അടിയുറക്കാത്ത വിശ്വാസവും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും

ശമീര്‍ മദീനി

2017 സെപ്തംബര്‍ 30 1438 ⁠⁠മുഹറം 10

ആതിര ആഇശയായി, ആഇശ വീണ്ടും ആതിരയായി എന്ന വാര്‍ത്ത ചര്‍ച്ചയായിരിക്കുകയാണല്ലോ! ഇന്ത്യന്‍ ഭരണഘടന ഏതൊരു പൗരനും തനിക്ക് ശരിയെന്ന് തോന്നുന്ന മതവും ആദര്‍ശവും സ്വീകരിക്കുവാനും അതനുസരിച്ച് പ്രവര്‍ത്തിക്കുവാനും അത് പ്രബോധനം ചെയ്യുവാനും അവകാശം നല്‍കുന്നുണ്ട്. അതിനാല്‍ ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ആതിര ചെയ്തത് തെറ്റല്ല.

ഇസ്‌ലാമാകട്ടെ നിര്‍ബന്ധ പരിവര്‍ത്തനത്തെ ഒരിക്കലും അംഗീകരിക്കുന്നില്ല. ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്ന് ഇസ്‌ലാമിനെ അറിഞ്ഞ ഒരാളും അതിനു മുതിരുകയില്ല. മനസ്സറിഞ്ഞ് സത്യമെന്ന് ബോധ്യപ്പെട്ടാണ് മതം സ്വീകരിക്കേണ്ടത്. ബാഹ്യമായ സമ്മര്‍ദങ്ങള്‍ക്ക് അതില്‍ യാതൊരു സ്ഥാനവുമില്ല.

അല്ലാഹു പറയുന്നു: ''മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു...''(ക്വുര്‍ആന്‍ 2:256). 

''പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ...''(ക്വുര്‍ആന്‍ 18:29).

അതിനാല്‍ ഒരാള്‍ ഇസ്‌ലാം വേണ്ടെന്ന് വെക്കുന്നുവെങ്കില്‍ ഇസ്‌ലാമിനോ മുസ്‌ലിംകള്‍ക്കോ അതില്‍ പ്രത്യേകിച്ചൊരു കുറവും സംഭവിക്കുന്നില്ല

എന്നാല്‍, ആതിരയെന്ന പെണ്‍കുട്ടി ഇസ്‌ലാം വേണ്ടെന്ന് വെച്ച് പഴയ മതത്തിലേക്ക് തന്നെ തിരിച്ചുപോകുമ്പോള്‍ ചില ആശയക്കുഴപ്പങ്ങളും തെറ്റുധാരണകളും ഉയര്‍ത്തിവിട്ടിട്ടാണ് പോയിരിക്കുന്നത്. അതിനാല്‍ ഇസ്‌ലാമിനെ പറ്റി അറിയുന്നവര്‍ക്ക് ആ തെറ്റുധാരണ ദൂരീകരിക്കേണ്ട ബാധ്യതയുണ്ട്. 

'സ്ത്രീകളെ ക്വുര്‍ആന്‍ തരംതാഴ്ത്തുകയും ഒരു ഉപഭോഗവസ്തുവായി മാത്രം കാണുകയും ചെയ്യുന്നു. അതുകൊണ്ടാണ് ക്വുര്‍ആന്‍ സ്ത്രീയെ ഒരു കൃഷിയിടത്തോടുപമിച്ചിരിക്കുന്നത്' എന്നാണ് അവരുടെ ആരോപണം!

എന്താണ് വസ്തുതയെന്ന് പരിശോധിക്കാം. വിമര്‍ശന വിധേയമായ വാക്യം കാണുക: 

''നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കുംവിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെന്നുകൊള്ളുക'' (ക്വുര്‍ആന്‍ 2:223).

