ലൈംഗിക അരാജകത്വം: പ്രശ്‌നങ്ങളും പരിഹാരങ്ങളും‍  

മുഹമ്മദുബ്‌നു ബശീര്‍  

2017 ഏപ്രില്‍ 01 1438 റജബ് 04
ഒരു വ്യക്തി തന്റെ ലൈംഗികത ഉപയോഗിക്കുന്നത് അനുവദനീയമായ വിവാഹത്തിലൂടെയാകണം എന്നാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. അതല്ലാത്ത ബന്ധങ്ങളെല്ലാം നാശം സൃഷ്ടിക്കുന്നവയാണ്. വൈവാഹിക ജീവിതത്തില്‍ സംശയത്തിന്റെ വിത്തുകള്‍ വിതക്കുന്നതിനും ഭാവിജീവിതത്തില്‍ മാനസിക വിള്ളലുകള്‍ സൃഷ്ടിക്കുന്നതിനും വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ കാരണമാകുന്നു. വഴിവിട്ട ബന്ധങ്ങള്‍ വ്യാപകമാവുന്ന പശ്ചാത്തലത്തില്‍ ലൈംഗിക സദാചാരത്തെ കുറിച്ച് ഒരു വിശകലനം.

ലൈംഗികത ഒരു ദൈവിക അനുഗ്രഹമാണ്. അതിന്റെ പ്രധാനമായ ലക്ഷ്യം പ്രത്യുല്‍പാദനമാണ്. മാനസികാരോഗ്യവും കുടുംബ ഭദ്രതയും സാമൂഹിക ജീവിതത്തിലെ സമാധാനവും ലൈംഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരിയായ മാര്‍ഗദര്‍ശന പ്രകാരമല്ലാതെയുള്ള അതിന്റെ ഉപയോഗം വ്യക്തിയുടെ മാനസികനില തെറ്റിക്കുവാനും കുടുംബത്തിന്റെ കെട്ടുറപ്പിനെ തകര്‍ക്കുവാനും സാമൂഹികഘടനയെ നശിപ്പിക്കുവാനും കാരണമായിത്തീരും. മനുഷ്യരിലുണ്ടാകുന്ന മിക്ക ലൈംഗിക രോഗങ്ങള്‍ക്കും കാരണം വിവാഹേതര ലൈംഗികതയാണ്.

ഒരു വ്യക്തി തന്റെ ലൈംഗികത ഉപയോഗിക്കുന്നത് അനുവദനീയമായ വിവാഹത്തിലൂടെയാകണം എന്നാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. അതല്ലാത്ത ബന്ധങ്ങളെല്ലാം നാശം സൃഷ്ടിക്കുന്നവയാണ്. വൈവാഹിക ജീവിതത്തില്‍ സംശയത്തിന്റെ വിത്തുകള്‍ വിതക്കുന്നതിനും ഭാവിജീവിതത്തില്‍ മാനസികവിള്ളലുകള്‍ സൃഷ്ടിക്കുന്നതിനും വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ കാരണമാകുന്നു.

പാശ്ചാത്യ സംസ്‌കാരത്തെ പുല്‍കാന്‍ വെമ്പല്‍കൊള്ളുന്ന കേരളീയ സമൂഹത്തില്‍ ഇവ്വിഷയകമായി വന്ന വ്യതിചലനങ്ങളെക്കുറിച്ചുള്ള പഠന ഫലങ്ങള്‍ ധാര്‍മികബോധമുള്ളവരെ ഏറെ ചിന്തിപ്പിക്കുന്നതാണ്. കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ ഓരോ മാസവും ശരാശരി 300 പേരാണത്രെ തങ്ങളുടെ ഇണയിലൂടെ പിറന്ന കുഞ്ഞ് തന്റേതാണോ എന്ന് ഉറപ്പിക്കാനായി എത്തുന്നത്!

