ഹദീഥ്: ചരിത്രം, പ്രാമാണികത

അബ്ദുല്‍ മാലിക് സലഫി

2017 മാര്‍ച്ച് 18 1438 ജമാദുല്‍ ആഖിര്‍ 19
'ഹദീഥ് ', 'സുന്നത്ത് ', 'അഥര്‍' ഇസ്‌ലാമിക സാഹിത്യങ്ങളില്‍ കടന്നുവരുന്ന ഈ സാങ്കേതിക പദങ്ങളെ കുറിച്ചുള്ള ഒരു വിശകലനം

ഇരുട്ടുകളുടെ പുതപ്പിനുള്ളില്‍ സുഖനിദ്രയിലായിരുന്ന ഒരു സമൂഹത്തെ വഹ്‌യിന്റെ വെളിച്ചം കൊണ്ട് ലോകത്തിനു മുന്നിലേക്ക് നയിച്ച മഹാനാണ് മുഹമ്മദ് നബി(സ്വ). നൂഹ് നബിൗയിലൂടെ തുടക്കം കുറിച്ച റസൂലുകളുടെ പരമ്പരയില്‍ അവസാനത്തെ കണ്ണി. അല്ലാഹുവിന്റെ അടുക്കല്‍ നിരവധി പദവികള്‍ കൊണ്ട് അനുഗൃഹീതന്‍. പ്രവാചകനു മുമ്പത്തെ അറബികളുടെ ജീവിതം വിവരിക്കാന്‍ ചരിത്രം പോലും ലജ്ജിക്കുന്ന അവസ്ഥയാണുള്ളത്. അത്രമാത്രം തിന്മകളില്‍ ആണ്ടുപോയിരുന്ന ഒരു ജനതയിലേക്കാണ് നബി(സ്വ) നിയോഗിതനാകുന്നത്.

പ്രവാകന്(സ്വ) ക്വുര്‍ആന്‍ അവതീര്‍ണമായിത്തുടങ്ങിയതോടെ പുതിയൊരു ചക്രവാളം തുറക്കപ്പെടുകയായിരുന്നു. അവിടുന്ന് ആ ക്വുര്‍ആനിന്റെ നേര്‍പതിപ്പായി ജീവിച്ച് മാതൃക കാണിച്ചു. അതുകൊണ്ട് തന്നെ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാനും വിശുദ്ധ ക്വുര്‍ആന്‍ മനസ്സിലാക്കാനും ആ പ്രവാചകന്റെ ജീവിതം അവലംബിക്കല്‍ അനിവാര്യമാണ്. പ്രവാചക ജീവിതത്തിന്റെ മുഴുവന്‍ ഇതളുകളും പുതിയ ലോകത്തിനുള്ള ചൂണ്ടുപലകകളാണെന്നതില്‍ തര്‍ക്കമില്ല. നിത്യനൂതനത്വം തുളുമ്പിനില്‍ക്കുന്ന പ്രവാചകജീവിതത്തിന്റെ പ്രാമാണിക പ്രതലമാണ് ഹദീഥുകള്‍. ഹദീഥുകളിലൂടെയാണ് നാം പ്രവാചകനെ തൊട്ടറിയുന്നത്. കാലത്തിന്റെ മാറ്റങ്ങളോട് ക്രിയാത്മകമായി സംവദിക്കാനുള്ള ക്ഷമത പ്രവാചകാധ്യാപനങ്ങള്‍ക്ക് എമ്പാടുമുണ്ട്. ഹദീഥുകളുടെ പ്രസക്തിയെ നിരാകരിക്കുന്ന ചില ഒറ്റപ്പെട്ട അപശബ്ദങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഹദീഥുകളെ കുറിച്ചുള്ള ഗൗരവതരമായ പഠനത്തിന് നാം തയ്യാറാകേണ്ടതുണ്ട്.

 

സുന്നത്തും ഹദീഥും

'വഴി,' 'ചര്യ'-നല്ലതോ ചീത്തയോ ആവട്ടെ- തുടങ്ങിയ അര്‍ഥങ്ങളാണ് 'സുന്നത്ത്' എന്ന പദത്തിന് ഭാഷയില്‍ ഉള്ളത്.(1) വഴി എന്ന അര്‍ഥത്തിലാണ് ക്വുര്‍ആന്‍ 4:26 സൂക്തത്തിലുള്ള 'സുനന്‍'(2) എന്ന പദം പ്രയോഗിച്ചിട്ടുള്ളത്.