കര്‍ഷകന്‍ തന്റെ കൃഷിയിടം പൊന്നുപോലെ പരിചരിക്കുകയും സംരക്ഷിക്കുകയും ചെയ്യും. അതിന് നാശമുണ്ടാക്കാനോ അത് കയ്യേറാനോ ഒരാളെയും അയാള്‍ അനുവദിക്കില്ല. കൃഷിയിടത്തിന്റെ വില കൃഷിക്കാരനേ അറിയൂ. കൃഷിയിടത്തിന്റെ വിലയറിയുന്ന ഒരാളും ഈ ഉപമ ഒരു നിന്ദ്യതയും തരം താഴ്ത്തലുമായി ഒരിക്കലും കാണില്ല. നല്ല രീതിയില്‍ കൃഷിയിറക്കാനും നല്ല രൂപത്തില്‍ വിളവെടുക്കാനും ആഗ്രഹിക്കുന്ന ഏതൊരാളും തന്റെ കൃഷിയിടം ശ്രദ്ധിക്കുകയും സൂക്ഷിക്കുകയും ചെയ്യും. ഇതുപോലെയാണ് ദാമ്പത്യ ജീവിതവും. അതിലെ നന്മയാഗ്രഹിക്കുന്നവര്‍ ഭാര്യയെ ശരിയായ രൂപത്തില്‍ ശ്രദ്ധിക്കുകയും പരിചരിക്കുകയും ചെയ്യും. ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട് ഇസ്‌ലാം പഠിപ്പിച്ച ഓരോ കാര്യവും മനസ്സിലാക്കുന്ന ഏതൊരാള്‍ക്കും അത് ബോധ്യപ്പെടുന്നതാണ്. സത്യസന്ധമായ പരിശോധനയും വിലയിരുത്തലുമാണ് ഉദ്ദേശമെങ്കില്‍ ക്വുര്‍ആനിന്റെയും പ്രവാചകാധ്യാപനങ്ങളുടെയും വെളിച്ചത്തില്‍ ആയിരിക്കണമായിരുന്നു അത്. ഇസ്‌ലാം സ്ത്രീയുടെ പദവി ഉയര്‍ത്തുകയും ആദരിക്കുകയുമാണോ അതല്ല ഇകഴ്ത്തുകയും അപമാനിക്കുകയുമാണോ ചെയ്തത് എന്ന് മനസ്സിലാക്കണമെങ്കില്‍ പ്രമാണങ്ങള്‍ പഠിക്കണം. ചരിത്രം മനസ്സിലാക്കണം.

''സ്ത്രീകളോട് നിങ്ങള്‍ മാന്യമായി പെരുമാറുക,'' ''നിങ്ങളില്‍ ഉത്തമര്‍ സ്വന്തം ഇണകളോട് നല്ല രൂപത്തില്‍ ഇടപഴകുന്നവരാണ്,'' ''ഐഹിക ജീവതത്തിലെ ഏറ്റവും നല്ല വിഭവമാണ് നല്ല ഭാര്യ'' എന്നിങ്ങനെയുള്ള നിരവധി വചനങ്ങളിലൂടെ ഇണയെന്ന നിലയിലും സ്ത്രീയെ ഇസ്‌ലാം അംഗീകരിക്കുകയും ആദരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ക്വുര്‍ആന്‍ പറഞ്ഞത് കാണുക:

''സത്യവിശ്വാസികളേ, സ്ത്രീകളെ ബലാല്‍ക്കാരമായിട്ട് അനന്തരാവകാശ സ്വത്തായി എടുക്കല്‍ നിങ്ങള്‍ക്ക് അനുവദനീയമല്ല. അവര്‍ക്ക് (ഭാര്യമാര്‍ക്ക്) നിങ്ങള്‍ കൊടുത്തിട്ടുള്ളതില്‍ ഒരു ഭാഗം തട്ടിയെടുക്കുവാന്‍ വേണ്ടി നിങ്ങളവരെ മുടക്കിയിടുകയും ചെയ്യരുത്. അവര്‍ പ്രത്യക്ഷമായ വല്ല നീചവൃത്തിയും ചെയ്‌തെങ്കിലല്ലാതെ. അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമുണ്ട്. ഇനി നിങ്ങള്‍ക്കവരോട് വെറുപ്പ് തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക) നിങ്ങളൊരു കാര്യം വെറുക്കുകയും അതേകാര്യത്തില്‍ അല്ലാഹു ധാരാളം നന്‍മ നിശ്ചയിക്കുകയും ചെയ്‌തെന്ന് വരാം'' (ക്വുര്‍ആന്‍ 4:19).

ഒരു കര്‍ഷകന് തന്റെ നന്മനിറഞ്ഞ കൃഷിയിടം നല്‍കുന്ന ആനന്ദവും സന്തോഷവും കൃഷിക്കാര്‍ക്കും കൃഷിക്കാരെ അറിയുന്നവര്‍ക്കും ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. അതുപോലെ ആ കര്‍ഷകനും കൃഷിയിടവും തമ്മിലുള്ള ആത്മബന്ധവും അയാളുടെ പരിചരണവും അതിന്റെ നന്മക്കായുള്ള പരിശ്രമങ്ങളും വ്യക്തമാണ്. കേവലം ഫലങ്ങള്‍ കാംക്ഷിക്കുകയും കൃഷിയിടം പരിചരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതിരിക്കുകയും ചെയ്യുമ്പോള്‍ വിപരീതഫലമായിരിക്കും ഉണ്ടാവുക എന്നത് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?

