പ്രവാചകന്മാരും പരീക്ഷണങ്ങളും

ഹുസൈന്‍ സലഫി, ഷാര്‍ജ 

2017 മാര്‍ച്ച് 25 1438 ജമാദുല്‍ ആഖിര്‍ 26
മനുഷ്യര്‍ക്ക് നേര്‍വഴി കാണിക്കുവാന്‍ സ്രഷ്ടാവ് നിയോഗിച്ച പ്രവാചകന്മാരഖിലവും വിവിധ രൂപത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. അതെല്ലാം അവരുടെ വിശ്വാസത്തിന് കരുത്ത് പകരുകയാണ് ചെയ്തിട്ടുള്ളത്. പ്രവാചകന്മാര്‍ നേരിട്ട പരീക്ഷണങ്ങളെക്കുറിച്ച് പ്രമാണബദ്ധമായ വിവരണം

പരീക്ഷണങ്ങള്‍ നേരിടാത്ത പ്രവാചകന്മാരില്ല. ശത്രുക്കളുടെ പീഡനങ്ങള്‍ സഹിച്ചവര്‍, കൂക്കുവിളിയും കല്ലേറും നേരിട്ടവര്‍, വീടും നാടും ഉപേക്ഷിക്കേണ്ടി വന്നവര്‍, ഉപരോധിക്കപ്പെട്ടവര്‍, സന്താനങ്ങളെ ലഭിക്കാന്‍ വാര്‍ധക്യം വരെ കാത്തുനിന്നവര്‍... ഇങ്ങനെ ധാരാളം പരീക്ഷണങ്ങളെ അഭിമുഖീകരിച്ചവരാണ് നബിമാര്‍. ഇതും അവര്‍ മനുഷ്യരാണെന്നതിന് ചിന്തിക്കുന്നവര്‍ക്ക് മതിയായ രേഖയാണ്. പ്രവാചകന്മാരില്‍ ചിലര്‍ക്ക് അനുഭവിക്കേണ്ടി വന്ന ചില പരീക്ഷണങ്ങളെക്കുറിച്ച് വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞുതരുന്നത് കാണുക:  

ജയില്‍ വാസം - യൂസുഫ്(അ)

ഒരു തെറ്റും ചെയ്യാതെ നിരപരാധിയായി ജയിലില്‍ അടക്കപ്പെട്ടു.''അങ്ങനെ ഏതാനും കൊല്ലങ്ങള്‍ അദ്ദേഹം (യൂസുഫ്) ജയിലില്‍ താമസിച്ചു''(12:42).

നാട്ടില്‍ നിന്നും പുറത്താക്കപ്പെട്ടു- ഇബ്‌റാഹീം(അ)

താന്‍ സ്വീകരിച്ച വിശ്വാസം ജനങ്ങളോട് പറഞ്ഞതിനാല്‍ വീട്ടില്‍ നിന്നും നാടായ ഇറാക്വില്‍ നിന്നും പുറത്താക്കപ്പെട്ടു. ''അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ എന്റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്. അവന്‍ എനിക്ക് വഴി കാണിക്കുന്നതാണ്'(37:99). മക്കയില്‍ നിന്ന് നബി(സ്വ) മദീനയിലേക്ക് നാട് വിട്ടതും നമുക്ക് സുപരിചിതമാണല്ലോ.

പല പ്രവാചകന്മാരും വധിക്കപ്പെട്ടു

''എന്നിട്ട് നിങ്ങളുടെ മനസ്സിന് പിടിക്കാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങള്‍ അഹങ്കരിക്കുകയും ചില ദൂതന്മാരെ നിങ്ങള്‍ തള്ളിക്കളയുകയും മറ്റു ചിലരെ നിങ്ങള്‍ വധിക്കുകയും ചെയ്യുകയാണോ'' (2:87).

രോഗം ബാധിച്ചവര്‍

അയ്യൂബ് നബി(അ)ന് രോഗം ബാധിച്ചതിനെക്കുറിച്ച് ക്വുര്‍ആന്‍ പറയുന്നത് കാണുക: ''അയ്യൂബിനെയും (ഓര്‍ക്കുക). തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ. അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കുകയും അദ്ദേഹത്തിന് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അവരോടൊപ്പം അത്രയും പേരെ വേറെയും നാം അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യവും ആരാധനാനിരതരായിട്ടുള്ളവര്‍ക്ക് ഒരു സ്മരണയുമാണത്''(21:84,85). 

