ഹജ്ജും ചില വികല വിശ്വാസങ്ങളും

അബ്ദുല്‍ മാലിക് സലഫി

2017 ആഗസ്ത് 26 1438 ⁠⁠ദുൽഹിജ്ജ 04

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തേതാണ് ഹജ്ജ് കര്‍മം. കഴിവുള്ളവന്‍ ജീവിതത്തിലൊരിക്കല്‍ നിര്‍വഹിക്കേണ്ട ഈ ആരാധനാകര്‍മത്തിന്റെ പുണ്യം ചെറുതല്ല. നവജാത ശിശുവിനെ പോലെ പാപരഹിതനായി മാറുവാന്‍ സാധിക്കുന്ന കര്‍മം! ക്വുര്‍ആനില്‍ 'ഹജ്ജ്' എന്ന നാമത്തില്‍ ഒരധ്യായം തന്നെ കാണാം. ഈ ഹജ്ജ് കര്‍മവുമായി ബന്ധപ്പെട്ട് നിരവധി വികല വിശ്വാസങ്ങള്‍ സമൂഹത്തിലുണ്ട്. അത്തരം ചില വികല വിശ്വാസങ്ങളെ വിശകലനം ചെയ്യാനാണിവിടെ ഉദ്ദേശിക്കുന്നത്.  

ഹജ്ജ് ആഗോള ഉറൂസോ?

മഹാന്മാരുടെ മക്വ്ബറകള്‍ കെട്ടിയുയര്‍ത്തി അവിടെ ആഘോഷങ്ങള്‍ വര്‍ഷാവര്‍ഷം നടത്തി, ദീനിനെ വ്യവസായവത്കരിച്ച ചിലര്‍ കേരളത്തിലും മറ്റുമുണ്ട്. തങ്ങളുടെ ഇത്തരം വിശ്വാസാചാരങ്ങള്‍ക്ക് പ്രമാണങ്ങളില്‍ യാതൊരു തെളിവും കാണാതിരുന്നപ്പോള്‍ പൗരോഹിത്യം കണ്ടെത്തിയ പുതിയ തെളിവാണ് ''ഉറൂസ് എന്നത് ലോകത്ത് എല്ലായിടത്തും നടത്തപ്പെടുന്നുണ്ട്. ഹജ്ജ് തന്നെ ഒരു ആഗോള ഉറൂസാണ്'' എന്നത്! ഹജ്ജ് വര്‍ഷാവര്‍ഷം നടന്നു വരുന്നു. അതുപോലെയാണ് ഉറൂസുകളും! രണ്ടും ഒരുപോലെയാണ്! ഇതാണ് പുതിയ വ്യാഖ്യാനം! വല്ലാത്ത തെളിവു തന്നെ. ഹജ്ജിന്റെ തെളിവുകള്‍ ക്വുര്‍ആനിലും സുന്നത്തിലും നിറഞ്ഞുകിടക്കുന്നുണ്ട്. എന്നാല്‍ ഉറൂസിന്റെതോ? എവിടെയുമില്ല! പ്രവാചകനോ സ്വഹാബത്തിനോ പരിചിതമല്ലാത്ത ഈ ശിര്‍ക്കന്‍ ആചാരത്തെ തൗഹീദിന്റെ ശബ്ദത്തെ വാനിലുയര്‍ത്തുന്ന ഹജ്ജുമായി കൂട്ടിക്കെട്ടുന്നത് തികഞ്ഞ അപരാധമാണ്.

ഹജ്ജില്‍ ഇസ്തിഗാസ!

