വംശഹത്യയിലേക്ക്‌ നയിച്ച സൈനിക നടപടികൾ

ഡോ. ശബീൽ പി.എൻ

2017 ഫെബ്രുവരി 04 1438 ജമാദുൽ അവ്വൽ 09

റോഹിങ്ക്യൻ മുസ്ലിംകൾ വംശവെറിയുടെ ഇരകൾ: 2

 

വംശഹത്യയുടെ തുടക്കം

1971 മുതൽ 1973 വരെ നീണ്ടുനിന്ന ബംഗ്ളാദേശ്‌ വിമോചന സമരം 10 മില്യൻ ആളുകളെയാണ്‌ അഭയാർഥികളാക്കിയത്‌ അവരിൽ കുറച്ചു പേർ റഖാഈൻ പ്രദേശത്തും എത്തി. ഇതേസമയം ബർമയിൽ മുസ്ലിംകളുടെ അംഗസംഖ്യ വർദ്ധിക്കുകയാണ്‌ എന്നും ഇത്‌ തങ്ങളുടെ നാടിന്‌ ആപത്താണ്‌ എന്ന്‌ ബുദ്ധ ഭീകരസംഘടനകൾ പ്രചരിപ്പിച്ചു. ബുദ്ധ സന്ന്യാസിമാരുടെ നേതൃത്വത്തിൽ ബംഗാളി അഭയാർഥികളെ പുറത്താക്കാൻ വേണ്ടി തുടങ്ങിയ സമരം, അവരുടെ അടിസ്ഥാന ലക്ഷ്യമായ റോഹിങ്ക്യകളിലേക്കും വ്യാപിപ്പിച്ചു. ഇത്‌ ആയിരക്കണക്കിന്‌ മനുഷ്യരുടെ പലായനത്തിലും കൊലപാതകത്തിലും കലാശിച്ചു.

സാബെ ഓപ്പറേഷൻ

1974ൽ ജനറൽ ന്യൂവിൻ ആയിരക്കണക്കിന്‌ റോഹിങ്ക്യകളുടെ തദ്ദേശ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി അവരെ വിദേശികളാക്കി പ്രഖ്യാപിച്ചു. അതോടെ രണ്ടുലക്ഷം വരുന്ന റോഹിങ്ക്യകളെ ബംഗ്ളാദേശിലേക്ക്‌ നാടുകടത്താൻ പട്ടാളനടപടികൾ തുടങ്ങി. ഇതേസ്ഥലത്ത്‌ രാജ്യത്തിന്റെ വിവിധ ഭാഗത്ത്‌ നിന്ന്‌ വന്ന ബുദ്ധന്മാരെ പാർപ്പിക്കുകയും ചെയ്തു.

എന്നാൽ ബംഗ്ളാദേശ്‌ ഭരണകൂടം ഇവരെ സ്വീകരിക്കാൻ വിസമ്മതിച്ചു. ബംഗ്ളാദേശിലെ അഭയാർഥിക്യാമ്പുകളിൽ കൊടിയ ദാരിദ്ര്യത്തിൽ ഇവർ കഴിഞ്ഞുകൂടി. 1978ൽ യു.എൻ ഹൈക്കമ്മീഷൻ അഭയാർഥികൾക്ക്‌ വേണ്ടി ന്യൂവിനുമായി നടത്തിയ മധ്യസ്ഥ ചർച്ചയിൽ ഇവരെ ബർമയിൽ തന്നെ തുടരാൻ അനുവദിച്ചു. രാജ്യത്ത്‌ തിരിച്ചുവന്നവരുടെ സ്വത്തും ഭവനങ്ങളും ആരാധനാലയങ്ങളുമെല്ലാം നാമാവശേഷമായിരുന്നു.

