ആശിച്ചാല്‍ കിട്ടുമോ പ്രവാചകത്വം?

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 ഫെബ്രുവരി 18 1438 ജമാദുൽ അവ്വൽ 23
മനുഷ്യരില്‍ ഏറ്റവും ഉത്തമരാണ് പ്രവാചകന്മാര്‍. ആഗ്രഹിച്ചാല്‍ ലഭിക്കുന്നതല്ല പ്രവാചകത്വം. അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹമത്രെ അത്. പ്രവാചകത്വത്തെ കുറിച്ചും പ്രവാചകന്മാരെ കുറിച്ചുമുള്ള പ്രമാണബദ്ധമായ പഠനം.

അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഓരോന്നിനും വ്യത്യസ്ത കഴിവുകളാണ്. ഓരോ സൃഷ്ടിക്കും ഉള്ള കഴിവ് അതിന്റെ പ്രകൃതിക്ക് യോജിച്ച രൂപത്തിലാണ് അല്ലാഹു നല്‍കിയിട്ടുള്ളത്. സഹജബോധം, പ്രകൃതി ബോധം എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാം. ഈ ജന്മവാസനക്ക് മാറ്റം വരുത്തി ജീവിക്കുവാന്‍ ഒന്നിനും സാധ്യമല്ല. വെള്ളത്തില്‍ ജീവിക്കുന്ന മത്സ്യങ്ങള്‍ക്ക് കരയില്‍ കയറി ജീവിക്കുവാനോ, കരയില്‍ ജീവിക്കുന്ന മനുഷ്യന് വെള്ളത്തിനടിയില്‍ ജീവിക്കുവാനോ; പാറിപ്പറക്കുന്ന പറവകള്‍ക്കോ, വനാന്തരങ്ങളിള്‍ ജീവിക്കുന്ന മൃഗങ്ങള്‍ക്കോ മനുഷ്യനെ പോലെ ആയുധമുപയോഗിച്ച് ജീവിതമാര്‍ഗം തേടുവാനോ സാധ്യമല്ല. ഓരോ സൃഷ്ടിയും അതിന് നല്‍കപ്പെട്ട പ്രകൃതിബോധത്തിലൂടെ ജീവിക്കുന്നു എന്നര്‍ഥം.

സൃഷ്ടികളില്‍ മനുഷ്യന്‍ വിശേഷബുദ്ധിയാല്‍ ആദരിക്കപ്പെട്ടവനാണ്. മനുഷ്യന്‍ പഠനത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായി ഉയര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചയിലേക്ക് പോകുമ്പോള്‍ ഇതര സൃഷ്ടികള്‍ പഴയ അവസ്ഥയില്‍ തന്നെ തുടരുന്നു.

പഞ്ചേന്ദ്രിയങ്ങളായ കാഴ്ച, കേള്‍വി, സ്പര്‍ശനം, രുചി, ഘ്രാണം മുതലായവയിലൂടെയാണ് സൃഷ്ടികള്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നത്. ഈ തിരിച്ചറിവിന്റെ കഴിവിനും പരിധിയും പരിമിതിയുമുണ്ട്.

പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ വിശേഷബുദ്ധികൊണ്ടോ കണ്ടെത്താന്‍ കഴിയാത്ത മേഖലയാണ് അദൃശ്യലോകത്തെ കുറിച്ചുള്ള അറിവ്. ഈ അറിവ് നമുക്ക് ഒരു പരീക്ഷണത്തിലൂടെയോ അന്വേഷണത്തിലൂടെയോ കണ്ടെത്താന്‍ കഴിയില്ല.

മനുഷ്യജീവിതത്തില്‍ സമാധാനവും സ്വസ്ഥതയും ലഭിക്കുന്നത് ധാര്‍മിക ജീവിതത്തിലൂടെയാണ്. ശരി തെറ്റുകള്‍ വേര്‍തിരിച്ച് ശരിയായത് ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണല്ലോ ധാര്‍മിക ജീവിതം കൈവരിക്കപ്പെടുന്നത്. എന്താണ് ശരി, എന്താണ് തെറ്റ് എന്ന് എങ്ങനെ നാം കണ്ടെത്തും? ഭൗതിക കാര്യങ്ങള്‍ തീരുമാനിക്കാനിരുന്നാല്‍ പോലും നമുക്ക് എത്ര അഭിപ്രായങ്ങളാണ്! പലര്‍ക്കും പല അഭിപ്രായങ്ങള്‍... ഒരാള്‍ തന്നെ ആദ്യം എടുത്ത തീരുമാനം ശരിയല്ലെന്ന് പറഞ്ഞ് മറ്റൊരു തീരുമാനം എടുക്കുന്നു!

