മുഹമ്മദ് നബിയും ജീവിതസന്ദേശവും

അജയകുമാര്‍ സി.എച്ച്

2017 ഡിസംബർ 09 1439 റബിഉല്‍ അവ്വല്‍ 20

(ഞാന്‍ അറിയുന്ന പ്രവാചകന്‍)

എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് ഭാരതീയരോട് പറഞ്ഞ മഹാനാണ് ഗാന്ധിജിയെങ്കില്‍, അതുതന്നെ ലോകത്തോട് പറയാതെ പറഞ്ഞ ഒരു ചരിത്രപുരുഷനാണ് നബിതിരുമേനി. അപശ്രുതിക്കിടയില്‍ ശ്രുതി വീണ്ടെടുക്കുകയും അതിലൂടെ ഒരു മഹാവാഗ്‌മേയകാരനെപ്പോലെ കര്‍ണമധുരമായ ഗാനാലാപനം നടത്തുകയും ചെയ്ത ഒരു രാഗശില്‍പിയായിരുന്നു അദ്ദേഹം. ഊഷരതയില്‍ നിന്ന് ഉര്‍വരത സൃഷ്ടിക്കുവാന്‍ ആ മഹാമനുഷ്യന് കഴിഞ്ഞു. ആയിരത്തിനാനൂറില്‍ പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് (ക്രിസ്തുവര്‍ഷം 571ല്‍) ഭൂജാതനായ തിരുമേനിയുടെ കാലഘട്ടത്തിന്റെ ശോച്യാവസ്ഥയെപ്പറ്റി നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ആധുനികകാലത്തുപോലും മനുഷ്യന്‍ വേണ്ടരീതിയില്‍ മനുഷ്യത്വം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെടുന്നത് കാണുമ്പോള്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഈ പച്ചയായമനുഷ്യന്‍ എങ്ങനെ ലോകശ്രദ്ധ പിടിച്ചു പറ്റി എന്നത് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.

ഇത്രയധികം ക്ലേശങ്ങളും യാതനകളും പീഡനങ്ങളും ഏറ്റുവാങ്ങിയ ജീവിതം ലോകത്ത് വളരെ കുറവായിരിക്കും. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രാരംഭദശയില്‍ തന്നെ കൊടിയ യാതനകളും ദുഃഖങ്ങളും നിറഞ്ഞ കാഴ്ച നമുക്ക് കാണുവാന്‍ കഴിയുന്നു. അനാഥത്വം അദ്ദേഹത്തെ പിടികൂടി. ജനനത്തിന് മുമ്പ് തന്നെ പിതാവ് അബ്ദുള്ള ദിവംഗതനാകുന്നു. ആറാമത്തെ വയസ്സില്‍ മാതാവ് ആമിനയും വിടപറഞ്ഞു. പിന്നീട് ജീവിതത്തില്‍ തുണയായത് പിതാമഹനായ അബ്ദുല്‍ മുത്ത്വലിബായിരുന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തിന്റെ മരണവും സംഭവിച്ചു. അനാഥത്വം അതിന്റെ ഉച്ചസ്ഥായിയില്‍ അനുഭവിച്ച ഈ അനാഥന്‍ ലോകജനതയുടെ വഴികാട്ടിയായി മാറി എന്നത് ഏറെ ചിന്താര്‍ഹമാണ്; അതിലേറെ വിസ്മയാര്‍ഹവുമാണ്.

വിശുദ്ധ ക്വുര്‍ആനും മുഹമ്മദ് നബിയുടെ ജീവിതവും പരസ്പരം പൂരകങ്ങളാണ്. മുഹമ്മദിലൂടെയാണ് ക്വുര്‍ആന്‍ മാനവരാശിക്ക് ലഭിക്കുന്നത്. നൂറ്റിപ്പതിനാല് അധ്യായങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ വിശ്വമഹാഗ്രന്ഥം കേവലമൊരു ആത്മീയ ഗ്രന്ഥമല്ല; ജീവിതത്തിന്റെ സര്‍വതല സ്പര്‍ശിയായ ഗ്രന്ഥംകൂടിയാണ്. അതിമനോഹരമായ സാഹിത്യസൃഷ്ടിയായും ക്വുര്‍ആന്‍ അജയ്യമായി നിലകൊള്ളുന്നു. 