കിംഗ്‌ ഡ്രാഗൺ ഓപ്പറേഷൻ

ജനറൽ ന്യൂവിന്റെ ഉത്തരവു പ്രകാരം 1978 ഫെബ്രുവരി 6ന്‌ മുസ്ലിം ഭൂരിപക്ഷ ഗ്രാമമായ സാക്കിപാരയിൽ സൈന്യം അനധികൃത കുടിയേറ്റക്കാരെ പിടിക്കാൻ എന്ന ഓർഡർ പ്രകാരം കയറുകയും വ്യാപകമായ മനുഷ്യാവകാശ ലംഘനത്തിന്‌ തുടക്കമിടുകയും ചെയ്തു. പിന്നെ അത്‌ അനേകം ഗ്രാമങ്ങളിലേക്ക്‌ പടർന്നു. അറാക്കാൻ പ്രദേശത്തെ മുഴുവൻ ആളുകളെയും അത്‌ ബാധിച്ചു. 3 ലക്ഷത്തോളം പേർ കുടിയേറ്റക്കാരായി മുദ്രകുത്തപ്പെട്ടു. അവരിൽ പലരും കൊല്ലപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ അക്രമങ്ങൾ നടന്നു. 1250 വീടുകൾക്ക്‌ തീവെച്ചു.

1982ൽ റോഹിങ്ക്യരുടെ പൗരത്വം റദ്ദാക്കി. നൂറ്റാണ്ടുകൾ അവർ ജീവിച്ച രാജ്യത്ത്‌ അവർ ഒന്നുമല്ലാതായി. രാജ്യത്ത്‌ അവർ ജീവിക്കുന്നത്‌ പോലും നിയമ ലംഘനമായി! വിദ്യാഭ്യാസം നേടുന്നതിന്‌ നേരത്തെ അനുമതി നിഷേധിക്കപ്പെട്ട ഇവർ അതിനെതിരിൽ ശംബ്ദമുയർത്താൻ പോലും പറ്റാത്തവരായി. 135 വംശങ്ങൾക്കിടയിൽ പൗരത്വം ഇവർക്ക്‌ മാത്രമാണ്‌ നിഷേധിക്കപ്പെട്ടത്‌.

കരിനിയമങ്ങൾ

പൗരത്വം റദ്ദാക്കപ്പെട്ടതോടെ ഒരു മൗലിക അവകാശത്തിനും അവർക്ക്‌ അർഹതയില്ലാതായി. ഭൂവുടമകളും കൃഷിക്കാരും മുക്കുവരുമായ എല്ലാതരം ആളുകളും അവകാശ സ്വാതന്ത്ര്യമില്ലാത്ത അനധികൃതരായിമാറി. അതോടെ അവരിൽ പലനിയമങ്ങളും പട്ടാള ഭരണകൂടം ചാർത്തി. വിദ്യാഭ്യാസം പാടെ നിഷേധിച്ചു. സഞ്ചാര സ്വാതന്ത്ര്യം അവരുടെ ഗ്രാമങ്ങളിൽ മാത്രമായി ചുരുക്കി. വിവാഹം കഴിക്കണമെങ്കിൽ അധികാരികളുടെ സമ്മതം വാങ്ങേണ്ടിവന്നു. ആരോഗ്യ സഹായമോ ചികിത്സയോ നൽകിയില്ല. 1994ൽ റോഹിങ്ക്യകൾക്ക്‌ രണ്ടിലധികം കുട്ടികൾ പാടില്ല എന്ന നിയമം കൊണ്ടുവന്നു. ഭൂമി കൈമാറ്റം ചെയ്യുന്നതും ഭവനങ്ങൾ നിർമിക്കുന്നതും വിലക്കി.

പൈ തായ ഓപ്പറേഷൻ

1991ൽ ഉത്തര റഖാഈൻ പ്രദേശത്ത്‌ താമസിച്ചിരുന്ന ആളുകളെ ബുദ്ധഭീകരവാദികളുടെയും സന്ന്യാസിമാരുടെയും സഹായത്തോടെ പട്ടാളം പിടികൂടി; വീണ്ടും 2.5 ലക്ഷം അഭയാർത്ഥികളെ സൃഷ്ടിച്ചു. രാജ്യത്തെ ശുദ്ധീകരിക്കാനും ഭംഗിവരുത്താനും എന്ന പേരിൽ പട്ടാളം നടത്തിയ ഈ നടപടിയെ ഐക്യരാഷ്ട്ര അഭയാർഥി ഏജൻസി `പട്ടാളം സ്പോൺസർ ചെയ്ത സാംസ്കാരിക ഉന്മൂലനം` എന്നാണ്‌ വിശേഷിപ്പിച്ചത്‌.