''നിങ്ങളുടെ മുന്‍ഗാമികളുടെ 'സുനനു'കളെ നിങ്ങള്‍ ചാണിനു ചാണായും മുഴത്തിനു മുഴമായും പിന്‍പറ്റും'' എന്ന ഹദീഥിലെ(3) 'സുനന്‍' എന്ന പദവും വഴി എന്ന അര്‍ത്ഥത്തിലാണ്. 'ചര്യ' എന്ന അര്‍ഥത്തിലാണ് 'മന്‍ സന്ന ഫില്‍ ഇസ്‌ലാമി...'(4) എന്ന പ്രസിദ്ധമായ നബി വചനത്തില്‍ പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. നബി(സ്വ)യുടെയോ സ്വഹാബത്തിന്റെയോ താബിഉകളുടെയോ വാക്കുകളില്‍ 'സുന്നത്ത്' എന്ന് പ്രയോഗിക്കപ്പെട്ടു കണ്ടാല്‍; മൊത്തത്തില്‍ മതമുള്‍ക്കൊള്ളുന്ന വിശ്വാസ, കര്‍മ കാര്യങ്ങള്‍ - അത് നിര്‍ബന്ധമോ, ഐഛികമോ, അനുവദനീയമോ ആവട്ടെ - ആണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.(5) അതാണ് 'ഫമന്‍ റഇബ അന്‍ സുന്നത്തീ...' എന്ന ഹദീഥിന്റെ അര്‍ഥം.(6) അഥവാ നിര്‍ബന്ധം എന്നതിനു ബദലായ സുന്നത്ത് അല്ല ഇവിടെ വിവക്ഷ; പ്രത്യുത, നബി(സ്വ)യുടെ മുഴുവന്‍ മാര്‍ഗങ്ങളുമാണ്. അത് വേണ്ടെന്ന് വെച്ചവന്‍ നമ്മില്‍ പെട്ടവനല്ല എന്നാണ് നബി(സ്വ) പറഞ്ഞിട്ടുള്ളത്.(7) 'നിങ്ങള്‍ എന്റെ സുന്നത്ത് മുറുകെ പിടിച്ചോളൂ'(8) എന്ന ഹദീഥിലെ 'സുന്നത്ത്' കൊണ്ടുള്ള വിവക്ഷയും ഇതാണ്.

വിശ്വാസപരമായ വിഷയങ്ങളില്‍ മാത്രമായി മുന്‍ഗാമികള്‍ 'സുന്നത്ത്' എന്ന പദം പ്രയോഗിച്ചിരുന്നു. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തീമിയ്യയുടെ വാചകങ്ങള്‍ കാണുക: 'അസ്സുന്ന' എന്ന പേരില്‍ അവരെഴുതിയ അധിക കൃതികളും വിശ്വാസപരമായ കാര്യങ്ങളെ കുറിച്ചുള്ളതായിരുന്നു. 'സുന്നത്തിലെ ഇഖ്തിസ്വാദ്'ആണ് ബിദ്അത്തിലെ 'ഇജ്തിഹാദി'നെക്കാള്‍ നല്ലത് എന്ന ഇബ്‌നു മസ്ഊദ്(റ), ഉബയ്യ് ബ്‌നുകഅബ്(റ), അബുദ്ദര്‍ദാഅ്(റ) എന്നിവരുടെ വാക്കിന്റെ അര്‍ഥവും മാറ്റൊന്നല്ല.(9) സന്ദേഹങ്ങളും സൂത്രങ്ങളും ദുര്‍വൃത്തികളുമില്ലാത്ത നബി(സ്വ)യുടെ മാര്‍ഗമെന്ന അര്‍ഥത്തിലും ഈ പദം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. 'തന്റെ ഉദരത്തിലേക്ക് പ്രവേശിക്കുന്ന ഹലാലുകളെ കുറിച്ച് അറിയുന്നവനാണ് യഥാര്‍ഥ അഹ്‌ലുസ്സുന്ന' എന്ന ഫുളൈലുബ്‌നു ഇയാദ്വിന്റെ വാചകം അതിന്റെ സൂചകമാണ്.(10)