പ്രാര്‍ഥന അല്ലാഹുവോടു മാത്രം എന്ന തൗഹീദിന്റെ വിളംബരമാണ് ഹജ്ജ് കര്‍മങ്ങളിലുടനീളമുള്ളത്. ഇതിന് ഇസ്തിഗാസയുടെ പേരില്‍ ശിര്‍ക്കിന്റെ ചായം പൂശാനാണ് മുസ്‌ല്യാക്കന്മാര്‍ ഇന്ന് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു മുസ്‌ല്യാരുടെ വാക്കുകള്‍ കാണുക: ''ഹജറുല്‍ അസ്‌വദ് അനേകായിരം അമ്പിയാക്കളുടെയും ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും സ്പര്‍ശനം ഏറ്റിട്ടുള്ള പുണ്യഫലകമാണ്. അവരോടുള്ള ബന്ധം സ്ഥാപിക്കാനും അവരുടെ ബര്‍ക്കത്തിനും വേണ്ടി അതിനെ ചുംബിക്കുന്നു'' (നിസ്‌കാരവും ഹജ്ജും സുന്നികള്‍ക്ക് മാത്രം. ഇ.കെ.ഹസന്‍ മുസ്‌ല്യാര്‍. പേജ് 64). 

മഹാന്മാരുടെ ബര്‍ക്കത്തിന് വേണ്ടിയാണ് പോലും ഹജറുല്‍ അസ്‌വദിനെ മുത്തുന്നത്! ഹജറുല്‍ അസ്‌വദിനെ മുത്താന്‍ പഠിപ്പിച്ച പ്രവാചകന്‍(സ്വ) ഇങ്ങനെയൊരു കാര്യം പഠിപ്പിച്ചിട്ടില്ല. സ്വര്‍ഗത്തില്‍നിന്നു കൊണ്ടുവരപ്പെട്ട കല്ലാണ് എന്നതും നബി(സ്വ) അതിനെ ചുംബിച്ചിട്ടുണ്ട് എന്നതുമാണ് അതിന്റെ പ്രത്യേകത. അതിന് യാതൊരു ദൈവികതയുമില്ല. അതിനെ മുത്തുന്നത് മഹാന്മാരുടെ ബര്‍കത്തെടുക്കാനുമല്ല.

വീണ്ടും എഴുതുന്നു: ''കഅ്ബാ ശരീഫ് പുനര്‍നിര്‍മാണം നടത്തിയ ഇബ്‌റാഹീം നബി(അ)യെ കഅ്ബ ത്വവാഫ് ചെയ്തു. റബ്ബിനോടടുക്കുന്നവര്‍ സ്മരിക്കുവാനും അവിടുത്തെ കാലടി വെച്ച സ്ഥലത്തിന്റെ ബര്‍ക്കത്തെടുക്കാനും ഇങ്ങനെ ഒരു നിസ്‌കാരം നിശ്ചയിക്കപ്പെട്ടു'' (അതേപുസ്തകം, പേജ്: 65). 

നോക്കൂ! ഇബ്‌റാഹീം നബി(അ)യുടെ കാലടിയുടെ ബര്‍കെത്തടുക്കാനാണ് മക്വാമു ഇബ്‌റാഹീമിലെ നമസ്‌കാരമെന്ന് ഇവരെ ആരാണ് പഠിപ്പിച്ചത്? ദീന്‍ പഠിപ്പിക്കാന്‍ അല്ലാഹു നിയോഗിച്ച പ്രവാചകന്‍(സ്വ) അതു പഠിപ്പിച്ചില്ല. സ്വഹാബത്തും അങ്ങനെ വിശ്വസിച്ചിട്ടില്ല. 


കഅ്ബയും ഇടതേട്ടവും

ഇ.കെ.ഹസന്‍ മുസ്‌ലിയാര്‍ എഴുതുന്നു: ''കഅ്ബയിലേക്ക് തിരിഞ്ഞു നിന്ന് തക്ബീര്‍ ചൊല്ലുകയും ഉടനെ തന്നെ മേല്‍പറഞ്ഞതു പ്രകാരം പറയുകയും ചെയ്യുന്നത് അല്ലാഹു കഅ്ബയിലുണ്ടെന്ന് കരുതിയാണോ? അല്ല! അല്ലാഹു കഅ്ബയുടെ ഉള്ളിലല്ലെങ്കില്‍ പിന്നെന്തിനാണ് അങ്ങോട്ട് തിരിയുന്നത്? അത് മറ്റൊന്നിനുമല്ല, അല്ലാഹുവിനു ചെയ്യുന്ന നിസ്‌കാരമായ ആരാധന നബി(സ്വ)യുടെ തൃപ്തിയും പൊരുത്തവും സമ്പാദിച്ചു കൊണ്ടാവാനും നബിയെ കൊണ്ടുള്ള ഇടതേട്ടത്തിലൂടെ ആയിരിക്കാനും വേണ്ടിയാണ്'' (അതേപുസ്തകം, പേജ് 32).

