നാളേക്ക് വേണ്ടി
റിഷാദ് അസ്‌ലം പൂക്കാടഞ്ചേരി
2017 ഏപ്രില്‍ 22 1438 റജബ് 25
മരണമില്ലാത്ത ജിവിതം ആഗ്രഹിക്കുന്നവനാണ് മനുഷ്യര്‍. എന്നാല്‍ അവന്റെ ആവശ്യങ്ങള്‍ക്ക് ഒരു അന്ത്യവുമില്ല. ഒരു ആവശ്യം കഴിഞ്ഞാല്‍ മറ്റൊന്ന്, അത് കഴിഞ്ഞാല്‍ അടുത്ത ഒന്ന്... അങ്ങനെ മരണം വരെ! പഠനകാലത്ത് ഒരു ജോലി കിട്ടണമെന്ന ആഗ്രഹം. ജോലി കിട്ടിയാല്‍ പിന്നെ കുടുംബം, പിന്നെ വീട്, വാഹനം, മക്കള്‍... മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം, അവരുടെ ജോലി, വിവാഹം... പേരക്കുട്ടികള്‍... അങ്ങനെ അറ്റമില്ലാത്ത അഭിലാഷങ്ങള്‍.
'മനുഷ്യന് മരണമില്ല' എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ദൈവനിഷേധികള്‍ പോലും അംഗീകരിക്കുന്ന പരമയാഥാര്‍ഥ്യം. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കുമെന്ന് ഉറപ്പാണ്. മരണത്തില്‍ നിന്നും രക്ഷപ്പെടുത്തുന്ന ഒന്നും ശാസ്ത്രത്തിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇനി സാധിക്കുകയുമില്ല.
അല്ലാഹു പറയുന്നു: ''എല്ലാ ദേഹവും മരണത്തെ ആസ്വദിക്കുന്നതാണ്...'' (സൂറഃ ആലുഇംറാന്‍: 185).
ആദ്യം ജനിച്ചവന്‍ ആദ്യം മരിക്കുക എന്ന വ്യവസ്ഥയൊന്നും മരണത്തിന്റെ കാര്യത്തിലില്ല. പിതാവ് ജീവിച്ചിരിക്കെ മകന്‍, പിതാമഹന് മുമ്പ് പേരക്കുട്ടി, രോഗിക്ക് മുമ്പ് ആരോഗ്യവാന്‍... ഇങ്ങനെ പല മരണങ്ങള്‍ക്കും നാം സദാ സാക്ഷികളായിക്കൊണ്ടിരിക്കുന്നു.
ഇഹലോക ജീവിതവുമായി മാത്രം ബന്ധപ്പെട്ടും അതിനെ ഏത് വിധേനയും ആസ്വദിച്ചും ജീവിച്ചവര്‍ക്ക് മരണ ഭയം കൂടുതലായിരിക്കും. ഇഹലോകത്ത് അഹന്ത വെടിഞ്ഞ്, അല്ലാഹു നിശ്ചയിച്ച നിഷിദ്ധങ്ങളെ ഒഴിവാക്കി, തികച്ചും അവനെ ഭയപ്പെട്ട്, അവന് കീഴൊതുങ്ങിയ ഒരടിമക്ക് അമിതമായ മരണഭയം ഉണ്ടാവില്ല. കാരണം, താന്‍ മരിക്കുമെന്നും അതിന് ശേഷം നന്മ തിന്മകള്‍ നീതിയുക്തമായി തൂക്കിക്കണക്കാക്കി, സുകൃതവാന്മാരെ സുഖാനുഗ്രഹങ്ങളുടെ സ്വര്‍ഗത്തിലേക്കും അധര്‍മകാരികളെ ശിക്ഷയുടെ നരകത്തിലേക്കും പ്രവേശിപ്പിക്കുന്ന ഒരു ദിനം വരാനുണ്ട് എന്ന കൃത്യമായ ബോധത്തില്‍ ഊട്ടപ്പെട്ടതാണ് അവന്റെ ഹൃദയം.
അല്ലാഹു പറയുന്നു: ''നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും...'' (സൂറഃ അന്നിസാഅ്: 78).
