റജബ് മാസം തിരുത്തേണ്ട ധാരണകള്‍

പി.എന്‍ അബ്ദുറഹ്മാന്‍  

2017 ഏപ്രില്‍ 08 1438 റജബ് 11

അല്ലാഹു പവിത്രമാക്കിയ, യുദ്ധം നിഷിദ്ധമായ നാല് മാസങ്ങളില്‍ ഒന്നാണ് റജബ് മാസം. അല്ലാഹു പറയുന്നു: ''ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാല്) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്'' (അത്തൗബ: 36).

ഇമാം ത്വബ്‌രി(റഹി) ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്നും ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇങ്ങനെ ഉദ്ധരിച്ചത് കാണാം: ''എല്ലാ മാസങ്ങളിലും സ്വന്തത്തോട് അക്രമം പ്രവര്‍ത്തിക്കല്‍ (അഥവാ അധര്‍മം ചെയ്യല്‍) നിഷിദ്ധമാണ്. പിന്നീട് അതില്‍ നിന്നും നാല് മാസങ്ങളെ അല്ലാഹു പ്രത്യേകം എടുത്ത് പറഞ്ഞു. അവയുടെ പവിത്രതയെ മഹത്ത്വപ്പെടുത്തുകയും, അവയിലെ പാപങ്ങളെ ഗൗരവപരമായ പാപങ്ങളും അവയിലെ നന്മകളെ അതിമഹത്തായ നന്മകളുമാക്കിയിരിക്കുന്നു.'' (തഫ്‌സീറുത്ത്വബ്‌രി).

പവിത്രമാക്കപ്പെട്ട നാല് മാസങ്ങളില്‍ ഒന്ന് എന്ന നിലക്കും, ആ മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത് എന്ന് പ്രത്യേകം എടുത്ത് പറഞ്ഞതിനാലും ആ മാസങ്ങള്‍ക്ക് പ്രാധാന്യമുണ്ട്.

അബൂബക്കര്‍(റ) നിവേദനം: റസൂല്‍(സ്വ) പറഞ്ഞു: ''ഒരു വര്‍ഷം പന്ത്രണ്ട് മാസമാകുന്നു. അതില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാണ്. അതില്‍ മൂന്നെണ്ണം തുടര്‍ച്ചയായി വരുന്ന മാസങ്ങളാണ്. അഥവാ ദുല്‍ക്വഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം എന്നിവയും ജുമാദക്കും ശഅ്ബാനിനും ഇടയിലുള്ള മുളറിന്റെ റജബുമാണത.്'' ഇവിടെ മുളറിന്റെ റജബ് എന്നു പറയാന്‍ കാരണം, പവിത്രമാക്കപ്പെട്ട റജബ് മാസം ഏത് എന്നതില്‍ മുളര്‍ ഗോത്രത്തിനും റബീഅ ഗോത്രത്തിനും ഇടയില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. അത് റമദാന്‍ ആണ് എന്നായിരുന്നു റബീഅ ഗോത്രക്കാര്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ മുളര്‍ ഗോത്രക്കാരുടെ വാദം ശരിവച്ചുകൊണ്ടാണ് 'റജബു മുളര്‍' എന്ന് നബി(സ്വ) വ്യക്തമാക്കിയത്.

യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമായ മാസവും തിന്മകള്‍ കഠിനമായി വിലക്കപ്പെട്ടതും നന്മകളെ ഏറെ മഹത്ത്വമുള്ളതും പ്രോത്സാഹനീയവുമായി പഠിപ്പിക്കപ്പെട്ടതുമായ മാസങ്ങളില്‍ ഒരു മാസം എന്നതൊഴിച്ചാല്‍, പ്രത്യേകമായ മറ്റു ശ്രേഷ്ഠതകളോ ആചാരങ്ങളോ റജബ് മാസത്തിന് പഠിപ്പിക്കപ്പെട്ടിട്ടില്ല. ധാരാളം കെട്ടിച്ചമക്കപ്പെട്ട ഹദീഥുകളും ദുര്‍ബല ഹദീഥുകളും തെളിവാക്കി ഒട്ടനേകം അനാചാരങ്ങള്‍ റജബ് മാസത്തില്‍ പലരും പ്രവര്‍ത്തിച്ചു വരുന്നതായിക്കാണാം. അത് സംബന്ധമായ വസ്തുതകളെക്കുറിച്ചാണ് നാം ഇവിടെ ചര്‍ച്ച ചെയ്യുന്നത്. അതുമായി ബന്ധപ്പെട്ട ഇമാമുകളുടെ വാക്കുകളിലേക്ക് നമുക്ക് കണ്ണോടിക്കാം:

