മനസ്സ് ശാന്തമാവാന്‍...

ശമീര്‍ മദീനി

2017 മാര്‍ച്ച് 04 1438 ജമാദുല്‍ ആഖിര്‍ 05

ശാന്തിയിലേക്കുള്ള പാത: 2

''അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മകൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്'' (വിശുദ്ധ ക്വുര്‍ആന്‍ 13:28).

നിരാശയകറ്റുക

 

രോഗം, ദാരിദ്ര്യം, ആഗ്രഹിച്ചതുപോലെ കാര്യങ്ങള്‍ നടക്കാതിരിക്കുക; ഇവകൊണ്ടൊക്കെ നിരാശപ്പെടുന്ന മനുഷ്യന്‍ സര്‍വശക്തനായ അല്ലാഹുവില്‍ വേണ്ടവിധത്തില്‍ വിശ്വാസമര്‍പ്പിക്കാത്തവനാണ്.വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:

''...അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച'' (12:87).

യഥാര്‍ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്‍ ഈ ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും ഗ്രഹിച്ചവനായിരിക്കും. ഈ ലോകത്തനുഭവിക്കുന്ന ചെറിയ പ്രയാസങ്ങള്‍പോലും അല്ലാഹുവിന്റെ പരീക്ഷണമാണെന്ന് തിരിച്ചറിയാനും അതില്‍ സഹിക്കാനും ക്ഷമിക്കാനും തയാറായാല്‍ കാരുണ്യവാനായ അല്ലാഹുവിന്റെ സാമീപ്യവും പാപമോചനവും നേടാന്‍ സാധിക്കുമെന്നും അവന്‍ മനസ്സിലാക്കിയിട്ടുണ്ട്. തന്റെ ദുരിതങ്ങളും പ്രയാസങ്ങളും അകറ്റാന്‍ അല്ലാഹുവിന് ഒട്ടും പ്രയാസമില്ല എന്നും ഏതു സമയത്തും അവനതിന് മാറ്റം വരുത്താന്‍ കഴിയുമെന്നും വിശ്വാസിയുടെ മനസ്സ് പറയും. യുദ്ധരംഗത്ത് പോലും വിശ്വാസികള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന ഒന്നാണിത്. ക്വുര്‍ആന്‍ പറയുന്നു:

''ശത്രുജനതയെ തേടിപ്പിടിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ ദൗര്‍ബല്യം കാണിക്കരുത്. നിങ്ങള്‍ വേദന അനുഭവിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ വേദന അനുഭവിക്കുന്നത് പോലെ ത്തന്നെ അവരും വേദന അനുഭവിക്കുന്നുണ്ട്. നിങ്ങളാകട്ടെ അവര്‍ക്ക് പ്രതീക്ഷിക്കാനില്ലാത്തത് (അനുഗ്രഹം) അല്ലാഹുവിങ്കല്‍ നിന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. അല്ലാഹു അറിവുള്ളവനും യുക്തിയുള്ളവനുമാകുന്നു'' (4:104).

റബ്ബിലുള്ള പ്രതീക്ഷ അവനെ നിരാശയില്‍ നിന്നും രക്ഷപ്പെടുത്തും. എത്ര ചെലവഴിച്ചാലും തീര്‍ന്നുപോകാത്ത, വിശാലമായ, നിറഞ്ഞ ഖജനാവുകളുടെ ഉടമയാണ് അല്ലാഹുവെന്നും അവനാണ് തന്റെ രക്ഷകനും ദൈവവും എന്ന് തിരിച്ചറിയുമ്പോള്‍ മനുഷ്യന് നിരാശപ്പെടേണ്ടിവരില്ല. നബി(സ) പറയുന്നു:

''അല്ലാഹുവിന്റെ കൈ സമ്പന്നമാണ്. ചെലവഴിക്കല്‍ അതില്‍ കുറവുവരുത്തുകയില്ല. രാപകലില്ലാതെ ചെലവഴിക്കുന്ന അത്യുദാരനാണവന്‍. ആകാശഭൂമികളുടെ സൃഷ്ടിപ്പ് മുതല്‍ അവന്‍ ചെലവഴിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ആലോചിച്ചുനോക്കൂ. തീര്‍ച്ചയായും അതൊന്നും അവന്റെ കരത്തെ ശൂന്യമാക്കിയിട്ടില്ല'' (ബുഖാരി, മുസ്‌ലിം).

