ഭീകരതയും സലഫിയ്യത്തും: അസത്യ പ്രചാരണങ്ങളുടെ വസ്തുതയെന്ത്?

ഹാഷിം കാക്കയങ്ങാട്

2017 ഡിസംബർ 16 1439 റബിഉല്‍ അവ്വല്‍ 27

നാല്‍പതോളം മുസ്‌ലിം രാഷ്ട്രങ്ങളെ അണിനിരത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ റിയാദില്‍ നടത്തിയ ഭീകരവിരുദ്ധ സമ്മേളനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഇസ്‌ലാമിന്റെ പേര് ദുരുപയോഗം ചെയ്ത് ലോകത്ത് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഐ.എസ് ഉള്‍പ്പെടെയുള്ള വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ ഇസ്‌ലാമിക് മിലിട്ടറി കൗണ്ടര്‍ ടെററിസം കോയിലേഷന്‍ എന്ന പേരില്‍ സഖ്യം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഹൂഥികള്‍ എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ശിയാ റാഫിദിയാക്കള്‍ യമനിലെ അഹ്‌ലുസ്സുന്ന വിഭാഗത്തിനെതിരെ നടത്തിയ കൂട്ടക്കുരുതികള്‍ക്കെതിരെ യമന്‍ സൗദിയോട് സഹായാഭ്യര്‍ഥന നടത്തി. തുടര്‍ന്ന് 2015 മാര്‍ച്ച് 25ന് പുലര്‍ച്ചെ സൗദി നേതൃത്വത്തില്‍ 'ആസ്വിഫതുല്‍ ഹസം' എന്ന് പേരിട്ട സൈനിക നടപടി ആരംഭിച്ചു. മുപ്പത്തിനാലോളം രാഷ്ട്രങ്ങളുടെ ഒരു കൂട്ടായ്മ അന്ന് തന്നെ സൗദി ഉണ്ടാക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പുതിയ സഖ്യവും.

കാലങ്ങളായി ഇറാന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം ഈ സമയത്താണ് പിന്‍വലിച്ചത്. പക്ഷേ, അത് വേണ്ടത്ര വാര്‍ത്തയായില്ല.

ഇസ്‌ലാമില്‍ എക്കാലത്തും ഓര്‍മിക്കപ്പെടുന്ന സൈന്യാധിപനായ ഖാലിദ് ബിന്‍ വലീദ്(റ) പേര്‍ഷ്യക്കെതിരെ തന്റെ സൈന്യത്തെ കേന്ദ്രീകരിച്ച ഹഫറുല്‍ ബാത്വിന്‍ എന്ന സ്ഥലത്ത് വച്ച് ഈ സഖ്യസേനയിലെ 20 രാഷ്ട്രങ്ങള്‍ ഇതിന് മുമ്പ് ഒരു സൈനിക പരിശീലനം നടത്തിയിരുന്നു. യമന്‍ വഴി സൗദിയിലേക്കും വിശുദ്ധ ഹറമിലേക്കും കടന്നുകയറി ആക്രമിക്കാന്‍ പദ്ധതിയൊരുക്കുന്ന ഹൂഥികള്‍ക്കും പുതിയ ഭീഷണിയായ ഐ.എസിനുമെതിരെയുള്ള ശക്തമായ തയ്യാറെടുപ്പ് കൂടിയായിരുന്നു ആ പരിശീലനം. അതിന്റെ തുടര്‍ച്ച തന്നെയാണ് ഇപ്പോഴത്തെ ഈ സൈനിക പ്രഖ്യാപനവും. ഇസ്‌ലാമിക ലോകത്തെ ഒട്ടേറെ രാഷ്ട്രങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ശിയാ രാജ്യമായ ഇറാന്റെ അസാന്നിധ്യം തന്നെയാണ്. സൗദി അറേബ്യ സലഫീ ചിന്താധാരയില്‍ നിന്നും വ്യതിചലിക്കുകയാണെന്ന പ്രചാരണങ്ങളെ തകിടം മറിക്കുന്നത് കൂടിയായി വാസ്തവത്തില്‍ ഈ ഒത്തുകൂടല്‍.

 

സലഫിയ്യത്ത്, ശിയാഇസം, ഖവാരിജുകള്‍: ഒരു പ്രാഥമിക വിവരം

ഇസ്‌ലാമികലോകം വിശ്വാസപരമായി പ്രധാനമായും രണ്ട് ചേരിയിലാണുള്ളത്. പ്രവാചകനും ﷺ സ്വഹാബികളും എങ്ങനെയാണോ പ്രമാണങ്ങള്‍ വ്യാഖ്യാനിച്ചത് അതേ രൂപത്തില്‍ തന്നെ അതിനെ മനസ്സിലാക്കി ആചരിക്കണമെന്ന് പറയുന്ന സലഫീ വീക്ഷണമാണ് ഒന്നാമത്തേത്. അവരാണ് അഹ്‌ലുസ്സുന്ന വല്‍ ജമാഅ അഥവാ സലഫികള്‍ എന്നറിയപ്പെടുന്നത്. ക്വുര്‍ആനും സ്വഹീഹായ ഹദീഥുകളും പ്രമാണമായി അംഗീകരിക്കുന്നവരാണവര്‍. ഇസ്‌ലാമിന്റെ മധ്യമനിലപാടാണ് അഹ്‌ലുസ്സുന്ന അഥവാ സലഫിയ്യത്തിന്റെ മുഖമുദ്ര.

