നിഷിദ്ധമായ ഭക്ഷണം

ഫദ്‌ലുല്‍ ഹഖ് ഉമരി

2017 ഏപ്രില്‍ 22 1438 റജബ് 25

മനുഷ്യന് ആവശ്യമുള്ളതും ഉപയോഗമുള്ളതുമായ എല്ലാം അനുവദിച്ച മതമാണ് ഇസ്‌ലാം.

''അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പുരയും ആക്കിയവന്‍. അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി. വിശിഷ്ട വസ്തുക്കളില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അപ്പോള്‍ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു'' (അല്‍ഗാഫിര്‍: 65). 

നല്ലതു മാത്രമെ അല്ലാഹു അനുവദിച്ച് തന്നിട്ടുള്ളൂ: ''തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് എന്തൊക്കെയാണെന്ന് അവര്‍ നിന്നോട് ചോദിക്കും. പറയുക: നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ വിദ്യ ഉപയോഗിച്ച് നായാട്ട് പരിശീലിപ്പിക്കാറുള്ള രീതിയില്‍ നിങ്ങള്‍ പഠിപ്പിച്ചെടുത്ത ഏതെങ്കിലും വേട്ടമൃഗം നിങ്ങള്‍ക്ക് വേണ്ടിപിടിച്ച് കൊണ്ടുവന്നതില്‍ നിന്ന് നിങ്ങള്‍ തിന്നുകൊള്ളുക. ആ ഉരുവിന്റെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനാകുന്നു'' (അല്‍മാഇദ:4). 

നല്ലതുമാത്രം ഉപയോഗിക്കണം എന്ന കല്‍പനയും അല്ലാഹു നല്‍കി:

''സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍'' (അല്‍ബക്വറ: 172).

''അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് അനുവദനീയവും വിശിഷ്ടവും ആയത് നിങ്ങള്‍ തിന്നുകൊള്ളുക. ഏതൊരുവനിലാണോ നിങ്ങള്‍ വിശ്വസിക്കുന്നത് ആ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക'' (അല്‍മാഇദ:88). 

നബി(സ്വ)യുടെ വിശേഷണമായി അല്ലാഹു എടുത്ത് പറയുന്നത് കാണുക: ''...അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു...(അല്‍അഅ്‌റാഫ്:157).

മനുഷ്യന് ഉപകാരമില്ലാത്തതും ദോഷം ചെയ്യുന്നതുമായവ ഭക്ഷിക്കുന്നതില്‍ നിന്ന് അല്ലാഹു വിലക്കുകയും ചെയ്യുന്നു:  

''സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോന്യം എടുത്ത് തിന്നരുത്. (നിസാഅ്: 29)'

ഭക്ഷിക്കാന്‍ പാടില്ലാത്ത ചിലതിനെപ്പറ്റി ക്വുര്‍ആനിലും ചിലതിനെക്കുറിച്ച് ഹദീസുകളിലും പരാമര്‍ശിക്കുന്നുണ്ട്. 

തേറ്റയുള്ള മൃഗങ്ങളെയും നഖം കൊണ്ട് വേട്ടയാടുന്ന പക്ഷികളെയും നിരോധിച്ചിരിക്കുന്നു. (മുസ്‌ലിം).

ഖൈബര്‍ യുദ്ധദിവസം നബി(സ്വ) നാടന്‍ കഴുതയെ ഭക്ഷിക്കുന്നതില്‍ നിന്നും നിരോധനം ഏര്‍പെടുത്തി. കുതിരയെ ഭക്ഷിക്കുന്നതില്‍ ഇളവ് നല്‍കുകയും ചെയ്തു. അല്ലാഹു പറയുന്നു: 

''ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്) നിഷിദ്ധമാകുന്നു. അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). അതൊക്കെ അധര്‍മമാകുന്നു. ഇന്ന് സത്യനിഷേധികള്‍ നിങ്ങളുടെ മതത്തെ നേരിടുന്ന കാര്യത്തില്‍ നിരാശപ്പെട്ടിരിക്കുകയാണ്. അതിനാല്‍ അവരെ നിങ്ങള്‍ പേടിക്കേണ്ടതില്ല. എന്നെ നിങ്ങള്‍ പേടിക്കുക. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മത്തിലേക്ക് ചായ്‌വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു'' (അല്‍മാഇദ: 3).

