സദ്യകള്‍: അനുവദിക്കപ്പെട്ടതും വിലക്കപ്പെട്ടതും

അബ്ദുല്‍ മാലിക് സലഫി

2017 മെയ് 06 1438 ശഅബാന്‍ 9

സദ്യകള്‍ക്ക് പൊതുവെ പറയുന്ന പേരാണ് 'വലീമ' എന്നത്. ഒരുമിക്കുക, പരസ്പരം ചേരുക എന്നര്‍ഥം വരുന്ന 'വല്‍മ്' എന്ന പദത്തില്‍ നിന്നാണ് 'വലീമ' എന്ന പദം നിഷ്പന്നമായിട്ടുള്ളത്. രണ്ട് ഇണകള്‍ കൂടിക്കലര്‍ന്ന് ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ആരംഭമായതിനാല്‍ വിവാഹ സദ്യക്കും 'വലീമ' എന്നാണ് പറയുക. എന്നുമാത്രമല്ല, ഈ വിഷയത്തിലാണ് ഈ പേര് ഏറെ ശ്രുതിപ്പെട്ടിട്ടുള്ളത്.

വിവാഹത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന സദ്യ നിര്‍ബന്ധമാണോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നതയുണ്ട്. അബ്ദുറഹ്മാനു ബ്‌നു ഔഫ്(റ)നോട്  ''ഒരാടിനെയെങ്കിലും അറുത്ത് വലീമ നല്‍കണമെന്ന്'' നബി(സ്വ) പറഞ്ഞതിനാല്‍ വിവാഹത്തിന്റെ വലീമ നിര്‍ബന്ധമാണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു. പ്രബലമായ സുന്നത്താണ് എന്ന അഭിപ്രായമാണ് ഭൂരിപക്ഷത്തിനുള്ളത്. നബി(സ്വ) അവിടുത്തെ വിവാഹങ്ങള്‍ക്ക് സവീക് (ഗോതമ്പും മാംസവും കലര്‍ത്തി ഉണ്ടാക്കുന്ന ഒരുതരം ഭക്ഷണം) കാരക്ക, പാല്‍കട്ടി, നെയ്യ്, ആട് തുടങ്ങിയവ നല്‍കിയതായി ഹദീഥുകളില്‍ കാണാം. 

സ്വഫിയ്യ(റ)ക്ക് സവീക്കും കാരക്കയും, സൈനബ ബിന്‍ത് ജഹ്ഷിന്(റ) ആടും നല്‍കി എന്നും ഹദീഥുകളില്‍ വന്നിട്ടുണ്ട്. അലി(റ) ഫാത്വിമ(റ)യെ വിവാഹമാലോചിച്ചപ്പോള്‍ 'വരന്‍ വലീമ നല്‍കേണ്ടതുണ്ട്' എന്ന് പ്രവാചകന്‍(സ്വ) പറഞ്ഞതായി കാണാം. അബ്ദുറഹ്മാനുബ്‌നു ഔഫ്(റ)വിന്റെ ഹദീഥ് വിശദീകരിച്ച് ഇമാം നവവി(റഹി) പറഞ്ഞത് ഇപ്രകാരമാണ്: ''ആടിനെക്കാള്‍ കുറയാതിരിക്കലാണ് ഏറ്റവും നല്ലത് എന്ന് ഈ കല്‍പനയില്‍ നിന്ന് ഗ്രഹിക്കാം.'' വലീമക്ക് കഴിയാത്തവനെ അതിന് സഹായിക്കലും മാതൃകയുള്ളതാണ്. ''ആരുടെയെങ്കിലും അടുക്കല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവനത് കൊണ്ടുവരട്ടെ'' എന്ന് നബി(സ്വ) പറഞ്ഞതില്‍ നിന്ന് ഇക്കാര്യം ഗ്രഹിക്കാനാവും. വലീമ വിവാഹദിവസങ്ങള്‍ അവസാനിക്കുന്നതിനിടക്ക് ചെയ്യാന്‍ പറ്റും. കന്യകയാണെങ്കില്‍ ഒരാഴ്ചയും വിധവയാണെങ്കില്‍ മൂന്ന് ദിവസവുമാണ് അതിന്റെ കാലാവധി. വീട്കൂടലിന് ശേഷമാണ് കൂടുതല്‍ നല്ലത്. സൈനബ് ബിന്‍ത് ജഹ്ഷിന് നബി(സ്വ) അങ്ങനെയാണ് വലീമ നല്‍കിയത്.