പരപുരുഷ ബന്ധവും പരസ്ത്രീബന്ധവുമെല്ലാം കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കുന്ന കാഴ്ചകള്‍ വ്യാപകമാണ്. സ്വവര്‍ഗരതിയെന്ന ലൈംഗിക അരാജകത്വത്തിന് നിയമപരിരക്ഷ ലഭിക്കാന്‍ അനുമതി തേടുന്നവര്‍ എങ്ങനെ നമ്മുടെ നാട്ടിലുണ്ടായി എന്നത് ചിന്തിക്കേണ്ട കാര്യമാണ്.

ഇസ്‌ലാം വിഭാവനം ചെയ്യുന്ന സമൂഹം ഒരിക്കലും ഇത്തരത്തിലുള്ളതല്ല. ശാന്തമായ കുടുംബാന്തരീക്ഷവും സമാധാനപൂര്‍ണമായ ദാമ്പത്യബന്ധവും പുലരുവാന്‍ വിവാഹേതര ബന്ധങ്ങള്‍ പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. ഒരു മനുഷ്യന് തന്റെ ലൈംഗികത ഏറ്റവും നല്ലനിലയില്‍ ഉപയോഗിക്കുന്നതിനും മോശമായ മാര്‍ഗത്തില്‍ നിന്നും തടയുന്നതിനും ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ''നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ചമാര്‍ഗവുമാകുന്നു''(ക്വുര്‍ആന്‍ 17:32). വ്യഭിചാരത്തിലേക്ക് അടുക്കുകപോലുമരുത് എന്നാണ് ക്വുര്‍ആനിന്റെ കല്‍പന. അതിലേക്ക് എത്തുന്നതായ എന്തൊക്കെ കാര്യങ്ങളുണ്ടോ അതെല്ലാം നിര്‍ബന്ധമായും ഒഴിവാക്കണമെന്നാണ് പ്രവാചകന്‍(സ്വ) ലോകത്തെ പഠിപ്പിച്ചത.്

അന്യസ്ത്രീ പുരുഷന്‍മാര്‍ ശാരീരികമായി ബന്ധപ്പെടുന്നതിനെ മാത്രമല്ല ഇസ്‌ലാം വ്യഭിചാരമായി കാണുന്നത്. അന്യസ്ത്രീകളെ അനാവശ്യമായി നോക്കുന്നതും ഇന്റര്‍നെറ്റിന്റെ സഹായത്തോടെയും ടെലിവിഷനിലൂടെയും മറ്റും കാണുന്ന അശ്ലീല വീഡിയോകളും ചിത്രങ്ങളുമെല്ലാം ആസ്വദിക്കലും വ്യഭിചാരത്തിന്റെ ഇനങ്ങള്‍ തന്നെയാണ്. ഫോണിലൂടെയും നേരിട്ടും അന്യസ്ത്രീ പുരുഷന്മാര്‍ തമ്മില്‍ശബ്ദാസ്വാദനം നടത്തുന്നതും അശ്ലീലഭാഷണം നടത്തുന്നതുമെല്ലാം വ്യഭിചാരമാണ്. ഏതൊരു അവിഹിത ബന്ധത്തിന്റെയും തുടക്കം മിക്കവാറും ഇങ്ങനെയായിരിക്കും.

പരമകാരുണികന്റെ വിനീത ദാസന്മാരുടെ ഗുണങ്ങള്‍ പറയവെ ക്വുര്‍ആനില്‍ ഇങ്ങനെ കാണാം: ''അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ച് പ്രാര്‍ഥിക്കാത്തവരും അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചുകളയാത്തവരും വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും''(25:68).

ഈ വന്‍പാപവുമായി ലോകത്ത് നിന്ന് വിടപറയുന്ന മനുഷ്യര്‍ക്ക് വരാനിരിക്കുന്ന ഭീകരമായ അവസ്ഥ മഹാനായ പ്രവാചകന്‍ ഉണര്‍ത്തിയിട്ടുണ്ട്. നരകത്തിലെ ശിക്ഷകള്‍ കാണിക്കപ്പെട്ട സംഭവം പറയവെ അവിടുന്ന് പറഞ്ഞു:

''...പിന്നെയും അവര്‍ എന്നെയും കൊണ്ട് പോവുകയുണ്ടായി. അപ്പോഴതാ നന്നായി വീര്‍ത്ത, അതിരൂക്ഷമായ ദുര്‍ഗന്ധമുള്ള ഒരു വിഭാഗം. അവരുടെ ഗന്ധം കക്കൂസിന്റേതുപോലെയാണ്. ഞാന്‍ ചോദിച്ചു: ''ഇവര്‍ ആരാണ്?'' അവര്‍ പറഞ്ഞു: ''ഇവര്‍ വ്യഭിചാരികളും, വ്യഭിചാരിണികളുമാണ്'' (ബുഖാരി).