രക്തവുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഇവിടെ പരാമര്‍ശിച്ച മിക്കതിലും നിഷിദ്ധത വരുന്നത്. രക്തത്തില്‍ അണുക്കളുണ്ട്. രക്തം ഞരമ്പുകളിലൂടെ ഓടിക്കൊണ്ടിരുക്കുമ്പോള്‍ രോഗാണുക്കള്‍ പ്രത്യക്ഷപ്പെടുകയും അവ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്യും. അടിച്ചു കൊന്നതിലും വീണു ചത്തതിലും കുത്തേറ്റു ചത്തതിലും ഒക്കെ സംഭവിക്കുന്നത് ഇതാണ്. അറുക്കപ്പെടാത്ത ചത്ത മൃഗങ്ങളുടെ അവസ്ഥയും ഇതുതന്നെ. മുഴുവന്‍ രക്തവും പുറത്തുപോകാന്‍ വേണ്ടിയാണ് അറുക്കുമ്പോള്‍ തല അറുത്തു മാറ്റരുതെന്ന് കല്‍പിക്കപ്പെട്ടത്.

പല കാരണങ്ങളാലാണ് മൃഗങ്ങള്‍ ചാകുന്നത്. പ്രായാധിക്യം, ദുഷിച്ച ചുറ്റുപാട്, രോഗം തുടങ്ങിയവ അതില്‍ ചിലതാണ്. ഒരു മൃഗം ചത്തു കഴിഞ്ഞാല്‍ അതിന്റെ മാംസത്തില്‍ മാറ്റം വരും. പോഷണം നഷ്ടപ്പെടും. ഈ മാംസം മനുഷ്യന്റെ അകത്തു ചെന്നാല്‍ ദഹനം പ്രയാസമാകും. മാത്രവുമല്ല രോഗങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്യും.

രോഗം കൊണ്ട് ചത്ത മൃഗമാണെങ്കില്‍ രോഗത്തിനു കാരണമായ അണുക്കള്‍ അവയുടെ ശരീരത്തില്‍ തന്നെയുണ്ട്. അല്ലാഹു മനുഷ്യര്‍ക്ക് പലതും നിഷിദ്ധമാക്കിയിട്ടുള്ളത് കൃത്യവും വ്യക്തവുമായ അറിവിന്റെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ തന്നെയാണ് ചുരുക്കം.

വൃത്തികേടില്‍ ജീവിക്കുന്ന ജീവിയാണ് പന്നി. പന്നിമാംസത്തില്‍ കൊളസ്‌ട്രോള്‍ കൂടുതലാണ്. എണ്ണയും കൊഴുപ്പും കൂടും. ഈ കൊഴുപ്പ് കൂടിക്കഴിഞ്ഞാല്‍ ഹൃദയത്തിലേക്കുള്ള ഞരമ്പുകളെ ചുരുക്കും. സ്‌ട്രോക്കിന് സാധ്യത കൂടും. ബ്ലഡ് ക്യാന്‍സറിനും സ്തനാര്‍ബുദത്തിനും കാരണമായി മാറും. ആമാശയത്തില്‍ മുറിവുകളും കുരുക്കളുമുണ്ടാകും. പന്നി മാംസത്തിലെ പുഴുക്കള്‍ ചാകുന്നില്ല. മനുഷ്യശരീരത്തില്‍ അവ എത്തിയാല്‍ മുട്ടയിടും. ഇവ മസ്തിഷ്‌കത്തിന് സമീപത്ത് വളര്‍ന്നാല്‍ ഹിസ്റ്റീരിയ, ഭ്രാന്ത് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. ഹൃദയത്തിന് സമീപത്തു വളര്‍ന്നാല്‍ അറ്റാക്ക് വരെ ഉണ്ടാകാവുന്ന വിധത്തില്‍ രക്തത്തെ അതുബാധിക്കും. ശരീരം തളരാനും കുഴയാനും ചിലപ്പോള്‍ ഇത്തരം അണുക്കള്‍ കാരണമായി എന്നുവരാം.