ഇമാം നവവി പറയുന്നു: ''വലീമ നല്‍കേണ്ട സമയത്തെ സംബന്ധിച്ച് പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇമാം മാലികിനെപ്പോലെയുള്ളവരുടെ അടുക്കല്‍ ഏറ്റവും സ്വീകാര്യാഭിപ്രായം ദമ്പതിമാരുടെ ശാരീരിക ബന്ധത്തിന് ശേഷമാണ് വേണ്ടത് എന്നാണ്. മാലികി മദ്ഹബിലെ മറ്റുചില പണ്ഡിതരുടെ വീക്ഷണം അത് നിക്കാഹ് നടക്കുമ്പോഴാണ് നല്ലത് എന്നാണ്.''

നബി(സ്വ) സൈനബ ബിന്‍ത് ജഹ്ഷിന്റെ വിവാഹത്തിന് പകലില്‍ സൂര്യന്‍ ഉയര്‍ന്നു പൊന്തിയ ശേഷമാണ് വലീമ നല്‍കിയത് എന്നുകാണാം. ആയിശ(റ)യുമായുള്ള നിക്കാഹ് നടന്നത് ദ്വുഹാ സമയത്താണ്. ഒന്നിലധികം വിവാഹങ്ങള്‍ ഒന്നിച്ച് കഴിച്ചാല്‍ ഒരു വലീമ മതിയാകുന്നതാണ്. 

വലീമയിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ അത് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. നബി(സ്വ) പറഞ്ഞു: ''ആരെങ്കിലും ഒരു വലീമയിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ അവനതിന് പോവട്ടെ.''  വിവാഹമെന്നത് അധികവും ജീവിതത്തില്‍ ഒരു തവണയാണല്ലോ നടക്കാറ്. അതിനാല്‍ അതിനുള്ള ക്ഷണം സ്വീകരിക്കല്‍ ആവശ്യമാണ്. അതേസമയം, വലീമയില്‍ ഇസ്‌ലാമികമല്ലാത്ത കാര്യങ്ങള്‍ നടക്കുന്നുണ്ട് എന്ന് ഒരാള്‍ക്ക് അറിയാന്‍ കഴിയുകയും ആ തിന്മ തിരുത്തിക്കാന്‍ തനിക്ക് സാധ്യവുമല്ല എന്നവന് തോന്നുകയും ചെയ്താല്‍ അത്തരം വലീമകള്‍ക്ക് അയാള്‍ പങ്കെടുക്കരുത്. ഇനി, ആ തിന്മ തിരുത്താന്‍ കഴിയുന്നതാണെങ്കില്‍ അതില്‍ പങ്കെടുക്കുകയും തിരുത്തുകയും ചെയ്യണമെന്നാണ് പണ്ഡിതന്‍മാര്‍ ഇക്കാര്യത്തില്‍ പറഞ്ഞിട്ടുള്ളത്.

വലീമയിലേക്ക് പോകാതിരിക്കാനുള്ള ഒഴികഴിവുകള്‍, ഒരാള്‍ക്ക് ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാതിരിക്കാനുള്ള ഒഴികഴിവുകള്‍ തന്നെയാണ് എന്നാണ് പണ്ഡിതന്‍മാര്‍ സൂചിപ്പിച്ചത്. ധനികരെ മാത്രം വിളിച്ച് മറ്റുള്ളവരെ പാടെ അവഗണിച്ചിട്ടുള്ള വലീമകളാണ് ഏറ്റവും മോശപ്പെട്ടത്. നബി(സ്വ) പറഞ്ഞു: ''ഏറ്റവും മോശമായ വലീമ ഭക്ഷണം ധനികരെ മാത്രം വിളിച്ച് പാവപ്പെട്ടവരെ അവഗണിച്ച് നടത്തപ്പെടുന്നതാണ്.'' 