നബി(സ്വ) എത്ര പരീക്ഷിക്കപ്പെട്ടു. ഉഹ്ദില്‍ ശത്രുവിന്റെ അമ്പ് തറച്ചപ്പോള്‍ രക്തം ഒഴുകി, ശത്രുക്കളുടെ ചതിക്കുഴിയില്‍ വീണു. ദാരിദ്ര്യത്താല്‍ വിശപ്പടക്കാന്‍ കാരക്കയും പച്ചവെള്ളവും മാത്രം കഴിക്കേണ്ടി വന്നു. ശക്തമായ രോഗങ്ങള്‍ക്ക് വിധേയനായി. നബി(സ്വ)ക്ക് ബാധിച്ച പനിയുടെ കാഠിന്യം ഹദീഥില്‍ ഇപ്രകാരം കാണാം:

''നബി(സ്വ)ക്ക് പനി ബാധിച്ച് ക്ഷീണിച്ചിരിക്കെ അബൂ സഈദുല്‍ ഖുദ്‌രിയ്യ്(റ) നബി(സ്വ)യുടെ അടുക്കല്‍ പ്രവേശിച്ചു. അങ്ങനെ അദ്ദേഹം തന്റെ കൈ റസൂല്‍(സ്വ)യുടെ മേല്‍ വെച്ചു. അപ്പോള്‍ നബിയുടെ പുതപ്പിന്റെ മുകളില്‍ വരെ ചൂട് അദ്ദേഹത്തിന് അനുഭവപ്പെട്ടു. അന്നേരം അദ്ദേഹം ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, അങ്ങേക്ക് എന്തൊരു കഠിനമാണ്(പനി).' നബി(സ്വ) പറഞ്ഞു: 'ഞങ്ങള്‍ (നബിമാര്‍) അപ്രകാരമാണ്. ഞങ്ങള്‍ക്ക് പരീക്ഷണം ഇരട്ടിയാകും. പ്രതിഫലവും ഞങ്ങള്‍ക്ക് ഇരട്ടിയാകും' (ഇബ്‌നുമാജ). നബിമാരായതുകൊണ്ട് പരീക്ഷണങ്ങളില്‍ നിന്ന് ഒഴിവാകുമെന്നല്ല; അവര്‍ക്ക് കടുത്ത പരീക്ഷണം നേരിടേണ്ടിവരുമന്നാണ് ഇതിലൂടെ നബി(സ്വ) പഠിപ്പിക്കുന്നത്. 

സഅദ്ബ്‌നു അബീവക്വാസ്വ്(റ)വില്‍ നിന്ന്. അദ്ദേഹം പറഞ്ഞു: ''മനുഷ്യരുടെ കൂട്ടത്തില്‍ ഏറ്റവും കഠിന പരീക്ഷണം ആര്‍ക്കാണ് എന്ന് നബി(സ്വ) ചോദിക്കപ്പെട്ടു. നബി(സ്വ) പറഞ്ഞു: 'പ്രവാചകന്മാര്‍. പിന്നെ അവരെപോലെയുള്ളവര്‍, അവരെപോലെയുള്ളവര്‍. ഓരോരുത്തരും അവരുടെ മതത്തിന്റെ കണക്കനുസിച്ച് പരീക്ഷിക്കപ്പെടും. ഒരാള്‍ മതത്തില്‍ നല്ല ഉറപ്പിലാണെങ്കില്‍ അവന്റെ (പരീക്ഷണത്തിന്റെ) ശക്തിയും അധികരിക്കപ്പെടും. അവന്‍ മതത്തില്‍ നേരിയതോതിലാണെങ്കില്‍ അവന് (പരീക്ഷണത്തിന്റെ) ശക്തിയും ലഘൂകരിക്കപ്പെടും. ഒരു ദാസന് ഭൂമിയില്‍ നടക്കുമ്പോള്‍ അവനില്‍ പാപങ്ങളൊന്നും ഇല്ലാത്തവിധം പരീക്ഷണം ഉണ്ടായിക്കൊണ്ടേയിരിക്കും'' (തുര്‍മുദി) 

നബിമാര്‍ തികഞ്ഞ മനുഷ്യര്‍ തന്നെയായിരുന്നു. അവര്‍ ഭക്ഷണം കഴിക്കുന്നവരായിരുന്നു. അതിനുവേണ്ടി അവര്‍ അധ്വാനിച്ചിരുന്നു. മുഹമ്മദ് നബി(സ്വ) യുവാവായിരുന്നപ്പോള്‍ സത്യസന്ധനായ കച്ചവടക്കാരനായിരുന്നല്ലോ. അതുപോലെ  നബി(സ്വ) ആടിനെ മേയ്ക്കുകയും ചെയ്തിരുന്നു.