വേട്ടയാടി ജീവിക്കുന്ന മൃഗങ്ങളില്‍ രോഗാണുക്കള്‍ കൂടും. കാരണം ജീര്‍ണിച്ചതും ശവങ്ങളും ഭക്ഷിക്കുന്നവയാണവ. ഈ അണുക്കള്‍ വേട്ടയാടപ്പെടുന്ന മൃഗത്തിലേക്ക് പകരും. എന്നാല്‍ അവയെ അറുത്തു കഴിഞ്ഞാല്‍ വിരോധമില്ല. കാരണം രക്തം പുറത്തേക്ക് പോകും. ഇത്തരം കാരണങ്ങളൊക്കെ ഉള്ളതിനാലായിരിക്കാം വന്യമൃഗങ്ങള്‍ 'ഭക്ഷിച്ചവയെ അല്ലാഹു നിഷിദ്ധമാക്കിയത്. 

മനുഷ്യന്റെ ചിന്തയെയും മനസ്സിനെയും പ്രകൃതിയെയും മാറ്റിമറിക്കുന്ന ഒന്നാണ് മദ്യം. ലഹരി ബാധിച്ചവന്‍ എന്തും പറയും, എന്തും ചെയ്യും. ഭാര്യയെയും മാതാവിനെയും അവന്‍ ഒരുപോലെ കണ്ടെന്നുവരും. ധാര്‍മികതയുടെ അതിര്‍ വരമ്പുകളൊന്നും അവനു മുമ്പില്‍ ഉണ്ടാകില്ല. അതിനാല്‍ തന്നെ നബി(സ്വ) പറഞ്ഞു; മത്തുണ്ടാക്കുന്നതെല്ലാം നിഷിദ്ധമാണ് എന്ന്(മുസ്‌ലിം). മത്ത് കൂടുതലാണെങ്കിലും കുറവാണെങ്കിലും ശരി'(അഹ്മദ്). 

ആല്‍ക്കഹോളാണ് ഇവിടെ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഹൃദയം, കരള്‍, കിഡ്‌നി, പേശികള്‍, മസ്തിഷ്‌കം തുടങ്ങി എല്ലാറ്റിനെയും ബാധിക്കുന്ന രോഗങ്ങളാണ് അല്‍ക്കഹോള്‍ ഉണ്ടാക്കുന്നത്. കുടല്‍, ആമാശയം, പാന്‍ക്രിയാസ് ഗ്രന്ഥി എന്നിവയെയും ഇത് ബാധിക്കും. ലിവര്‍ ദ്രവിക്കാനുള്ള സാധ്യത കൂടും. വൈറ്റമിനുകളെയും കാല്‍സ്യത്തെയും ഇല്ലാതാക്കും. 90% ക്യാന്‍സറും ഇതിന്റെ 'ഭാഗമാണ്. 

യുക്തിമാനായ അല്ലാഹു പറയുന്നു: 

''സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം''(അല്‍മാഇദ:90). 

''(നബിയേ,) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തെക്കാള്‍ വലുത്...'' (അല്‍ബക്വറ: 219).

അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ള ഭക്ഷ്യ വിഭവങ്ങളില്‍ ശാസ്ത്രത്തിന്റെ സഹായത്തോടെ നാം മനസ്സിലാക്കയിട്ടുള്ള അപകടങ്ങള്‍ കൂടാതെ വേറെയും പല കാരണങ്ങളുമുണ്ടാവാം. അത് അവന് മാത്രമേ അറിയൂ. തീര്‍ച്ചയായും അവന്റെ നിയമങ്ങള്‍ അനുസരിക്കന്നത് മനുഷ്യര്‍ക്ക് ഗുണം മാത്രമെ വരുത്തൂ; ഇഹലോകത്തും പരലോകത്തും ഒരുപോലെ.