വലീമക്ക് ക്ഷണിക്കുന്നവന്റെ സമ്പാദ്യം പൂര്‍ണമായും ഹലാലായ മാര്‍ഗത്തിലുള്ളതല്ല എന്ന് നമുക്ക് അറിയാമെങ്കില്‍ ആ ഭക്ഷണം നാം ഭക്ഷിക്കേണ്ടതില്ല. അതേസമയം അയാളുടെ സമ്പാദ്യം ഹലാലും ഹറാമും കൂടിക്കലര്‍ന്നതാണെങ്കില്‍ പോവുന്നതിന് വിരോധമില്ല. എങ്കിലും ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. വ്യക്തിപരമായിട്ടാണ് ക്ഷണിച്ചതെങ്കില്‍ അതില്‍ മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കില്‍ പങ്കെടുക്കല്‍ അനിവാര്യമാണ്. എല്ലാവരെയും ഒന്നിച്ചാണ് ക്ഷണിച്ചതെങ്കില്‍ ഉത്തരം കൊടുക്കല്‍ വ്യക്തി ബാധ്യത ആകുന്നില്ല. വലീമ എത്ര ചെറുതാണെങ്കിലും ക്ഷണിക്കപ്പെട്ടാല്‍ പോവുക എന്നതാണ് ശരിയായ രീതി. അതിന്റെ വലിപ്പ ചെറുപ്പം നോക്കി പോകലും പോകാതിരിക്കലും തീരുമാനിക്കരുത്. ''ഒരു കുളമ്പിലേക്കാണ് ഞാന്‍ ക്ഷണിക്കപ്പെട്ടത് എങ്കിലും ഞാന്‍ അതിനുത്തരം നല്‍കുമായിരുന്നു'' എന്ന് നബി(സ്വ) പറഞ്ഞത് ഈ വിഷയത്തില്‍ ഒരു വെളിച്ചവും, പ്രവാചകന്റെ വിനയവും ലാളിത്യവും വ്യക്തമാക്കുന്ന ഒരു കാര്യം കൂടിയാണ്.

ഇസ്‌ലാമില്‍ ഉള്ള മറ്റൊരു സദ്യയാണ് അക്വീക്വയുടെ സദ്യ. നവജാത ശിശുവിന്റെ  തലയിലെ മുടിക്കാണ് ഭാഷയില്‍ അക്വീക്വ എന്ന് പറയുക. ഏഴാം ദിവസത്തില്‍ ആ മുടി കളയാനും പേരുവെക്കാനും അന്ന് അറവ് നടത്താനും നബി(സ്വ) നിര്‍ദേശിച്ചിട്ടുണ്ട്. ആണ്‍കുട്ടിയാണെങ്കില്‍ രണ്ട് ആടും പെണ്‍ കുട്ടിയാണെങ്കില്‍ ഒരാടുമാണ് അറുക്കേണ്ടത്. അതാണ് നബിചര്യ. അറവ് നടത്തി ആ മാംസം കൊണ്ട് ഭക്ഷണമുണ്ടാക്കി നല്‍കലും അനുവദനീയമാണ്.

യാത്ര കഴിഞ്ഞ് വരുമ്പോള്‍ മൃഗത്തെ അറുത്ത് സദ്യനല്‍കല്‍ അനുവദനീയമാണ്. നബി(സ്വ) മദീനയിലെത്തിയപ്പോള്‍ അങ്ങനെ ചെയ്തിരുന്നു എന്ന് കാണാം. അത് വരുന്നവനാണോ, വരുന്നവനെ സ്വീകരിക്കുന്നവനാണോ ചെയ്യേണ്ടത് എന്നതില്‍ രണ്ടഭിപ്രായമുണ്ട്. രണ്ടും ആവാം. ഇതിന് ''വലീമത്തുന്നഖീഅ'' എന്നാണ് പേര്.