ഈ ദിവ്യഗ്രന്ഥത്തിലെ ഒന്നാമത്തെ അധ്യായമായ ഫാതിഹ(പ്രാരംഭം) തന്നെ ഈ ഗ്രന്ഥത്തിന്റെ ഗരിമ വെളിവാക്കുന്നു. ക്വുര്‍ആനിന്റെ സാരാംശം ഈ സൂറത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതിനാല്‍ ഇത് കുര്‍ആനിന്റെ അടിത്തറ (ഉമ്മുല്‍ കിതാബ്) എന്നറിയപ്പെടുന്നു. 'ഞങ്ങളെ നേര്‍മാര്‍ഗത്തില്‍ നയിക്കേണമേ; നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍, കോപത്തിനിരയായവരുടെയോ പിഴച്ചുപോയവരുടെയോ മാര്‍ഗത്തിലല്ല' എന്ന ഈ അധ്യായത്തിലെ പ്രൗഢഗംഭീരമായ പ്രാര്‍ഥന ഒന്നുമാത്രം മതി ഈ വിശുദ്ധകൃതിയുടെ മഹത്ത്വം ലോകജനതയ്ക്കു മനസ്സിലാവാന്‍. അല്ലാഹുവും പ്രവാചകനും നിര്‍ദേശിച്ച പാതയില്‍ നിന്നും അകലുന്നവര്‍ വഴിപിഴച്ചവരും അല്ലാഹുവിന്റെ കോപത്തിന് പാത്രമാകുന്നവരുമാണ് എന്ന് നാം മനസ്സിലാക്കുന്നു. ആ ശരിയായ പാത ഓരോരുത്തരും പിന്തുടര്‍ന്നാല്‍ അവരുടെ ജീവിതം മാത്രമല്ല മറ്റുള്ളവരുടെ ജീവിതവും ധന്യമാവുകയും തദ്വാരാ ഈ ഭൂമിയില്‍ സമാധാനം പുലരുകയും ചെയ്യുമെന്നതില്‍ രണ്ടുപക്ഷമില്ല.

നാല്‍പത് വയസ്സ് കഴിയുന്നതോടെയാണ് മുഹമ്മദിന്റെ ജീവിതത്തില്‍ അസാധാരണത്വം ഉണ്ടാവുന്നത്. അസ്വസ്ഥത തന്നെ അലട്ടിയപ്പോള്‍ അതില്‍ നിന്ന് മോചനം നേടാനായി ഹിറാഗുഹയില്‍ പോയിരുന്നതും ജിബ്‌രീല്‍ എന്ന മലക്ക് പ്രത്യക്ഷപ്പെട്ടതു ഒരു നിയോഗമായിരുന്നു.

കരുണയാണ് ജീവിതത്തിന് സൗന്ദര്യവും വശ്യതയും അര്‍ഥവും വ്യാപ്തിയും നല്‍കുന്നത് എന്ന് അനുഭവിച്ചറിയുകയും അത് തന്റെ ജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കുകയും ചെയ്യാന്‍ ആ തിരുജന്മത്തിന് കഴിഞ്ഞു. 'കരുണയില്ലാത്തവന് കരുണ ലഭിക്കുകയില്ല' എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കരുണ എല്ലാ ജീവികളോടും കാണിക്കേണ്ട ഒരു വികാരമാണെന്ന് അദ്ദേഹം ഉദ്‌ഘോഷിച്ചു. തണുപ്പുമാറ്റാന്‍ ആരോ തീകൂട്ടിയപ്പോള്‍ അതില്‍ പെട്ടുപോയ ഉറുമ്പിന്‍ കൂട്ടത്തെയോര്‍ത്ത് അദ്ദേഹം വ്യാകുലനായി. തീ കെടുത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഒട്ടക ഉടമ ഒട്ടകത്തെ വേണ്ടവിധത്തില്‍ പരിചരിക്കാത്തതില്‍ മുഹമ്മദ് ഉടമയോട് ക്ഷോഭിച്ചു. പക്ഷിക്കുഞ്ഞുങ്ങളെ ഒരു കമ്പിളിയില്‍ പൊതിഞ്ഞു തന്റെ സന്നിധിയില്‍ വീമ്പോടെ എത്തിയ ആളോട് കുഞ്ഞുങ്ങളെ കിട്ടിയേടത്തു തന്നെ എത്തിക്കുവാന്‍ നിര്‍ദേശിച്ചത് കാരുണ്യത്തിന്റെ മറ്റൊരു ദൃഷ്ടാന്തം.

