തീവ്രവാദം വെറുക്കുന്ന മതം

അൻവർ അബൂബക്കർ

2017 ജനുവരി 21 1438 റബിഉൽ ആഖിർ 22

ഭാഗം: 1

സമാധാനം ആഗ്രഹിക്കാത്ത മനുഷ്യരില്ല. ഓരോ വ്യക്തിയും അതിനുവേണ്ടിയുള്ള ശ്രമത്തിലാണ്‌. ഏകദൈവവിശ്വാസം, അതിനനുസരിച്ചുള്ള ആരാധനാകർമങ്ങൾ, സദാചാര മര്യാദകൾ, സഹിഷ്ണുത, സഹവർത്തിത്വം തുടങ്ങി ഒട്ടനവധി ഘടകങ്ങൾ സമാധാന പ്രാപ്തിക്കായി പരിഗണിക്കപ്പെടേണ്ടവയാണ്‌. ഇസ്ലാം മനുഷ്യന്റെ ഐഹിക ജീവിതത്തെയും ആത്യന്തിക ജീവിതമായ പരലോക ജീവിതത്തെയും കൃത്യമായി പഠിപ്പിക്കുന്നതിനാൽ, സമാധാനത്തെ സംബന്ധിച്ച അതിന്റെ അധ്യാപനവും ഈ രണ്ട്‌ ജീവിതവുമായും ബന്ധപ്പെട്ടിട്ടുള്ളതാണ്‌. ക്വുർആൻ പ്രഖ്യാപിക്കുന്ന സന്ദേശം കാണുക: “ഹേ, മനുഷ്യരേ! തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിന്റെ അടുത്ത്‌ നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമനിഷ്ഠ പാലിക്കുന്നവനാകുന്നു. തീർച്ചയായും അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു” (ക്വുർആൻ 49:13).

പ്രവാചക ശൃംഖലയിലെ അവസാനദൂതന്റെ നിയോഗ ദൗത്യമാണ്‌ മുഹമ്മദ്‌ നബി(സ്വ) നിർവഹിച്ചത്‌. അവസാന ലോകാചാര്യന്റെ?`നിശ്ചയം, നിങ്ങളുടെ ദൈവം ഒന്ന്‌, നിങ്ങളുടെയെല്ലാം പിതാവും ഒന്നു തന്നെ. എല്ലാവരും ആദമിൽനിന്നുള്ളത്‌. ആദമോ മണ്ണിൽനിന്നും`? എന്ന പ്രഖ്യാപനത്തോടെ, ഗോത്രമഹിമയുടെ, ജാതീയതയുടെ, വർണവെറിയുടെ, സാമ്പത്തികത്തട്ടിന്റെ ജീർണതകളിൽ നിന്ന്‌ ആളുകൾ മുക്തരാകുകയുണ്ടായി. സാഹോദര്യം തിരിച്ചറിഞ്ഞ്‌ അതിനെ പുൽകുകയും അതിന്‌ അവസരം നൽകിയ സ്രഷ്ടാവിനെ മാത്രം വണങ്ങുകയും ചെയ്യുന്നഅവസ്ഥ സംജാതമായി. ഇപ്രകാരം സ്വന്തം ജീവിതത്തെ തന്റെ സ്രഷ്ടാവിന്‌ സമർപ്പിച്ചവനെയാണ്‌ അറബിയിൽ `മുസ്ലിം` എന്ന്‌ വിളിക്കുന്നത്‌. അല്ലാഹുവിനുള്ള സമ്പൂർണ സമർപ്പണമാണ്‌ ഇസ്ലാം; അതുവഴിമാത്രമാണ്‌ മനുഷ്യർക്ക്‌ ശാശ്വത സമാധാനം കരഗതമാകുത്‌.