ഓരോരുത്തരും നന്മതിന്മകള്‍ തീരുമാനിക്കുന്നുവെങ്കിലോ? ആര്‍ക്കും താന്‍ ചെയ്യുന്നതിനെ ശരിയായും മറ്റുള്ളവന്‍ ചെയ്യുന്നത് തെറ്റായും കാണാം. കൊലയാളിക്ക് കൊലയെയും മോഷ്ടാവിന് മോഷണത്തെയും അക്രമിക്ക് അക്രമത്തെയും ന്യായീകരിക്കാം. അപ്പോള്‍ ആര് തീരുമാനിക്കും?

അല്ലാഹു, അവനാണല്ലോ സ്രഷ്ടാവ്. ആദിമ മനുഷ്യന്‍ മുതല്‍ അന്തിമ മനുഷ്യന്‍ വരെയുള്ള മുഴുവന്‍ ജനങ്ങളുടെയും വികാരവിചാരങ്ങളറിയുന്ന അല്ലാഹുവിനേ അറിയൂ, അവനേ കഴിയൂ മനുഷ്യന്‍ സ്വീകരിക്കേണ്ട ശരി തെറ്റുകള്‍ തീരുമാനിക്കാന്‍. അങ്ങനെയൊരു മാര്‍ഗദര്‍ശനം സ്രഷ്ടാവ് നല്‍കിയിട്ടുണ്ടോ? ക്വുര്‍ആന്‍ പറയുന്നത് കാണുക.

''നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും''(അല്‍ ബക്വറ 38,39).

അല്ലാഹുവിങ്കല്‍ നിന്നുള്ള സന്ദേശം സ്വീകരിക്കുന്നവനാണ് വിജയിയെന്നും അതിനെ തള്ളിക്കളയുന്നവന്‍ പരാജിതനാണെന്നും ഈ സൂക്തം വ്യക്തമാക്കുന്നു. ഈ മാര്‍ഗദര്‍ശനത്തെ സ്വീകരിക്കാനും തിരസ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യവും അല്ലാഹു നമുക്ക് നല്‍കിയിട്ടുണ്ട്.

''തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചു കൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു''(അല്‍ ഇന്‍സാന്‍ 3).

സന്മാര്‍ഗം എത്തിക്കുന്നതിന് വേണ്ടി അല്ലാഹു അയച്ചവരാണ് പ്രവാചകന്മാര്‍. നുബുവ്വത്ത് (പ്രവാചകത്വം), രിസാലത്ത് (ദിവ്യദൗത്യം) എന്നത് അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നതാണ്. ആരെങ്കിലും ആശിച്ചത് കൊണ്ടോ ആഗ്രഹിച്ചതു കൊണ്ടോ അത് (പ്രവാചകത്വം) അല്ലാഹു ആര്‍ക്കും നല്‍കുന്നതല്ല; നല്‍കിയിട്ടുമില്ല.

അല്ലാഹു തന്റെ സന്ദേശം എത്തിക്കുവാനായി തെരഞ്ഞടുക്കുന്നവരാണ് ദൂതന്മാര്‍. ഈ ദൂതന്മാര്‍ മലക്കുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ഉണ്ടാകുമെന്നാണ് ക്വുര്‍ആന്‍ പറയുന്നത്.

''മലക്കുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അല്ലാഹു ദൂതന്മാരെ തെരഞ്ഞടുക്കുന്നു. തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും കാണുന്നവനുമത്രെ''(അല്‍ ഹജ്ജ് 75).

പ്രവാചകത്വം അല്ലാഹു ആര്‍ക്കെങ്കിലും നല്‍കുന്നുവെങ്കില്‍ അത് അവന്റെ ഇഷ്ടപ്രകാരമാണെന്ന് നാം പറഞ്ഞല്ലോ. പ്രവാചകത്വം അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ പെട്ടതാണ്.

''അവന്‍ ഉദ്ദേശിക്കുന്നവരോട് അവന്‍ പ്രത്യേകം കരുണ കാണിക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹം ചെയ്യുന്നവനാകുന്നു''(3:74).

ഇവിടെ 'കരുണ' എന്ന് പറഞ്ഞത് പ്രവാചകത്വം അടക്കമുള്ളതാണെന്ന് ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ കാണാം.

