സുപ്രധാനമായ ചില വിശ്വാസ കാര്യങ്ങള്‍

ശഹീറുദ്ദീന്‍ ചുഴലി

2017 ഡിസംബർ 16 1439 റബിഉല്‍ അവ്വല്‍ 27

ഭാഗം: 4

ഇമാം ഇബ്‌നുഅബീദാവൂദ്(റഹി)യുടെ 'അല്‍മന്‍ളൂമതുല്‍ ഹാഇയ്യഃ' എന്ന ഗ്രന്ഥത്തിന്റെ ആദ്യ വരിയുടെ വിശദീകരണം).

അബ്ബാസീ ഭരണാധികാരി മഅ്മൂനിബിനു ഹാറൂണ്‍ അര്‍റശീദിന്റെ ഭരണ കാലം വരെ അഹ്‌ലുസ്സുന്നയുടെ നിലപാട് ശക്തമായിരുന്നു. അദ്ദേഹത്തിന്റെ കാലമായപ്പോഴേക്ക് (ഹിജ്‌റ 198-218 വരെ) ബിദ്അത്തിന്റെ വാതായനങ്ങള്‍ മലക്കെ തുറക്കപ്പെട്ടു. ഫല്‍സഫക്കും (തത്ത്വശാസ്ത്രം) ഇല്‍മുല്‍കലാമിനും (വചനശാസ്ത്രം) നല്ല വേരോട്ടം ലഭിച്ചു.

റസൂല്‍ ﷺ പറഞ്ഞു: ''യഹൂദികള്‍ എഴുപത്തി ഒന്ന് വിഭാഗവും നസ്വാറാക്കള്‍ എഴുപത്തി രണ്ട് വിഭാഗവും ആയി. ഈ ഉമ്മത്ത് പിന്നീട് എഴുത്തി മൂന്ന് വിഭാഗമാകും. എല്ലാവരും നരകത്തിലായിരിക്കും; ഒരു കൂട്ടരൊഴികെ.'' അവര്‍ ചോദിച്ചു: ''ആരാണ് പ്രവാചകരേ ആ ഒരു സംഘം?'' പ്രവാചകന്‍ ﷺ പറഞ്ഞു: ''ഞാനും എന്റെ സ്വഹാബത്തും ഇന്ന് ഏതൊരു നിലപാടിലാണോ അതില്‍ നിലകൊള്ളുന്നവര്‍'' (അബൂദാവൂദ്, തിര്‍മിദി, അഹ്മദ്).

ഈ വിഭാഗങ്ങളെ സംബന്ധിച്ച് പഠിക്കലും അവരുടെ വികലാശയങ്ങള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കലും അതില്‍ നിന്ന് വിട്ട് നില്‍ക്കലും സത്യാന്വേഷികളുടെ ബാധ്യതയാണ്.

ഇവരെ സംബന്ധിച്ചുള്ള വിശദ ചര്‍ച്ചകളിലേക്ക് കടക്കുന്നതിന് മുമ്പ് ഇവര്‍ ഈ വാദഗതികളില്‍ ഏര്‍പെടാനുള്ള കാരണങ്ങളെ സംബന്ധിച്ച് ഒരു ധാരണ ആവശ്യമാണ്. പ്രധാനമായും മൂന്ന് കാരണങ്ങളാലാണ് ഏതൊരു കക്ഷിയും വ്യക്തിയും പിഴച്ചുപോകുവാന്‍ ഇടയാകുന്നത്.

(അ) വിശ്വാസ കാര്യങ്ങളുടെ വിവര ശേഖരണത്തിനും വിശദ പഠനത്തിനും ക്വുര്‍ആനിനും സുന്നത്തിനും ഉപരി മറ്റു പലതിനെയും പ്രമാണമാക്കി അല്ലെങ്കില്‍ അവലംബമാക്കി. ഇതാണ് ഒന്നാമത്തെ കാരണം.

ക്വുര്‍ആനിനെയും സുന്നത്തിനെയും മാത്രം പ്രമാണമായി സ്വീകരിക്കുക എന്നതായിരുന്നു അഹ്‌ലുസ്സുന്നയുടെ നേതാക്കന്മാരായ സ്വഹാബത്തടക്കം സ്വീകരിച്ചു പോന്ന നിലപാട്. അതാണ് സത്യത്തിന്റെ പാത.