എന്നാല്‍ ഭൂമിയിലെ മരണം താല്‍കാലികമായ ഒരു പ്രതിഭാസം മാത്രമാണ്. മരണമില്ലാത്ത സ്ഥിരജീവിതത്തിന്റെ ഒരു ലോകം മനുഷ്യനെ കാത്തിരിക്കുന്നു. ലോകത്ത് ആദ്യം ജനിച്ച മനുഷ്യന്‍ മുതല്‍ അവസാനം മരണമടഞ്ഞ മനുഷ്യനെ വരെ അല്ലാഹു ഒരുമിച്ച് കൂട്ടും.
ലോകത്തിന് ഒരന്ത്യമുണ്ട്. അന്ന് ആകാശം പൊട്ടിപ്പിളരും. നക്ഷത്രങ്ങള്‍ ഉതിര്‍ന്ന് വീഴും. സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടും. വന്യമൃഗങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെടും. മുലകുടിക്കുന്ന കുഞ്ഞിനെ മാതാവ് ഉപേക്ഷിക്കും. ഭൂമിയിലെ സര്‍വചരാചരങ്ങളും ഒന്നിച്ച് നാശമടയും.
പിന്നീട് മനുഷ്യര്‍ ക്വബ്‌റുകളില്‍ നിന്ന് പാറ്റകളെ പോലെ പുറത്ത് വരും. അവര്‍ പരസ്പരം ചോദിക്കും: നമ്മുടെ നാശമേ! നമ്മുടെ ഉറക്കത്തില്‍ നിന്ന് നമ്മെ എഴുന്നേല്‍പിച്ചത് ആരാണ്?' അന്ന് വിശ്വാസികള്‍ പറയും: 'ഇത് പരമകാരുണികന്‍ വാഗ്ദത്തം ചെയ്ത ദിനമാണ്. ദൈവദൂതന്‍മാര്‍ സത്യം പറഞ്ഞിരിക്കുന്നു.'ആ ദിവസം കുറ്റവാളികള്‍ ആശയറ്റവരാകും. താന്‍ മണ്ണായി പോയിരുന്നെങ്കില്‍ എന്ന് സത്യനിഷേധി ആഗ്രഹിച്ച് പോകും. അക്രമികളുടെ വായക്ക് മുദ്രവെക്കപ്പെടും. അവരുടെ പ്രവര്‍ത്തനങ്ങളെ പറ്റി കൈകള്‍ സംസാരിക്കും, കാലുകള്‍ സാക്ഷ്യം വഹിക്കും. അവര്‍ക്ക് അന്ന് യാതൊരു സഹായികളും ഉണ്ടായിരിക്കില്ല.
സ്രഷ്ടാവായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവന്റെ പ്രവാചകന്മാര്‍ വഴിയും വേദഗ്രന്ഥങ്ങള്‍ മുഖേനയും അറിയിച്ച് തന്ന വിധിവിലക്കുകള്‍ക്കനുസൃതമായി ജീവിതം നയിച്ച സല്‍കര്‍മകാരികള്‍ സന്തോഷിക്കും. അവര്‍ക്ക് ആഹ്ലാദ ജീവിതത്തിന്റെ സങ്കേതമായ സ്വര്‍ഗം അനന്തരമായി ലഭിക്കും. അവിടെ മരണമില്ല; ശാശ്വത ജീവിതമാണ്. വിശ്വാസികള്‍ അവരുടെ നാഥനെ കണ്ടതില്‍ സായൂജ്യമടയും. എന്നാല്‍ അല്ലാഹുവല്ലാത്തവരെ ആരാധിച്ച സത്യനിഷേധികള്‍ക്കും കപടവിശ്വാസികള്‍ക്കും നിത്യവേദനയുടെ നരകം ലഭിക്കും.