ഒന്ന്: റജബ് മാസത്തിന് മാത്രം പ്രത്യേകം ശ്രേഷ്ഠതയുള്ളതായോ, ആ മാസത്തില്‍ പ്രത്യേകമായ ആരാധനകളുള്ളതായോ നബി(സ്വ)യില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ല.

ഇമാം ഇബ്‌നു ഹജര്‍ അല്‍ അസ്‌ക്വലാനി (റഹി) തന്റെ 'റജബിന്റെ ശ്രേഷ്ഠതയുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ആശങ്കകള്‍ വ്യക്തമാക്കല്‍' എന്ന ഗ്രന്ഥത്തില്‍ പറയുന്നു:

''റജബ് മാസത്തിന് പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, അതില്‍ പ്രത്യേകം നോമ്പ് നോല്‍ക്കുന്നതോ, അതിലെ പ്രത്യേക ദിവസങ്ങള്‍ തിരഞ്ഞെടുത്ത് നോമ്പ് നോല്‍ക്കുന്നതോ, അതിലെ ഏതെങ്കിലും പ്രത്യേക രാവില്‍ രാത്രി നമസ്‌കാരം നിര്‍വഹിക്കുന്നതോ സൂചിപ്പിച്ചുകൊണ്ട് തെളിവ് പിടിക്കാന്‍ കൊള്ളാവുന്ന ഒരു ഹദീഥും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എനിക്ക് മുമ്പ് ഇമാം ഹാഫിദ് അബൂ ഇസ്മാഈല്‍ അല്‍ ഹറവി തന്നെ അക്കാര്യം തീര്‍ത്ത് പറഞ്ഞിട്ടുണ്ട്.''

മാലികീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം ഹത്ത്വാബ് അല്‍ മാലികി (റഹി) തന്റെ 'മവാഹിബുല്‍ ജലീല്‍ ശര്‍ഹു മുഖ്തസ്വറുല്‍ ഖലീല്‍' എന്ന ഗ്രന്ഥത്തില്‍ (വാള്യം: 3, പേജ് 320) ഇമാം ഇബ്‌നു ഹജറിന്റെ വാക്കുകള്‍ എടുത്ത് കൊടുക്കുകയും വളരെ ശക്തമായി അതിനെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.

റജബ് മാസത്തില്‍ ആരാധനകള്‍ അനുഷ്ഠിക്കുന്നത് നിഷിദ്ധമാണ് എന്ന നിലക്കല്ല, എന്നാല്‍ റജബ് മാസമാണ് എന്ന കാരണത്താല്‍ പ്രത്യേകമായി ആരാധനകള്‍ അര്‍പ്പിക്കല്‍ ഒരര്‍ഥത്തിലും സ്ഥിരപ്പെട്ട് വന്നിട്ടില്ല. പവിത്രമാക്കപ്പെട്ട മാസങ്ങള്‍ എന്ന നിലക്ക് ദുല്‍ക്വഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം മാസങ്ങള്‍ക്ക് എന്ത് ശ്രേഷ്ഠതയാണോ ഉള്ളത് അതുമാത്രമെ റജബിനും ഉള്ളൂ.

രണ്ട്: റജബുമായി ബന്ധപ്പെട്ട് ധാരാളം കെട്ടിച്ചമക്കപ്പെട്ട ഹദീഥുകള്‍ ഉണ്ട്. മറ്റു ചിലത് ദുര്‍ബലമായവയും:

''ആദ്യമായി റജബ് മാസം അറിയിക്കുന്നവന് നരകം നിഷിദ്ധമാണ്'' (ഇങ്ങനെയൊരു ഹദീഥ് പ്രാമാണികമായ ഒരു ഹദീഥ് ഗ്രന്ഥത്തിലും ഇല്ല. അല്ലാഹുവിന്റെ റസൂലിന്റെ മേലുള്ള പച്ചക്കളവാണിത്, ഇന്റര്‍നെറ്റിലൂടെ ആരോ പടച്ചുവിട്ട കളവ്).