ആണ്‍കുട്ടികളുടെ ചേലാകര്‍മവുമായി ബന്ധപ്പെട്ട് സദ്യ നടത്തുന്നതിന് തെളിവുകളൊന്നും പ്രമാണങ്ങളില്‍ വന്നിട്ടില്ല. അഫ്ഫാനിബ്‌നു അബില്‍ആസ്വ്(റ) ഒരു സദ്യയിലേക്ക് ക്ഷണിക്കപ്പെട്ടു. അത് ചേലാകര്‍മവുമായി ബന്ധപ്പെട്ട സദ്യയാണെന്ന് വ്യക്തമായപ്പോള്‍ 'ഇത്തരം സദ്യകള്‍ ഞങ്ങള്‍ പ്രവാചകന്റെ കാലത്ത് ഭക്ഷിച്ചിരുന്നില്ല' എന്നുപറഞ്ഞ് എഴുന്നേറ്റ പോന്നു (അഹ്മദ്).

അതിഥി സല്‍ക്കാരം പ്രോത്സാഹിപ്പിക്കപ്പെട്ട മറ്റൊരു സദ്യയാണ്. ''വലീമത്തു മഅ്ദുബ'' എന്നാണിതിന് പേര്. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഇല്ലാത്ത, വിരുന്നിന് വിളിച്ച് നല്‍കുന്ന സദ്യ. ഇത് അനുവദനീയമാണ്. ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ സഹായകമാവുന്ന ഇത്തരം സദ്യകള്‍ പ്രോത്സാഹനാര്‍ഹമാണ്. ''വലീമത്തുല്‍ ഹിദാക്ക'' എന്ന പേരില്‍ ക്വുര്‍ആന്‍ ഖതം തീര്‍ക്കുന്ന അന്ന് നല്‍കുന്ന സദ്യക്ക് പ്രമാണങ്ങളില്‍ തെളിവില്ല.

വീടുപണി കഴിഞ്ഞ് താമസം തുടങ്ങുമ്പോള്‍ നല്‍കുന്ന സദ്യക്ക് ''വലീമത്തുല്‍ വക്കീറ'' എന്നാണ് പേര്. വീട് ഒരു വലിയ അനുഗ്രഹമാണ്. അത് പൂര്‍ത്തിയായ സന്തോഷത്തില്‍ നല്‍കുന്ന സദ്യയാണിത്. ഇസ്‌ലാമിക മര്യാദകളില്‍ നിന്ന് കൊണ്ട് ആ സന്തോഷ ദിനത്തില്‍ ഭക്ഷണം നല്‍കല്‍ ഒരു മതാചാരമായി കരുതുന്നില്ല എങ്കില്‍ തെറ്റാണെന്ന് പറയാന്‍ ന്യായം കാണുന്നില്ല. 

''വലീമത്തുല്‍ വദീമ'' എന്ന പേരില്‍ എന്തെങ്കിലും മുസ്വീബത്തുകള്‍ ബാധിച്ചാല്‍ ഉണ്ടാക്കുന്ന ഭക്ഷണം ഇന്ന് നമ്മുടെ നാട്ടില്‍ വ്യാപകമാണ്. ചാവടിയന്തിരം എന്ന പേരില്‍ അത് പ്രചാരത്തിലുണ്ട്. മരിച്ച വ്യക്തിയുടെ വീട്ടുകാര്‍ക്ക് മറ്റുള്ളവര്‍ ഭക്ഷണമുണ്ടാക്കിക്കൊടുക്കലാണ് പ്രവാചക ചര്യ. ജഅ്ഫര്‍ (റ) മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ഭക്ഷണമുണ്ടാക്കി നല്‍കാന്‍ നബി(സ്വ)  കല്‍പിച്ചിട്ടുണ്ട്. അതേ സമയം മയ്യിത്തിന്റെ വീട്ടുകാര്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണമുണ്ടാക്കി നല്‍കുന്ന സമ്പ്രദായം ജാഹിലിയ്യത്തിന്റെ ഗണത്തിലാണ് പെടുക. അപ്രകാരം തന്നെ ശിര്‍ക്കിന്റെ ആഘോഷങ്ങളും, ഉത്സവങ്ങളുമായി ബന്ധപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശ്വാസിക്ക് വിലക്കപ്പെട്ടിരിക്കുന്നു. അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുത്തത് ഭക്ഷിക്കാന്‍ പാടില്ല എന്ന് മൂന്ന് സ്ഥലങ്ങളില്‍ അല്ലാഹു പറഞ്ഞിട്ടുണ്ട്.

''ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു...'' (സൂറഃ അല്‍മാഇദ: 3).

''(നബിയേ) പറയുക: എനിക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതില്‍ ഒരു ഭക്ഷിക്കുന്നവന്ന് ഭക്ഷിക്കുവാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല. അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേഛമത്രെ. അല്ലെങ്കില്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ (നേര്‍ച്ചയായി) പ്രഖ്യാപിക്കപ്പെട്ടതിനാല്‍ അധാര്‍മികമായിത്തീര്‍ന്നിട്ടുള്ളതും ഒഴികെ. എന്നാല്‍ വല്ലവനും (ഇവ ഭക്ഷിക്കാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ നിയമലംഘനം ആഗ്രഹിക്കാത്തവനും അതിരുവിട്ടുപോകാത്തവനുമാണെങ്കില്‍ നിന്റെ നാഥന്‍ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (സൂറഃ അല്‍ അന്‍ആം:145).

''ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമേ അവന്‍ (അല്ലാഹു) നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയിട്ടുള്ളൂ. വല്ലവനും (ഇവ ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം, അവന്‍ അതിന് ആഗ്രഹം കാണിക്കുന്നവനോ, അതിരുവിട്ട് തിന്നുന്നവനോ അല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' (സൂറഃ അന്നഹ്ല്‍:115).

ഏതു മതക്കാരനായിരുന്നാലും അവന്റെ ഭക്ഷണം നമുക്ക് കഴിക്കാം. മുശ്‌രിക്കുകള്‍ അറുത്തത് മാത്രമാണ് നിഷിദ്ധം. തൗഹീദിന് നിരക്കാത്ത ഭക്ഷണമാണെങ്കില്‍ കഴിക്കാന്‍ പാടില്ല. അത് നേര്‍ച്ചച്ചോറായാലും, അരവണപ്പായസമായാലും, ക്രിസ്മസ് കേക്കായാലും തുല്യം തന്നെ. നബി(സ്വ) ജൂത സ്ത്രീയുടെ ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിച്ച സംഭവം പ്രസിദ്ധമാണല്ലോ. ധൂര്‍ത്തടിച്ച് നടത്തപ്പെടുന്ന ആഘോഷ, ആചാര സദ്യകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് വേണ്ടത്. ധൂര്‍ത്തിനെ ഇസ്‌ലാം ഒരു മേഖലയിലും അംഗീകരിക്കുന്നില്ല. ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട സദ്യകളും വര്‍ജിക്കേണ്ടതാണ്. ജന്മദിനാഘോഷം എന്നത് ഇസ്‌ലാമിന്റെ സമ്പ്രദായമല്ല. അതിനാല്‍ തന്റെയോ, സന്താനങ്ങളുടെയോ മറ്റാരുടെയുമോ ജന്മദിനം ആഘോഷിക്കാവതല്ല. അതിന്റെ ഭക്ഷണം അനുവദനീയവുമല്ല. അല്ലാഹു അവന്റെ ദീനില്‍ ഉറച്ചുനില്‍ക്കാനുള്ള തൗഫീഖ് നല്‍കി നമ്മെ അനുഗ്രഹിക്കട്ടെ!