അവര്‍ നബി(സ്വ)യോട് ചോദിച്ചു: 'താങ്കള്‍ ആടുമേയ്ക്കുകയോ?'  നബി(സ്വ) ചോദിച്ചു: 'ആടുകളെ മേയ്ക്കുന്നവരായിട്ടില്ലാത്ത വല്ല നബിയുമുണ്ടോ?' (ബുഖാരി, മുസ്‌ലിം). 

ഈ ഹദീഥില്‍ നിന്ന് എല്ലാ നബിമാരും ആടുമേയ്ച്ചിരുന്നു എന്ന് മനസ്സിലാക്കാം. മൂസാ(അ) വര്‍ഷങ്ങളോളം ആടുമേയ്ച്ചിരുന്നു. മദ്‌യനില്‍ ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന  ഒരു വൃദ്ധന്റെ മകളെ വിവാഹം ചെയ്യാന്‍ അന്ന് അദ്ദേഹത്തിന് മഹ്‌റായി കരാര്‍ ചെയ്തത് ആടിനെ മേയ്ക്കാനായിരുന്നു. 

മൂസാ(അ)യോട് കയ്യിലുള്ള വടിയെക്കുറിച്ച് അല്ലാഹു ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ ഉത്തരം ഇപ്രകാരമായിരുന്നു: ''...അതുകൊണ്ട് എന്റെ ആടുകള്‍ക്ക് (ഇല) അടിച്ചുവീഴ്ത്തി കൊടുക്കുകയും ചെയ്യുന്നു...''(20:18). 

'പ്രവാചകന്മാര്‍ ആടുകളെ മേയ്ക്കുന്നവരായതിലുള്ള ഹിക്മത്തായി ഇമാമുകള്‍ പറയുന്നത;് അവര്‍ക്ക് വിനയം ഉണ്ടാകാനും അവരുടെ ഹൃദയത്തിന് ഏകാന്തത ലഭിക്കാനും ആളുകളെ നയിക്കുന്നതിന്നു പ്രാപ്തിയുണ്ടാകുവാനും വേണ്ടിയാണ്' എന്ന് എല്ലാ പ്രവാചകന്മാരെയും ആടുമേയ്ക്കുന്നവരാക്കിയതിലുള്ള യുക്തി വിവരിക്കവെ ഇബ്‌നു ഹജര്‍(റഹി) ഫത്ഹുല്‍ബാരിയില്‍ പറയുന്നത് കാണാം. 

യുദ്ധരംഗത്ത് ശത്രുവില്‍ നിന്നുള്ള ആക്രമണത്തെ പ്രതിരോധിക്കാനായി പടയങ്കിയുണ്ടാക്കിയിരുന്ന നബിയാണ് ദാവൂദ്(അ). ''നിങ്ങള്‍ നേരിടുന്ന യുദ്ധവിപത്തുകളില്‍ നിന്ന് നിങ്ങള്‍ക്ക് സംരക്ഷണം നല്‍കുവാനായി നിങ്ങള്‍ക്കു വേണ്ടിയുള്ള പടയങ്കിയുടെ നിര്‍മാണവും അദ്ദേഹത്തെ നാം പഠിപ്പിച്ചു. എന്നിട്ട് നിങ്ങള്‍ നന്ദിയുള്ളവരാണോ?''(21:80). 

മരപ്പണിക്കാരനായി ജോലി ചെയ്തിരുന്നയാളായിരുന്നു സകരിയ്യാ നബി(അ) എന്ന് ഹദീഥില്‍ (മുസ്‌ലിം) കാണാം. ഇങ്ങനെ അധ്വാനിച്ച് ജീവിതമാര്‍ഗം കണ്ടെത്തിയവരായിരുന്നു പ്രവാചകന്മാരെങ്കില്‍, ഇത് നമ്മെ അറിയിക്കുന്നത് അവര്‍ നമ്മെ പോലെ വിശപ്പും ദാഹവും സന്തോഷവും സന്താപവും വേദനയും വികാരവും എല്ലാം ഉള്ളവരായിരുന്നു എന്നാണ്. (അവസാനിച്ചില്ല)