നാ സാ കാ അതിർഥിരക്ഷാ സേന

1992ൽ പട്ടാള ഭരണകൂടം അതിർത്തിയിലെ അഭയാർഥി പ്രവാഹം തടയുവാൻ എന്ന പേരിൽ വടക്കൻ റഖാഈൻ എന്ന പ്രദേശത്ത്‌ പ്രത്യേകമായി നിയമിച്ചതാണ്‌ നാ സാ കാ അതിർഥിരക്ഷാ സേന. അതോടെ അക്രമവും അനീതിയും മനുഷ്യവാശ ലംഘനങ്ങളും പ്രദേശത്ത്‌ സ്ഥിരമായി. അടിസ്ഥാന ആവശ്യങ്ങൾക്ക്‌ പോലും പട്ടാളത്തിന്റെ ആവശ്യത്തിന്‌ കാത്തിരിക്കേണ്ട ആളുകളായി അവർ മാറി. അടിച്ചേൽപിക്കപ്പെട്ട കരിനിയമങ്ങൾ ലംഘിക്കുന്നവരെ ക്രൂരമായി പീഡിപ്പിച്ചു. ഇത്‌ 2011ൽ പട്ടാളം ജനാധിപത്യ ഭരണ സംവിധാനത്തിനു വേണ്ടി വഴിമാറികൊടുക്കും വരെ തുടർന്നു. ലോകരാജ്യങ്ങളിൽ നിന്ന്‌ പട്ടാള ഭരണകൂടത്തിന്‌ ലഭിക്കുന്ന ഉപരോധങ്ങൾ മാറിക്കിട്ടാൻ അവർ നടത്തിയ ഒരു തന്ത്രമായിരുന്നു ഇത്‌. ഔപചാരികമായി പട്ടാളം തന്നെയാണ്‌ ഭരണം നടത്തിയത്‌.

രാജ്യത്ത്‌ ചൈനീസ്‌ പ്രൊജക്റ്റുകൾ ധാരാളമായി വരികയും അതിലെ അഴിമതികൾ ജനകീയ പ്രക്ഷോഭങ്ങൾക്ക്‌ വഴിമാറുകയും ചെയ്തപ്പോൾ അതിൽനിന്ന്‌ ശ്രദ്ധതിരിക്കാൻ ഭരണാധികാരികൾ വ്യാപകമായി റോഹിങ്ക്യൻ വിരുദ്ധ പ്രചാരണങ്ങളും അക്രമങ്ങളും അഴിച്ചുവിട്ടു. സ്വന്തം ആളുകളെ തന്നെ കൊലപ്പെടുത്തി, വ്യാജ ഏറ്റുമുട്ടലുകൾ സൃഷ്ടിച്ച്‌ അവ റോഹിങ്ക്യകളുടെ തലയിൽ കെട്ടിവെച്ചാണ്‌ ഭൂരിപക്ഷം വംശഹത്യകളും അരങ്ങേറിയത്‌.

2012 സെപ്തംബർ മാസത്തിൽ റോഹിങ്ക്യൻ മുസ്ലികളെ നാടുകടത്തുക എന്ന പ്രസിഡന്റ്‌ തെയ്ൻ സെയിന്റെ പദ്ധതിക്ക്‌ പിന്തുണയുമിയി ബുദ്ധ സന്ന്യാസി അശിൻ വിരാതുവും സംഘവും രംഗത്ത്‌ വന്നു. എന്നാൽ ബുദ്ധന്റെ യഥാർഥ ആശയം ഉൾക്കൊണ്ട ബുദ്ധന്മാർ ഇതിന്‌ എതിരായിരുന്നു. രാജ്യപുരോഗതിക്ക്‌ അനിവാര്യ സംഭാവനകൾ നൽകിയ മുസ്ലിംകളെയും മറ്റ്‌ ന്യൂനപക്ഷങ്ങളെയും ഉൾക്കൊണ്ട്‌ സമാധാന പൂർണമായി ജീവിക്കണം എന്ന പക്ഷക്കാരായിരുന്നു ബുദ്ധ സന്ന്യാസി പ്രമുഖൻ ആര്യ വുദ്ദ ബെവൂദ്ദയെ പോലുള്ളവർ.