സ്വര്‍ഗം
സ്വര്‍ഗം സുഖാനുഗ്രഹങ്ങളുടെ കേന്ദ്രമാണ്. ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത, വിവരണാതീതവും ഭാവനാതീതവുമായ സുഖാനുഭൂതികളുടെ ലോകം. പ്രവാചകന്മാര്‍, സത്യസന്ധന്‍മാര്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിച്ചവര്‍... ഇങ്ങനെയുള്ള ഉത്തമരായവര്‍ക്കു വേണ്ടി തയ്യാറാക്കപ്പെട്ടതാണ് സ്വര്‍ഗം.
''തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അവര്‍ അതിനടുത്ത് വരികയും അതിന്റെ കവാടങ്ങള്‍ തുറക്കപ്പെടുകയും ചെയ്താല്‍ അവരോട് അതിന്റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ പരിശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങളതില്‍ പ്രവേശിച്ചുകൊള്ളുക.'' (സൂറഃ അസ്സുമര്‍: 73).
ഇഹലോക ജീവിതത്തില്‍ പാലിച്ച സൂക്ഷ്മതയുടെയും ശ്രദ്ധയുടെയും അടിസ്ഥാനത്തില്‍ സ്വര്‍ഗീയ പദവികള്‍ വ്യത്യസ്തമാകും. സ്വര്‍ഗത്തില്‍ ഏറ്റവും ഉയര്‍ന്ന പദവി ജന്നാത്തുല്‍ ഫിര്‍ദൗസാണെന്ന് പ്രവാചകന്‍(സ) നമ്മെ പഠിപ്പിച്ചു. അല്ലാഹു പറഞ്ഞു: ''സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടാണ് വല്ലവനും അവന്റെയടുത്ത് ചെല്ലുന്നതെങ്കില്‍ അത്തരക്കാര്‍ക്കുള്ളതാകുന്നു ഉന്നതമായ പദവികള്‍'' (ത്വാഹാ: 75).
സ്വര്‍ഗവാസികള്‍ക്ക് എല്ലാ തരത്തിലുമുള്ള കായ്കനികളും പാനീയങ്ങളും നല്‍കപ്പെടും. അവര്‍ക്ക് പറിച്ചെടുക്കാവുന്ന രൂപത്തില്‍ പഴങ്ങളും, കായ്കനികളും അല്ലാഹു അവിടെ ഒരുക്കിവെച്ചിരിക്കുന്നു. ഇഹലോകത്തെ ഫലങ്ങളുടെ രൂപസാദൃശ്യമുള്ള ഫലവര്‍ഗങ്ങള്‍ അവര്‍ക്ക് നല്‍കപ്പെടും. അവര്‍ പരസ്പരം ചോദിക്കും: 'ഇത് നാം ഇഹലോകത്ത് നിന്ന് ഭക്ഷിച്ചതല്ലേ?.' എന്നാല്‍ അവയുടെ രുചികള്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കും. ചിതറപ്പെട്ട മുത്ത് മണികളെ പോലെ കുട്ടികള്‍ അവര്‍ക്കിടയില്‍ ഓടിക്കളിച്ചു കൊണ്ടിരിക്കും. ഈ അനുഗ്രഹങ്ങളെല്ലാം തന്റെ രക്ഷിതാവിന് പരിപൂര്‍ണമായും കീഴ്‌പെട്ട് ജീവിച്ചവര്‍ക്ക് മാത്രമാണ്.
അല്ലാഹു പറയുന്നു: ''സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിന്റെ അരുവികളും കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്റെ അരുവികളും ശുദ്ധീകരിക്കപ്പെട്ട തേനിന്റെ അരുവികളുമുണ്ട്. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും ഉണ്ട്'' (മുഹമ്മദ്: 15).
മത്സരിക്കുന്നവര്‍ ഈ സ്വര്‍ഗ ലോകത്തിനുവേണ്ടി മത്സരിച്ചുകൊള്ളട്ടെ എന്നാണ് അല്ലാഹു പറയുന്നത്. ഇഹലോകത്ത് നിഷ്‌ക്രിയരായിരുന്ന ആളുകള്‍ക്ക് സ്വര്‍ഗ പ്രവേശനം സാധ്യമല്ല. ബുദ്ധിയുള്ളവര്‍ തിരഞ്ഞെടുക്കേണ്ടത് സ്വര്‍ഗ ജീവിതമാണ്. അല്ലാഹു ചോദിക്കുന്നു:
''അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍(വിശ്വാസികള്‍)ക്കുണ്ടായതുപോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കുകയാണോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞ്‌പോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്'' (അല്‍ബക്വറ: 214).
