പാക്കിസ്ഥാനിയായ മോഷ്ടാവും ശൈഖ് ഇബ്‌നുബാസും

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

2017 ആഗസ്ത് 19 1438 ദുല്‍ക്വഅദ് 26

അയാള്‍ തന്നെ തുടങ്ങട്ടെ: ''ഞാന്‍ പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ത്വാഇഫിലെ ഒരു വ്യവസായ ശാലയില്‍ പാറാവുകാരനായി ജോലിയെടുത്തു വരികയായിരുന്നു. അതിനിടയില്‍ ഒരു സങ്കടവാര്‍ത്ത കടല്‍ കടന്നെത്തി. എന്റെ മാതാവിന് ഗുരുതരമായ രോഗം ബാധിച്ചിരിക്കുന്നു. കിഡ്‌നി മാറ്റിവെക്കുന്ന ഓപ്പറേഷന്‍ നടത്തണം. കിട്ടിയ വിവരമനുസരിച്ച് 7000 സൗദി രിയാലിന്നു തുല്യമായ സംഖ്യ വേണം. കയ്യിലുള്ളതാകട്ടെ അരമുറുക്കി സ്വരൂപിച്ച 1000 രിയാല്‍ മാത്രം. പലരോടും കടം ചോദിച്ചു. കിട്ടിയില്ല. ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് ലോണ്‍ ആവശ്യപ്പെട്ട് നോക്കി. അവര്‍ നിരസിച്ചു. 

മാതാവിന്റെ രോഗം ദിനം പ്രതി കൂടിവരുന്നതായും ഒരാഴ്ചക്കുള്ളില്‍ ഓപറേഷന്‍ നടന്നില്ലെങ്കില്‍ ജീവന്‍ നിലനിര്‍ത്തുക പ്രയാസമായിരിക്കുമെന്നും നാട്ടില്‍ നിന്നുള്ള മുന്നറിയിപ്പെത്തി. എന്ത് ചെയ്യും? തന്നെ ഊണും ഉറക്കവുമൊഴിച്ചു വളര്‍ത്തി വലുതാക്കിയ ഉമ്മയുടെ രോഗം... ചികില്‍സിക്കാന്‍ പണമില്ലാത്തതിന്റെ വിഷമം... മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുപോകുന്ന അവസ്ഥ. ആ ദിവസം മുഴുവന്‍ കരഞ്ഞു തീര്‍ത്തു. ഒടുവില്‍ ആ സാഹസത്തിന്നു തയ്യാറായി. 