''റജബ് അല്ലാഹുവിന്റെ മാസമാണ്. ശഅ്ബാന്‍ എന്റെയും റമദാന്‍ എന്റെ ഉമ്മത്തിന്റെയും'' (ഈ ഹദീഥ് ദുര്‍ബലമാണ്).

''റജബില്‍ നിന്ന് ഈമാനോടെയും പ്രതിഫലേച്ഛയോടെയും ആരെങ്കിലും നോമ്പ് നോല്‍ക്കുകയാണെങ്കില്‍...'' (ഈ ഹദീഥ് കെട്ടിച്ചമക്കപ്പെട്ടതാണ്).

''റജബിന് മറ്റു സര്‍വ മാസങ്ങളെക്കാളുമുള്ള ശ്രേഷ്ഠത...'' (ഈ ഹദീഥ് കെട്ടിച്ചമക്കപ്പെട്ടതാണ്).

''റജബില്‍ ഒരു വിശ്വാസിയുടെ പ്രയാസം ആരെങ്കിലും നീക്കിക്കൊടുത്താല്‍...'' (ഈ ഹദീഥ് കെട്ടിച്ചമക്കപ്പെട്ടതാണ്).

''റജബിലെ ദിനങ്ങള്‍ ആറാനാകാശത്തിലെ കവാടത്തിന്മേല്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അതില്‍ നിന്ന് ഒരു ദിനമെങ്കിലും ആരെങ്കിലും നോമ്പ് പിടിച്ചാല്‍...'' (ഇതിന്റെ നിവേദകപരമ്പരയില്‍ ഹദീഥ് പണ്ഡിതന്മാര്‍ 'കളവ് പറയുന്നവന്‍' എന്ന് രേഖപ്പെടുത്തിയ ആളുണ്ട്. അതിനാല്‍ അത് അത്യധികം ദുര്‍ബലമാണ്).

''റജബിലെ ഒരു ദിവസം ആരെങ്കിലും നോമ്പ് പിടിക്കുകയും നാല് റകഅത്ത് പ്രത്യേക നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്താല്‍...'' (ഈ ഹദീഥ് കെട്ടിച്ചമക്കപ്പെട്ടതാണ്).

''റജബ് ഇരുപത്തിയേഴാം രാവില്‍ ആരെങ്കിലും രാത്രി നിന്ന് നമസ്‌കരിച്ചാല്‍...'' (ഈ ഹദീഥ് കെട്ടിച്ചമക്കപ്പെട്ടതാണ്).

''റജബ് പകുതിയിലെ രാവില്‍ ആരെങ്കിലും പതിനാല് റകഅത്ത് നമസ്‌കരിച്ചാല്‍...'' (ഈ ഹദീഥ് കെട്ടിച്ചമക്കപ്പെട്ടതാണ്).

''റജബ് ഇരുപത്തിയേഴിനാണ് ഞാന്‍ പ്രവാചകനായി നിയോഗിക്കപ്പെട്ടത്'' (ഈ ഹദീഥ് കെട്ടിച്ചമക്കപ്പെട്ടതാണ്).

''അല്ലാഹുവേ, നീ ഞങ്ങള്‍ക്ക് റജബിലും ശഅ്ബാനിലും ബര്‍കത്ത് ചൊരിയേണമേ, നീ ഞങ്ങള്‍ക്ക് റമദാന്‍ വന്നെത്തിക്കേണമേ'' (ഈ ഹദീഥ് ദുര്‍ബലമാണ്).