 

അല്ലാഹുവില്‍ ഭരമേല്‍പിക്കുക

 

നമുക്ക് ചെയ്യാനാവുന്നത് നാം ചെയ്യുക. പരമാവധി പരിശ്രമിച്ച ശേഷം ബാക്കി ദൈവത്തില്‍ ഭരമേല്‍പിച്ച് മുന്നിട്ടിറങ്ങുക. തന്റെ കഴിവുകേടുകളോര്‍ത്ത് ഭയന്ന് ഒന്നിലേക്കും ഇറങ്ങാതെ മാറിനില്‍ക്കുന്നതും ഒന്നും ചെയ്യാതെ എല്ലാം ദൈവം ശരിയാക്കികൊള്ളുമെന്ന് കരുതുന്നതും തികഞ്ഞ അജ്ഞതയും വിഡ്ഢിത്തവുമാണ്.

നബി(സ) പറയുന്നു: ''നിങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കേണ്ടവിധം ഭരമേല്‍പിച്ചാല്‍ പക്ഷികള്‍ക്ക് അല്ലാഹു ഉപജീവനം നല്‍കുന്നതുപോലെ നിങ്ങള്‍ക്കും നല്‍കുന്നതാണ്. അവ രാവിലെ ഒട്ടിയ വയറുമായി കൂടുവിട്ടുപോകുന്നു. നിറഞ്ഞ വയറുമായി മടങ്ങിവരികയും ചെയ്യുന്നു'' (അഹ്മദ്, തിര്‍മിദി). പക്ഷികള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ച് കൂട്ടില്‍ ഇരിക്കുകയല്ല പ്രത്യുത ഇരതേടിപുറപ്പെടുകയാണ് എന്ന യാഥാര്‍ഥ്യം വിസ്മരിച്ചുകൂടാ.

സര്‍വശക്തനായ അല്ലാഹുവിനെ ആശ്രയിച്ച,് അവന്റെ കരങ്ങളില്‍ സര്‍വവും അര്‍പ്പിച്ച,് തനിക്കു ചെയ്യാനാവുന്നതൊക്കെ താന്‍ ചെയ്തു എന്ന് ഒരു വിശ്വാസിക്ക് നിര്‍വൃതിയടയാന്‍ സാധിച്ചാല്‍ അത് വല്ലാത്ത സ്വസ്ഥതയും ആശ്വാസവുമായിരിക്കും നല്‍കുക. നേരെ മറിച്ചായിരിക്കും സ്വന്തം കഴിവില്‍ അമിത പ്രതീക്ഷയര്‍പ്പിച്ച് അഹന്തയോടെ നടക്കുന്നവനും ഒന്നും ചെയ്യാതെ എല്ലാം ദൈവത്തിലേല്‍പിച്ച് നിഷ്‌ക്രി യനാവുന്നവനും അനുഭവപ്പെടുക. അല്ലാഹു പറയുന്നു:

''...വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീ ര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാ കുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്'' (65:3).

 

ദൈവവിധിയില്‍ വിശ്വാസമര്‍പ്പിക്കുക

 

ചിലപ്പോള്‍ നാം വിചാരിച്ചതിലും മെച്ചപ്പെട്ടരീതിയില്‍ നേട്ടങ്ങളുണ്ടാവാറുണ്ട്. അതില്‍ അമിതമായി ആഹ്ലാദിക്കുകയോ തന്റെ മിടുക്കുകൊണ്ട്മാത്രം നേടാനായതായി വിലയിരുത്തുകയോ ചെയ്യാതെ ദൈവാനുഗ്രഹവും ഒരു പരീക്ഷണവുമായി അതിനെ കണ്ടുകൊണ്ട് അല്ലാഹുവിനെ സ്തുതിക്കുകയാണ് ചെയ്യേണ്ടത്. മറ്റുചിലപ്പോള്‍ നമ്മെ അങ്ങേയറ്റം സങ്കടപ്പെടുത്തുന്ന അനുഭവങ്ങളുണ്ടായേക്കാം. ആ നാശനഷ്ടങ്ങളില്‍ നിരാശരാകാതെ ദൈവവിധിയില്‍ സമാശ്വസിക്കുകയാണ് ചെയ്യേണ്ടത്.