ഭവനഭേദനം! രാത്രി രണ്ടു മണിയായിക്കാണും. ജോലിസ്ഥലത്തിനടുത്തുള്ള ഒരു വീടിന്റെ മതില്‍ചാടി അകത്തെത്തി. മുന്‍പരിചയമില്ലാത്ത ഒരു വേലയുടെ തത്രപ്പാടുണ്ടാക്കിയ ശബ്ദം വീട്ടുകാരെ ഉണര്‍ത്തി! കൂട്ടബഹളത്തിന്നിടയില്‍ കുതിച്ചെത്തിയ പോലീസുകാര്‍ വാരിയെടുത്ത് അവരുടെ വാഹനത്തിലേക്കെറിഞ്ഞ് കുതിച്ചോടി. എന്റെ കണ്ണില്‍ ഇരുട്ട് പടര്‍ന്നു. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ, നേരം പുലരുന്നതിന്നു മുമ്പു തന്നെ മോഷണത്തിന്നു ചാടിയിറങ്ങിയ അതേ വീട്ടിലേക്കു പോലീസുകാര്‍ തിരികെ കൊണ്ടുവന്നു. ആ വീട്ടിലെ മജ്‌ലിസിലേക്ക് എന്നെ കയറ്റിയിരുത്തി പോലീസുകാര്‍ തിരിച്ച് പോയി. അല്‍പ സമയത്തിന്നുള്ളില്‍ ഒരു ചെറുപ്പക്കാരന്‍ ആഹാരവുമയിട്ടെത്തിയിട്ട് പറഞ്ഞു: 'ബിസ്മി ചൊല്ലി കഴിക്കൂ.' നടക്കുന്നതൊന്നും എനിക്കു വിശ്വസിക്കാനായില്ല. സുബ്ഹി ബാങ്കു കൊടുത്തപ്പോള്‍ അവരെന്നോട്  വുദൂഅ് എടുത്തു നമസ്‌കാരത്തിന്ന് തയ്യാറാവാന്‍ പറഞ്ഞു. ഞാന്‍ ആ സമയം ചകിതനായി എന്റെ നിലയോര്‍ത്ത് തലതാഴ്ത്തിയിരിക്കുകയായിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ഒരു വയോധികനെ ഒരു യുവാവു കൈപിടിച്ചു ആ സദസ്സിലേക്കു കൊണ്ടു വന്നു. അദ്ദേഹം 'ബിശ്ത്' (ദിശ്ദാശക്കു മുകൡലിടുന്ന ആചാര വസ്ത്രം) ധരിച്ചിട്ടുണ്ട്. എന്റെ അടുത്ത് വന്ന് കൈ പിടിച്ച് സലാം ചൊല്ലി. ഭക്ഷണം കഴിച്ചില്ലേ എന്നു ചോദിച്ചു. അതെ എന്ന് ഞാന്‍ മറുപടി പറഞ്ഞു. എന്റെ വലതു കൈ പിടിച്ചു അദ്ദേഹം പള്ളിയിലേക്കു നടന്നു. ഞങ്ങള്‍ സുബ്ഹ് നമസ്‌കരിച്ചു. പന്നീട് മസ്ജിദിന്റെ മുന്‍ഭാഗത്തായി ഒരുക്കിവെച്ച കസേരയില്‍ അദ്ദേഹം ഇരുപ്പുറപ്പിച്ചു. നമസ്‌കാരത്തിനെത്തിയവരടക്കം ധാരാളം പേര്‍ ആ കസേരക്കു ചുറ്റും ആ വയോധികന്റെ സംസാരം കേള്‍ക്കാന്‍ കാതോര്‍ത്തു. ലജ്ജകൊണ്ടും ആശങ്കകൊണ്ടും ഞാന്‍ തലയില്‍ കൈ വെച്ചു പോയി! അല്ലാഹുവേ, എന്തു വിഡ്ഢിത്തമാണു ഞാന്‍ ചെയ്തത്? ഞാന്‍ കളവു നടത്താന്‍ കയറിച്ചെന്നതു ശൈഖ് ഇബ്‌നു ബാസിന്റെ വീട്ടിലേക്കോ? അദ്ദേഹത്തെ പേരുകൊണ്ട് അറിയാം.  ഞങ്ങളുടെ നാടായ പാക്കിസ്ഥാനില്‍ അദ്ദേഹം പ്രസിദ്ധനാണ്. 

ക്ലാസ്സ് കഴിഞ്ഞപ്പോള്‍ വീണ്ടും അവരെന്നെ ശൈഖിന്റെ വീട്ടിലേക്കു തന്നെ കൂട്ടിക്കൊണ്ടു പോയി. ശൈഖ് എന്റെ കൈപിടിച്ചിരുത്തി. നിരവധി ചെറുപ്പക്കാരോടൊപ്പം ഞങ്ങള്‍ പ്രഭാത ഭക്ഷണം കഴിച്ചു. ശൈഖ് എന്നെ അദ്ദേഹത്തിന്റെ അരികിലേക്ക് അടുപ്പിച്ചിരുത്തി. ആഹാരം കഴിക്കുന്നതിന്നിടയില്‍ ചോദിച്ചു: 'പേരെന്താ?' 'മുര്‍ത്തദാ!' 'എന്തിനാണു മോഷ്ടിക്കാന്‍ തുനിഞ്ഞത്?' അപ്പോള്‍ ഞാന്‍ എന്റെ കഥയുടെ ചുരുളുകള്‍ നിവര്‍ത്തി. കഥ കേട്ടുകഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: 'നിനക്ക് ഞാന്‍ 9000 രിയാല്‍ തരാം.' 'അത്രയും വേണ്ട. എനിക്ക് 7000 രിയാലിന്റെ ആവശ്യമേ ഉള്ളൂ.' 'അതാവട്ടെ, ബാക്കി നിന്റെ ചെലവിന്നുമെടുക്കുക. പക്ഷേ, ഒരു കാര്യം; മേലാല്‍ മോഷണത്തിന് മുതിരരുത്.' ഞാന്‍ പണം വാങ്ങി അദ്ദേഹത്തിന്നു നന്ദി പറഞ്ഞു പാക്കിസ്താനിലേക്കു പറന്നു. മാതാവിന്റെ ഓപറേഷന്‍ നടന്നു. അവര്‍ അല്ലാഹുവിന്റെ തുണയാല്‍ സുഖം പ്രാപിച്ചു. അഞ്ച് മാസങ്ങള്‍ക്കു ശേഷം ഞാന്‍ സൗദിയില്‍ തിരികെയെത്തി. ശൈഖ് അപ്പോള്‍ രിയാദിലാണെന്നറിഞ്ഞപ്പോള്‍ അങ്ങോട്ട് അദ്ദേഹത്തെ തിരക്കിച്ചെന്നു. അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ഞാന്‍ സ്വയം പരിചയപ്പെടുത്തി.  അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു. ഉമ്മയുടെ രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ബാക്കിയുണ്ടായിരുന്ന 1500 രിയാല്‍ തിരികെ കൊടുത്താപ്പോള്‍ അതു നിന്റെ ആവശ്യത്തിന്നു തന്നെ ഉപയോഗിക്കുക എന്നു പറഞ്ഞു വാങ്ങാന്‍ വിസമ്മതിച്ചു. 