ഇമാം ഇബ്‌നു ഹജര്‍ അല്‍അസ്‌ക്വലാനി (റഹി) സൂചിപ്പിച്ചത് പോലെ ഇത്തരത്തില്‍ റജബിന്റെ മഹത്ത്വം പ്രത്യേകമായി എടുത്ത് പറഞ്ഞുകൊണ്ട് വന്ന എല്ലാ ഹദീഥുകളും ഒന്നുകില്‍ ദുര്‍ബലമോ അല്ലെങ്കില്‍ കെട്ടിച്ചമക്കപ്പെട്ട കളവോ ആണ്. റജബുമായി ബന്ധപ്പെട്ട് ഇമാം ഇബ്‌നു ഹജര്‍ സമാഹരിച്ച ദുര്‍ബല ഹദീഥുകളുടെ എണ്ണം പതിനൊന്നും, കെട്ടിച്ചമക്കപ്പെട്ട കള്ളഹദീഥുകളുടെ എണ്ണം ഇരുപത്തി ഒന്നുമാണ്. അദ്ദേഹം പറയുന്നു: ''റജബ് മാസത്തിന്റെ ശ്രേഷ്ഠതയോ, റജബ് മാസത്തില്‍ നോമ്പെടുക്കുന്നതിന്റെ ശ്രേഷ്ഠതയോ, അതില്‍ ഏതെങ്കിലും പ്രത്യേകമായ ദിവസത്തിലെ നോമ്പിന്റെ പ്രത്യേകതയോ സൂചിപ്പിച്ചുകൊണ്ട് പ്രത്യക്ഷമായി വന്ന ഹദീഥുകള്‍ എല്ലാം തന്നെ രണ്ട് ഇനങ്ങളാണ്: ഒന്ന് ദുര്‍ബലവും മറ്റൊന്ന് കെട്ടിച്ചമക്കപ്പെട്ടതും.''

മൂന്ന്: റജബ് മാസത്തിന് മറ്റു മാസങ്ങള്‍ക്കില്ലാത്ത പ്രത്യേകമായ ശ്രേഷ്ഠത കല്‍പിക്കലും അതില്‍ പ്രത്യേക ആചാരങ്ങള്‍ അനുഷ്ഠിക്കലും ജാഹിലിയ്യ കാലഘട്ടത്തിലെ പ്രവൃത്തിയാണ്:

ഉമറുബ്‌നുല്‍ ഖത്ത്വാബ(റ)വില്‍ നിന്നും ഇമാം ഇബ്‌നു അബീ ശൈബ (റഹി) ഉദ്ധരിക്കുന്നു: ''റജബ് ജാഹിലിയ്യത്തിലെ ആളുകള്‍ മഹത്ത്വവല്‍ക്കരിച്ചിരുന്ന മാസമാണ്. ഇസ്‌ലാം വന്നതിനു ശേഷം അത് ഉപേക്ഷിക്കപ്പെട്ടു'' (മുസ്വന്നഫ് ഇബ്‌നു അബീശൈബ: 2/345).

നാല്: റജബ് 27ന് ഇസ്‌റാഅ,് മിഅറാജ് ആഘോഷിക്കലും ആ ദിവസം നോമ്പ് പിടിക്കലും ബിദ്അത്തുകളില്‍ പെട്ടതാണ്.

നബി(സ്വ)യോ, സ്വഹാബത്തോ ആരും തന്നെ അപ്രകാരം ഒരു ദിനം ആഘോഷിച്ചതായി സ്ഥിരപ്പെട്ടിട്ടില്ല. റസൂല്‍ (സ്വ) പറഞ്ഞു: ''നമ്മുടെ ഈ മതത്തില്‍ ഇല്ലാത്തതിനെ വല്ലവനും പുതുതായുണ്ടാക്കിയാല്‍ അത് മടക്കപ്പെടുന്നതാണ്'' (ബുഖാരി, മുസ്‌ലിം). അഥവാ അത് അവന്റെ മേല്‍ ശിക്ഷയായി മടങ്ങുന്നതാണ്. കാരണം അല്ലാഹുവിന്റെ റസൂല്‍ മതപരമായ എല്ലാ കര്‍മങ്ങളും വിശ്വാസികള്‍ക്ക് പഠിപ്പിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ അല്ലാഹുവിന്റെ റസൂല്‍ പഠിപ്പിച്ചിട്ടില്ലാത്ത ആഘോഷങ്ങള്‍ അനുഷ്ഠിക്കുക വഴി നബി(സ്വ) ദൗത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തി എന്ന് ആരോപിക്കുംവിധം അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്. മിഅ്‌റാജ് നോമ്പ് അനുഷ്ഠിക്കുന്നവരും ഇതില്‍ നിന്നും വ്യത്യസ്ഥമല്ല. കാരണം അങ്ങനെയൊരു നോമ്പ് നബി (സ്വ) പഠിപ്പിച്ചിട്ടില്ല. ഇമാം ഇബ്‌നു ഹജര്‍ അല്‍ അസ്‌ക്വലാനി റഹിമഹുല്ല പറയുന്നു: ''റജബ് മാസത്തിന് പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, അതില്‍ പ്രത്യേകം നോമ്പ് നോല്‍ക്കുന്നതോ, അതിലെ പ്രത്യേക ദിവസങ്ങള്‍ തിരഞ്ഞെടുത്ത് നോമ്പ് നോല്‍ക്കുന്നതോ, അതിലെ ഏതെങ്കിലും പ്രത്യേക രാവില്‍ രാത്രി നമസ്‌കാരം നിര്‍വഹിക്കുന്നതോ സൂചിപ്പിച്ചുകൊണ്ട് തെളിവ് പിടിക്കാന്‍ കൊള്ളാവുന്ന ഒരു ഹദീഥും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.''