പടിഞ്ഞാറോട്ട് തിരിയുന്നത് അമ്പിയാക്കളുടെ പൊരുത്തം നേടാനത്രെ! അല്ലാഹു അല്ലാത്ത ഒരാളുടെ പൊരുത്തം ആഗ്രഹിച്ച് ചെയ്യുന്ന ആരാധന നിഷ്ഫലമാണ്. അത് ശിര്‍ക്കാണ്. പ്രമാണങ്ങള്‍ ആവര്‍ത്തിച്ച് പഠിപ്പിച്ച തത്ത്വത്തിന് എതിരായ സംഗതിയുമാണ്. ആരാധനകള്‍ സ്രഷ്ടാവില്‍നിന്ന് സൃഷ്ടികളിലേക്ക് തിരിച്ചുവിടാന്‍ ഗവേഷണം നടത്തുന്നവര്‍ വിശ്വാസികളെ എങ്ങോട്ടാണ് നയിക്കുന്നത്?

അലീ ശരീഅത്തിയുടെ ഹജ്ജ്

ശിഈ ചിന്തകളെ ബൗദ്ധികമായി സമൂഹത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് അലി ശരീഅത്തി. ശീഇസത്തോട് ഒട്ടിനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അയാളുടെ ലേഖനങ്ങളും കൃതികളും വലിയ സംഗതിയാണ്. മലയാളത്തിലേക്ക് അത്തരം ചില കൃതികള്‍ പരിഭാഷപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. അത്തരം വിവര്‍ത്തകര്‍ ഇന്ന് ശീഇസം കേരളത്തില്‍ വിരിയിച്ചെടുക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലുമാണ്. 

