ഹദീസ് വിജ്ഞാനശാഖ വളര്‍ച്ചയും ക്രോഡീകരണവും

അന്‍വര്‍ ഹുസൈന്‍ 

2017 ഏപ്രില്‍ 15 1438 റജബ് 18

അല്ലാഹുവിന്റെ ക്വുര്‍ആന്‍ കഴിഞ്ഞാല്‍ ഇസ്‌ലാമിക ശരീഅത്തിന്റെ രണ്ടാമത്തെ അടിസ്ഥാനമാണ് ഹദീഥ്. അത് ക്വുര്‍ആനിന്റെ വിശദീകരണം കൂടിയാണ്. അല്ലാഹു പറയുന്നു: ''വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു). നിനക്ക് നാം ഉദ്‌ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും. അവര്‍ ചിന്തിക്കാന്‍ വേണ്ടിയും'' (സൂറഃ അന്നഹ്ല്‍: 44).

ക്വുര്‍ആനിലെ അധിക വചനങ്ങളും അതിന്റെ ഉദ്ദേശം വ്യക്തമാക്കുന്ന തരത്തില്‍ വിശദീകരണത്തിന് ആവശ്യമായ നിലക്കാണ് അവതരിച്ചിട്ടുള്ളത്. പ്രവാചകന്‍(സ്വ) അതിന്റെ വിശദീകരണം വഹ്‌യിന്റെ അടിസ്ഥാനത്തില്‍ തന്നെ നല്‍കുകയും ചെയ്തു. ഉദാഹരണത്തിന്, നമസ്‌കാരം നിര്‍വഹിക്കണം എന്ന് ക്വുര്‍ആനില്‍ പല തവണ വന്നിട്ടുണ്ട്. എന്നാല്‍ അതിന്റെ രൂപം, അതിന്റെ റക്അത്തിന്റെ എണ്ണം എന്നിവ ക്വുര്‍ആനിലില്ല. പ്രവാചകന്റെ ഹദീഥുകളിലാണ് അത് വിവരിക്കുന്നത്. സകാത്ത് കൊടുക്കാനുള്ള കല്‍പന ക്വുര്‍ആനില്‍ കാണാം. എന്നാല്‍ അതിന്റെ കണക്കും തോതുമൊന്നും ക്വുര്‍ആന്‍ വിശദീകരിക്കുന്നില്ല. അത് പ്രവാചകന്‍(സ്വ) ഹദീഥിലൂടെയാണ് വ്യക്തമാക്കിത്തന്നത്.

ഹദീഥിനെ പരിഗണിക്കേണ്ട നിബന്ധന

ക്വുര്‍ആന്‍ അംഗീകരിക്കുന്നുവെങ്കില്‍ പ്രവാചകനെ അനുസരിക്കല്‍ മുസ്‌ലിമിന് നിര്‍ബന്ധമാണ്. മാത്രമല്ല, പ്രവാചകനെ പിന്‍പറ്റല്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നതിന്റെ അടയാളമാണ്. അല്ലാഹു പറയുന്നു: ''(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും, നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും, കരുണാനിധിയുമത്രെ'' (സൂറഃ ആലുഇംറാന്‍:31).

പ്രവാചകന്‍(സ്വ) അനുചരന്മാര്‍ക്ക് ക്വുര്‍ആനിന്റെ വിധികള്‍ വിവരിച്ചുകൊടുക്കുകയും അവര്‍ക്കിടയിലുള്ള തര്‍ക്കവിഷയങ്ങളില്‍ വിധികല്‍പിക്കുകയും അവരെ നന്മകൊണ്ട് കല്‍പിക്കുകയും തിന്മകൊണ്ട് വിരോധിക്കുകയും നല്ലതിനെ അനുവദനീയമാക്കുകയും മ്ലേഛമായതിനെ നിഷിദ്ധമാക്കുകയും അത് വിശദീകരിച്ച് കൊടുക്കുകയും ചെയ്യുമായിരുന്നു. റസൂലിന് പ്രത്യേകമല്ലാത്ത എല്ലാ കാര്യങ്ങളിലും അവര്‍ അദ്ദേഹത്തെ പിന്‍പറ്റുകയും ചെയ്യും. നബി(സ്വ)യുടെ വാക്കും പ്രവര്‍ത്തിയും മൗനാനുവാദവും അവര്‍ മതത്തിന്റെ നിയമങ്ങളായി പരിഗണിച്ചു. പ്രവാചകന്റെ ജീവിതകാലത്തോ അതിന് ശേഷമോ അവരില്‍ ആരും അതില്‍ ഭിന്നിപ്പ് പ്രകടിപ്പിച്ചിരുന്നില്ല. പ്രവാചകന്റെ സുന്നത്തിനോട് എതിര്‍പ്പ് കാണിക്കുന്നവര്‍ക്ക് അദ്ദേഹം കടുത്ത ഭാഷയില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സ്വഹാബികള്‍