ഇതിന് നേരെ വിരുദ്ധമാണ് രണ്ടാമത്തെ വിഭാഗമായ ശിയാക്കള്‍. ജൂതനായ അബ്ദുല്ലാഹ് ബിന്‍ സബഅ് ആണ് ശിയാഇസത്തിന്റെ സ്ഥാപകന്‍. ഇസ്‌ലാമിനെ ആദര്‍ശം കൊണ്ട് ചെറുത്ത് തോല്‍പിക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ അന്നത്തെ ജൂതന്മാര്‍ തന്ത്രപൂര്‍വം ഇദ്ദേഹത്തെ ഇസ്‌ലാമിലേക്ക് കടത്തിവിട്ടു. പുറമേക്ക് മുസ്‌ലിമായി അഭിനയിക്കുകയും രഹസ്യമായി ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയുമായിരുന്നു അദ്ദേഹം ചെയ്തത്.

അലിയ്യ്(റ)വില്‍ ദിവ്യത്വം ആരോപിച്ച് കൊണ്ടും ഉഥ്മാന്‍(റ)നെതിരില്‍ ജനങ്ങളെ ഇളക്കിവിട്ടു കൊണ്ടും അദ്ദേഹം കലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. ഒടുവില്‍ ഉഥ്മാന്‍(റ) കൊല്ലപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ വളര്‍ന്നു.

സല്‍മാനുല്‍ ഫാരിസി(റ), അബൂദര്‍റ്(റ), മിഖ്ദാദ്(റ) എന്നീ മൂന്ന് പേരൊഴിച്ച് ബാക്കിയുള്ള എല്ലാ സ്വഹാബികളും മതത്തില്‍ നിന്നും പുറത്ത് പോയവരാണെന്ന് ശിയാക്കള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. അങ്ങേയറ്റം മോശമായ പദപ്രയോഗങ്ങളിലൂടെ പ്രവാചകാനുചരന്മാരെ ഭത്സിക്കുന്ന ശിയാക്കളും ഇസ്‌ലാമും തമ്മില്‍ യോജിച്ച് പോകുന്ന ഒരു മേഖലയുമില്ല. അലി(റ)വിന്ന് കിട്ടേണ്ടിയിരുന്ന ഖിലാഫത്ത് സ്ഥാനം അബൂബക്‌റും(റ) ഉമറും(റ) ഉസ്മാനും(റ) കൂടി തട്ടിയെടുക്കുകയാണ് ചെയ്തത് എന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. വിശുദ്ധ ക്വുര്‍ആനില്‍ പതിനേഴായിരത്തോളം വചനങ്ങള്‍ ഉണ്ടെന്ന് അവരുടെ ആധികാരിക ഗ്രന്ഥമായ അല്‍കാഫീയില്‍ കാണാം. തുടര്‍ന്നിങ്ങോട്ട് അഹ്‌ലുസ്സുന്നക്കെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണങ്ങള്‍ നാളിത് വരെയും ഇവര്‍ തുടര്‍ന്ന് വരികയാണ്.

 

ഖവാരിജുകള്‍

പ്രവാചകന്റെ ﷺ കാലം മുതലേ ഇസ്‌ലാമിക ലോകത്ത് കുഴപ്പങ്ങളുടെ വിത്ത് പാകിയവരാണ് ഖവാരിജുകള്‍. പ്രവാചകനില്‍ ﷺ അനീതി ആരോപിച്ച് രംഗത്ത് വന്ന ദുല്‍ഖുവൈസറിന്റെ പിന്‍ഗാമികളാണിവര്‍. ക്വുര്‍ആനിക വചനങ്ങള്‍ സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിക്കുന്നതാണ് ഖവാരിജുകളുടെ പൊതുവായ ശൈലി. മാത്രമല്ല, നാലാം ഖലീഫയും പ്രവാചകന്റെ പുത്രീ ഭര്‍ത്താവും കൂടിയായ അലി(റ), മുആവിയ(റ), അബൂമൂസല്‍ അശ്അരി(റ) തുടങ്ങിയ പ്രമുഖരായ പല സ്വഹാബികളും ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോയവരാണെന്ന അത്യന്തം അപകടകരമായ വിശ്വാസം പേറുന്നവരാണിവര്‍.

തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ ക്വുര്‍ആന്‍ വചനങ്ങള്‍ ദുര്‍വ്യാഖ്യാനിച്ച് മുസ്‌ലിം സമൂഹത്തില്‍ തീവ്രവാദം വളര്‍ത്താന്‍ നിരന്തരം ശ്രമിക്കുന്നവരാണ് ഖവാരിജുകള്‍. ''വിധി പറയാനുള്ള അധികാരം അല്ലാഹുവിന് മാത്രമാണ്'' (സൂറഃ യൂസുഫ്: 40) എന്ന ക്വുര്‍ആന്‍ സൂക്തം സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റിയാണ് മുകളില്‍ പറഞ്ഞ സ്വഹാബികളെ അവര്‍ മതത്തില്‍ നിന്നും പുറത്താക്കിയത്. തുടര്‍ന്നിങ്ങോട്ട് കുഴപ്പങ്ങളുടെ പരമ്പര തന്നെ അവര്‍ ഇസ്‌ലാമിക ലോകത്ത് സൃഷ്ടിച്ചു.

അബ്ദുര്‍റഹ്മാന്‍ ബിന്‍ മുല്‍ജിം, ബര്‍ക് ബിന്‍ അബ്ദുല്ല, അംറുബിന്‍ ബകര്‍ എന്നിവര്‍ ഗൂഢാലോചന നടത്തി അലി(റ), മുആവിയ(റ), അംറുബ്ന്‍ ആസ്(റ) എന്നീ സ്വഹാബികളെ വകവരുത്തുവാന്‍ തീരുമാനിച്ചു. അതും ഒരു റമദാനിലെ സുബ്ഹി നമസ്‌കാരത്തിന്റെ സമയത്ത്! അതില്‍ അലി(റ) കൊല്ലപ്പെടുകയും മറ്റ് രണ്ട് പേര്‍ രക്ഷപ്പെടുകുയും ചെയ്തു. വിഷം പുരട്ടിയ വാള്‍കൊണ്ടുള്ള വെട്ടേറ്റ് വീണ അലി(റ)യോട് അബ്ദുര്‍റഹ്മാന്‍ ബിന്‍ മുല്‍ജിം പറഞ്ഞ വാക്കുകള്‍ പ്രസക്തമാണ്: ''ഓ അലീ, വിധിക്കുവാനുള്ള അധികാരം നിനക്കോ നിന്റെ കൂട്ടുകാര്‍ക്കോ ഇല്ല, അത് അല്ലാഹുവിന്ന് മാത്രമാണ്.''

ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കടകടനെ കുറിച്ച് പറയുമ്പോള്‍ നാം മനസ്സിലാക്കേണ്ട പ്രാഥമിക വിവരങ്ങളാണിത്.

നാലാം ഖലീഫയെ കൊല്ലാന്‍ അന്നത്തെ ഖവാരിജുകള്‍ ഉപയോഗിച്ച അതേ ക്വുര്‍ആന്‍ വചനം തന്നെയാണ് ഇന്നത്തെ ഖവാരിജുകളായ ഈ വിഭാഗവും നിരപരാധികളെ കൊല്ലുവാനും അറബ് ഭരണാധികാരികള്‍ മതത്തില്‍ നിന്ന് പുറത്ത് പോയവരാണെന്ന ആരോപണം ഉന്നയിക്കുവാനും ഉയര്‍ത്തുന്നത് എന്നത് ഇവര്‍ക്കിടയിലെ ഇഴയടുപ്പം വ്യക്തമാക്കുന്നതാണ്.

അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ഭരണം സ്ഥാപിച്ചാല്‍ മാത്രമെ മതം പൂര്‍ണമാകൂ എന്നാണ് ഇവരുയര്‍ത്തുന്ന പ്രധാന വാദം. ഭൂമിയില്‍ നിലനില്‍ക്കുന്ന ഭരണവ്യവസ്ഥകള്‍ക്കെതിരെ പരസ്യ യുദ്ധത്തിനാഹ്വാനം ചെയ്ത് കൊണ്ടും ദൗലതുല്‍ ഇസ്‌ലാമിന്റെ (ഇസ്‌ലാമിക രാഷ്ട്രം) സംസ്ഥാപനത്തിന് മുസ്‌ലിംകളെ ക്ഷണിച്ചു കൊണ്ടുമാണ് ലോകത്തെല്ലാ സ്ഥലത്തും ഖവാരിജുകള്‍ വേരുറപ്പിക്കാന്‍ ശ്രമിച്ചത്. തങ്ങളുടെ പിഴച്ച വാദം അംഗീകരിക്കാത്തവര്‍ മുഴുവന്‍ കാഫിറുകള്‍ (മതനിഷേധികള്‍) ആണെന്നാണ് ഖവാരിജുകളുടെ വിശ്വാസം. കടകട കൊന്നൊടുക്കിയ 92 ശതമാനവും മുസ്‌ലിംകള്‍ തന്നെയാണ് എന്നത് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. എന്നാല്‍ ലോക ഇസ്‌ലാമിക പണ്ഡിതര്‍ ഒന്നടങ്കം, പ്രത്യേകിച്ചും സലഫീ പണ്ഡിതര്‍ ഇവര്‍ക്കെതിരെ തിരിഞ്ഞു എന്നതാണ് അവര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. അത് കൊണ്ട് തന്നെ അത്തരം പണ്ഡിതരെ കൊട്ടാര വിദൂഷകരെന്ന് വിളിച്ചാക്ഷേപിക്കുകയാണ് അവര്‍ ചെയ്യുന്നത്. (തുടരും)