വ്യഭിചാരികള്‍ മരണാനന്തരം അനുഭവിക്കാനിരിക്കുന്ന മറ്റൊരു ഭയാനകമായ ശിക്ഷ മറ്റൊരു ഹദീഥില്‍ വിവരിക്കുന്നു:

പ്രവാചകന്‍(സ്വ)യുടെ അടുക്കലേക്ക് ജിബ്‌രീല്‍, മീകാഈല്‍ എന്നീ മലക്കുകള്‍ വന്നു. പ്രവാചകന്‍(സ്വ) പറയുകയാണ്: ''ഞങ്ങള്‍ പോയി. അങ്ങനെ മുകള്‍ഭാഗം ഇടുങ്ങിയതും അടിഭാഗം വിശാലവുമായ ഒരു അടുപ്പിന്റെ അടുത്തെത്തി. അതില്‍ നഗ്‌നരായ സ്ത്രീ-പുരുഷന്‍മാരാണ്. അവരുടെ താഴ്ഭാഗത്ത് നിന്ന് ഒരു തീജ്വാല അവരിലേക്ക് വരുന്നു. അത് വരുമ്പോള്‍ അതിന്റെ ചൂടിന്റെ കാഠിന്യം കാരണത്താല്‍ അവര്‍ അട്ടഹസിക്കുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു (നബി): 'ജിബ്‌രീല്‍ ആരാണീ കൂട്ടര്‍?' ജിബ്‌രീല്‍(അ) പറഞ്ഞു: 'ഇവര്‍ വ്യഭിചരിച്ച സ്ത്രീ-പുരുഷന്‍മാരാണ്'' (ബുഖാരി). അന്ത്യനാള്‍വരെ അവര്‍ക്കുള്ള ശിക്ഷയാണിത്. നരകത്തില്‍ ഏറ്റവും കൂടുതല്‍ പതിക്കാന്‍ കാരണമാകുന്ന തിന്‍മകളെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ പ്രവാചകന്‍(സ്വ) നല്‍കിയ ഉത്തരം ''നാവും ഗുഹ്യാവയങ്ങളും'' (ബുഖാരി) എന്നായിരുന്നു.

പ്രകൃതിവിരുദ്ധമായ സ്വവര്‍ഗരതിയെയും ഇസ്‌ലാം ശക്തമായി എതിര്‍ക്കുന്നു. ലോകത്ത് പല രാജ്യങ്ങളും ഇതിന് അനുമതി നല്‍കിയിട്ടുണ്ട്. ആദ്യമായി ഈ മ്ലേഛ പ്രവര്‍ത്തനം ചെയ്ത സമൂഹത്തിന് സംഭവിച്ച നാശത്തിന്റെ കഥ ക്വുര്‍ആന്‍ പറയുന്നുണ്ട്. ഈ ഒരു തിന്മയെ ആ ഗോത്രത്തിന്റെ പേരിലേക്ക് ചേര്‍ത്തുകൊണ്ടാണ് ലോകം സ്മരിക്കുന്നത്. ലൂത്വ് നബി(അ) നിയോഗിക്കപ്പെട്ട 'സദൂം' ഗോത്രക്കാരാണ് ഇതിന്റെ തുടക്കക്കാര്‍. അല്ലാഹു പറയുന്നു:

''ലൂത്വിന്റെ ജനത ദൈവദൂതന്‍മാരെ നിഷേധിച്ചുതള്ളി. അവരുടെ സഹോദരന്‍ ലൂത്വ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. ഇതിന്റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്നുമാത്രമാകുന്നു. നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയും നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചുതന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ. അവര്‍ പറഞ്ഞു: ലൂത്വേ, നീ (ഇതില്‍നിന്ന്) വിരമിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നീ (നാട്ടില്‍ നിന്ന്) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ പ്രവൃത്തിയെ വെറുക്കുന്നവരുടെ കൂട്ടത്തിലാകുന്നു. (അദ്ദേഹം പ്രാര്‍ഥിച്ചു): എന്റെ രക്ഷിതാവേ, എന്നെയും എന്റെ കുടുംബത്തെയും ഇവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ നിന്ന് നീ രക്ഷപ്പെടുത്തേണമേ. അപ്പോള്‍ അദ്ദേഹത്തെയും കുടുംബത്തെയും നാം രക്ഷപ്പെടുത്തി. പിന്‍മാറി നിന്നവരില്‍ ഒരു കിഴവി ഒഴികെ. പിന്നീട് മറ്റുള്ളവരെ നാം തകര്‍ത്തുകളഞ്ഞു. അവരുടെ മേല്‍ നാം ഒരു തരം മഴവര്‍ഷിപ്പിക്കുകയും ചെയ്തു. താക്കീത് നല്‍കപ്പെട്ടവര്‍ക്ക് ലഭിച്ച ആ മഴ എത്രമോശം.''

ആ കടുത്ത ശിക്ഷ ലോകാവസാനംവരെയുള്ളവര്‍ക്ക് പാഠമായി അല്ലാഹു നിലനിര്‍ത്തിയിട്ടുണ്ട്. അതാണ് ചാവുകടല്‍.

ഒരു വ്യക്തി സ്വയം തന്നെ ലൈംഗികാസ്വാദനം കണ്ടെത്തുന്ന സ്വയംഭോഗം എന്ന തിന്മയും ഇന്ന് ലോകത്ത് വര്‍ധിച്ചു വരികയാണ്. സ്വയം പരിശ്രമത്തിലൂടെയാണെങ്കിലും അത്തരമൊരു ആസ്വാദനം അടിസ്ഥാനപരമായി നിഷിദ്ധമാണ് എന്നതില്‍ പണ്ഡിതര്‍ ഏകോപിച്ചിട്ടുണ്ട്. ഉന്നതമായ സംസ്‌കാരം ലോകത്തിന് മുമ്പില്‍ സംഭാവന ചെയ്ത ഇസ്‌ലാം ഇത്തരമൊരു മ്ലേഛതക്ക് പ്രോത്സാഹനം നല്‍കുകയില്ലെന്ന് ഇസ്‌ലാമിന്റെ ബാലപാഠങ്ങള്‍ മനസ്സിലാക്കിയ ഏതൊരാള്‍ക്കും മനസ്സിലാകുന്നതാണ്.

സ്വര്‍ഗം കരസ്ഥമാക്കുന്ന വിജയികളുടെ കൂട്ടത്തില്‍ അല്ലാഹു ലൈംഗിക ശുദ്ധി എടുത്തുപറഞ്ഞത് വളരെ ശ്രദ്ധേയമാണ് (23:1-7).

ഇതിന്റെ അടിസ്ഥാനത്തില്‍ സ്വയംഭോഗം ചെയ്യുന്നതും തിന്മയായി പണ്ഡിതന്മാര്‍ വിലയിരുത്തിയിട്ടുണ്ട്. ശാരീരികമായും ഇത് ഗുണകരമല്ല. ഒരാള്‍ തന്റെ ഇണയുമായി സുഖാസ്വാദനം നടത്തുന്നതിന്റെ ഏഴ് മടങ്ങ് ഊര്‍ജമാണ് ഈ പ്രവൃത്തിയിലൂടെ ശരീരത്തില്‍ നിന്ന് നഷ്ടമാകുന്നത്. ശരീരത്തില്‍ നിന്നും ശരിയായ രൂപത്തില്‍ ബീജം പുറത്തേക്ക് പോകണമെങ്കില്‍ പൂര്‍ണമായ രൂപത്തില്‍ ഉത്തേജനം നടക്കണം. ഇതില്‍ പൂര്‍ണ ഉത്തേജനം സാധ്യമല്ല. അതിനാല്‍ തന്നെ ശരീരം ഈയൊരു പ്രവര്‍ത്തനത്തിനായി വന്‍തോതില്‍ ഊര്‍ജം ചെലവഴിക്കുകയും അത് ശരീരത്തിന് വലിയ ക്ഷീണമായി മാറുകയും ചെയ്യുന്നു.