നബി(സ്വ)യുടെ കാലത്ത് വ്യാപകമായ രീതിയില്‍ ഹദീഥുകള്‍ എവിടെയും എഴുതിവെക്കപ്പെട്ടിട്ടില്ല; ചില പ്രമുഖ സ്വഹാബിമാര്‍ മാത്രമാണ് എഴുതി വെ ച്ചത്. അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) ന്റെ അടുക്കല്‍ ഹദീഥുകള്‍ എഴുതിവെക്കപ്പെട്ടതായിട്ട് സ്ഥിരപ്പെട്ടിട്ടുണ്ട്.

''അബൂഹുറയ്‌റ(റ)യില്‍ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു:''എന്നെക്കാള്‍ കൂടുതലായി റസൂലിന്റെ ഹദീഥുകള്‍ അറിയുന്ന ആരും തന്നെ ഉണ്ടായിരുന്നില്ല; അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ് ഒഴികെ. അദ്ദേഹം റസൂലിന്റെ ഹദീഥുകള്‍ എഴുതിവെക്കാറുണ്ടായിരുന്നു. ഞാന്‍ എഴുതിവെക്കാറില്ലായിരുന്നു.''

റസൂലില്‍ നിന്ന് കേള്‍ക്കുന്ന ഹദീഥുകള്‍ സ്വന്തമായി കുറിച്ചിടുന്ന ചില സ്വഹാബിമാര്‍ ഉണ്ടായിരുന്നു. അവര്‍ വളരെ വിരളമായിരുന്നു. അലി(റ)വിന്റെ അടുക്കലും ഹദീഥുകള്‍ എഴുതിയ ഏടുകള്‍ ഉണ്ടായിരുന്നതായി സ്ഥിരപ്പെട്ടിട്ടുണ്ട്.

നബി(സ്വ) ചില ഗവര്‍ണര്‍മാരിലേക്ക് ആട്, മാട്, ഒട്ടകങ്ങള്‍ക്കുള്ള സകാത്തിന്റെ കണക്ക് രേഖപ്പെടുത്തി എഴുതി കൊടുത്തയച്ചു എന്നും സ്ഥിരപ്പെട്ടതായി കാണുവാന്‍ സാധിക്കും. എങ്കിലും ഇതെല്ലാം അപ്പോഴുള്ള ഒരു ആവശ്യത്തിന് മാത്രമായിരുന്നു. വാമൊഴിയായി പഠിപ്പിക്കുവാനും പ്രചരിപ്പിക്കുവാനുമാണ് സ്വഹാബിമാര്‍ പ്രാധാന്യം നല്‍കിയത്.

വളരെ ക്ഷമയോട് കൂടി ഹദീഥുകള്‍ സ്വീകരിക്കുവാനും അതേപോലെ മനഃപാഠമാക്കി സൂക്ഷിക്കുവാനും അതില്‍ അടങ്ങിയ വിജ്ഞാനങ്ങള്‍ മനസ്സിലാക്കുവാനും അല്ലാഹു സ്വഹാബിമാര്‍ക്ക് കഴിവ് നല്‍കി അനുഗ്രഹിച്ചു. അവരായിരുന്നല്ലോ ഈ ദീനിന്റെ വജ്രായുധങ്ങള്‍. ഹദീഥുകള്‍ ക്രോഡീകരിച്ച് ഒരു ഗ്രന്ഥരൂപത്തില്‍ ആക്കുന്നതില്‍നിന്ന് അവരെ തടഞ്ഞ ചില കാരണങ്ങള്‍ വിവരിക്കാം:

1. ജിബ്‌രീല്‍ മുഖേന റസൂലിനു ലഭിക്കുന്ന ക്വുര്‍ആന്‍ വചനങ്ങള്‍ പഠിക്കുന്നതിലും മനസ്സിലാക്കുന്നതിലും മനഃപാഠമാക്കുന്നതിലും അതിന്റെ വിധിവിലക്കുകള്‍ മനസ്സിലാക്കി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിലും അത് പാരായണം ചെയ്യുന്നതിലും അത് പരസ്പരം കൈമാറുന്നതിലുമായിരുന്നു സ്വഹാബിമാരുടെ ഏറ്റവും വലിയ ശ്രദ്ധ.