ദൃഢവിശ്വാസവും, ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളുമില്ലാതെ ഞാനും സ്വര്‍ഗത്തിന്റെ കക്ഷിയാണെന്ന് പറഞ്ഞത് കൊണ്ട് ആര്‍ക്കും സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധ്യമല്ല എന്നാണ് അല്ലാഹു പ്രസ്തുത വചനത്തിലൂടെ ഉണര്‍ത്തുന്നത്. ശാശ്വതമായ സ്വര്‍ഗത്തിന് വേണ്ടിയാകണം നമ്മുടെ ഇഹലോക പരിശ്രമങ്ങള്‍. അല്ലാത്ത പക്ഷം നമുക്ക് എത്തിച്ചേരാനുള്ളത് നിത്യയാതനയുടെ നരകത്തിലേക്കാണ്.
നരകം
നരകം ഏറ്റവും മോശമായ സങ്കേതമാണ്. അല്ലാഹുവില്‍ അവിശ്വസിച്ചവരും അവനില്‍ പങ്കുചേര്‍ത്തവരും പ്രവാചകന്‍മാരെ കളവാക്കിയവരും നരകത്തിലായിരിക്കും. കഠിനവും നിന്ദ്യവുമായ ശിക്ഷകളാവും നരകവാസികള്‍ ഏറ്റുവാങ്ങുക. ഒന്നും ബാക്കിയാകാതെ നശിപ്പിക്കുന്ന അനിര്‍വചനീയമായ ചൂട്. ചുട്ട് തിളക്കുന്ന വെള്ളം, ഉഷ്ണക്കാറ്റ്, കരിമ്പുകക്കീറുകളാകുന്ന സുഖം നല്‍കാത്ത തണല്‍, ഒട്ടകകൂട്ടങ്ങള്‍ക്ക് സമാനമായ തീപ്പൊരി, വര്‍ധിച്ച് കൊണ്ടിരിക്കുന്ന ശിക്ഷ എന്നീ ദുരിതങ്ങളിലാകും അവര്‍. നരകത്തിന്റെ അടിത്തട്ടില്‍ നിന്ന് വളര്‍ന്ന് വരുന്ന വികൃതമായ 'സഖൂം' വൃക്ഷത്തിന്റെ മുള്ളുകളുള്ള ഫലങ്ങള്‍ അവര്‍ ഭക്ഷിപ്പിക്കപ്പെടും. അതിന് മീതെ ചുട്ടുതിളക്കുന്ന വെള്ളത്തിന്റെ ചേരുവ അവര്‍ക്ക് നല്‍കപ്പെടും. ദാഹിച്ച് വലഞ്ഞ ഒട്ടകം കുടിക്കുന്നത് പോലെ അവരത് കുടിക്കും. നരകവാസികളുടെ മാംസത്തില്‍ നിന്നും തൊലിയില്‍ നിന്നും ഒലിച്ചിറങ്ങുന്ന ദുര്‍ഗന്ധം വമിക്കുന്ന 'സ്വദീദ്' പാനീയം പോലെ നിന്ദ്യവും മുഖം കരിക്കുന്നതും കുടല്‍ ഉരുക്കുന്നതുമായ പാനീയങ്ങള്‍ അവര്‍ കുടിപ്പിക്കപ്പെടും. നരകവാസികളുടെ ഇരു ചുമലുകള്‍ക്കിടയില്‍ മൂന്ന് ദിവസം സഞ്ചരിക്കാവുന്ന ദൂരമായിരിക്കും. ശിക്ഷകള്‍ യഥാര്‍ഥ രൂപത്തില്‍ അനുഭവിക്കാനാണ് അവര്‍ക്ക് അത്തരത്തില്‍ ഭീകരരൂപം അല്ലാഹു അവര്‍ക്ക് നല്‍കുന്നത്.
