മാന്യത കൊടുത്തു മാന്യത വാങ്ങുക

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

2017 ആഗസ്ത് 05 1438 ദുല്‍ക്വഅദ് 12

മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുക എന്നത് മഹത്തായ സ്വഭാവഗുണമാണ്. വാക്കുകള്‍ കൊണ്ടോ പ്രവൃത്തികള്‍ കൊണ്ടോ മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ഒരു മുസ്‌ലിമിന്നു യോജിക്കാത്തതാണ്. ഏശ്‌ല ൃലുെലര േമേസല ൃലുെലര േഎന്നാണല്ലോ മഹദ്വചനം. 'നീ ഇങ്ങോട്ട് വിലമതിച്ചാല്‍ ഞാന്‍ അങ്ങോട്ട് വിലമതിക്കും.'ഇങ്ങോട്ട് ആദരിച്ചില്ലെങ്കിലും ഞാന്‍ അങ്ങോട്ട് ആദരിക്കും. കാരണം എന്റെ വ്യക്തിത്വത്തെയാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത്' എന്നു പറയാന്‍ നമുക്കാവണം. 

ജ്വലിക്കുന്ന സൂര്യന്‍ നിറയെ തീയാണ്. എന്നാല്‍ സൂര്യന്‍ ഭൂമിയിലേക്ക് എത്തിക്കുന്നത് വെളിച്ചവും സൃഷ്ടിജാലങ്ങള്‍ക്കാവശ്യമായ ഊര്‍ജവുമല്ലേ? 

പ്രവാചകരില്‍ നമുക്ക് ഉത്തമ മാതൃകയുണ്ടെന്നാണല്ലോ ക്വുര്‍ആന്‍ പറയുന്നത്. അല്ലാഹു പ്രവാചകന്നു നല്‍കിയ സാക്ഷിപത്രം 'താങ്കള്‍ മഹത്തായ സ്വഭാവത്തിലാകുന്നു' എന്നാണ്. 'ഉത്തമ സ്വഭാവങ്ങളെ പൂര്‍ണതയിലെത്തിക്കാനാണ് ഞാന്‍ നിയുക്തനായത്' എന്നു പ്രവചകന്‍(സ്വ) അരുളിയതും ചേര്‍ത്തു വായിക്കുക. 

പ്രവാചകന്ന് പേര്‍ഷ്യക്കാരനായ ഒരയല്‍വാസി ഉണ്ടായിരുന്നു. ഒരു നല്ല പാചകക്കാരന്‍ കൂടിയായ അദ്ദേഹത്തിന്റെ വീട്ടിലെ ആഹാരത്തിന്റെ നറുമണം പ്രവാചക ഭവനത്തിലും എത്താറുണ്ട്. ഒരിക്കല്‍ നല്ല സ്വാദുള്ള കറിയുണ്ടാക്കി അയാള്‍ നബി(സ്വ)യെ വിരുന്നിനു വിളിച്ചു. 'ക്ഷണം ഇവള്‍ക്കുമുണ്ടോ?' എന്ന് ഭാര്യ ആഇശ(റ)യെ ഉദ്ദേശിച്ച് അയല്‍ക്കാരനോടു ചോദിച്ചു. 'ഇല്ലെ'ന്ന മറുപടി കേട്ടപ്പോള്‍, എന്നാല്‍ ഞാന്‍ വരുന്നില്ല എന്നു പ്രതികരിച്ചു. വീണ്ടും അയല്‍ക്കാരന്‍ ക്ഷണിക്കാന്‍ വന്നപ്പോള്‍ 'ക്ഷണം ആഇശക്കുമുണ്ടോ?' എന്നാവര്‍ത്തിച്ചു. 'ഇല്ലെ'ന്നു മറുപടി കേട്ടപ്പോള്‍ 'എന്നാല്‍ ഞാനില്ലെ'ന്ന് ഉറപ്പിച്ചു പറഞ്ഞു. മൂന്നാം തവണയും വന്നു ക്ഷണിച്ചപ്പോള്‍ ആദ്യത്തെ ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ പേര്‍ഷ്യക്കാരന്റെ മറുപടി 'ഉണ്ട്' എന്നായിരുന്നു. രണ്ടു പേരും പോയി അയല്‍ക്കാരന്റെ വീട്ടില്‍ നിന്ന് ആഹാരം കഴിച്ചു. തന്റെ സുഖത്തില്‍ തന്റെ സഹധര്‍മിണിയും പങ്കാളിയാവണമെന്ന അളവറ്റ താല്‍പര്യമാണ് ഇവിടെ നബി(സ്വ) ഇതിലൂടെ പ്രകടമാക്കിത്. 