അല്ലാഹു പറഞ്ഞു: ''ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്'' (ക്വുര്‍ആന്‍ 6:153).

''അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ച് പോയിരിക്കുന്നുവോ, അതവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുവാന്‍ വേണ്ടിയും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നത്'' (ക്വുര്‍ആന്‍ 16:64).

എന്നാല്‍ ക്വുര്‍ആനിനെയും സുന്നത്തിനെയും പ്രമാണമാക്കുന്നതില്‍ നിന്നും അകന്ന് ഒരുപാട് വിഭാഗങ്ങള്‍ പിഴച്ചുപോയിട്ടുണ്ട്.

1. ഇല്‍മുല്‍ കലാമിന്റെ ആളുകളായ മുഅ്തസിലികളും അശ്അരികളും: ഇവര്‍ ഫല്‍സഫയെയാണ് അവലംബിച്ചത്. ബുദ്ധിയാണിവര്‍ക്ക് വിധികര്‍ത്താവ്. അവര്‍ പറയും: ക്വുര്‍ആനിന്റെയും മുതവാതിറായ സുന്നത്തിന്റെയും ആശയങ്ങള്‍ ബുദ്ധിക്ക് യോജിക്കുന്നുവെങ്കില്‍ അതേപടി സ്വീകരിക്കും. ഇല്ലായെങ്കില്‍ അതിന് ബുദ്ധി തേടുന്ന മറ്റൊരര്‍ഥം പരമാവധി ശ്രമിച്ച് നല്‍കും. അല്ലാഹുവും റസൂലും ഉദ്ദേശിക്കാത്തതാണെങ്കിലും ശരി. മുതവാതിറല്ലാത്ത ഹദീഥുകള്‍ അവര്‍ അക്വീദക്ക് എടുക്കുക തന്നെയില്ല. അതെത്ര സ്വഹീഹായാലും. അതുകൊണ്ട് തന്നെ ഇവര്‍ ഇല്‍മുല്‍ കലാമിലേക്കും ഫല്‍സഫയിലേക്കും തിരിയുകയും അതില്‍ വ്യാപൃതരാവാന്‍ താല്‍പര്യം കാണിക്കുകയും ചെയ്തു. അങ്ങനെ ക്വുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും അകന്നു.

2. സ്വൂഫികള്‍: വെളിപാടാണ് അവരുടെ വിധി കര്‍ത്താവ്! ദൗഖ്, വജ്ദ് എന്നൊക്കെ അവര്‍ ഇതിനെ പേരിട്ട് വിളിക്കുന്നു. അവര്‍ ദീനിനെ രണ്ടാക്കി തിരിച്ചു. ഒന്ന്, ശരീഅത്ത്. രണ്ട്, ഹക്വീക്വത്ത്. ശരീഅത്ത് എന്നാല്‍ ക്വുര്‍ആനിലും സുന്നത്തിലും വന്ന കാര്യങ്ങളും പൂര്‍വികരുടെയും കര്‍മ ശാസ്ത്ര പണ്ഡിതന്മാരുടെയും വാക്കുകളും. ഇതിനെയവര്‍ പ്രകടമായ അറിവ് എന്നാണ് വിളിക്കുക. ഹക്വീഖക്വത്ത് എന്നാല്‍ വെളിപാടിലൂടെയും സ്വപ്‌ന ദര്‍ശനത്തിലൂടെയും ലഭിക്കുന്ന റൂഹാനിയ്യായ കാര്യങ്ങള്‍. ഇതിനെയവര്‍ ഉള്‍സാര വിജ്ഞാനം എന്നാണ് വിളിക്കുക. ഒന്നാമത്തെത് പേപ്പറിലെ അറിവും രണ്ടാമത്തേത് അസാധാരണ അറിവുമാണ്. അത്‌കൊണ്ട് അവരുടെ ഇമാമുമാര്‍ അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരോട് പറയാറുണ്ട്; നിങ്ങള്‍ മരിച്ചവരില്‍ നിന്നുമാണ് അറിവ് സ്വീകരിക്കുന്നത,് ഞങ്ങള്‍ ജീവിക്കുന്നവരില്‍ നിന്നുമാണ് അറിവ് തേടുന്നത് എന്ന്. അതായത്, എന്റെ റബ്ബിനെ തൊട്ട് എന്റെ ഹൃദയം എനിക്ക് പറഞ്ഞു തന്നു എന്ന്.