2. ആദ്യകാലത്ത് ഹദീഥുകള്‍ എഴുതിവെക്കുന്നത് വിലക്കപ്പെട്ടിരുന്നു. എഴുതിവെക്കപ്പെട്ടതിന് ശേഷം അത് ക്വുര്‍ആനുമായി കൂടിക്കലരുമോ എന്ന ഭയം കാരണമായിരുന്നു അത്.

3. അറബികള്‍ ഭൂരിപക്ഷവും നിരക്ഷരായത് കൊണ്ട് തന്നെ അവര്‍ ഒരു അറിവ് സൂക്ഷിക്കാന്‍ ഉദ്ദേശിച്ചാല്‍ അവരുടെ ബുദ്ധിയെയാണ് ആസ്പദിച്ചിരുന്നത്. അത് കൊണ്ട് തന്നെ അവര്‍ അത് മനഃപാഠമാക്കുമായിരുന്നു. ഇതിനാല്‍ തന്നെ ഹദീഥ് ക്രോഡീകരണം അവര്‍ക്ക് ആവശ്യമായിരുന്നില്ല.

4. ക്വുര്‍ആനിനെ പറ്റി പഠിക്കുന്നതും അത് മനസ്സിലാക്കുന്നതും അത് പഠിപ്പിക്കുന്നതിലും ഉള്ള സ്വഹാബിമാരുടെ ഉത്സാഹവും പ്രയത്‌നവും ഹദീഥിലേക്ക് തിരിയും എന്നൊരു ഭയവും നിലനിന്നിരുന്നു. ഉമര്‍(റ)വില്‍ നിന്നും നിവേദനം: ഉമര്‍(റ) റസൂലിന്റെ ഹദീഥ് എഴുതാന്‍ ഉദ്ദേശിക്കുകയും പ്രമുഖ സ്വഹാബിമാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

റസൂലിന്റെ കാലത്ത് സ്വഹാബിമാര്‍ ഹദീഥ് മനഃപാഠമാക്കുന്നതില്‍ സംതൃപ്തി കണ്ടെത്തുകയും അത് വാമൊഴിയായി പകര്‍ന്ന്‌കൊടുക്കുകയും ചെയ്ത്‌കൊണ്ടിരുന്നു. അവരില്‍ ചിലര്‍ ഹദീഥ് പഠിക്കാനായി തന്നെ മാറിയിരുന്നു. റസൂലിന്റെ സന്തത സഹചാരികളായി വര്‍ത്തിക്കുകയും അദ്ദേഹത്തിന്റെ ഓരോ വാക്കും പ്രവൃത്തിയും ചലനങ്ങളും സൂക്ഷ്മമായി വീക്ഷിച്ച് ഹൃദിസ്ഥമാക്കി പിന്‍ഗാമികള്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു.

താബിഉകളുടെ കാലഘട്ടം

അറിവിന്റെ നാശത്തെക്കുറിച്ചും ജ്ഞാനികളുടെ മരണത്തെക്കുറിച്ചും വിവേകമതികളില്‍ ഭയപ്പാട് തുടങ്ങി. മുന്‍പന്തിയില്‍ തന്നെ ഉമര്‍ ബിന്‍ അബ്ദില്‍ അ സീസ്(റ) ഉണ്ടായിരുന്നു. അദ്ദേഹം അബൂബക്കര്‍ ഇബ്‌നു ഹസ്മിന് ഒരു കത്തെഴുതി. അതില്‍ ഇങ്ങനെ കുറിച്ചിരുന്നു: ''റസൂലിന്റെ ഹദീഥിനെ കണ്ടെത്തി എനിക്ക് എഴുതിത്തരണം. തീര്‍ച്ചയായും ഞാന്‍ വിജ്ഞാനത്തിന്റെ നാശത്തെയും ജ്ഞാനികളുടെ മരണത്തെയും ഭയപ്പെടുന്നു'' (ബുഖാരി: 1/194).