'ഹജ്ജ്' എന്ന പേരില്‍ അലി ശരീഅത്തിക്കൊരു കൃതിയുണ്ട്. ശീഇകള്‍ എങ്ങനെയാണ് ഹജ്ജിനെ വിലയിരുത്തുന്നത് എന്ന് ആ കൃതി വായിച്ചാല്‍ വ്യക്തമാകും. അതിലെ 'നിങ്ങളുടെ ഇസ്മാഈലിനെ ബലിയറുക്കുക' എന്ന ഒരു അധ്യായം ജമാഅത്തുകാര്‍ 'പ്രബോധന'ത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശരീഅത്തി ഇസ്‌ലാമിസ്റ്റുകള്‍ക്ക് ആവേശ നായകനാണല്ലോ. പ്രസ്തുത ലേഖനത്തിലെ ചിലരികള്‍ കാണുക: ''അപ്പോഴാണ് കല്‍പന വരുന്നത്. ഇബ്‌റാഹീം, താങ്കള്‍ താങ്കളുടെ മകന്റെ കഴുത്തിന് കത്തിവെക്കുക. സ്വന്തം കരങ്ങള്‍ കൊണ്ട് അവനെ ബലിയറുക്കുക. ഈ കല്‍പന വന്നപ്പോള്‍ ഇബ്‌റാഹീമിനുണ്ടായ നടുക്കം എങ്ങനെ വിവരിക്കാനാവും? ദൃക്‌സാക്ഷികളായി നാം അവിടെ ഉണ്ടായിരുന്നാല്‍ പോലും അത് സാധ്യമല്ല. ദൈവത്തിന്റെ വിനയാന്വിതനായ ദാസനും ചരിത്രത്തിലെ ഏറ്റവും മഹാനായ വിപ്ലവകാരിയുമായ ഇബ്‌റാഹീം പൊട്ടിക്കരയാന്‍ തുടങ്ങി. കല്‍പനകേട്ട് അദ്ദേഹം ഞെട്ടിത്തരിച്ചു! ഒരു പ്രവാചകന്‍ എന്ന നിലയില്‍ താങ്കള്‍ പരിപൂര്‍ണതയുടെ ഉച്ചിയിലെത്തി. എന്നാല്‍ അനുസരണത്തില്‍ താങ്കളിനിയും പരിപൂര്‍ണത നേടിയിട്ടില്ല. പിശാചും അല്ലാഹുവും തമ്മിലുള്ള സംഘട്ടനത്തില്‍ ഇബ്‌റാഹീം പരാജയപ്പെട്ടു... രണ്ടാം പ്രാവശ്യവും പരാജയപ്പെട്ടു... പക്ഷേ, എന്തൊരു നാശം പിടിച്ച കത്തി. കഴുത്ത് മുറിയുന്നില്ല. കോപത്തോടെ ഇബ്‌റാഹീം കത്തിയെറിഞ്ഞു... ദൈവത്തെ സമീപിക്കുവാനായി നിങ്ങള്‍ സ്വന്തം ഇസ്മാഈലിനെ ബലിയര്‍പിക്കണം. പകരം കൊറ്റനാടിനെ നിങ്ങള്‍ തന്നെ തെരഞ്ഞെടുക്കരുത്. അത് സര്‍വശക്തന്‍ ചെയ്തു തരേണ്ടതാണ്. ഇസ്മാഈലിനു പകരം ഒരു ആടിനെ അറുക്കുന്നത് ബലിയാണ്. ബലിക്ക് വേണ്ടി മാത്രം ആടിനെ അറുക്കുന്നത് കശാപ്പും'' (പ്രബോധനം, 1987 ആഗസ്റ്റ് 1). 

പ്രവാചകന്മാരെ കുറിച്ച് ഏറെ വികല വിശ്വാസങ്ങള്‍ നിറഞ്ഞ ഈ ലേഖനം കൈരളിക്ക് 'സമ്മാനിച്ചതിന്റെ' ക്രെഡിറ്റ് ജമാഅത്തുകാര്‍ക്കുതന്നെ! ഇബ്‌റാഹീം നബി(അ) പതറി എന്നും പിശാചിനോട് തോറ്റു എന്നുമൊക്കെ ശിയാക്കള്‍ക്കല്ലാതെ പറയാനാവില്ല; പിന്നെ അവരുടെ പാതയില്‍ സഞ്ചരിക്കുന്നവര്‍ക്കും! ഇസ്‌ലാമിക വിശ്വാസങ്ങളുടെ കടക്കല്‍ കത്തിവെക്കുന്നതാണ് ഈ ലേഖനം എന്നതില്‍ സംശയമില്ല.