ഇക്കാരണത്താല്‍ തന്നെ സ്വൂഫികള്‍ അറിവ് തേടി പോകുകയില്ല. ഹദീഥിന്റെയും കര്‍മശാസ്ത്രത്തിന്റെയും കിതാബുകളെ അവര്‍ ആക്ഷേപിക്കുകയും ചെയ്യും. ഒറ്റക്ക് ഇരിക്കുവാനാണവര്‍ക്ക് താല്‍പര്യം. അവര്‍ നസ്വാറാപുരോഹിതന്മാരെയും മറ്റും കണ്ട് അറിവിന്റെ അവസ്ഥകളെ സംബന്ധിച്ചും അതിന്റെ ആന്തരിക കാര്യങ്ങളെ സംബന്ധിച്ചും ആരായും. പാട്ടും സംഗീതവും കേട്ട് ഹൃദയത്തിന് ഇളക്കമുണ്ടാക്കുന്നതിലാണ് അവര്‍ വ്യാപൃതരാവുക. ക്വുര്‍ആനില്‍ നിന്നും അതിന്റെ പാരായണത്തില്‍ നിന്നും അവര്‍ അകന്നു.

3. ശീഈ ബാത്വിനികള്‍: അവരുടെ പ്രമാണം അവരുടെ ഇമാമുമാരുടെ വാക്കുകളാണ്. അവരുടെ അടിസ്ഥാന തത്ത്വം തന്നെ അവരുടെ ഇമാമുമാര്‍ക്ക് അടിസ്ഥാന കാര്യങ്ങളിലോ ശാഖാപരമായ കാര്യങ്ങളിലോ പിഴവ് പറ്റുകയില്ല എന്നതാണ്. അവരുടെ പണ്ഡിതന്മാരും ഗവേഷകരും അവരുടെ ഇമാമാരുടെ പകരക്കാരാണ്. അവര്‍ ഈ ഊഹ പ്രമാണത്തെ മുറുകെ പിടിക്കുകയും ക്വുര്‍ആനില്‍ നിന്നും അകലുകയും ചെയ്തു.

(ആ) ബിദ്അത്ത് കടന്നുകൂടാനുള്ള രണ്ടാമത്തെ കാരണം ദീനില്‍ ചിലത് സ്വീകരിക്കുകയും ചിലതിനെ തള്ളുകയും ചെയ്തു എന്നതാണ്.

ദീന്‍ പൂര്‍ണമാണ്. എല്ലാം ഉള്‍ക്കൊണ്ടതാണ്. ദീനില്‍ വാഗ്ദാനങ്ങളും താക്കീതുകളും വിധികളും ആദാബുകളും എല്ലാം ഉണ്ട്. ചിലതിനെ ഉള്‍ക്കൊള്ളുകയും ചിലതിനെ തള്ളുകയും ചെയ്യല്‍ പിഴവാണ്. അത് പരസ്പരം വിദ്വേഷത്തിനും വിഘടനത്തിനും കാരണമാകുകയും ചെയ്യും. അങ്ങനെ പിഴച്ച് പോയ കക്ഷികളാണ് ഇവര്‍:

1. ഖവാരിജ്: അവര്‍ താക്കീതിന്റെ ആയത്തുകള്‍ മാത്രം എടുത്തു. വാഗ്ദാനങ്ങളുടെ ആയത്തുകളെ പരിഗണിച്ചില്ല. ഇക്കാരണത്താല്‍ വന്‍ പാപം ചെയ്തവര്‍ മുഅ്മിനല്ല എന്നവര്‍ വാദിക്കുകയും അവര്‍ക്കുള്ള ശഫാഅത്തിനെ നിഷേധിക്കുകയും ചെയ്തു.

2. മുര്‍ജിയ: ഇവര്‍ വാഗ്ദാനങ്ങളുടെ ആയത്തുകള്‍ മാത്രം സ്വീകരിച്ചു. താക്കീതുകളുടെ ആയത്തുകളെ പരിഗണിച്ചില്ല. ഒരു വ്യക്തി ശിര്‍ക്കല്ലാത്ത ഏത് പാപം ചെയ്താലും അവന്‍ പൂര്‍ണ വിശ്വാസിയാണെന്നവര്‍ വാദിച്ചു.