വിവാഹം കഴിക്കാന്‍ കാലതാമസം ആവശ്യപ്പെടുന്നവരിലധകവും ഈ ദുസ്സ്വഭാവത്തിന് അടിമപ്പെട്ടവരായിരിക്കും. അതിലൂടെ വിവാഹം കഴിക്കുക എന്ന ഇസ്‌ലാമിന്റെ നിര്‍ദേശമാണ് തടയപ്പെടുന്നത്. ഇനി വിവാഹം നടന്നാല്‍ തന്നെ ഇത്തരക്കാര്‍ക്ക് ആനന്ദകരമായ ദാമ്പത്യജീവിതം നയിക്കല്‍ പ്രയാസകരമായിരിക്കും. സ്വയംഭോഗം നടത്തുന്ന ഏതൊരു വ്യക്തിയും മാനസികമായ വ്യഭിചാരത്തിന് വിധേയരാണ്. അതിനാല്‍ തന്നെ ഇതിനെ ഒരു പാപമായിട്ടല്ലാതെ കാണാന്‍ സാധ്യമല്ല. മനസ്സില്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്നതും ജനങ്ങളറിയുന്നത് വെറുക്കുന്നതുമായ കാര്യങ്ങളെയാണ് ഇസ്‌ലാം പാപമായി പരിചയപ്പെടുത്തുന്നത്.

ഇസ്‌ലാം പ്രകൃതിമതമാണ്. ലോകസ്രഷ്ടാവായ രക്ഷിതാവിന്റെ നിയമങ്ങളും അനുശാസനുകളുമാണ് അതിലടങ്ങിയിട്ടുള്ളത്. ലൈംഗിക വ്യതിയാനങ്ങളെക്കുറിച്ച് ബോധവല്‍കരിക്കുമ്പോള്‍ അതിനുള്ള തെളിമയാര്‍ന്ന പരിഹാരവും ഇസ്‌ലാം നിര്‍ദേശിച്ചിട്ടുണ്ട്. വിവാഹപ്രായമെത്തിയാല്‍ വിവാഹിതരാവുക എന്നതാണ് ഇസ്‌ലാം നിര്‍ദേശിക്കുന്ന ആദ്യപരിഹാരം. പ്രാപ്തിയും കഴിവുമുള്ള ഏതൊരു വ്യക്തിയും വിവാഹം കഴിക്കല്‍ അനിവാര്യമാണ്. മഹാനായ പ്രവാചകന്‍ല പറഞ്ഞു: ''ഹേ, യുവാക്കളേ..! നിങ്ങളില്‍ നിന്നും വിവാഹത്തിന് കഴിവുള്ളവര്‍ വിവാഹം കഴിക്കട്ടെ. കാരണം അത് അവന്റെ നോട്ടത്തെ നിയന്ത്രിക്കുകയും ഗുഹ്യാവയത്തെ സംരക്ഷിക്കുകയും ചെയ്യും''(ബുഖാരി, മുസ്‌ലിം).

വിവാഹപ്രായമായ മക്കളുടെ വിവാഹം ചെറിയ ചെറിയ കാരണങ്ങള്‍ നിരത്തി നടത്തിക്കൊടുക്കാത്ത രക്ഷിതാക്കള്‍ പ്രകൃതി മതത്തിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. പഠനവും അനുബന്ധകാര്യവുമാണ് വിവാഹത്തിനുള്ള തടസ്സമെങ്കില്‍ അവര്‍ക്ക് വിവാഹശേഷമുള്ള പഠനമാണ് ഏറ്റവും ഗുണകരമെന്ന് സാമൂഹ്യശാസ്ത്രവും മാനസികനിലവാരവുമറിയുന്ന ഏതൊരാളും അംഗീകരിക്കുന്നതാണ്. വിവാഹത്തോട് കൂടി മാനസികമായ ബുദ്ധിമുട്ടുകളും പിരിമുറുക്കങ്ങളും നീങ്ങുന്നതുകൊണ്ട് പഠനത്തില്‍ വളരെയേറെ ഉത്സാഹം ലഭിക്കുമെന്നാണ് ആധുനിക പഠനം തെളിയിക്കുന്നത്. വിവാഹത്തിനുള്ള പ്രയാസം സാമ്പത്തിക പ്രതിസന്ധിയാണെങ്കില്‍ അതിനെ ഭയക്കരുതെന്ന് ഇസ്‌ലാം ഉണര്‍ത്തുന്നു.