കുറച്ചു കാലങ്ങള്‍കൂടി കഴിഞ്ഞശേഷം വിശ്വാസ രംഗത്ത് വ്യതിയാനങ്ങള്‍ തലപൊക്കുകയും നൂതന ചിന്തകള്‍ പ്രചരിക്കുകയും ചെയ്തപ്പോള്‍ ആ പ്രവണതക്ക് മറുപടി നല്‍കാന്‍ പണ്ഡിതന്മാര്‍ ശരിയായ വിശ്വാസ വിവരണങ്ങള്‍ അടങ്ങിയ ഗ്രന്ഥങ്ങളുടെ രചനകള്‍ നടത്തി. അത്തരം ഗ്രന്ഥങ്ങള്‍ക്ക് അവര്‍ നല്‍കിയ പേരുകളും 'അസ്സുന്ന' എന്നായിരുന്നു. സ്വഹാബത്തിന്റെയും ക്വദ്‌റിന്റെയും വിഷയത്തില്‍ വ്യതിയാനത്തില്‍ പെട്ടവരെ തിരിച്ചുകൊണ്ടുവരാന്‍ അവര്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് അവര്‍ 'സുന്ന' എന്നാണ് പേര് നല്‍കിയതെങ്കില്‍ അക്കാലഘട്ടത്തില്‍ ശരിയായ വിശ്വാസധാരക്കും അത്തരം നിലപാടുകള്‍ക്കും പറയുന്ന നാമമായിരുന്നു 'അസ്സുന്ന' എന്നാണ് നമുക്ക് ഗ്രഹിക്കാനാവുക. അല്ലാമാ അബ്ദുല്ലത്തീഫ് ആലുശൈഖ് തന്റെ 'അത്തഅ്‌സീസ് വ തഖ്തീസ്' എന്ന കൃതിയില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്.(11)

ഇമാം ലാലകാഈ, അബൂബക്ര്‍ അസ്‌റം, ഖല്ലാല്‍, ഇബ്‌നു ഖുസൈമ, അബ്ദുല്ലാഹ് ബ്‌നു അഹ്മദ് ബ്‌നു ഹമ്പല്‍ എന്നിവരുടെ 'അസ്സുന്ന' എന്ന കൃതികളും ഇബ്‌നു തീമിയ്യയുടെ 'മിന്‍ഹാജുസ്സുന്ന' എന്ന ഗ്രന്ഥവും ഇതിനു നല്ല ഉദാഹരണങ്ങളാണ്.

സങ്കേതികാര്‍ഥത്തിലുള്ള ചര്‍ച്ചയിലേക്ക് വരുമ്പോള്‍ വിജ്ഞാനശാഖയുടെ ഓരോ തലമനുസരിച്ചും അതിന്റെ ഉദ്ദേശ്യങ്ങള്‍ മാറുന്നതായി കാണാനാവും. മുഹദ്ദിഥുകള്‍, അഥവാ ഹദീഥ് പണ്ഡിതന്മാര്‍ സുന്നത്ത് എന്നു പറയുമ്പോള്‍, നബി(സ്വ)യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം, സൃഷ്ടിപരവും സ്വഭാവ പരവുമായ നബി(സ്വ)യുടെ സവിശേഷതകള്‍ എന്നിവയാണ് ഉദ്ദേശിക്കുന്നത്.(12) എന്നാല്‍ ഉസൂലുല്‍ ഫിക്വ്ഹിന്റെ പണ്ഡിതന്മാരുടെ ഭാഷയില്‍ 'സുന്നത്ത്' കൊണ്ട് അവര്‍ അര്‍ഥമാക്കുന്നത് നബി(സ്വ)യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവ മാത്രമാണ്.(13) കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ 'സുന്നത്ത്' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് 'വാജിബ്' (നിര്‍ബന്ധം) എന്നതിന്റെ എതിരായത് അഥവാ ഐഛികം എന്ന രീതിയിലാണ്.(14) ഓരോ വിഭാഗം പണ്ഡിതന്മാരും അവരുടെ വിജ്ഞാനശാഖയുമായി ബന്ധിപ്പിച്ച് പറഞ്ഞതാണ് ഈ നേരിയ തോതിലുള്ളവ്യത്യാസം കാണാനുള്ള കാരണം.

നബി(സ്വ) മാനവരാശിയുടെ മാതൃകാ പുരുഷന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ജീവിതമാതൃക ലോകത്തിന് ലഭിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ അനുചരന്മാരിലൂടെ അല്ലാഹു തന്നെ അത് സംരക്ഷിക്കാനുള്ള സംവിധാനമൊരുക്കി എന്നതാണ് യാഥാര്‍ഥ്യം. അവയെല്ലാം ഒപ്പിയെടുത്ത് ലോകര്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നതിനു വേണ്ടി അവിടുത്തെ വാക്കുകള്‍, പ്രവൃത്തികള്‍, അംഗീകാരങ്ങള്‍ തുടങ്ങി പ്രവാചകന്റെ ശാരീരിക സവിശേഷതകള്‍ വരെ നെല്ലും പതിരും വേര്‍തിരിച്ച് മനസ്സിലാക്കലാണ് ഹദീഥ് പണ്ഡിതന്മാരുടെ കര്‍ത്തവ്യം. പ്രവാചകന്റെ കുടുംബം, ഭരണം, യുദ്ധം, യാത്ര, ആരാധന, ഇടപാട് തുടങ്ങിയവയെല്ലാം മുഹദ്ദിഥുകളുടെ പഠന പരിധിയില്‍ വരുന്നതാണ്.

കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ നബി(സ്വ)യുടെ വാക്കുകളിലും പ്രവൃത്തികളിലും അടങ്ങിയ വിധികള്‍ ആണ് ചര്‍ച്ചക്കെടുക്കുന്നത്. നിര്‍ബന്ധം, നിഷിദ്ധം, ഐഛികം, അനുവദനീയം, വെറുക്കപ്പെട്ടത് എന്നിങ്ങനെയുള്ള വിധികളെ ഹദീഥുകളുടെ ആഴിയില്‍ നിന്ന് നിര്‍ധരിച്ചെടുക്കലാണ് ഇവരുടെ ജോലി.

ഉസ്വൂലിന്റെ പണ്ഡിതന്മാര്‍ ഗവേഷകന്മാര്‍ക്കു വേണ്ട നിയമങ്ങളും അടിത്തറകളും ഹദീഥിന്റെ വെളിച്ചത്തില്‍ നിര്‍മിതി നടത്തുന്നവരാണ്. പ്രമാണത്തോട് ചാരിനില്‍ക്കുന്ന നിരവധി നിയമങ്ങള്‍ അവര്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പില്‍കാലക്കാരായ പണ്ഡിതന്മാരുടെ ഗവേഷണങ്ങള്‍ സുഗമമായി ചലിച്ചുകൊണ്ടിരിക്കുന്നത്. ചുരുക്കത്തില്‍ തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിജ്ഞാന ശാഖക്കനുസരിച്ച സുന്നത്തിന്റെ അര്‍ഥതലങ്ങള്‍ മാറുന്നുണ്ട് എന്നര്‍ഥം.

'ബിദ്അത്തി'ന് വിപരീതം എന്ന അര്‍ഥത്തിലും 'സുന്നത്ത്' എന്ന് പ്രയോഗിക്കാറുണ്ട്.(15)

സുന്നത്തിന്റെ അതേ അര്‍ഥത്തില്‍ തന്നെയാണ് ഹദീഥും പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. 'പുതിയത്' എന്നാണ് ഭാഷയില്‍ അതിന്റെ അര്‍ഥം. ക്വുര്‍ആനില്‍ ഇരുപത്തിമൂന്ന് തവണ ഹദീഥ് എന്ന പദം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. വ്യത്യസ്തമായ അര്‍ഥങ്ങളിലാണ് ഈ പദം ക്വുര്‍ആനില്‍ വന്നിട്ടുള്ളത്. 'വിവരം' (അന്നിസാഅ്:42), 'സംസാരം' (അന്നിസാഅ്: 78,87,140; അല്‍അന്‍ആം: 68, അല്‍അഹ്‌സാബ്:53), 'വൃത്താന്തം'(അല്‍അഅ്‌റാഫ്: 185, യൂസുഫ്: 111, ത്വാഹ: 9, അല്‍ജാഥിയ: 6, അദ്ദാരിയാത്ത്: 24, അത്ത്വൂര്‍: 34, അല്‍മുര്‍സലാത്ത് :50, അന്നാസിആത്ത്: 15, അല്‍ബുറൂജ്: 17, അല്‍ഗാശിയ: 1).

വിശുദ്ധ ക്വുര്‍ആനിനെ കുറിച്ചും 'ഹദീഥ്' എന്ന് ക്വുര്‍ആനില്‍ വന്നിട്ടുണ്ട് (അല്‍കഹ്ഫ്: 6, അസ്സുമര്‍: 22, അന്നജ്മ്: 59, അല്‍വാക്വിഅ: 81, അല്‍ക്വലം: 44).

നബി(സ്വ)യുടെ സംസാരത്തിനും ഹദീഥ് എന്ന് ക്വുര്‍ആന്‍ പ്രയോഗിച്ചതായി കാണാം (അത്തഹ്‌രീം: 3).