''സത്യനിഷേധികള്‍ കൂട്ടം കൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അങ്ങനെ അവര്‍ അതിനടുത്തുവന്നാല്‍ അതിന്റെ വാതിലുകള്‍ തുറക്കപ്പെടും. നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും നിങ്ങള്‍ക്കുള്ളതായ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെ പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെയുള്ള ദൂതന്മാര്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടില്ലേ എന്ന് അതിന്റെ (നരകത്തിന്റെ) കാവല്‍ക്കാര്‍ അവരോട് ചോദിക്കുകയും ചെയ്യും. അവര്‍ പറയും: അതെ. പക്ഷേ, സത്യനിഷേധികളുടെ മേല്‍ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടുപോയി. (അവരോട്) പറയപ്പെടും: നിങ്ങള്‍ നരകത്തിന്റെ വാതിലിലൂടെ പ്രവേശിക്കുക. നിങ്ങളതില്‍ നിത്യവാസികളായിരിക്കും. എന്നാല്‍ അഹങ്കാരികളുടെ പാര്‍പ്പിടം എത്ര ചീത്ത!'' (അസ്സുമര്‍: 71,72).
അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നരകം അതിക്രമകാരികള്‍ക്കായി കാത്തിരിക്കുന്നതും (അവര്‍ക്ക്) മടങ്ങിച്ചെല്ലാനുള്ളതുമായ സ്ഥലമാകുന്നു. അതില്‍ അവര്‍ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും. കുളിര്‍മ്മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല. കൊടും ചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ. അനുയോജ്യമായ പ്രതിഫലമത്രെ അത്'' (അന്നബഅ്: 21-25).
അല്ലാഹു പറയുന്നു: ''...എന്നാല്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക് അഗ്‌നികൊണ്ടുള്ള 'വസ്ത്രങ്ങള്‍' മുറിച്ചുകൊടുക്കപ്പെടുന്നതാണ്. അവരുടെ തലക്ക് മീതെ തിളക്കുന്ന വെള്ളം ചൊരിയപ്പെടുന്നതാണ്'' (അല്‍ഹജ്ജ്: 19).
സ്രഷ്ടാവായ അല്ലാഹു ഒരുക്കിവെച്ച സ്ഥിര ആസ്വാദനത്തിന്റെ ഗേഹമായ സ്വര്‍ഗം കരസ്ഥമാക്കാനാണല്ലോ നമ്മുടെ ഇഹലോക പരിശ്രമം. അതിന് വേണ്ടി നാം എന്ത് പ്രവര്‍ത്തിച്ചു? നാം ചിന്തിച്ചിട്ടുണ്ടോ? അല്ലാഹു നമ്മെ ഉണര്‍ത്തുന്നു:
''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളേക്കുവേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തുവെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ'' (അല്‍ഹശ്ര്‍:18).
മുന്‍ഗാമികള്‍ക്ക് അനുഭവിക്കേണ്ടിവന്നവിധം പീഡനങ്ങളും ത്യാഗങ്ങളുമൊന്നും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നമുക്ക് സഹിക്കേണ്ടിവന്നിട്ടില്ല. മറുനാടുകളില്‍ മുസ്‌ലിംകള്‍ നേരിടുന്ന ദുരിതങ്ങളും നമ്മെ അലട്ടുന്നില്ല. സല്‍കര്‍മങ്ങളില്‍ മുന്നേറാന്‍ നാം ബദ്ധശ്രദ്ധ പുലര്‍ത്തണം. അധര്‍മങ്ങള്‍ക്ക് എതിരെ പ്രതികരിക്കല്‍ ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. നന്മ കല്‍പിക്കുവാനും തിന്‍മ വിരോധിക്കുവാനുമുള്ള ആര്‍ജവം നമുക്കുണ്ടാകണം. അങ്ങനെ ഏറ്റവും വലിയ വിജയമായ സ്വര്‍ഗം കരസ്ഥമാക്കാനും നരകത്തില്‍ നിന്ന് രക്ഷനേടാനും അര്‍ഹരായി മാറുക.