അല്ലാഹുവിനുള്ള സമർപ്പണം എങ്ങനെ, ഏതെല്ലാം രീതിയിലായിരിക്കണം എന്ന്‌ നിശ്ചയിക്കുന്നത്‌ നമ്മെയും നമുക്ക്‌ മുമ്പുള്ളവരെയും സൃഷ്ടിച്ച ആ ഏകനാണ്‌. ഇത്തരം നിർദേശങ്ങൾ നമുക്ക്‌ ലഭിക്കുന്നതാകട്ടെ അല്ലാഹു മനുഷ്യരിൽനിന്നും തെരഞ്ഞെടുത്ത ദൂതൻമാരിലൂടെയാണ്‌. അതിൽ  അവസാനത്തെ ദൂതനായ മുഹമ്മദ്‌ നബി(സ്വ)യിലൂടെ അവതരിച്ച പരിശുദ്ധ ക്വുർആനും അദ്ദേഹത്തിന്റെ അതുല്യമായ ജീവിതവുമാകുന്നു മനുഷ്യരാശിക്ക്‌ സ്രഷ്ടാവിലേക്ക്‌ എത്താനുള്ള ഏക സ്രോതസ്സ്‌. അത്‌ പൂർണമായും സ്രഷ്ടാവിൽ നിന്നുള്ള സുവ്യക്തമായ മാർഗദർശനമാണ്‌.

ആയതിനാൽ, തികച്ചും ചൊവ്വായതിലേക്ക്‌ മനുഷ്യഹൃദയങ്ങളെ നയിക്കും എന്ന്അവകാശപ്പെടുന്ന ഇസ്ലാം എങ്ങനെയാണ്‌ തീവ്രവാദം?എന്ന വിഷയത്തെ വീക്ഷിക്കുന്നത്‌ എന്നത്‌ ചിന്തനീയമായ കാര്യമാണ്‌. പ്രഥമമായി അല്ലാഹുവിന്റെ വചനങ്ങളായ ക്വുർആൻ മനസ്സിലാക്കാൻ നാം ആശ്രയിക്കേണ്ടത്‌ മുഹമ്മദ്‌ നബി(സ്വ)യെ ആയിരിക്കണം. ഈ ഗ്രന്ഥം നമ്മിലേക്ക്‌ എത്തിച്ചുതരാൻ അല്ലാഹു തിരഞ്ഞെടുത്ത ദൂതനാണല്ലോ അദ്ദേഹം. അതിലെ നിർദേശങ്ങൾ ജനങ്ങൾക്ക്‌ വിശദീകരിച്ച്‌ കൊടുക്കേണ്ട ഉത്തരവാദിത്തം അല്ലാഹു ഏൽപിച്ചിട്ടുള്ളത്‌ അദ്ദേഹത്തെയാണ്‌. “നിനക്ക്‌ നാം ഉത്ബോധനം അവതരിപ്പിച്ച്‌ തന്നിരിക്കുന്നു. ജനങ്ങൾക്കായി അവതരിക്കപ്പെട്ടത്‌ നീ അവർക്ക്‌ വിവരിച്ച്‌ കൊടുക്കുവാൻ വേണ്ടിയും അവർ ചിന്തിക്കാൻ വേണ്ടിയും”(ക്വുർആൻ 16:44).

അല്ലാഹുവിന്റെ അനുഗ്രഹമായ ഈ സത്യസന്ദേശം വന്നെത്തിയതിന്‌ ശേഷം മനസ്സുകളിൽ വക്രതയുള്ളവർ ക്വുർആനിലെ ആശയത്തിൽ  സാദൃശ്യമുള്ള വചനങ്ങളെടുത്ത്‌ മനുഷ്യർക്കിടയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്‌. ഇക്കാര്യം ക്വുർആൻ തന്നെവ്യക്തമാക്കുന്നത്‌ കാണുക: “...എന്നാൽ  മനസ്സുകളിൽ  വക്രതയുള്ളവർ കുഴപ്പമുണ്ടാക്കാൻ ഉദ്ദേശിച്ചുകൊണ്ട്‌ ആശയത്തിൽ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു“?(ക്വുർആൻ 3:7). അല്ലാഹു സൂചിപ്പിച്ച, കുഴപ്പക്കാരിൽ ചെന്നകപ്പെടാതിരിക്കാൻ നബി(സ്വ) വിശദീകരിച്ച മാർഗങ്ങളാണ്‌ ഒരു വിശ്വാസി പിന്തുടരേണ്ടത്‌.