2012ൽ ഭരണകൂടവും ദേശീയതാവാദികളുടെയും അക്രമങ്ങൾ അഴിച്ചുവിട്ടപ്പോൾ നിരവധി ആളുകൾ കിട്ടിയ ബോട്ടുകളിലും ചെറുവഞ്ചികളിലുമായി രാജ്യം വിട്ടു. 2012 കാലഘട്ടത്തിൽ വിവിധ നാടുകളിൽ ഇവർ വന്നെത്താൻ തുടങ്ങിയതോടെ മനുഷ്യാവകാശലംഘനത്തിന്റെ ഞെട്ടിക്കുന്ന കഥകൾ പുറം ലോകമറിയാൻ തുടങ്ങി. സ്വതന്ത്രപത്ര പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും നടത്തിയ ജീവൻ പണയംവെച്ചുള്ള പ്രവർത്തനങ്ങളാണ്‌ ഈ മനുഷ്യക്കുരുതിയുടെ കഥ പുറംലോകമറിയാൻ കാരണമായത്‌.

റോഹിങ്ക്യൻ അഭയാർഥികൾ ഇന്ത്യയിൽ

ഏകദേശം 36000 ഓളം റോഹിങ്ക്യകൾ ഇന്ത്യയിൽ അഭയാർഥികളായി കഴിയുന്നുണ്ട്‌. ജമ്മു, ഫരീദാബാദ്‌, ഡൽഹി, മേവാത്ത്‌, ഹൈദരാബാദ്‌ എന്നിവിടങ്ങളിലെ പ്ളാസ്റ്റിക്ക്‌ കുടിലുകളിൽ പട്ടിണിയിലും പ്രയാസത്തിലുമാണ്‌ അവർ കഴിയുന്നത്‌. ഭക്ഷണം, ശുദ്ധജലം, മരുന്നുകൾ, വസ്ത്രങ്ങൾ എന്നിവക്ക്‌ അവർ ക്ഷാമം അനുഭവിക്കുന്നു. ഭാഷയറിയാത്തതും ഉത്തരേന്ത്യയിലെ കൊടും തണുപ്പും അവർക്ക്‌ ജോലി ചെയ്യാൻ തടസ്സം നിൽക്കുന്നു.

ടാർപോളിൽ ഷീറ്റുകൾ കൊണ്ട്‌ നിർമിച്ച, നിവർന്ന്‌ നിൽക്കാൻ പോലും കഴിയാത്ത ഉയരം കുറഞ്ഞകൂരകളിൽ മൺ തറകളിൽ ആണ്‌ അഞ്ചും ആറും പേരടങ്ങുന്ന കുടുംബങ്ങൾ താമസിക്കുന്നത്‌. താൽകാലിക ശൗച്യാലയങ്ങൾ പോലും ഇല്ലാത്ത ഇവരുടെ വാസസ്ഥലങ്ങൾ, അതിദയനീയ കാഴ്ചയാണ്‌. പ്രാണികളും കീടങ്ങളും നിറഞ്ഞ ഇത്തരം വാസസ്ഥലങ്ങളിൽ യു.എൻ നൽകിയ കാർഡുമായി ജീവിക്കുന്ന ഇവർക്ക്‌ മക്കളുടെ അസുഖങ്ങൾ ഒരു ചോദ്യചിഹ്നമാണ്‌. വിദ്യാഭ്യാസത്തിന്‌ തീരെ സാധ്യത യില്ലാതിരുന്ന ഇടങ്ങളിൽ മനുഷ്യാവകാശ പ്രവർത്തകരുടെ ഇടപെടൽ മൂലം ചെറിയ ക്ളാസുകൾ ആരംഭിച്ചിട്ടുണ്ട്‌. ആഴ്ചയിൽ ഒന്നോരണ്ടോ ദിവസം കിട്ടുന്ന ഇരുന്നൂറോ മുന്നൂറോ രൂപയുടെ ജോലിയാണ്‌ ഏക വരുമാനം. വിധവകളും അനാഥരുമായ ഒട്ടേറെ പേർ ഈ താൽകാലിക ഷെഡ്ഡുകളിലുണ്ട്‌.