ക്വുറൈശികള്‍ തന്റെ ലക്ഷ്യത്തിന് വിഘാതം സൃഷ്ടിച്ചപ്പോള്‍ പിതൃവ്യനായ അബൂത്വാലിബിനോട് അദ്ദേഹം പറഞ്ഞ വാചകത്തില്‍ നിന്ന് ദൃഢനിശ്ചയത്തിന്റെ ആള്‍രൂപമായിരുന്നു തിരുമേനി എന്നു വ്യക്തമായി മനസ്സിലാക്കാം. 'സൂര്യനെ എന്റെ വലതുകയ്യിലും ചന്ദ്രനെ എന്റെ ഇടതുകയ്യിലും അവര്‍ വെച്ചുതന്നാല്‍ പോലും അല്ലാഹു ഇത് വിജയിപ്പിക്കുകയോ അല്ലെങ്കില്‍ ഈ പരിശ്രമത്തില്‍ ഞാന്‍ വധിക്കപ്പെടുകയോ ചെയ്യുന്നതുവരെ ഇതുപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല'- അദ്ദേഹം പറഞ്ഞു.  സാമൂഹ്യനീതിയില്‍ ഊന്നിയ ജീവിത വീക്ഷണം ആ വ്യക്തിത്വത്തിന്റെ മാറ്റ്കൂട്ടി. തെറ്റ് ആരു ചെയ്താലും -അത് തന്റെ മകളായാലും- ശിക്ഷയനുഭവിക്കേണ്ടി വരുമെന്ന് അദ്ദേഹം ഉറച്ചു പ്രഖ്യാപിച്ചു.

ജീവിതത്തിന്റെ എല്ലാ തുറകളിലും വ്യാപിച്ചുകിടക്കുന്ന അനുപമമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു റസൂല്‍. ഖദീജ എന്ന തന്റെ ആദ്യഭാര്യയില്‍ അദ്ദേഹത്തിന് ഒരു സേവികയെയും ഉപദേഷ്ടാവിനെയും ജീവിതഭാരത്തില്‍ താങ്ങാവുന്ന ഒരത്താണിയെയും കാണുവാന്‍ കഴിഞ്ഞു എന്നത് ദാമ്പത്യത്തിന്റെ ശക്തിയും ചൈതന്യവും വെളിവാക്കുന്നു. സകല സദ്ഗുണങ്ങളുടെ ഒരു സമന്വയമായിരുന്നു തിരുമേനി. മഹാനായ പ്രവാചകന്‍, സര്‍വസൈന്യാധിപന്‍, ധീരനായ പടയാളി, നല്ല ഭരണാധികാരി, ആര്‍ക്കും മാതൃകയാക്കാവുന്ന കച്ചവടക്കാരന്‍, പ്രഭാഷകന്‍, തത്ത്വചിന്തകന്‍, രാഷ്ട്രതന്ത്രജ്ഞന്‍, പ്രസംഗകന്‍, അടിമവിമോചകന്‍, സ്ത്രീ വിമോചകന്‍, നിയമജ്ഞന്‍, ന്യായാധിപന്‍, പുണ്യപുരുഷന്‍... എന്നിങ്ങനെ സകല സദ്ഗുണങ്ങളുടെയും ആകെത്തുകയായിരുന്നു പ്രവാചകന്‍. തന്നിലര്‍പിതമായ ദൗത്യം പൂര്‍ത്തീകരിച്ചതിനു ശേഷം അറുപത്തിമൂന്നാം വയസ്സില്‍ തുരുമേനി ഇഹലോകവാസം വെടിഞ്ഞു. തനിക്കു ലഭിച്ച ദൈവിക വചനങ്ങളുടെ സമാഹാരമായ വിശുദ്ധ ക്വുര്‍ആനും അതിന്റെ പ്രായോഗികരൂപമായ ചര്യയും (ഹദീഥുകള്‍) ലോകത്തിന് സമര്‍പിച്ചതിനു ശേഷമാണ് തിരുമേനി കാലയവനികയ്ക്കുള്ളില്‍ മറയുന്നത്. സദ്ചിന്തയിലൂടെയും കര്‍മത്തിലൂടെയും ഇരുട്ടുകളെ ഭേദിച്ച മഹാരഥന്മാരില്‍ അഗ്രേസരനായി ഈ മഹാനുഭാവന്‍ നിലകൊള്ളുന്നു.