നബി(സ്വ) പറഞ്ഞു: ''അല്ലാഹു നിഷിദ്ധമാക്കിയതില്‍ നിന്നും മാറിനില്‍ക്കുന്നതിനായി വിവാഹം കഴിക്കുന്നവനെ സഹായിക്കല്‍ അല്ലാഹുവിന്റെ മേല്‍ ബാധ്യതയാണ്'' (ഇബ്‌നു അദിയ്യ്, സ്വഹീഹുല്‍ ജാമിഅ്-3152).

ദൃഷ്ടികളെ നിയന്ത്രിക്കുകയും അന്യസ്ത്രീകളിലേക്ക് അനാവശ്യമായി ദൃഷ്ടി തിരിക്കാതിരിക്കുകയും ചെയ്യുക എന്നത് ലൈംഗിക ശുദ്ധി സംരക്ഷിക്കാനുള്ള പരിഹാരമാര്‍ഗങ്ങളില്‍ െപട്ടതാണ്. ''നബിയേ, നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (24:30-30).

അനാവശ്യമായ നോട്ടമാണ് പലരുടെയും ജീവിതത്തെ വഴികേടിലാക്കാന്‍ കാരണമെന്നത് പരക്കെ അറിയപ്പെട്ട സത്യമാണ്. ഒരു മനുഷ്യന് വിവാഹത്തിന് കഴിയാതെ വന്നാല്‍ അതിനുള്ള പരിഹാരമായി റസൂല്‍(സ്വ) നിര്‍ദേശിച്ച മറ്റൊരു മാര്‍ഗം വ്രതാനുഷ്ഠാനമാണ്.

''ഓ, യുവസമൂഹമേ! നിങ്ങളില്‍ നിന്നും വിവാഹത്തിന് കഴിവുള്ളവന്‍ വിവാഹം കഴിക്കട്ടെ. കാരണം അത് അവന്റെ നോട്ടത്തെ നിയന്ത്രിക്കുകയും ഗുഹ്യാവയത്തെ സംരക്ഷിക്കുകയും ചെയ്യും. അതിന് കഴിയാത്തവര്‍ നോമ്പെടുക്കുക. അത് വികാരത്തെ നിയന്ത്രിക്കും'' (ബുഖാരി).

ജീവിതത്തില്‍ ലൈംഗികവിശുദ്ധി കാത്തുസൂക്ഷിക്കണമെങ്കില്‍ സ്വന്തം ശരീരത്തെ സംബന്ധിച്ച തിരിച്ചറിവ് അനിവാര്യമാണ്. മോശമായ രൂപത്തില്‍ ലൈംഗികത ഉപയോഗിക്കുന്ന ഏതൊരു വ്യക്തിയും തന്റെ ദേഹേഛക്കും പൈശാചിക പ്രേരണക്കും കീഴടങ്ങിയാണ് അത് ചെയ്യുന്നത്. നരകത്തിലേക്ക് പതിക്കുന്ന ഏതൊരു മനുഷ്യനും തന്റെ ശരീരേഛക്ക് അടിമപ്പെട്ട് ചെയ്ത പ്രവര്‍ത്തനഫലമായിക്കൊണ്ടല്ലാതെ പ്രവേശിക്കുന്നില്ല. അതിനാല്‍ തന്നെ ഏതൊരു ദുഷ്പ്രവൃത്തിയും മനസ്സില്‍ തോന്നുമ്പോള്‍ തന്നെ ഈ തിരിച്ചറിവുണ്ടാവണം. അത് നരകത്തിലേക്കുള്ള വഴിയാണെന്ന് മനസ്സിലാക്കണം.