ജീവിതത്തിൽ ഒരിക്കൽ  പോലും കളവ്‌ പറയാതിരുന്നആ തിരുദൂതർ മനുഷ്യസമുദായത്തോട്‌ ആവർത്തിച്ചുപറഞ്ഞ അധ്യാപനങ്ങളിലൊന്നാണ്‌ നാം ആദമിന്റെ സന്തതികളാണെവസ്തുത. ആയതുകൊണ്ട്‌ എല്ലാവരും പരസ്പരം സഹോദരങ്ങളും മൈത്രിബന്ധങ്ങൾ കാത്ത്സൂക്ഷിക്കേണ്ടവരുമാണ്‌. ക്വുർആൻ മനുഷ്യമനസ്സുകളെ ഉണർത്തുന്നു: ”ഹേ മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിന്റെ അടുത്ത്‌ നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമനിഷ്ഠ പാലിക്കുന്നവനാകുന്നു“(ക്വുർആൻ 49:13)

അല്ലാഹുവിന്റെ അടുക്കൽ ആദരിക്കപ്പെടുന്നവൻ സ്രഷ്ടാവിന്റെ വിധിവിലക്കുകൾ കർക്കശമായി പാലിച്ച്‌ ഭയഭക്തിയോടെ കഴിയുന്നവനാകുന്നു. അല്ലാഹു പരിഗണിക്കുന്നത്‌ അവന്റെ അടിമയുടെ സൂക്ഷ്മതയോടെയുള്ള ജീവിതമാണ്‌. മനുഷ്യൻ നേടിയെടുക്കുന്നഭൗതിക സൗകര്യങ്ങളñ മനുഷ്യരെ ഉത്കൃഷ്ടരും നികൃഷ്ടരുമാക്കുന്നത്‌. മുഹമ്മദ്‌ നബി(സ്വ)യുടെ വിശ്വവിശ്രുതമായ അന്തിമപ്രസംഗത്തിൽ അദ്ദേഹം ഉണർത്തി: “...മനുഷ്യരേ, നിങ്ങളുടെയെല്ലാം ദൈവം ഒന്ന്‌. നിങ്ങളുടെ പിതാവും ഒരാൾ തന്നെ. നിങ്ങളെല്ലാം ആദമിൽ നിന്ന്‌. ആദമോ മണ്ണിൽനിന്ന്‌. കൂടുതൽ ദൈവഭക്തിയുള്ളവരാണ്‌ അല്ലാഹുവിന്റെയടുക്കൽ ശ്രേഷ്ഠൻ. അറബിക്ക്‌ അനറബിയെക്കാളോ അനറബിക്ക്‌ അറബിയെക്കാളോ ഭയഭക്തികൊണ്ടല്ലാതെ യാതൊരു മഹത്വവുമില്ല...”?

മനുഷ്യന്റെ ആത്യന്തികലക്ഷ്യം എന്താണെന്ന്‌ തിരിച്ചറിഞ്ഞവനിലാണ്‌ മേൽപറഞ്ഞ സൂക്ഷ്മതയും ഭയഭക്തിയുമെല്ലാം പ്രകടമാകുക. ഈ തിരിച്ചറിവ്‌ മരണാനന്തരമുള്ള പരലോക വിജയവുമായി ബന്ധപ്പെട്ടതാണ്‌. അത്‌ ബോധ്യപ്പെട്ട ഒരാൾ പിന്നീട്‌ തന്റെ പ്രവൃത്തികൾ മുഴുവനും അല്ലാഹുവിന്റെ കൽപനകൾക്ക്‌ വിധേയമായാണോ എന്ന്‌ സ്വയം പരിശോധിച്ചുകൊണ്ടിരിക്കും. അതോടൊപ്പം ഇരുലോകത്തിലും സുരക്ഷിതത്വം ലഭിക്കാൻ നിമിത്തമായ ഈയൊരു ആദർശം സഹജീവികളുമായി പങ്കുവെക്കുകയും അതിലേക്ക്‌ ക്ഷണിക്കുകയും ചെയ്യും. ഈ വിധത്തിൽ പ്രവർത്തിക്കാൻ ലോകരക്ഷിതാവിന്റെ ആജ്ഞയുള്ളതിനാൽ  കൂടിയാണത്‌. (ക്വുർആൻ 16:125 കാണുക).

ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ, ജീവിതഗന്ധിയായ ഒരു സംസ്കാരം ലോകത്തെ പഠിപ്പിച്ച പാരമ്പര്യമാണ്‌ ഇസ്ലാമിനുള്ളത്‌. ഈയൊരു മതത്തെ കളങ്കപ്പെടുത്താൻ ഇസ്ലാമിന്റെ ശത്രുക്കൾ സാർവത്രികമായി ശ്രമിച്ചിട്ടുണ്ട്‌; അതിന്റെ ഭാഗമായി നിർമിച്ചെടുത്ത അപകീർത്തികൾ ധാരാളമാണ്‌. മനുഷ്യന്റെ ജീവിതം ദൈവിക വെളിപാടുകൾക്കനുസൃതമാകണം; അതല്ലെങ്കിൽ വിദൂരമല്ലാത്ത ന്യായവിധി ദിവസത്തിൽനരകയാതനകൾ അനുഭവിക്കേണ്ടï അവസ്ഥയിൽ  സത്യത്തെ നിരാകരിക്കുന്നവർ അകപ്പെടും. ഇക്കാര്യം ഗുണകാംക്ഷയോടെ പ്രബോധനം ചെയ്യുന്ന സത്യവിശ്വാസികൾക്കെതിരിൽ അത്‌ ഇഷ്ടപ്പെടാത്ത ബഹുദൈവാരാധകരും ദൈവനിഷേധികളും എന്നും ഒരുമിച്ച്‌ അണിനിരന്നിട്ടുണ്ട്‌. ഇവിടെയൊന്നും തളരാതെ തന്റെ ഉത്തരവാദിത്തങ്ങളുമായി മുന്നോട്ട്‌ പോകുക എന്നതാണ്‌ ദൈവഭക്തിയുള്ള വിശ്വാസിയെടുക്കുന്നനിലപാട്‌. മാത്രമല്ല, ഏതൊരു സാഹചര്യത്തിലും ഇസ്ലാമിക ആദർശത്തിലേക്ക്‌ ബലാൽകാരമായി ആരെയും കൊണ്ടുവരാൻ അശേഷം പരിശ്രമിക്കാവുന്നതല്ലñഎന്ന കാര്യത്തിൽ അവബോധമുള്ളവനും കൂടിയാണ്‌ ഒരു സത്യവിശ്വാസി. ക്വുർആൻ അതിന്‌ പറയുന്നകാരണം യുക്തിയുക്തമാണ്‌. “മതത്തിന്റെ കാര്യത്തിൽ  ബലപ്രയോഗമേ ഇല്ല. സന്മാർഗം ദുർമാർഗത്തിൽ നിന്ന്‌ വ്യക്തമായി വേർതിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു” (ക്വുർആൻ 2:256). അതായത്‌, ഇസ്ലാംമതത്തിൽ പ്രവേശിക്കാൻ ഒരു മുസ്ലിമിന്‌ ആരെയും നിർബന്ധിക്കേണ്ടതില്ല. കാരണം, അതിന്റെ ലക്ഷ്യങ്ങളും തെളിവുകളും മനുഷ്യധിഷണയെ തൊട്ടുണർത്തുംവിധം അത്യന്തം വ്യക്തമാണ്‌.