ഹജ്ജും ചേകന്നൂരിസവും

ഇസ്‌ലാമിനെ അടിമുടി മാറ്റിയെഴുതാന്‍ ശ്രമിച്ച വ്യക്തിയാണ് ചേകനൂര്‍ മൗലവി. മോഡേണിസത്തിന്റെ വിഷവിത്തുകള്‍ തലയിലേറ്റി ഇസ്‌ലാമിന്റെ കുപ്പായമിട്ട് കേരളത്തില്‍ പ്രവര്‍ത്തിച്ച അയാള്‍ എഴുതിയ ഒരു കൃതിയുടെ പേര് 'ക്വുര്‍ആനില്‍ ഹജ്ജിനുള്ള സ്ഥാനവും രൂപവും' എന്നാണ്. അതിന്റെ പുറം ചട്ടയിലെ ചില വരികള്‍ ഇങ്ങനെയാണ്: ''അഞ്ച് ഇസ്‌ലാം കാര്യങ്ങളില്‍ ഹജ്ജ് പെടുകയില്ല. ക്വുര്‍ആനില്‍ പത്താമത്തെ ഇസ്‌ലാം കാര്യമാണ് ഹജ്ജ്. അതേറ്റവും പുണ്യം കുറഞ്ഞതുമാണ്. ഹജ്ജ് മൂലം വിജയമുണ്ടെന്നോ സ്വര്‍ഗമുണ്ടെന്നോ പാപം പൊറുക്കപ്പെടുമെന്നോ ക്വുര്‍ആനിലെവിടെയുമില്ല. മക്കാനിവാസികളുടെ ജീവിത നിലനില്‍പും നിരര്‍ഥകരുടെ വ്യാപാരനേട്ടവുമാണ് ഹജ്ജിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഹജ്ജിലെ ഓട്ടം, ചാട്ടം, അര്‍ധ നഗ്നത, കല്ല് ചുംബിക്കല്‍, കല്ലെറിയല്‍ എന്നിവ ക്വുര്‍ആന്‍ വിരുദ്ധമായ ജാഹിലീ ആചാരങ്ങള്‍. നാട്ടിലെ അവശത തീര്‍ക്കാതെ ഹജ്ജിന് പോകാന്‍ പാടുള്ളതല്ല! സകാത്ത് നല്‍കാതെ ഹജ്ജ് ചെയ്യുന്നത് വന്‍കുറ്റമാണെന്ന് വിശുദ്ധ ക്വുര്‍ആന്‍ കൊണ്ട് തെളിയുന്നു'' (ക്വുര്‍ആനില്‍ ഹജ്ജിനുള്ള സ്ഥാനവും രൂപവും. മൗലവി ചേകനൂര്‍).

മോഡേണിസം എങ്ങനെയാണ് ഇസ്‌ലാമിലെ ആരാധനകളെ കശാപ്പ് ചെയ്യുന്നത് എന്നതിന്റെ നേര്‍ചിത്രമാണ് നാം വായിച്ചത് ഇസ്‌ലാമിലെ ഹജ്ജും ചേകന്നൂരികളുടെ ഹജ്ജും തമ്മില്‍ എത്രമാത്രം ബന്ധമുണ്ടെന്ന് ഇതിലൂടെ ബോധ്യമായല്ലോ.

സംസം വെള്ളത്തിനു പുണ്യമില്ലെന്നോ?

സംസം വെള്ളം സാധാരണ വെള്ളമാണെന്നും അതിന് യാതൊരു പ്രത്യേകതയുമില്ലെന്നും കേരളത്തില്‍ ആദ്യം പ്രചരിപ്പിച്ചത് ചേകനൂര്‍ മൗലവി ആയിരുന്നു. എന്നാല്‍ പിന്നീട് ആ ശബ്ദം ഏറ്റുപാടാന്‍ മുജാഹിദ് പ്രസ്ഥാനത്തിലെ ചില 'ആധുനികന്മാര്‍' രംഗത്തുവന്ന കാഴ്ചയാണ് നാം കണ്ടത്. സംസം രോഗശമനിയല്ല, മഴവെള്ളം പോലെ ഒരു വെള്ളം എന്നൊക്കെയാണവരുടെ പുത്തന്‍ വാദങ്ങള്‍. എന്നാല്‍ ഏറെ പുണ്യം നിറഞ്ഞ വെള്ളമാണ് സംസം എന്നത് പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടതാണ്. ചില ഹദീഥുകള്‍ പരിശോധിക്കാം: 