അഞ്ച്: റജബ് മാസത്തില്‍ പ്രത്യേകം ഉംറ ചെയ്യല്‍. ഉംറ ഏത് മാസങ്ങളിലും നിര്‍വഹിക്കാവുന്നതാണ്. എന്നാല്‍ റജബ് മാസത്തിലെ ഉംറക്ക് പ്രത്യേക പുണ്യമുണ്ട് എന്ന് പ്രതീക്ഷിച്ചുകൊണ്ട് ഉംറ കര്‍മം നിര്‍വഹിക്കുന്നത് ബിദ്അത്തുകളില്‍ പെട്ടതാണ്. മാത്രമല്ല റജബ് മാസത്തില്‍ പ്രത്യേകമായി ഉംറ കര്‍മം നിര്‍വഹിക്കുന്ന ആളുകള്‍ക്ക് റസൂല്‍(സ്വ)യുടെ പത്‌നി ആഇശ(റ) തന്നെ മറുപടി നല്‍കിയിട്ടുമുണ്ട്. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ആഇശ(റ)യില്‍ നിന്നും ഉദ്ധരിക്കുന്നു:

''റസൂല്‍(സ്വ) ഒരിക്കലും റജബ് മാസത്തില്‍ ഉംറ നിര്‍വഹിച്ചിട്ടില്ല'' (ബുഖാരി: 1776, മുസ്‌ലിം: 1255).

ഇമാം നവവി(റഹി)യുടെ ശിഷ്യന്മാരില്‍ പ്രഗത്ഭനായ ഇബ്‌നുല്‍ അത്ത്വാര്‍ (റഹി) പറയുന്നു:

''മക്കക്കര്‍ റജബ് മാസത്തില്‍ ധാരാളമായി ഉംറ കര്‍മം നിര്‍വഹിക്കുന്നത് എനിക്കറിയാന്‍ സാധിച്ചു. അതിന് യാതൊരു അടിസ്ഥാനവുമുള്ളതായി എനിക്കറിയില്ല. 'ആരെങ്കിലും റമദാനില്‍ ഒരു ഉംറ നിര്‍വഹിച്ചാല്‍ അത് ഹജ്ജ് നിര്‍വഹിച്ചതുപോലെയാണ്' എന്നാണ് നബി(സ്വ)യില്‍ നിന്നും സ്ഥിരപ്പെട്ടിട്ടുള്ളത്.''

ഉംറക്ക് മറ്റു മാസങ്ങളെക്കാള്‍ പ്രത്യേകമായ ശ്രേഷ്ഠത പഠിപ്പിക്കപ്പെട്ടിട്ടുള്ളത് റമദാനിനും, ശവ്വാല്‍, ദുല്‍ഖക്വഅ്ദ, ദുല്‍ഹിജ്ജ എന്നീ ഹജ്ജ് മാസങ്ങള്‍ എന്നറിയപ്പെടുന്ന മൂന്ന് മാസങ്ങള്‍ക്കുമാണ്.