ജീവിതവിഭവം പരിമിതമായ വീട്ടില്‍ ഭാര്യയെ തനിച്ചാക്കി സദ്യയുണ്ണാന്‍ പൊകുന്നതിലെ അനൗചിത്യവും അതു ഭാര്യയുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നതും അവിടുന്ന് തിരിച്ചറിഞ്ഞു. ചില കുടുംബ നാഥന്മാരെങ്കിലും തങ്ങളുടെ കുടുംബത്തെ അവരുടെ കഷ്ടാരിഷ്ടതകള്‍ പെറുക്കിത്തിന്നാന്‍ വിട്ട് അങ്ങാടിയില്‍ ചെന്നു ഇലയിടുകയും ആവശ്യത്തിലേറെ അകത്താക്കി വിട്ടിലെത്തുകയും ചെയ്യുന്നവരാണ്. താനനുഭവിക്കുന്നതില്‍ ഒരു പങ്ക് വീട്ടുകാര്‍ക്കും കിട്ടണം എന്ന് വിചരിക്കലല്ലേ മാന്യത?

തന്റെ മുമ്പിലെത്തുന്ന ഒരാഹാരത്തെയും നബി(സ്വ) കുറ്റം പറഞ്ഞിരുന്നില്ല. ഇഷ്ടപ്പെട്ടാല്‍ കഴിക്കും. ഇല്ലെങ്കില്‍ വേണ്ടെന്നു വെക്കും. ഭക്ഷണത്തെയോ പാചകം ചെയ്തവരെയോ കുറ്റം പറയില്ല. മറ്റുള്ളവരുടെ വികാരത്തെ മാനിച്ചു കൊണ്ടാണ് ഇപ്രകാരം ചെയ്യുന്നത്. ഒരിക്കല്‍ ജാബിര്‍ബിന്‍ അബ്ദല്ലയെ(റ) വീട്ടിലേക്കു വിരുന്നൂട്ടാന്‍ വിളിച്ചു കൊണ്ടുവന്ന റസൂല്‍(സ്വ) റൊട്ടിക്കഷ്ണത്തില്‍ ചേര്‍ക്കാന്‍ കറിയില്ലേ എന്നു വീട്ടുകാരോട് ചോദിച്ചു. 'അല്‍പം സുര്‍ക്ക മാത്രമുണ്ടെ'ന്നായിരുന്നു വീട്ടുകാരുടെ മറുപടി. അന്നേഹരം നബി(സ്വ) പറഞ്ഞതിങ്ങനെ: 'സുര്‍ക്ക എത്ര നല്ല കൂട്ടാന്‍!' ഈ സുര്‍ക്ക പ്രശംസയിലൂടെ അവിടുന്ന് ചെയ്തത് വീട്ടുകാരുടെ അഭിമാനം കാക്കുന്ന പ്രവര്‍ത്തനമാണ്. 

ഒരിക്കല്‍ ഒരു സ്വഹാബി തന്റെ മരണപ്പെട്ട പിതാവിന്റെ പാരത്രിക നിലയറിയാന്‍ പ്രവാചകനെ സമീപിച്ചു. 'എന്റെ പിതാവ് സ്വര്‍ഗത്തിലോ അതോ നരകത്തിലോ' എന്നാണയാള്‍ക്ക് അറിയേണ്ടത്. 'നിന്റെ പിതാവ് നരകത്തിലാണു' എന്നു നബി(സ്വ) പ്രതിവചിച്ചു. ഇതുകേട്ട് ദുഖം കടിച്ചിറക്കി മൗനിയായി തലതാഴ്ത്തി ഇറങ്ങിപ്പോയ ആ സഹോദരനെ തിരികെ വിളിച്ചു നബി(സ്വ) പറഞ്ഞു: 'എന്റെ പിതാവും നിന്റെ പിതാവും നരകത്തിലാണ്.' വ്രണിത ഹൃദയനായ ആ സഹോദരന്റെ വികാരം മാനിച്ചുകൊണ്ടാണ് തന്റെ പിതാവിന്റെ പാരത്രിക സ്ഥിതി കൂടി പ്രവാചകന്‍(സ്വ) വെളിപ്പെടുത്തിയത്. 