മിഅ്‌റാജിനുമുമ്പ് നബി(സ്വ)യുടെ ഹൃദയം കഴുകിയത് സംസം വെള്ളം കൊണ്ടായിരുന്നു (ബുഖാരി: 349). സംസം വെള്ളം കുടിപ്പിക്കുന്നതിനെ സ്വാലിഹായ പ്രവര്‍ത്തനം എന്ന് നബി(സ്വ) വിശേഷിപ്പിച്ചു (ബുഖാരി: 1637). സംസം തടഞ്ഞുവെക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ അതൊരു ഒഴുകുന്ന അരുവിയാകുമായിരുന്നുവെന്ന് നബി(സ്വ) പറഞ്ഞു (ബുഖാരി: 2368). പനിക്കുന്നവനെ സംസം കൊണ്ട് തണുപ്പിക്കാന്‍ നബി(സ്വ) പറഞ്ഞു (ബുഖാരി: 3216). നബി(സ്വ) സംസം കൊണ്ടുപോകാറുണ്ടായിരുന്നു. ആയിശ(റ)യും അപ്രകാരം പ്രവര്‍ത്തിച്ചിരുന്നു. (തിര്‍മിദി: 963) സംസം എന്തിനുവേണ്ടി കുടിക്കപ്പെടുന്നുവോ അതിനുവേണ്ടിയുള്ളതാണ് എന്ന് നബി(സ്വ) പറഞ്ഞു  (ഇബ്‌നുമാജ: 3062, അഹ്മദ്: 14849). ഇബ്‌നു അബ്ബാസ്(റ) നബി(സ്വ) ക്ക് സംസം വെള്ളം കുടിക്കാന്‍ നല്‍കി (ഇബ്‌നുമാജ: 3422). ത്വവാഫിനുശേഷം നബി(സ്വ) സംസം കുടിച്ചു, കുറച്ച് തലയിലൂടെ ഒഴിച്ചു (അഹ്മദ്: 15243). 

ഇതെല്ലാം പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടുവന്നതാണ്. എന്നിട്ടും സംസം സാധാരണ വെള്ളമാണെന്ന് പറയുന്നവരുടെ ലക്ഷ്യമെന്താണ്?  

''സംസം വെള്ളം അനുഗൃഹീതമായ വെള്ളമാണ്, അത് വിശപ്പിന് ഭക്ഷണമാണ് എന്ന് നബി(സ്വ) പറഞ്ഞതു മാത്രമാണ് സ്ഥിരപ്പെട്ടത്'' (ശബാബ് വാരിക, 2015 ആഗസ്റ്റ്14). 

മുകളില്‍ നാം കണ്ട നിരവധി പ്രത്യേകതകളെ ഒറ്റയടിക്ക് തള്ളി, 'അനുഗൃഹീതമായ വെള്ളം' എന്നതിനെ മാത്രം അംഗീകരിക്കുന്നവര്‍ തുടര്‍ന്നെഴുതുന്നത് കൂടി കാണുക: ''മഴവെള്ളത്തെ സംബന്ധിച്ച് അനുഗൃഹീത വെള്ളമെന്ന് സൂറത്തു ക്വാഫില്‍ പറയുന്നുണ്ട്. ഇതിന്റെ വിവക്ഷ രോഗശമനമാണ് എന്നല്ല.'' അപ്പോള്‍ മഴവെള്ളം പോലെ ഒരു വെള്ളം. അത്രമാത്രം! സംഘടനയുടെ ഔദ്യോഗിക വാരികയിലെ ഈ വരികള്‍ ഇപ്പോഴും തിരുത്തപ്പെടാതെ നിലനില്‍ക്കുകയാണ്. ഈ വിശ്വാസം ഒരിക്കലും ഇസ്‌ലാമികല്ല. ഇത് മോഡേണിസത്തിന്റെ മണമുള്ള വരികളാണ്. സംസം രോഗശമനിയാണെന്നും പനിക്കുന്നവര്‍ക്ക് അതുപയോഗിക്കാമെന്നുമൊക്കെ പ്രവാചകന്‍(സ്വ) പറയുമ്പോഴും ശബാബ് ചോദിക്കുന്നു; സംസം രോഗശമനിയോ എന്ന്! (ശബാബ്, 2015 ആഗസ്റ്റ്14).

ഹജറുല്‍ അസ്‌വദ് സാധാരണ കല്ലോ? 