ഉമറുബ്‌നു അബ്ദില്‍ അസീസ് ഹദീഥ് ക്രോഡീകരിക്കാന്‍ ഉലമാക്കളോട് ആവശ്യപ്പെട്ടു. ഹദീഥ് ക്രോഡീകരിക്കുന്നതില്‍ സ്വഹാബത്തിന്റെ കാലത്തുണ്ടായ ഭയം അത് ക്വുര്‍ആനുമായി കൂടിച്ചേരുമോ എന്നതായിരുന്നല്ലോ. എന്നാല്‍ ആ ഭയത്തില്‍ നിന്നും അദ്ദേഹം ഒഴിവായിരുന്നു. കാരണം, അന്ന് ക്വുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടിരുന്നു. ഹദീഥ് ക്രോഡീകരണം എന്ന ആവശ്യത്തിന് ആദ്യമായി മറുപടി നല്‍കിയത് ഇമാം മുഹമ്മദ്ബ്‌നു മുസ്‌ലിമുബ്‌നു ഷിഹാബുസ്സുഹ്‌രിയായിരുന്നു. അങ്ങനെ ലോകത്ത് ആദ്യമായി ഔദ്യോഗിക രീതിയില്‍ റസൂലിന്റെ മുത്തുമൊഴികള്‍ ക്രോഡീകരിക്കപ്പെട്ടു. അതിന്റെ ഓരോ കോപ്പി വീതം ഉമറുബ്‌നു അബ്ദില്‍ അസീസ് നാടിന്റെ പല ഭാഗങ്ങളിലേക്കും അയച്ച് കൊടുത്തു.

തബഉത്താബിഉകളുടെ കാലത്ത്

ഇമാം സുഹ്‌രിക്ക് ശേഷമുള്ള തലമുറയില്‍ ഹദീഥ് ക്രോഡീകരണം വ്യാപകമായി വളര്‍ന്നു. ഇസ്‌ലാമിന്റെ നെടുംതൂണുകളായ രണ്ടാം നൂറ്റാണ്ടിലെ പണ്ഡിതന്മാര്‍ ഹദീഥ് ക്രോഡീകരണത്തില്‍ തങ്ങളുടേതായ മുദ്ര പതിപ്പിച്ചു. റസൂലിന്റെ ഹദീഥിനോടൊപ്പം സ്വഹാബികളുടെ വാക്കുകളും താബിഉകളുടെ ഫത്‌വകളും അവര്‍ സമാഹരിച്ചു. അവരില്‍ പ്രമുഖര്‍ ഇമാം മാലിക് മദീന, ഇബ്‌നു ദുറൈജ് മക്ക തുടങ്ങിയവരായിരുന്നു.

അടുത്ത തലമുറയില്‍ ഹദീഥിന്റെ ക്രോഡീകരണം അതിന്റെ ഉന്നതിയിലെത്തി. സ്വഹാബാക്കളുടെ വാക്കുകളും താബിഉകളുടെ ഫത്‌വകളും പൂര്‍ണമായും മാറ്റിനിറുത്തി റസൂലിന്റെ ഹദീഥ് മാത്രം ക്രോഡീകരിക്കപ്പെട്ടു. രണ്ടു രീതിയിലാണ് ഈ കാലഘട്ടത്തില്‍ ഹദീഥ് ക്രോഡീകരിക്കപ്പെട്ടത്.

1. ബാബുകളുടെ (അധ്യായം) അടിസ്ഥാനത്തില്‍.

കര്‍മശാസ്ത്ര വിധികളുടെ അടിസ്ഥാനത്തില്‍ ഹദീഥുകളെ ക്രോഡീകരിക്കുകയും ഓരോന്നിനും പ്രത്യേക തലക്കെട്ട് നല്‍കി വിഭാഗങ്ങളായി തിരിക്കുകയും ചെയ്യുന്ന രീതി.

ഈ രീതിയിലുള്ള ക്രോഡീകരണത്തില്‍ പ്രസിദ്ധമായിട്ടുള്ള കിതാബുകളാണ് ബുഖാരി, മുസ്‌ലിം, തിര്‍മിദി, നസാഇ, അഹ്മദ് തുടങ്ങിയവ.

2. നിവേദകരുടെ അടിസ്ഥാനത്തില്‍.

ഹദീഥിന്റെ ഉള്ളടക്കത്തിലേക്ക് നോക്കാതെ റിപ്പോര്‍ട്ട് ചെയ്യുന്ന സ്വഹാബിയെ മാത്രം നോക്കി ഓരോ സ്വഹാബിയുടെയും ഹദീസുകള്‍ ക്രോഡീകരിക്കുക. ഈ രീതിയില്‍ ക്രോഡീകരിക്കപ്പെട്ടതില്‍ പ്രസിദ്ധമായ ഹദീഥ് ഗ്രന്ഥങ്ങള്‍ മുസ്‌നദ് ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍, മുസ്‌നദ് അബീദാവൂദ് അത്ത്വയാലിസി, മുസ്‌നദ് ഇസ്ഹാഖ് ബിന്‍ റാഹവൈഹി, മുസ്‌നദ് അബ്ദി ബിന്‍ ഹുമൈദ് എന്നിവയാണ്.