ഇന്ന് ആളുകള്‍ക്ക് പറയുന്നതിന്നും ചെയ്യുന്നതിന്നും ഒരു നിയന്ത്രണവുമില്ല. അഭിപ്രായ സ്വാതന്ത്ര്യമെന്ന തലപ്പാവണിഞ്ഞാല്‍ പിന്നെയെന്തും വിളിച്ചു പറയാം. അതിന് സാമൂഹ്യ മാധ്യമങ്ങള്‍ എന്ന ഇടങ്ങളുമുണ്ട്. അതിലൂടെ അവമതിക്കപ്പെടുന്നത് വ്യക്തികളോ കുടുംബങ്ങളോ പ്രസ്ഥാനങ്ങളോ ആയേക്കാം. ഇവര്‍ക്ക് അതൊന്നും ഒരു വിഷയമേ അല്ല. 

എന്നാല്‍ മനുഷ്യത്വത്തിന്റെ മഹിതമായ സംസ്‌കാരം പഠിപ്പിക്കുന്ന ഇസ്‌ലാം നമുക്കു പകര്‍ന്നു തരുന്നത് ഇതല്ല. 'കൂടെയുള്ള മൂന്നാമനെ ഒഴിച്ച് നിര്‍ത്തി രണ്ടുപേര്‍ സ്വകാര്യം പറയരുതെ'ന്ന് ഇസ്‌ലാം വിലക്കി. അത് മൂന്നാമനെ വ്യസനിപ്പിക്കും. അവന്റെ അഭിമാനത്തെ വ്രണപ്പെടുത്തും.  

പ്രവാചകന്റെ(സ്വ) കാലത്ത് നടന്ന തബുക്ക് യുദ്ധത്തില്‍ മതിയായ കാരണങ്ങള്‍ കൂടാതെ പങ്കെടുക്കാതിരുന്ന മൂന്ന് സഹാബികള്‍ക്കെതിരെ അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം ബന്ധവിഛേദനവും നിസ്സഹകരണവും പ്രഖ്യാപിച്ചിരുന്നു. അതിലൊളായിരുന്നു കഅബ് ബിന്‍ മാലിക് (റ). ദിവസങ്ങള്‍ക്കു ശേഷം അല്ലാഹു അദ്ദേഹത്തിന്റെ തൗബ സ്വീകരിച്ചു എന്ന അറിയിപ്പു വന്നപ്പോള്‍ ആഹ്ലാദഭരിതനായി അദ്ദേഹം മസ്ജിദുന്നബവിയിലേക്കു കയറിച്ചെന്നു. കഅബ് കടന്നുവരുന്നതു കണ്ട മാത്രയില്‍ ത്വല്‍ഹ (റ) ഓടിച്ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു സ്വാഗതം ചെയ്തു. 'ഞാനൊരിക്കലും ത്വല്‍ഹയുടെ ആ ആലിംഗനത്തെ മറക്കുകയില്ല' എന്ന് കഅബ് പിന്നീട് പറയാറുണ്ടായിരുന്നു. വേദനപ്പെട്ട മനസ്സിന് അല്ലാഹു ആശ്വാസം നല്‍കിയപ്പോള്‍ അദ്ദേഹത്തിന് ആത്മവിശ്വാസം പകര്‍ന്ന് ഓടിയെത്തിയ ത്വല്‍ഹയുടെ സമീപനം കഅബിന്റെ മനസ്സില്‍ മറക്കാനാവാത്ത അനുഭവമായി മുദ്രണം ചെയ്യപ്പെട്ടു. 

 'മാന്യത കൊടുത്ത് മാന്യത വാങ്ങുക' എന്നതായിരിക്കട്ടെ നമ്മുടെയും സ്വഭാവം.