കഅ്ബിയലുള്ള ഹജറുല്‍ അസ്‌വദിനെ മുസ്‌ലിം ലോകം ഏറെ ആദരവോടെയും പുണ്യത്തോടെയുമാണ് ദര്‍ശിക്കുന്നത്. അത് സാധാരണ കല്ലല്ല. നിരവധി പ്രത്യേകതകള്‍ അതിനുണ്ടെന്ന് പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. നബി(സ്വ) ഹജറുല്‍ അസ്‌വദിനെ മുത്തിയിട്ടുണ്ട്. (ബുഖാരി: 1597). നബി(സ്വ) ത്വവാഫ് ആരംഭിച്ചത് ഹജറുല്‍ അസ്‌വദിന്റെ അടുത്ത് നിന്നാണ്.(മുസ്‌ലിം: 1263). ഹജറുല്‍ അസ്‌വദ് സ്വര്‍ഗത്തില്‍ നിന്നുള്ള കല്ലാണ്. (തിര്‍മിദി: 8777, നസാഈ: 2935). അത് ഹിമത്തെക്കാള്‍ വെളുത്തതായിരുന്നു. മനുഷ്യരുടെ പാപങ്ങളാണതിനെ  കറുപ്പിച്ചത്. (തിര്‍മിദി:877).

അപ്പോള്‍, ഭൂമിയിലെ കല്ലുപോലെ ഒരു സാധാരണ കല്ലല്ല ഹജറുല്‍ അസ്‌വദ് എന്നു വ്യക്തം. മക്കയിലെ ബഹുദൈവ വിശ്വാസികള്‍ പോലും അതിനെ ആദരിച്ചിരുന്നു. കഅ്ബ പുതുക്കി പണിതപ്പോള്‍ ഹജറുല്‍ അസ്‌വദ് വെക്കാന്‍ അവര്‍ പരസ്പരം തര്‍ക്കിച്ചതും നബി (സ്വ) ആ പ്രശ്‌നം പരിഹരിച്ചതും ചരിത്രത്തില്‍ അറിയപ്പെട്ടതാണല്ലോ. എന്നാല്‍, ശബാബിലെ വരികള്‍ കാണുക: ''ആദ്യകാലത്തെ പ്രഗത്ഭരായ മുജാഹിദ് പണ്ഡിതന്മാര്‍ ഹജറുല്‍ അസ്‌വദിന് യാതൊരു പ്രത്യേകതയും കല്‍പിച്ചിരുന്നില്ല. കാരണം ഹദീഥില്‍ നിന്ന് മനസ്സിലായത് സാധാരണ കല്ലുപോലെയുള്ള ഒരു കല്ലായിട്ടാണ്'' (ശബാബ്, 2015 ആഗസ്റ്റ് 7).

ഹജറുല്‍ അസ്‌വദ് സ്വര്‍ഗത്തില്‍നിന്നുള്ള കല്ലാണ് എന്ന ഹദീഥ് നാം കണ്ടു. എന്നിട്ടും ശബാബുകാരന് മനസ്സിലായത് അതൊരു സാധാരണ കല്ലായിട്ടാണ്!  

വീണ്ടും എഴുതി: ''ചുരുക്കത്തില്‍ ഹജറുല്‍ അസ്‌വദ് ഒരു സാധാരണ കല്ലാണ്. അതിനെ ചുംബിക്കുന്നവര്‍ക്കും തൊട്ടുമുത്തുന്നവര്‍ക്കും രണ്ടുലോകത്തും യാതൊരു ഉപകാരവും അത് ചെയ്യുകയില്ല. അതിനെ ചുംബിക്കുന്നവരെ അത് അറിയുകയില്ല. സാധാരണ കല്ലുപോലെ തന്നെ.''

വീണ്ടും എഴുതി: ''ഇത്തരം തെറ്റായ ധാരണകള്‍ വെച്ചുപുലര്‍ത്തുന്നതുകൊണ്ടാണ് ഹജ്ജിനും ഉംറക്കും വരുന്ന സാധാരണക്കാര്‍ ഹജറുല്‍ അസ്‌വദിന്റെ മുന്നില്‍ വന്‍ തിരക്കുണ്ടാക്കി അധികൃതരെയും ഹാജിമാരെയും കഷ്ടപ്പെടുത്തുന്നത്.'' 