3. ശീഈകള്‍: ഇവര്‍ അലി(റ)വിന്റെ ശ്രേഷ്ഠതകള്‍ മാത്രം സ്വീകരിച്ചു. മറ്റ് മൂന്ന് ഖലീഫമാരെയും അവഗണിച്ചു. എത്രത്തോളമെന്നാല്‍ അലി(റ) ഇലാഹാണെന്നും മറ്റ് മൂന്ന് പേരും കാഫിറുകളാണെന്നു പോലും അവര്‍ വാദിച്ചു. എന്നാല്‍ ഖവാരിജുകള്‍ നേരെ തിരിച്ചും! അലി(റ) കാഫിറാണെന്നാണ് അവരുടെ പക്ഷം.

4. ഇല്‍മുല്‍ കലാമിന്റെ ആളുകള്‍: അവര്‍ പറഞ്ഞു: 'ഇസ്‌ലാം ബുദ്ധിയുടെയും ചിന്തയുടെയും മതമാണ്.' അവരുടെ ഈ വാദം ശരിയാണ്. പക്ഷേ, ഇവര്‍ അതില്‍ അതിര് കവിഞ്ഞു. ക്വുര്‍ആനും സുന്നത്തും സ്വീകരിക്കുന്നിടത്ത് അവര്‍ ബുദ്ധിക്ക് സ്ഥാനം കൊടുത്തു. അങ്ങിനെ അവര്‍ കറാമത്തുകളെയും സിഹ്ര്‍, ക്വബ്ര്‍ ശിക്ഷ, മീസാന്‍, സ്വിറാത്ത് പോലുള്ള കാര്യങ്ങളെ നിഷേധിച്ചു. കാരണം, അവരുടെ ഭാഷ പ്രകാരം ഇതെല്ലാം ബുദ്ധിക്ക് എതിരാണ്. ഈ വിഷയത്തില്‍ അവര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസമുള്ളവരും ഉണ്ട്. ഇവര്‍ക്ക് നേരെ എതിരുള്ളവരാണ് സ്വൂഫിയാക്കള്‍ അവര്‍ ബുദ്ധിയെ പാടെ നിഷേധിച്ചു. ദീനില്‍ ബുദ്ധിക്ക് യാതൊരു സ്ഥാനവുമില്ലെന്നവര്‍ വാദിച്ചു. അങ്ങനെ ഭാവനകളെയും സ്വപ്‌നങ്ങളെയും അന്ധവിശ്വാസങ്ങളെയും അവര്‍ പുല്‍കി. വെളിപാട്, അസാധാരണ കഴിവ്, യാഥാര്‍ഥ്യങ്ങള്‍ എന്നെല്ലാം ഇതിനവര്‍ പേരിട്ടു വിളിച്ചു.

5. ഖദ്‌രിയ്യ: ഇവര്‍ സൃഷ്ടികളുടെ ഉദ്ദേശവും ഉത്തരവാദിത്തവും സ്ഥിരീകരിക്കുന്നതില്‍ അതിര് കവിഞ്ഞു. അല്ലാഹുവിന്റെ ഉദ്ദേശത്തെ നിഷേധിക്കുകയും ചെയ്തു. ഇവര്‍ക്ക് നേരെ വിപരീതമായവരാണ് ജബ്‌രിയ്യാക്കള്‍. അല്ലാഹുവിന്റെ ഉദ്ദേശത്തെ സ്ഥിരീകരിക്കുന്നതില്‍ അവര്‍ അതിര് കവിഞ്ഞു. സൃഷ്ടികളുടെ ഉദ്ദേശത്തെ പൂര്‍ണമായും നിഷേധിച്ചു. അവര്‍ പറഞ്ഞു: പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നത് അല്ലാഹുവിന്റെ ഉദ്ദേശ പ്രകാരം മാത്രമാണ്. സൃഷ്ടികള്‍ക്ക് അതില്‍ യാതൊരു ഉദ്ദേശ്യവും ഇല്ല.