ബഹുസ്വര സമൂഹത്തിൽ ജീവിക്കുന്നഒരു മുസ്ലിം ബഹുദൈവാരാധകർ വിളിച്ചു പ്രാർഥിക്കുന്നവരെ പ്രഹരിക്കുന്നവരും പരിഹസിക്കുന്നവരുമാകരുത്‌. വിഗ്രഹങ്ങൾ, മനുഷ്യദൈവങ്ങൾ, ക്വബ്‌റുകൾ തുടങ്ങിയവയെ ആരാധിക്കുന്ന അജ്ഞരായ ജനങ്ങൾക്ക്‌ അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിന്മയെ മനസ്സിലാക്കി കൊടുക്കുതിലപ്പുറം അവരുടെ ആരാധ്യൻമാരെ ശകാരിക്കുന്നപ്രവണത ഉണ്ടായിക്കൂടെന്ന്‌ ക്വുർആൻ അനുശാസിക്കുന്നു. മനുഷ്യഹൃദയങ്ങളെ സൃഷ്ടിച്ച അല്ലാഹു തന്നെഅതിന്റെ കാരണവും വ്യക്തമാക്കുണ്ട്‌“അല്ലാഹുവിന്‌ പുറമെ അവർ വിളിച്ചു പ്രാർഥിക്കുന്നവരെ നിങ്ങൾ ശകാരിക്കരുത്‌. അവർ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാൻ അത്‌ കാരണമായേക്കും”(ക്വുർആൻ 6:108).

തീവ്രവാദത്തിന്റെ ഒരംശംപോലും ഇസ്ലാം അതിനോട്‌ അടുപ്പിക്കുന്നില്ല. എന്നിട്ടും ഇസ്ലാം തീവ്രവാദം പ്രചരിപ്പിക്കുന്ന മതമാണെന്നും മുസ്ലിംകൾ തീവ്രവാദികളാണെന്നും ഒരു കൂട്ടർ മുദ്രവെക്കുകയാണ്‌. ഇങ്ങനെയുള്ളവർ വളർത്തുന്ന തെറ്റിദ്ധാരണകൾ തിരുത്തിക്കൊടുക്കേണ്ട ബാധ്യത ഓരോ മുസ്ലിമിനുമുണ്ട്‌. സ്വധർമം അറിഞ്ഞ്‌ പ്രവർത്തിക്കേണ്ടമുസ്ലിം, ക്വുർആനും പ്രവാചകചര്യയും വരച്ചുകാണിക്കുന്ന നിലപാടുകളിൽ നിന്ന്‌ പുറത്തുകടക്കാൻ പാടുള്ളതല്ല. ഈ അധ്യാപനങ്ങളെല്ലാം നിരന്തരമായി ഇസ്ലാമിക പണ്ഡിതൻമാർ ഓർമപ്പെടുത്തുന്നതാണ്‌. സർവോപരി, ബോധപൂർവമോ അല്ലാതെയോ സംഭവിക്കുന്ന അവിവേകങ്ങളും വൈകാരിക പ്രവർത്തനങ്ങളും സ്വർഗം ലഭിക്കുന്നതിന്‌ വിഘാതമായി നിൽക്കുമോ എന്ന ചിന്ത മുസ്ലിം മനസ്സുകളിൽ നട്ടുവളർത്തുന്നതിൽ സമകാലിക സലഫി പണ്ഡിതൻമാർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്‌. ക്വുർആൻ പരിചയപ്പെടുത്തിയിട്ടുള്ള ഉത്തമരിലും മധ്യമ നിലപാടുകാരിലും നിലനിർത്താൻ ഇത്തരം അധ്യാപനങ്ങൾ കൂടിയേ തീരു. തീർച്ചയായും ഈ ബോധനരീതി നന്മയേ വരുത്തൂ. കാരണം അത്‌ പ്രവാചകനുൾപ്പെടെയുള്ള പൂർവികരുടെ (സലഫുകളുടെ) നിലപാടാണ്‌.