ഇനി, നബി(സ്വ) ഹജറിന്റെ പോരിശ പറഞ്ഞ ഒരു ഹദീഥിനെ കെ.എന്‍.എം നേതാവ് നിഷേധിക്കുന്നത് ശ്രദ്ധിക്കുക: ''ഹജറുല്‍ അസ്‌വദ് സ്വര്‍ഗത്തില്‍ നിന്ന് കൊണ്ടുവന്ന കല്ലാണെന്നും പാപികളായ മനുഷ്യര്‍ ചുംബിച്ചതുകൊണ്ട് വെട്ടിത്തിളങ്ങുന്ന കല്ല് കറുത്തുപോയതാണെന്നും പറയുന്ന ഹദീഥ് ചിലര്‍ ഹജറുല്‍ അസ്‌വദിന്റെ പോരിശ സ്ഥാപിക്കാന്‍ ഉദ്ധരിക്കാറുണ്ട്. പാപികള്‍ ചുംബിച്ചതുകൊണ്ട് കറുത്തുപോയതാണെങ്കില്‍ നബി(സ്വ)യും സ്വഹാബിമാരും ചുംബിച്ചതുകൊണ്ട് വെളുക്കുകയും ചെയ്യേണ്ടിയിരുന്നില്ലേ?'' (ശബാബ്, 2015 ആഗസ്റ്റ് 7). ഇത് യുക്തിവാദമാണ്, ഈ രീതി സലഫികളുടേതല്ല. 

''നബി(സ്വ)യും സ്വഹാബിമാരും ചുംബിച്ചാല്‍ വെളുപ്പിക്കാന്‍ അല്ലാഹുവിന് കഴിയാഞ്ഞിട്ടല്ല; അല്ലാഹു അത് ഉദ്ദേശിച്ചിട്ടില്ല. മാത്രമല്ല, മനുഷ്യരുടെ പാപങ്ങള്‍ കല്ലുകളില്‍ വരെ സ്വാധീനം ചെലുത്തും എന്ന് പഠിപ്പിക്കാന്‍ കൂടിയാണ് അത് കറുപ്പായി തന്നെ അവശേഷിക്കുന്നത്'' (ഫത്ഹുല്‍ബാരി)

ഉമര്‍(റ) ഹജറുല്‍ അസ്‌വദിനെ കുറിച്ച് ''ഉപകാരമോ ഉപദ്രവമോ വരുത്താന്‍ കഴിയാത്ത ഒരു കല്ലാണ് നീ'' എന്ന് പറഞ്ഞ് തന്റെ ചുറ്റിലുമുള്ള പുതു മുസ്‌ലിംകളെ, മുശ്‌രിക്കുകള്‍ വിഗ്രഹങ്ങളെ കാണുന്നതുപോലെയല്ല മുസ്‌ലിംകള്‍ ഹജറുല്‍ അസ്‌വദിനെ കാണുന്നത് എന്നും, ഹജറിന് യാതൊരു ദൈവികതയുമില്ല എന്നവരെ പഠിപ്പിക്കാനും വേണ്ടിയായിരുന്നു. അതേ ഉമര്‍(റ) ഹജറിനെ മുത്തിയിട്ടുണ്ട്.

മോഡേണിസ്റ്റുകള്‍ കേരളത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച ചില കാര്യങ്ങള്‍ ഇപ്പോള്‍ കെ.എന്‍.എമ്മിലൂടെ 'ഔദ്യോഗിക'മായി തന്നെ പുറത്തുവന്നുകൊണ്ടിരിക്കുന്നു എന്നതാണ് ഇതിന്റെയൊക്കെ ചുരുക്കം. ആദര്‍ശബോധമുള്ളവര്‍ ചിന്തിക്കട്ടെ!