6. മുശബ്ബിഹാക്കളും മുഅത്തിലകളും: മുശബ്ബിഹാക്കള്‍ അല്ലാഹു അവന് സ്ഥിരപ്പെടുത്തിയ വിശേഷണങ്ങളുടെ വചനങ്ങള്‍ (ആയത്തുകള്‍) സ്വീകരിച്ചു. പക്ഷേ, അത് സൃഷ്ടികളെപ്പോലെയല്ല; സൃഷ്ടികളുടേതുമായി സാദൃശ്യപ്പെടുത്താന്‍ പാടില്ല എന്ന ഭാഗം അവഗണിച്ചു. മുഅത്തിലകള്‍ അല്ലാഹു സൃഷ്ടികളോട് സാദൃശ്യമാവുകയില്ല എന്ന ഭാഗം എടുത്ത് അല്ലാഹു അവന് സ്ഥിരപ്പെടുത്തിയ വിശേഷണങ്ങള്‍ അംഗീകരിക്കല്‍ സാദൃശ്യപ്പെടുത്തലാണെന്നും വാദിച്ച് നിഷേധിച്ചു. അവരുടെ വാദപ്രകാരം അങ്ങനെ ചെയ്യലാണ് സൃഷ്ടികളുടെ ഗുണങ്ങളില്‍ നിന്നും അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തല്‍.

7. അതുപോലെ തന്നെ പണ്ഡിതന്മാരില്‍ ഒരു വിഭാഗം ആഡംബരത്തിലും ഭൗതിക സുഖങ്ങളിലും മുഴുകി. മറ്റു ചിലര്‍ ഭൗതിക വിരക്തിയും ത്യാഗവുമായി കഴിഞ്ഞുകൂടി. ചിലര്‍ വിധിവിലക്കുകളില്‍ മാത്രം ശ്രദ്ധിച്ചു. ആദാബുകളും പ്രാര്‍ഥനകളും വിസ്മരിച്ചു. ചിലര്‍ ഫിക്വ്ഹില്‍ മാത്രം കഴിഞ്ഞു കൂടി. ഹദീഥുമായി യാതൊരു ബന്ധവുമില്ലാതായി. ചിലര്‍ ദഅ്‌വത്തുമായി മാത്രം കഴിഞ്ഞു കൂടി. വിജ്ഞാനപരമായ കാര്യങ്ങളില്‍ അശ്രദ്ധരായി. അങ്ങനെ പല കാര്യങ്ങളിലും ചിലതിനെ സ്വീകരിക്കുക, ചിലതിനെ തള്ളുക എന്ന ഒരു സ്വഭാവം അറിഞ്ഞോ അറിയാതേയോ വന്നു കൂടി. ഈ അവസാനം പറഞ്ഞ വിഭാഗം ബിദ്ഇകളില്‍ പെടുകയില്ലയെങ്കിലും പണ്ഡിതന്മാര്‍ ശ്രദ്ധിക്കേണ്ട മുഖ്യമായ കാര്യമാണിത്. അഹ്‌ലുസ്സുന്നഃ വല്‍ ജമാഅഃ ഇതെല്ലാം ശ്രദ്ധിച്ചിരുന്നു. അല്ലാഹുവാണ് ഏറെ അറിയുന്നവന്‍.

(ഇ) ഇസ്‌ലാമില്‍ ബിദ്ഈ കക്ഷികള്‍ ഉടലെടുക്കാനുള്ള മൂന്നാമത്തെ കാരണം ശത്രുക്കളുടെ കുതന്ത്രമാണ്. ജൂത-നസ്വാറാക്കളെ സംബന്ധിച്ച് അല്ലാഹു പറഞ്ഞത് അതാണ്:

''യഹൂദര്‍ക്കോ നസ്വാറാക്കള്‍ക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല'' (ക്വുര്‍ആന്‍ 2:1020)

''സത്യവിശ്വാസികളേ, സത്യനിഷേധികളെ നിങ്ങള്‍ അനുസരിച്ച് പോയാല്‍ അവര്‍ നിങ്ങളെ പിറകോട്ട് തിരിച്ചുകൊണ്ടു പോകും. അങ്ങനെ നിങ്ങള്‍ നഷ്ടക്കാരായി മാറിപ്പോകും'' (ക്വുര്‍ആന്‍ 3:149)