''ശ്ശെ, അങ്ങനെ വേണ്ടായിരുന്നു. ഇങ്ങനെയായിരുന്നെങ്കില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാമായിരുന്നു...'' തുടങ്ങിയ വിചാരങ്ങള്‍ സങ്കടങ്ങളിലേക്കും നിരാശയിലേക്കുമായിരിക്കും നയിക്കുന്നത്. എല്ലാം അല്ലാഹുവിന്റെ തീരുമാനമനുസരിച്ചാണ് നടക്കുക. അതിനാല്‍ നേട്ടങ്ങളില്‍ അമിതമായി ആഹ്ലാദിക്കുവാനോ നഷ്ടങ്ങളില്‍ അഗാധമായി ദുഃഖിക്കാനോ പാടില്ല. രണ്ടായാലും ദൈവത്തിന്റെ പരീക്ഷണമാണ്. അതുരണ്ടും ഒരുപോലെ വിശ്വാസികള്‍ക്ക് ഗുണകരമാക്കാമെന്നാണ് നബി(സ) പഠിപ്പിച്ചത്. അവിടുന്ന് പറഞ്ഞു:

''വിശ്വാസിയുടെ കാര്യം ആശ്ചര്യകരംതന്നെ! അവന്റെ എല്ലാകാര്യങ്ങളും അവന് നന്മയാണ്. വിശ്വാസികള്‍ക്കല്ലാത്ത മറ്റാര്‍ ക്കും അതുണ്ടാവുകയില്ല. സന്തോഷകരമായ വല്ലതുമാണ് അവനുണ്ടായതെങ്കില്‍ അതിന്റെ പേരില്‍ അവന്‍ അല്ലാഹുവിനെ സ്തുതിക്കും. അതവന് ഗുണകരമാണ്. ഇനി വല്ല ദുരിതവുമാണ് അവന് നേരിട്ടതെങ്കില്‍ അവന്‍ ക്ഷമിക്കും. അതുമവന് ഗുണകരമാണ്'' (മുസ്‌ലിം).

ക്വുര്‍ആന്‍ പറയുന്നു: ''ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്തത്,) നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്റെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാതിരിക്കുവാനും, നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ (അമിതമായി) ആഹ്ലാദി ക്കാതിരിക്കുവാനും വേണ്ടിയാണ്. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല'' (57:22,23).

നബി(സ)പറയുന്നു: ''ദുര്‍ബലനായ വിശ്വാസിയെക്കാള്‍ അല്ലാഹുവിന് കൂടുതല്‍ ഇഷ്ടവും ഉത്തമവും ശക്തനായ വിശ്വാസിയാണ്. എല്ലാവരിലും നന്മയുണ്ട്. നിനക്കുപകാരമുള്ളതില്‍ നീ ശ്രദ്ധചെലുത്തുകയും അല്ലാഹുവിനോട് സഹായം തേടുകയും ചെയ്യുക. നീ അശക്തനാവരുത്. നിനക്ക് വല്ല(വിപത്തും) ബാധിച്ചാല്‍ 'ഇന്നിന്ന പോലെയെല്ലാം ഞാന്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇന്നിന്നപോലെയെല്ലാമാകുമായിരുന്നേനെ' എന്ന് നീ പറയരുത്. മറിച്ച് നീ ഇങ്ങനെ പറയുക: 'അല്ലാഹു നിശ്ചയിച്ചതാണ്. അവനുദ്ദേശിക്കുന്നത് അവന്‍ ചെയ്യുന്നു'. 'എങ്കി ല്‍' എന്നത് പിശാചിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വഴി തുറക്കുന്നതാണ്'' (മുസ്‌ലിം).