'ശൈഖ്! എനിക്കു താങ്കളോട് ഒരു വിനീതമായ അപേക്ഷയുണ്ട്..' ഞാന്‍ പറഞ്ഞു. 'അതെന്താ കുട്ടീ?' അദ്ദേഹം ആകാംക്ഷയോടെ ചോദിച്ചു. 'എനിക്ക് താങ്കളുടെ ഭൃത്യനായി താങ്കളൊടൊത്തു കഴിയണം. എന്റെ ഈ വിനീതമായ അപേക്ഷ തള്ളരുത്.' നല്ലത് എന്ന് പറഞ്ഞ് അദ്ദേഹം എന്റെ ആവശ്യം അംഗീകരിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ മരണം വരെ ആദ്ദേഹത്തിന്നു സേവനം ചെയ്ത് കഴിയാന്‍ എനിക്കു സൗഭാഗ്യമുണ്ടായി. 

ശൈഖിനോട് അടുപ്പമുണ്ടായിരുന്ന ഒരൂ യുവാവ് എന്റെ കഥയുടെ ചില അനുബന്ധങ്ങള്‍ പിന്നീട് എന്നോട്  പറയുകയുണ്ടായി: ''അന്ന് മോഷണത്തിന്നായി താങ്കള്‍ മതില്‍ ചാടിയ നേരത്ത് ശൈഖ് രാത്രി നമസ്‌കാരം നിര്‍വഹിക്കുകയായിരുന്നു. വീടിന്റെ പരിസരത്ത് അസാധാരണ ശബ്ദം കേട്ടപ്പോള്‍ അദ്ദേഹം ബെല്‍ അമര്‍ത്തി. സാധാരണ എല്ലാ ദിവസവും നമസ്‌കാരങ്ങള്‍ക്കായി വീട്ടുകാരെ വിളിച്ചുണര്‍ത്താന്‍ അദ്ദേഹം ഉപയോഗിക്കുന്ന ബെല്ലായിരുന്നു അത്. അസമയത്ത് ബെല്ലു കേട്ട് എല്ലാവരും ഉറക്കമുണര്‍ന്നു. അദ്ദേഹം ശബ്ദം കേട്ടകാര്യം പറഞ്ഞപ്പോള്‍ കാവല്‍ക്കാരിലൊരാള്‍ പോലീസിനെ വിളിച്ചു വരുത്തി. അവര്‍ താങ്കളെ പിടികൂടി. അത് ശൈഖ് അറിഞ്ഞു. മോഷ്ടിക്കാന്‍ വന്നവനെ പൊലീസ് കൊണ്ടുപോയി എന്നറിഞ്ഞപ്പോള്‍ അദ്ദേഹം കുപിതനായി. 'പറ്റില്ല... പറ്റില്ല.... പൊലീസിനെ വിളിക്കൂ. അയാളെ തിരികെ കൊണ്ടു വരട്ടെ. എന്തെങ്കിലും അത്യാവശ്യമുള്ളതു കൊണ്ടായിരിക്കണം അയാള്‍ അതിന്നു മുതിര്‍ന്നത്' എന്ന് ശഠിച്ചു. അതുകൊണ്ടാണ് താനും മാതാവും രക്ഷപ്പെട്ടത്.''

ഇത് പറയുമ്പോള്‍ ആ പാക്കിസ്ഥാന്‍ സ്വദേശിയുടെ കണ്ണകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ജീവിത വിശുദ്ധി കാത്തുസൂക്ഷിച്ച് ജീവിച്ച അന്ധനായിരുന്ന ആ മഹാപണ്ഡിതന്‍ ഇസ്‌ലാമിനു വേണ്ടി ചെയ്ത സേവനങ്ങള്‍ ചെറുതല്ല. അല്ലാഹു അദ്ദേഹത്തിന്റെ ക്വബ്‌റിനെ പ്രകാശപൂരിതമാക്കി കൊടുക്കുമാറാകട്ടെ.