ഇസ്‌ലാമിന്റെ ശത്രുക്കള്‍ രാപകല്‍ വ്യത്യാമില്ലാതെ അല്ലാഹുവിന്റെ പ്രകാശം ഊതിക്കെടുത്തുവാന്‍ പരിശ്രമിച്ചുകൊണ്ടേയിരുന്നു. ഇസ്‌ലാമിനെ തകര്‍ക്കുക എന്ന വിഷയത്തില്‍ എല്ലാവരും ഒറ്റക്കെട്ടായിരുന്ന. ഇസ്‌ലാം കലര്‍പില്ലാത്ത വിശ്വാസത്തിന്റെയും തുല്യതയില്ലാത്ത സംസ്‌കാരത്തിന്റെയും നീതിയുക്ത വിധിതീര്‍പുകളുടെയും സംസ്ഥാപനമാണ് ലക്ഷ്യം വെക്കുന്നത് എന്ന തിരിച്ചറിവാണ് ഈ വിദ്വേഷത്തിന്റെ കാരണം. ഈ വക കാര്യങ്ങളൊന്നും അവരുടെ മതങ്ങളില്‍ കാണുന്നില്ല. അതുപോലെ തന്നെ ദേഹേഛക്കാരുടെയും തല്‍പര കക്ഷികളുടെയും സ്വപ്‌നങ്ങള്‍ക്ക് ഇസ്‌ലാം എതിരാണു താനും. ഇസ്‌ലാമിന്റെ പുറത്തു നിന്ന് ഇസ്‌ലാമിനെ അക്രമിക്കുവാന്‍ സാധ്യമല്ല എന്നതിനാല്‍ ഇസ്‌ലാമിന്റെ അകത്ത് കടന്നുകൂടി ഛിദ്രതയുണ്ടാക്കി. ചില പിഴച്ച ചിന്താഗതിയുള്ളവരെ വളര്‍ത്തിയെടുത്തു. അങ്ങനെ ഇസ്‌ലാമിന്റെ ശത്രുക്കളിലൂടെ ഉണ്ടായ ചില കക്ഷികളാണ്:

1. ശീഈകള്‍: അബ്ദുല്ലാഹിബ്‌നു സബഅ് എന്ന യഹൂദിയാണതിന്റെ സ്ഥാപകന്‍.

2. അതിരു കവിഞ്ഞ ഇഅ്തിസാലീ ചിന്തകള്‍: ഇബ്‌റാഹീം അന്നിളാമും അബുല്‍ ഹുദൈല്‍ അല്‍ അല്ലാഫുമാണ് അതിന്റെ സ്ഥാപകര്‍. ഇവര്‍ ഈ ആശയം സ്വീകരിച്ചത് നിരീശ്വരവാദികളായ മജൂസികളില്‍ നിന്നാണ്.

3. ബാതിനിയാക്കള്‍: ഇതിന്റെ സ്ഥാപകന്‍ അബ്ദുല്ലാ ഹിബ്‌നു മൈമൂന്‍ അല്‍ ഖദാഹ് ആണ് അദ്ദേഹം ഫാരിസീ യഹൂദിയാണ്.

4. സ്വിഫാത്തുകളെ നിഷേധിക്കുന്നവര്‍: ഇതിന്റെ സ്ഥാപകന്മാരായ അല്‍ജഅ്ദിബിനു ദിര്‍ഹമും അല്‍ ജഅ്മിബ്‌നു സ്വഫ്‌വാനും ഈ ആശയം സ്വീകരിച്ചത് യഹൂദി ഫല്‍സഫയില്‍ നിന്നാണ്.

5. ക്വദ്ര്‍ നിഷേധം: ഇതിന്റെ സ്ഥാപകന്മാരായ മഅ്ബദുല്‍ ജുഹ്‌നിയും ഗീലാന്‍ അദ്ദിമശ്ഖിയും ഈ ആശയം സ്വീകരിക്കുന്നത് നസ്വാറാ ഫല്‍സഫയില്‍ നിന്നാണ്.

6. സൂഫിയാക്കള്‍: ഇതിനെ ആദ്യമായി സ്ഥാപിച്ചതും അതിനെ ഇസ്‌ലാമിലേക്ക് ചേര്‍ത്തതും ഹൈന്ദവ-മജൂസികളില്‍ നിന്നുമുള്ള നിരീശ്വരവാദികളാണ്. പിന്നീടത് വ്യാപിച്ചു. അതില്‍ അതിര് കവിഞ്ഞവരും മധ്യമ നിലപാട് സ്വീകരിച്ചവരും പിന്നീടവരില്‍ ഉണ്ടായി. (തുടരും)