ഒരിക്കല്‍ നബി(സ) തന്റെ ശിഷ്യനായ ഇബ്‌നുഅബ്ബാസി(റ)നെ ഉപദേശിച്ച കൂട്ടത്തില്‍ ഇപ്രകാരം പറഞ്ഞു:

''നീ അറിയുക. ഭൂലോകത്തെ മനുഷ്യരഖിലവും ജിന്നുവര്‍ഗവും ഒരുമിച്ച് ചേര്‍ന്നാല്‍ പോലും അല്ലാഹു നിനക്ക് നിശ്ചയിച്ചതല്ലാത്ത ഒരു നേട്ടം നേടിത്തരാന്‍ അവര്‍ക്ക് സാധിക്കുകയില്ല. അപ്രകാരം തന്നെ അവരൊന്നടങ്കം സംഘടിച്ച് നിനക്ക് വല്ല ഉപദ്രവം വരുത്താന്‍ ശ്രമിച്ചാലും അല്ലാഹു കണക്കാക്കിയതല്ലാത്ത ഒരു ഉപദ്രവവും നിനക്കേ ല്‍പിക്കുവാന്‍ അവര്‍ക്ക് സാധ്യമല്ല'' (അഹ്മദ്, തിര്‍മിദി).

 

പ്രാര്‍ഥനയും സല്‍കര്‍മങ്ങളും ശീലിക്കുക

 

സല്‍കര്‍മങ്ങള്‍ മനസ്സിന് ശാന്തത പകരുമ്പോള്‍ ദുഷ്‌കര്‍മങ്ങള്‍ അസ്വസ്ഥതയാണ് സമ്മാനിക്കുന്നത്. അല്ലാഹുവിനോടുള്ള പ്രാര്‍ഥനയും സ്മരണയും മനസ്സിന് ശക്തിയും സമാധാനവും ധൈര്യവും പകരുന്നതാണ്. സര്‍വശക്തന്റെ സംരക്ഷണം സുരക്ഷിതബോധമുണ്ടാക്കുമ്പോള്‍ ദുര്‍ബലരായ സൃഷ്ടികളെ ആശ്രയിക്കുന്നവര്‍ക്ക് അത് നേടാനാവുകയില്ല. പ്രത്യുത അരക്ഷിതത്വമായിരിക്കും പലപ്പോഴുമുണ്ടാവുക.

അല്ലാഹു പറയുന്നു:''മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ'' (22:73).

സല്‍കര്‍മികള്‍ക്ക് ഈലോകത്തും പരലോകത്തും ആനന്ദകരമായ നല്ല ജീവിതമാണുണ്ടാവുക. ക്വുര്‍ആന്‍ പറയുന്നു:

''ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും'' (16:97).

സങ്കടങ്ങള്‍ സൃഷ്ടികളോട് പറയുന്നതിനെക്കാള്‍ സമാശ്വാസവും സമാധാനവും ലഭിക്കുക സര്‍വശക്തനായ സ്രഷ്ടാവിനോട് പറയുമ്പോഴായിരിക്കും. അവന്റെ അനുഗ്രഹങ്ങളും ശക്തി മാഹാത്മ്യങ്ങളും അനുസ്മരിക്കുമ്പോള്‍ മനസ്സിന് സമാധാനം നേടി ടെന്‍ഷനുകളകറ്റുവാന്‍ സാധിക്കുന്നതാണ്.

അല്ലാഹു പറയുന്നു: ''അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മകൊണ്ടത്രെ മനസ്സുകള്‍ ശാന്തമായി ത്തീരുന്നത്'' (13:28).

പൊതുവെ പ്രാര്‍ഥനകള്‍ ശാന്തിദായകങ്ങളാണെങ്കിലും ദുഃഖങ്ങളും ദുരിതങ്ങളും ഇല്ലാതാകാന്‍ നിരന്തരം പ്രാര്‍ഥിക്കേണ്ടതുണ്ട്. മുഹമ്മദ് നബി(സ) നിരന്തരം പ്രാര്‍ഥിച്ചിരുന്ന ഒരു പ്രാര്‍ഥനയായി അനസ്ബ്‌നു മാലിക്(റ) പറയുന്നു:

''അല്ലാഹുവേ, ദുഃഖത്തില്‍നിന്നും മനഃക്ലേശത്തില്‍ നിന്നും കടബാധ്യതയില്‍നിന്നും ശത്രുക്കളുടെ വിജയത്തില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു'' (അബൂദാവൂദ്. ഇതിനുസമാനമായ റിപ്പോര്‍ട്ട് ബുഖാരിയിലും മുസ്‌ലിമിലും കാണാം).