ആറ്: ആഗ്രഹ സഫലീകരണ നമസ്‌കാരം: ഇതും റജബ് മാസത്തോടനുബന്ധിച്ച് ചിലര്‍ ഉണ്ടാക്കിയ അനാചാരമാണ്. ഇമാം നവവി പറയുന്നു:

''സ്വലാത്തുര്‍റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്‌കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്‌രിബിനും ഇശാഇന്നും ഇടയില്‍ നമസ്‌കരിക്കുന്ന പന്ത്രണ്ട് റക്അത്ത് നമസ്‌കാരം, അതുപോലെ ശഅ്ബാന്‍ പതിനഞ്ചിന് നമസ്‌കരിക്കുന്ന നൂറ് റക്അത്ത് നമസ്‌കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും മ്ലേച്ചവുമാണ്. 'ക്വൂതുല്‍ ക്വുലൂബ്' എന്ന ഗ്രന്ഥത്തിലോ, 'ഇഹ്‌യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ഥത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീഥ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാുകളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ് അബ്ദുറഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്‌കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ'' (അല്‍മജ്മൂഅ്: 3/548).

ഏഴ്: റജബിലുള്ള പ്രത്യേക പ്രാര്‍ഥന എന്ന നിലക്ക് പറയപ്പെടുന്ന ''അല്ലാഹുവേ, നീ ഞങ്ങള്‍ക്ക് റജബിലും ശഅ്ബാനിലും അനുഗ്രഹം ചൊരിയുകയും ഞങ്ങള്‍ക്ക് നീ റമദാന്‍ വന്നെത്തിക്കുകയും ചെയ്യേണമേ'' എന്ന പ്രാര്‍ഥന ഉദ്ധരിക്കപ്പെട്ടത് ഇമാം അഹ്മദ് റഹിമഹുല്ലയുടെ മകന്‍ സവാഇദുല്‍ മുസ്‌നദ് എന്ന ഗ്രന്ഥത്തില്‍ 2346-ാം നമ്പര്‍ ഹദീഥായും, ഇമാം ത്വബ്‌റാനി തന്റെ അല്‍ഔസത്വ് എന്ന ഗ്രന്ഥത്തില്‍ 3939-ാം നമ്പര്‍ ഹദീഥായും, ഇമാം ബൈഹഖി തന്റെ ശുഅബില്‍ 3534-ാം നമ്പര്‍ ഹദീഥായുമാണ്.

സാഇദ ബ്‌നു അബീ റുഖാദ് ഈ ഹദീഥ് സിയാദ് അന്നുമൈരി എന്നയാളില്‍ നിന്നും അദ്ദേഹം അനസ് ബ്ന്‍ മാലിക്(റ) വില്‍നിന്നുമാണ് അത് ഉദ്ധരിക്കുന്നത്. ഹദീഥ് ഇപ്രകാരമാണ്:

റജബ് മാസം പ്രവേശിച്ചാല്‍ നബി (സ്വ) ഇപ്രകാരം പറയാറുണ്ടായിരുന്നു: ''അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും ശഅബാനിലും അനുഗ്രഹം ചൊരിയുകയും ഞങ്ങള്‍ക്ക് നീ റമദാന്‍ വന്നെത്തിക്കുകയും ചെയ്യേണമേ.''

ഇതിന്റെ സനദ് ദുര്‍ബലമാണ്. ഇതിന്റെ സനദിലുള്ള സിയാദ് അന്നുമൈരി എന്നയാള്‍ 'ളഈഫ്' അഥവാ ഹദീസ് നിദാനശാസ്ത്രപ്രകാരം ദുര്‍ബലനാണ്. ഇമാം ഇബ്‌നു മഈന്‍ ഇയാള്‍ ദുര്‍ബലനാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഇമാം അബൂഹാതിം ഇയാളെ തെളിവ്പിടിക്കാന്‍ കൊള്ളില്ല എന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ ഇമാം ഇബ്‌നു ഹിബ്ബാന്‍ ഇയാളെ ദുര്‍ബലന്മാരുടെ ഗണത്തില്‍ എണ്ണുകയും 'ഇയാളുടെ ഹദീഥുകള്‍ കൊണ്ട് തെളിവ് പിടിക്കാന്‍ പാടില്ല' എന്ന് പറയുകയും ചെയ്തിട്ടുണ്ട്. (മീസാനുല്‍ ഇഅ്തിദാല്‍ 2/91).