ഓരോരുത്തർക്കും നഷ്ടപ്പെട്ട ഉറ്റവരുടെയും ഉടയവരുടെയും അനേകം കഥകൾ പറയാനുണ്ട്‌. ഭീകരത പിഴുതെറിഞ്ഞ ജീവിതത്തിൽ ഇന്ത്യയിലേക്ക്‌ എത്തിപ്പെട്ട യാത്ര... പട്ടിണിയുടെയും പ്രയാസങ്ങളുടെയും പലായനം. പട്ടിണികിടന്ന്‌ മരിച്ച പിഞ്ചുകുഞ്ഞുങ്ങളെ മറമാടാൻ പോലും കഴിയാതെയിരുന്ന നിസ്സഹായത. അതിർത്തികൾ, രാജ്യാന്തര നിയമങ്ങൾ, ജയിലുകൾ... യു.എൻ കാർഡിനു വേണ്ടി മാസങ്ങളുടെ കാത്തിരിപ്പ്‌... ഇതെല്ലാം മറന്ന്‌ ജീവൻ തിരിച്ചുകിട്ടിയതിൽ ലോകസ്രഷ്ടാവിനെ സ്തുതിച്ച്‌ മരത്തടികൾ താങ്ങായി നിർത്തി പ്ളാസ്റ്റിക്ക്‌ ഷീറ്റുകളാൽ മറച്ച ആരാധനാലയങ്ങളിൽ സാഷ്ടാംഗം നമിച്ച്‌ എഴുന്നേൽക്കുന്നത്‌ കാണുമ്പോൾ നമ്മുടെ കണ്ണുകൾ നിറയാതിരിക്കില്ല.

ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട്‌, ഉടുതുണിയല്ലാത്ത മറൊന്നുമില്ലാതെ ഓടിരക്ഷപ്പെട്ട്‌ ഒരു രാജ്യത്തിന്റെ ആതിഥേയത്വം പ്രതീക്ഷിച്ചെത്തിയ നിഷ്കളങ്കരായ ഈ മനുഷ്യർക്ക്‌ എല്ലാ അർഥത്തിലുമുള്ള അഭയമാണ്‌ വേണ്ടത്‌.

റോഹിങ്ക്യൻ മുസ്ലിംകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന്‌ സ്വപ്നം കാണുകയാണ്‌. സ്വന്തം നാട്ടിൽ, സ്വന്തം കുടുംബത്തോടൊത്ത്‌, വിശപ്പടക്കാൻ ആരെയും ആശ്രയിക്കേണ്ടതില്ലാത്ത, കൃഷിചെയ്തിരുന്ന നിലങ്ങളിൽ കൃഷിയിറക്കി അധ്വാനത്തിന്റെ ഫലം ഒരുമിച്ച്‌ കൊയ്തെടുത്ത്‌ ഒരുമിച്ച്‌ സുഖദുഃഖങ്ങൾ പങ്കിട്ട്‌ മനുഷ്യരായി ജീവിക്കാൻ സ്വാതന്ത്ര്യം ലഭിക്കുന്ന ഒരു കാലം.

ഉത്തരേന്ത്യയിലെ വെള്ളം ഐസാകുന്ന തണുപ്പിൽ എല്ലുന്തിയ ശരീരവുമായി, ഷെൽട്ടർ വളണ്ടിയർമാർ നൽകിയ ബിസ്ക്കറ്റ്‌ പൊതികൾ ആർത്തിയോടെ വാങ്ങിച്ച്‌ ഓടുന്ന നൂറുൽ ഇസ്ലാം എന്ന കുട്ടി ഓർമകളിൽ മായാതെ നിൽക്കുന്നു.