നബി(സ്വ)യിലേക്ക് ചേര്‍ത്തപ്പെടുന്ന വാക്കുകള്‍, പ്രവര്‍ത്തനങ്ങള്‍, അംഗീകാരങ്ങള്‍, അവിടുത്തെ സ്വഭാവപരവും സൃഷ്ടിപരവുമായ സവിശേഷതകള്‍ ഇതൊക്കെ തന്നെയാണ് ഹദീഥിന്റെയും വിഷയങ്ങള്‍. നബി (സ്വ)യുടെ സ്വഹാബിമാരിലേക്കോ താബിഉകളിലേക്കോ ചേര്‍ത്തപ്പെട്ടാലും വിപുലമായ അര്‍ഥത്തില്‍ 'ഹദീഥ്'എന്നു പറയും. 'ക്വുര്‍ആനും ഹദീഥും' എന്ന് നാം പറയുമ്പോള്‍ ഈ അര്‍ഥമാണ് ഉദ്ദേശിക്കപ്പെടാറ്.

ഹദീഥിന്റെ അതേ ആശയത്തില്‍ തന്നെ ഉപയോഗിക്കപ്പെടുന്ന മറ്റൊരു പദമാണ് 'അഥര്‍' എന്നത്. 'അടയാളം' എന്നാണ് ഭാഷാര്‍ഥം. ഭൂരിപക്ഷം പണ്ഡിതന്മാരും ഹദീഥ്, അഥര്‍ എന്നീ പ്രയോഗങ്ങള്‍ക്കിടയില്‍ ചെറിയ വ്യത്യാസം കാണുന്നവരാണ്. നബി(സ്വ)യില്‍ നിന്ന് വന്നതാണെങ്കില്‍ അതിന് 'ഹദീഥ്' എന്നും അല്ലാത്തവരില്‍ നിന്നാണെങ്കില്‍ അതിന് 'അഥര്‍' എന്നുമാണവര്‍ പ്രയോഗിക്കുന്നത്.

ഉപരി സൂചിത കാര്യങ്ങളുടെ വെളിച്ചത്തില്‍ ഹദീഥുകളെ കുറിച്ചുള്ള വിജ്ഞാനീയത്തില്‍ നൈപുണ്യം നേടിയവരെ 'മുഹദ്ദിഥുകള്‍' എന്നും ചരിത്രപരമായ വിഷയങ്ങളില്‍ നിപുണരായവരെ 'ഇഖ്ബാരി' എന്നുമാണ് പണ്ഡിതന്മാര്‍ വിളിച്ച് വരുന്നത്.(16)

നബി(സ്വ) തന്റെ വാക്കുകള്‍ അല്ലാഹുവിലേക്ക് ചേര്‍ത്തിയാണ് പറയുന്നതെങ്കില്‍ അത്തരം ഹദീഥുകളെ 'ക്വുദ്‌സിയായ ഹദീഥുകള്‍' എന്നാണ് പറയുക. 'അല്‍ ഹദീഥുല്‍ ഇലാഹി' എന്നും അതിന് പേരുണ്ട്. നൂറില്‍ പരം ഹദീഥുകളേ ഇപ്രകാരം കാണപ്പെടുന്നുള്ളൂ.(17)

 

കുറിപ്പുകള്‍:

1. അല്‍ക്വാമൂസുല്‍ മുഹീത്വ്-പേജ് 429

2. സുന്നത്ത് എന്നതിന്റെ ബഹുവചനമാണ് സുനന്‍

3. ബുഖാരി: 3456

4. മുസ്‌ലിം: 1077

5. അല്‍ ഇഹ്തിമാം ബിസ്സുന്നത്തിന്നബവിയ്യ: 18

6. ബുഖാരി: 5063, മുസ്‌ലിം: 140

7. ഫത്ഹുല്‍ബാരി: 9/105

8. അബൂദാവൂദ്: 3607

9. ശര്‍ഹു ഉസൂലില്‍ ഇഅ്തിക്വാദ്, ലാലകാഈ: 1/63

10. അതേഗ്രന്ഥം: 1/71

11. പേജ്: 9-10

12. മജ്മൂഉല്‍ ഫതാവാ: 18/10

13. മകാനത്തുസ്സുന്ന, ഡോ.ഉമര്‍ ബിന്‍ മുസ്‌ലിഹ്. പേജ് 25

14. അതേഗ്രന്ഥന്ഥ. പേജ് 25

15. അല്‍ഹദീഥു വല്‍മുഹദ്ദിഥൂന്‍, പേജ് 9

16. തദ്‌രീബുര്‍റാവി, സുയൂത്വി; പേജ് 6

17. അസ്സുന്നത്തു ക്വബ്‌ലത്തദ്‌വീന്‍, പേജ്: 27