ഈ ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥങ്ങളെല്ലാം (ബുഖാരി, മുസ്‌ലിം ഒഴികെ) സ്വഹീഹായ ഹദീഥുകളുടെയും ദുര്‍ബലമായ ഹദീഥുകളുടെയും ഇടയില്‍ വേര്‍തിരിവ് കാണിച്ചില്ല. രണ്ടും അവര്‍ ഗ്രന്ഥങ്ങളില്‍ ചേര്‍ത്തു.

ഇമാം ബുഖാരിയും ശിഷ്യന്‍ മുസ്‌ലിമും തങ്ങളുടെ കിതാബില്‍ സ്വഹീഹായ ഹദീഥുകള്‍ മാത്രമെ ക്രോഡീകരിക്കുകയുള്ളൂ എന്ന് ദൃഢനിശ്ചയം ചെയ്യുകയും അതിനോട് നീതിപാലിക്കുകയും ചെയ്തു. അവര്‍ക്ക് ശേഷമുള്ള ഇമാമുമാര്‍ ഇവരുടെ പാത പിന്തുടര്‍ന്നു. തങ്ങളുടെ ഗ്രന്ഥങ്ങളില്‍ സ്വഹീഹായ ഹദീഥ് മാത്രം ക്രോഡീകരിച്ചു. അവരില്‍ പ്രമുഖര്‍ ഇമാം ഇബ്‌നു ഖുസൈമ, ഇമാം ഇബ്‌നു ഹിബ്ബാന്‍, ഇമാം ഹാകിം അന്നയ്‌സാബൂരി എന്നിവരാണ്. പക്ഷേ, ഇവരില്‍ ഹദീഥ് സ്വഹീഹാണെന്ന് വിശേഷിപ്പിക്കുന്നതില്‍ അലംഭാവം (തസാഹുല്‍) സംഭവിച്ചിട്ടുണ്ടെന്ന് ഇമാമീങ്ങള്‍ രേഖപ്പെടുത്തുന്നു. ഹാകിം അന്നയ്‌സാബൂരിക്കാണ് ഏറ്റവും കൂടുതല്‍ തസാഹുല്‍ സംഭവിച്ചത്. ഇബ്‌നുഹിബ്ബാനും ഇബ്‌നുഖുസൈമക്കും താരതമ്യേന കുറവും.

രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ ഏറ്റവും ബൃഹത്തായത് ഇമാം മാലികിന്റെ മുവത്വയാണ്.

അല്‍ കുതുബുല്‍ മസാനീദ്

മസാനീദുകള്‍: ഹദീഥ് ഗ്രന്ഥങ്ങളില്‍ മുസ്‌നദുകള്‍ എന്ന് പറയപ്പെടുന്ന ഗ്രന്ഥങ്ങളെ നമുക്ക് കാണാന്‍ സാധിക്കും. രണ്ടര്‍ഥത്തില്‍ മുസ്‌നദ് എന്ന് വിളിക്കപ്പെടുന്നു:

ഒന്ന്. പരമ്പര സ്വഹാബി റസൂലിലേക്ക് ചേര്‍ത്ത് പറഞ്ഞ ഹദീഥുകളെ പണ്ഡിതന്മാര്‍ മുസ്‌നദ് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ബുഖാരിയുടെ അല്‍ ജാമിഉ സ്സ്വഹീഹ് മുസ്‌നദ്, മുസ്‌നദ് ദാരിമി, സ്വഹീഹു ഇബ്‌നു ഖുസൈമ, സ്വഹീഹു ഇബ്‌നു ഹിബ്ബാന്‍ തുടങ്ങിയവ ഉദാഹരണം.

രണ്ട്. സ്വഹാബിമാരുടെ പേരുകളുടെ അടിസ്ഥാനത്തില്‍ ഹദീഥ് ക്രോഡീകരിച്ച ഗ്രന്ഥങ്ങള്‍. മുസ്‌നദ് ഇമാം അഹ്മദ്, മുസ്‌നദ് അബീ യഅ്‌ലാ എന്നിവ പോലുള്ളത്.