അനുഗ്രഹദാതാവ് അല്ലാഹുവാണ്. അതാര്‍ക്ക് നല്‍കണം, എവിടെ നല്‍കണം, എപ്പോള്‍ നല്‍കണം, എങ്ങനെ നല്‍കണം എന്നെല്ലാം നന്നായി അറിയുന്നവന്‍ അവനാണ്. അല്ലാഹു പറയുന്നു:

''അവര്‍ക്ക് വല്ല ദൃഷ്ടാന്തവും വന്നാല്‍, അല്ലാഹുവിന്റെ ദൂതന്മാര്‍ക്ക് നല്‍കപ്പെട്ടത് പോലുള്ളത് ഞങ്ങള്‍ക്കും ലഭിക്കുന്നത് വരെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്നായിരിക്കും അവര്‍ പറയുക. എന്നാല്‍ അല്ലാഹുവിന്ന് നല്ലവണ്ണമറിയാം തന്റെ ദൗത്യം എവിടെയാണ് ഏല്‍പിക്കേണ്ടതെന്ന്. കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടവര്‍ക്ക് തങ്ങള്‍ പ്രയോഗിച്ചിരുന്ന കുതന്ത്രത്തിന്റെ ഫലമായി അല്ലാഹുവിങ്കല്‍ ഹീനതയും കഠിനമായ ശിക്ഷയും വന്നുഭവിക്കുന്നതാണ്''(6:124).

മറ്റൊരിടത്ത് ശത്രുക്കളുടെ എതിര്‍പ്പും അതിനുള്ള മറുപടിയും ക്വുര്‍ആന്‍ പറയുന്നത് കാണുക:

''ഈ രണ്ട് പട്ടണങ്ങളില്‍ നിന്നുള്ള ഏതെങ്കിലും ഒരു മഹാപുരുഷന്റെ മേല്‍ എന്തുകൊണ്ട് ഈ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പട്ടിട്ടില്ല എന്നും അവര്‍ പറഞ്ഞു. അവരാണോ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം പങ്ക് വെച്ചു കൊടുക്കുന്നത്? നാമാണ് ഐഹിക ജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്ക് വെച്ചുകൊടുത്തത്. അവരില്‍ ചിലര്‍ക്ക് ചിലരെ കീഴാളരാക്കി വെക്കത്തക്കവണ്ണം അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപരി നാം പല പടികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിന്റെ രക്ഷിതാവിന്റെ കാരുണ്യമാകുന്നു. അവര്‍ ശേഖരിച്ചുവെക്കുന്നതിനെക്കാള്‍ ഉത്തമം''(43:31,32).

'നുബുവ്വത്തും' 'രിസാലത്തും''(പ്രവാചകത്വവും ദിവ്യദൗത്യവും) അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടു മാത്രം കിട്ടുന്നതാണ്.

'ജാഹിലിയ്യാ അറബികളുടെ അന്ധവിശ്വാസങ്ങളും നീചവൃത്തികളും കണ്ട് മനസ്സ് വേദനിച്ചപ്പോള്‍ മുഹമ്മദ് ഒരു പരിഹാരം കാണാനായി ഒറ്റക്കിരുന്നപ്പോള്‍ കിട്ടിയതാണ് നുബുവ്വത്ത്' എന്ന ചില തല്‍പരകക്ഷികളുടെ വാദം ശുദ്ധമായ അസംബന്ധമാണ്.

അല്ലാഹു ഒരു പ്രവാചകനെ നിശ്ചയിക്കുമ്പോള്‍ ആ ജനതയിലെ ഏറ്റവും നല്ല വ്യക്തിയെയാണ് തെരഞ്ഞടുക്കുക. മുഹമ്മദ് നബി(സ)യെ പ്രവാചകനായി തെരഞ്ഞടുത്തതിനെ കുറിച്ച് അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നത് കാണുക:

''അല്ലാഹു അടിമകളുടെ ഹൃദയങ്ങളിലേക്ക് നോക്കിയപ്പോള്‍ അടിമകളില്‍ ഏറ്റവും നല്ല ഹൃദയമായി മുഹമ്മദ് നബി(സ)യുടെ ഹൃദയത്തെ കണ്ടു. അപ്പോള്‍ അവന്‍ അദ്ദേഹത്തെ നബിയായി തെരഞ്ഞടുക്കുകയും തന്റെ ദിവ്യദൗത്യവുമായി നിയോഗിക്കുകയും ചെയ്തു.''

