ്ങനെയെന്ന ചോദ്യം ബിദ്അത്തുമാണ്.' കാരണം, ആ ചോദ്യം മനുഷ്യന്റെ അറിവിന്റെ പരിധിയില്‍ വരുന്നതല്ല. അതുകൊണ്ടുതന്നെ അതിന് മറുപടി നല്‍കാനും മനുഷ്യന് സാധിക്കുകയില്ല.

അല്ലാഹുവിന്റെ സ്വിഫത്തുകളെ കുറിച്ച് അവ എങ്ങനെയെന്ന് ചോദിക്കുന്നവനോട് 'അല്ലാഹു എങ്ങനെ'യെന്ന് ചോദിച്ചാല്‍ 'അത് തനിക്കറിയില്ല' എന്നതായിയിരിക്കും മറുപടി. എങ്കില്‍ അല്ലാഹുവിന്റെ വിശേഷണത്തെ കുറിച്ച് അത് എങ്ങനെയെന്ന് നമുക്കും അറിയില്ല എന്നതാണ് നമുക്കും പറയാനുള്ള മറുപടി. വിശേഷിപ്പിക്കപ്പെടുന്നതിന്റെ രൂപം എങ്ങനെയെന്നറിയാതെ വിശേഷണത്തിന്റെ രൂപം അറിയാന്‍ കഴിയില്ല. അല്ലാഹുവിന്റെ സത്ത (ദാത്ത്) എങ്ങനെ എന്നറിയാത്തവന്‍ അവന്റെ വിശേഷണം എങ്ങനെ എന്ന് ചോദിക്കുന്നതില്‍ അര്‍ഥമില്ല.

പ്രമാണങ്ങളുടെയും അത് അനുധാവനം ചെയ്ത സച്ചരിതരായ മുന്‍ഗാമികളുടെയും മാര്‍ഗം അവലംബിക്കാതിരുന്നാല്‍ ആശയക്കുഴപ്പങ്ങള്‍ അധികരിക്കുക മാത്രമെ ചെയ്യുകയുള്ളൂ. പ്രമാണങ്ങളെ ആത്മാര്‍ഥമായി സ്വീകരിച്ച സച്ചരിതരുടെ പാത പിന്‍പറ്റാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.