വാസ്തവത്തില്‍ സ്ത്രീയെ കേവലം ഉപഭോഗവസ്തുവാക്കി സുഖിക്കുവാനുള്ള സന്ദേശമല്ല, പ്രത്യുത പുരുഷന്റെ ഉത്തരവാദിത്തങ്ങളും ബാധ്യതകളുമാണ് ഈ വചനത്തില്‍ വ്യക്തമാക്കുന്നത്. കൃഷിയും ഉല്‍പന്നങ്ങളും മികച്ചതാകണമെങ്കില്‍ കൃഷിയിടത്തെ പരിചരിക്കുന്നതടക്കമുള്ള ഉത്തരവാദിത്തങ്ങള്‍ കൃഷിക്കാരനില്‍ അര്‍പിതമാണ്. അയാളുടെ അശ്രദ്ധയും അവഗണനയുമാണ് അതിലെ പരാജയത്തിന്റെ പ്രധാനകാരണമെന്ന് സൂക്ഷ്മവിശകലനത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.

ജനിച്ച കുട്ടി പെണ്ണായതിന്റെ പേരില്‍ സ്ത്രീയെ പഴിക്കുന്ന ആളുകളുണ്ട്. ഈ വചനം ശരിയായ രൂപത്തില്‍ ഗ്രഹിച്ചാല്‍ അതിലെ ബാലിശത ബോധ്യമാവും.

അപ്രകാരം തന്നെ ഭാര്യാഭര്‍ത്താക്കന്മാരെ കുറിച്ച് ക്വുര്‍ആന്‍ പറഞ്ഞ മറ്റൊരു ഉപമയാണ് ''അവര്‍ നിങ്ങളുടെ വസ്ത്രമാകുന്നു, നിങ്ങള്‍ അവരുടെയും'' (2:187) എന്നത്. വസ്ത്രത്തിന്റെ ധര്‍മവും ഗുണങ്ങളും അറിയാത്ത, വസ്ത്രത്തെ നേരായവിധത്തില്‍ ശ്രദ്ധിക്കാത്ത ഒരാള്‍ക്ക് അതൊരു ഇകഴ്ത്തലും അപമാനിലുമൊക്കെയായി തോന്നിയേക്കാം. എന്നാല്‍ വസ്ത്രത്തിന്റെ സുഖവും ഗുണങ്ങളും അറിയുകയും അത് ഉപയോഗിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് ആ ഉപമയിലടങ്ങിയിട്ടുള്ള നിരവധി നന്മകളാണ് മനസ്സിലാക്കാന്‍ കഴിയുക.

അന്ധമായ വിമര്‍ശനങ്ങള്‍ക്കുപരി സത്യസന്ധമായ പഠനവും അന്വേഷണവുമാണ് വിവേകമതികളില്‍ നിന്നുണ്ടാവേണ്ടത്. 

ക്വുര്‍ആന്‍ വ്യാഖ്യാതക്കള്‍ ഉണര്‍ത്തിയതുപോലെ ഈ വചനം അവതരിക്കുന്നതിന് ഒരു പശ്ചാത്തലമുണ്ട്. അതുകൂടി പരിശോധിക്കുമ്പോഴാണ് ആ വചനത്തിന്റെ മറ്റൊരു മഹത്ത്വം കൂടി അറിയാന്‍ കഴിയുക. പിന്നിലൂടെ ലൈംഗിക ബന്ധത്തിലേര്‍പെട്ടാല്‍ ജനിക്കുന്ന കുട്ടിക്ക് കണ്ണിന് വൈകല്യമുണ്ടാകുമെന്ന തെറ്റായ ഒരു ധാരണ ആളുകള്‍ക്കുണ്ടായിരുന്നു. ആ വിഷയത്തിലുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാടറിയാന്‍ പ്രവാചക സന്നിധിയിലെത്തിയവര്‍ക്കുള്ള മറുപടിയായിക്കൊണ്ടുമാണ് ആ സൂക്തം അവതരിച്ചത്. അഥവാ ലൈംഗിക ശാസ്ത്രത്തിന്റെ ഏറ്റവും നവീനമായ വെളിപ്പെടുത്തലുകള്‍ സാക്ഷീകരിക്കുന്ന വിശദീകരണം. ലൈംഗിക മരവിപ്പിനും പരാജയത്തിനുമുള്ള പരിഹാരമായി ഇന്ന് നിര്‍ദേശിക്കപ്പെടുന്ന കാര്യമാണ് ഇണയെ സമീപിക്കുന്നതിലെ വ്യത്യസ്ത രീതികള്‍. രീതി മാറുന്നതില്‍ തെറ്റില്ല എന്ന് പഠിപ്പിക്കുകയാണ് ഈ വചനത്തിലൂടെ.