പ്രവാചകന്മാരുടെ ഉത്തരവാദിത്തം

പ്രവാചകന്മാര്‍ ജനങ്ങള്‍ക്ക് സത്യവും അസത്യവും വേര്‍തിരിച്ചു മനസ്സിലാക്കിക്കൊടുക്കുവാന്‍ ഏല്‍പിക്കപ്പെട്ടവരാണ്. അതോടൊപ്പം അവരെ പിന്തുടരുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കലും തിരസ്‌കരിക്കുന്നവര്‍ക്ക് താക്കീത് നല്‍കലുമാണ് പ്രവാചകന്മാരുടെ ദൗത്യം.

അല്ലാഹു നീതിമാനാണ്. അവന്‍ ഒരാളെയും അന്യായമായി ശിക്ഷിക്കുകയില്ല. അന്ത്യനാളില്‍ അല്ലാഹുവിനെതിരില്‍ അടിമക്ക് ഒരു ന്യായവും പറയാനാവാത്ത വിധം ലക്ഷ്യമായും അല്ലാഹു പ്രവാചകന്മാരെ അയച്ചിട്ടുണ്ട്. ഇതിലേക്ക് തെളിവ് നല്‍കുന്ന ചില ക്വുര്‍ആന്‍ വചനങ്ങള്‍ കാണുക:

''സന്തോഷവാര്‍ത്ത അറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായ ദൂതന്മാരായിരുന്നു അവര്‍. ആ ദൂതന്മാര്‍ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു'' (4:165).

''ഇതിനു മുമ്പ് വല്ല ശിക്ഷ കൊണ്ടും നാം അവരെ നശിപ്പിച്ചിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ? നീ എന്തുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഒരു ദൂതനെ അയച്ചു തന്നില്ല? എങ്കില്‍ ഞങ്ങള്‍ അപമാനിതരും നിന്ദിതരുമായിത്തീരുന്നതിന് മുമ്പ് നിന്റെ ദൃഷ്ടാന്തങ്ങളെ ഞങ്ങള്‍ പിന്തുടരുമായിരുന്നു''(20:134).

''ഒരു ദൂതനെ അയക്കുന്നത് വരെ നാം (ആരെയും) ശിക്ഷിക്കുന്നതുമല്ല''(17:15).

പ്രവാചകന്മാരുടെ എണ്ണം

അല്ലാഹു എല്ലാ നാടുകളിലേക്കും സമൂഹങ്ങളിലേക്കും പ്രവാചകന്മാരെ അയച്ചിട്ടുണ്ട്. ഒരു ജനതക്കും പ്രവാചകന്മാരുടെ സന്ദേശം ലഭിക്കാതെ പോയിട്ടില്ലെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു.

''ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല.''(35:24)

''ഒരു ദൂതനെ അയക്കുന്നത് വരെ നാം (ആരെയും) ശിക്ഷിക്കുന്നതുമല്ല.''(17:15)

ഓരോ നബിയെയും ഓരോ ജനതയിലേക്കാണ് അല്ലാഹു അയച്ചതെങ്കില്‍ അന്തിമദൂതന്‍ മുഹമ്മദ് നബി(സ) ദേശ-ഭാഷ-വര്‍ണ വ്യത്യാസമില്ലാതെ അന്ത്യദിനം വരെയുള്ള മുഴുവന്‍ മനുഷ്യരിലേക്കായാണ് അയക്കപ്പെട്ടത്.

''നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത് നല്‍കുവാനും ആയിക്കൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷേ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.''(34:28)

മുഹമ്മദ് നബി(സ)ക്ക് മുമ്പ് എത്ര ജനസമൂഹങ്ങള്‍ ഇവിടെ കഴിഞ്ഞു പോയോ അവരിലേക്കെല്ലാം ദൂതന്മാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നര്‍ഥം. എങ്കില്‍ എത്ര പ്രവാചകന്മാര്‍ ഈ ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ടാകും? അല്ലാഹുവിനല്ലാതെ ആര്‍ക്കും ഖണ്ഡിതമായി പറയാന്‍ കഴിയില്ല. പ്രവാചകന്‍(സ)ക്ക് പോലും അല്ലാഹു അത് അറിയിച്ചു കൊടുത്തിട്ടില്ലെന്നാണ് ക്വുര്‍ആന്‍ പറയുന്നത്:

''നിനക്ക് മുമ്പ് നാം പല ദൂതന്മാരെയും അയച്ചിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചു തന്നിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല.''(40:78)