ഇയാളില്‍ നിന്ന് ഈ ഹദീഥ് ഉദ്ധരിച്ച സാഇദബ്‌നു അബീ റുഖാദ് ഇയാളെക്കാള്‍ ദുര്‍ബലനാണ്. അയാള്‍ 'മുന്‍കറുല്‍ ഹദീഥ്' ആണെന്ന് ഇമാം ബുഖാരിയും ഇമാം നസാഇയും പറഞ്ഞിട്ടുണ്ട്.

മാത്രമല്ല ഒരുപറ്റം ഹദീഥ് പണ്ഡിതന്മാര്‍ ഈ ഹദീഥ് ദുര്‍ബലമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം നവവി തന്റെ 'അല്‍അദ്കാര്‍' എന്ന ഗ്രന്ഥത്തില്‍ ഇത് ദുര്‍ബലപ്പെടുത്തിയിട്ടുണ്ട് (പേജ്: 189). അതുപോലെ ഇബ്‌നു റജബ് തന്റെ 'ലത്വാഇഫുല്‍ മആരിഫ്' എന്ന ഗ്രന്ഥത്തിലും (പേജ്: 121) ശൈഖ് അല്‍ബാനി തന്റെ 'ദഈഫുല്‍ ജാമിഅ്' എന്ന ഗ്രന്ഥത്തിലും (ഹദീഥ്: 4395) ഈ ഹദീഥ് ദുര്‍ബലമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം ഇബ്‌നു ഹജര്‍ അല്‍ഹൈതമി (റഹി) ഈ ഹദീഥിനെ സംബന്ധിച്ച് പറയുന്നു:

''ഇമാം ബസ്സാര്‍ അത് ഉദ്ധരിച്ചിട്ടുണ്ട്. അതിന്റെ സനദില്‍ സാഇദബ്‌നു അബീ റുഖാദ് എന്ന് പറയുന്നയാളുണ്ട്. അയാള്‍ 'മുന്‍കറുല്‍ ഹദീഥ്' ആണ്. അയാള്‍ മജ്ഹൂലായ ആളാണ് എന്നും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.'' (2/165).

അപ്രകാരമുള്ള ഒരു പ്രത്യേക പ്രാര്‍ഥന നബി(സ്വ)യില്‍ നിന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ല എന്ന് വ്യക്തം. അതിനാല്‍ റജബ് മാസവുമായി ബന്ധപ്പെടുത്തി അത് അനുഷ്ഠിക്കുവാന്‍ പാടില്ല.

അല്ലാഹുവിന്റെ റസൂലിനെ പിന്തുടരുക എന്നത് മാത്രമാണ് രക്ഷയുടെ മാര്‍ഗം. അല്ലാഹുവോടും അവന്റെ റസൂലിനോടും ഇഷ്ടവും കൂറുമുള്ളവര്‍ ചെയ്യേണ്ടത് അതാണ്. അല്ലാഹു പറയുന്നത് നോക്കൂ:

''(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ''(ആലുഇംറാന്‍: 31).

അതെ, അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, അല്ലാഹുവിന്റെ റസൂലിനെ പിന്തുടരുവിന്‍. എങ്കില്‍ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും. മറിച്ച് അല്ലാഹുവിന്റെ ദീനില്‍ അല്ലാഹു പഠിപ്പിച്ചിട്ടില്ലാത്ത ആചാരങ്ങള്‍ കടത്തിക്കൂട്ടിയാല്‍ അതിഭയാനകമായ ശിക്ഷയാണ് കാത്തിരിക്കുന്നത്. ഹൗദുല്‍ കൗഥറില്‍ നിന്ന് പാനീയം ലഭിക്കാതെ ആട്ടിയോടിക്കപ്പെടുന്നവരുടെ കൂട്ടത്തിലാണ് അല്ലാഹുവിന്റെ റസൂല്‍(സ്വ) ബിദ്അത്തുകാരെ എന്നിയിട്ടുള്ളത്. അല്ലാഹു നമ്മെയും നമ്മുടെ കുടുംബത്തെയും കാത്തു രക്ഷിക്കുമാറാകട്ടെ.