മുസ്‌ലിം ആക്റ്റിവിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍

ആശിക് ഷൗക്കത്ത് നിലമ്പൂര്‍

2017 മാര്‍ച്ച് 04 1438 ജമാദുല്‍ ആഖിര്‍ 05

ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സാമൂഹിക മാര്‍ഗനിര്‍ദേശങ്ങള്‍ മനുഷ്യയാഥാര്‍ഥ്യങ്ങളെ പരിപൂര്‍ണമായി പരിഗണിച്ചുകൊണ്ടുള്ളതാണ്. മനുഷ്യജീവിതത്തെ പ്രതിസന്ധിയിലാഴ്ത്തുന്ന 'ഇരുട്ടുകളെ' മനസ്സിലാക്കി മുന്നോട്ട് പോകാന്‍ ഉതകുന്ന, നീതിയിലും ധാര്‍മികതയിലും ഉത്തമ സംസ്‌കാരത്തിലും അധിഷ്ഠിതമായ സാമൂഹികക്രമം പടുത്തുയര്‍ത്താനാണ് ഇസ്‌ലാം അതിന്റെ മാര്‍ഗനിര്‍ദേശം വഴി ആവശ്യപ്പെടുന്നത്.

നന്മകള്‍ പ്രചരിപ്പിക്കുകയും തിന്മകളെ നിരാകരിക്കുകയും തിരുത്തുകയും ചെയ്യണം എന്നത് ഇസ്‌ലാമിന്റെ താല്‍പര്യമാണ്. സമൂഹത്തിന്റെ സമാധാനപരമായ നിലനില്‍പിന് നന്മകളെ അഭിവൃദ്ധിപ്പെടുത്തുകയും തിന്മകളെ വിലക്കുകയും ചെയ്യുക എന്നത് ഭരണവ്യവസ്ഥയുടെ പ്രധാന ഉത്തരവാദിത്തമായാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതോടൊപ്പം വ്യക്തി രാഷ്ട്രവ്യവസ്ഥക്ക് കൂടെയും വ്യക്തിതലത്തിലും ഈ സാമൂഹിക ദൗത്യത്തില്‍ ഏര്‍പ്പെടേണ്ടതുണ്ട്. ഒാരോ വ്യക്തിയുടെയും അധികാരം, കഴിവ്, സാഹചര്യം എന്നിവയനുസരിച്ച് വ്യത്യസ്തമായിരിക്കും ഈ ഉത്തരവാദിത്തം എന്ന് മാത്രം.

വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ് എന്ന് പ്രഖ്യാപിക്കുന്ന ക്വുര്‍ആന്‍ 'നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരാണവര്‍' എന്നു പറഞ്ഞ് ആ സാഹോദര്യത്തിന്റെ വിശാലമായ മാനം വ്യക്തമാക്കുന്നുണ്ട്. നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ ഉരുത്തിരിയുന്ന സാഹോദര്യം മനുഷ്യര്‍ക്കാകമാനം ഉപകാരപ്രദമാകുമെന്നതില്‍ സംശയമില്ല.

മുസ്‌ലിംകള്‍ പരസ്പരം നന്മ ചെയ്താല്‍ മതി എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നില്ല. മാനുഷിക സഹായം ചെയ്യുന്നതില്‍ മതപരമായ വിവേചനം പാലിക്കാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നുമില്ല. ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുസ്‌ലിംകള്‍ അല്ലാത്തവരിലേക്കും ഇതര ജീവജാലങ്ങളിലേക്കും വ്യാപിപ്പിക്കുവാനാണ് ഇസ്‌ലാമിന്റെ ശാസന. ക്വുര്‍ആന്‍ പറയുന്നു: ''മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്. പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍... പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ'' (107:1-7).

മുന്‍കഴിഞ്ഞുപോയ സമുദായങ്ങളുടെ ചരിത്രം ദൃഷ്ടാന്തമായി അവതരിപ്പിക്കുന്ന ക്വുര്‍ആനും പ്രവാചക വചനങ്ങളും കേവലം ചരിത്രാഖ്യാനം എന്നതിലുപരി നന്മകളോടൊപ്പം നിലകൊള്ളാനും തിന്മകളെ വിരോധിക്കാനും പഠിപ്പിക്കുന്നവയാണ്. ക്രയവിക്രയ രംഗത്തുള്ള അനീതിയെ വിമര്‍ശിക്കുന്ന ക്വുര്‍ആന്‍ വചനം കാണുക: ''അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്'' (83:1-3).

ശിശുഹത്യ ഇന്നും വ്യാപകമായ തിന്മയാണ്. ഗര്‍ഭാശയത്തില്‍ വെച്ചും ജനിച്ച ശേഷവും കുഞ്ഞുങ്ങള്‍ കൊലചെയ്യപ്പെടുന്നു. ഇസ്‌ലാം കര്‍ശനമായി ഈ മഹാപാതകത്തെ എതിര്‍ക്കുന്നു: ''ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു'' (17:31).

സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിലും കുടുംബ, വൈയക്തിക മേഖലകളിലുമെല്ലാം നന്മയുടെ കൂടെ നില്‍ക്കാനും തിന്മകള്‍ വര്‍ജിക്കുവാനും ഇസ്‌ലാം പഠിപ്പിക്കുന്നു. നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക എന്നത് മുസ്‌ലിമിന്റെ വിശ്വാസവുമായി ബന്ധപ്പെട്ടതായാണ് ഇസ്‌ലാമികാധ്യാപനം. തിന്മയെ കഴിയുന്ന രൂപത്തില്‍ പ്രതിരോധിക്കണം. ചുരുങ്ങിയ പക്ഷം ഹൃദയം കൊണ്ട് വെറുക്കുകയെങ്കിലും ചെയ്യണം. ഇത് വിശ്വാസത്തിന്റെ ഏറ്റവും ദുര്‍ബലാവസ്ഥയാണ് എന്നാണ് പ്രവാചകന്‍(സ്വ) പഠിപ്പിച്ചത്. 'ഒരു കാര്യം തിന്മയാണെന്ന അറിവാണ് ഹൃദയത്തിന്റെ വിശ്വാസ'മെന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ പ്രസ്താവന ഇവിടെ ശ്രദ്ധേയമാണ്. സമൂഹത്തില്‍ നടമാടുന്ന തിന്മകളില്‍ അംഗീകാരവും തൃപ്തിയും ഉണ്ടാവുന്നത് തിന്മയായി പരിഗണിക്കുമെന്ന് ഇമാം നവവി(റഹി) പ്രസ്താവിച്ചതായി കാണാം.

ആക്ടിവിസം എന്ന ആശയം വരുന്ന പദം അക്ഷരംപ്രതി ഇസ്‌ലാമിക പ്രമാണങ്ങളിലോ സാഹിത്യങ്ങളിലോ കാണാന്‍ സാധിക്കില്ല. പൂര്‍വാധുനിക ഇസ്‌ലാമിക സാഹിത്യങ്ങളില്‍ ആക്ടിവിസം എന്ന പദത്തിനോട് ഏറെക്കുറെ യോജിക്കുന്നത് നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്ന ക്വുര്‍ആനിക പ്രസ്താവ്യമാണ്. സഹവിശ്വാസികളോട് നിര്‍വഹിക്കേണ്ട വ്യക്തിഗത ബാധ്യതകളെയാണ് അവയില്‍ ഈ പ്രയോഗം സൂചിപ്പിക്കുന്നത്. ഇസ്‌ലാമിക മൂല്യങ്ങള്‍ മുസ്‌ലിം സമൂഹത്തിനും വ്യവസ്ഥക്കും അകത്തും പുറത്തും സംഘടിതമായും വ്യവസ്ഥാനുസൃതമായും നിര്‍വഹിക്കപ്പെടേണ്ട ഒന്നാണ്.

ഇസ്‌ലാമിക തത്ത്വങ്ങളില്‍ നിന്ന് മാറ്റി നിറുത്തി നിര്‍വഹിക്കപ്പെടേണ്ട ഒന്നല്ല ഇസ്‌ലാമിക് ആക്ടിവിസം. അത് ഇസ്‌ലാമികമാകണമെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ പ്രവാചകാധ്യാപനങ്ങളുടെ മാതൃകയില്‍ അടിയുറപ്പിച്ചതും ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ തത്ത്വങ്ങളെ ഉള്‍ക്കൊള്ളുന്നതുമാകണം. പേരിനും പെരുമക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും അനീതിയോടും അധാര്‍മികതയോടുമുള്ള കേവലമായ പ്രതിഷേധവും പുണ്യകരമായി മാറുകയില്ല. നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക എന്ന ഇസ്‌ലാമിന്റെ അധ്യാപനം അധാര്‍മികതക്കും അനീതിക്കുമെതിരിലുള്ള പ്രവര്‍ത്തനം തന്നെയാണല്ലോ.

പണ്ഡിതന്മാര്‍ നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക എന്ന പ്രവര്‍ത്തനത്തിന് വേണ്ട അനിവാര്യമായ ചില ഗുണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിജ്ഞാനം (ഇല്‍മ്), സൗമ്യത (രിഫ്ഖ്), നീതി (അദ്ല്‍), ക്ഷമ (സ്വബ്ര്‍) എന്നിവ അവയില്‍ പ്രധാനപ്പെട്ടതാണ്. ഈ ഗുണങ്ങളില്ലാത്ത ഒരാള്‍ നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും നിര്‍വഹിക്കേണ്ടതില്ല എന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടതായി കാണാം. ഇക്കാര്യം സുഫ്‌യാനുസ്സൗരി(റഹി) വിശദീകരിച്ചത് ഇമാം ഇബ്‌നുറജബ് അല്‍ ഹമ്പലി(റഹി) തന്റെ ജാമിഉല്‍ ഉലൂം വല്‍ഹകമില്‍ ഉദ്ധരിച്ചിട്ടുണ്ട്.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) മൂന്ന് അനിവാര്യതകളെക്കുറിച്ച് തന്റെ ഫതാവയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വിജ്ഞാനം നന്മ കല്‍പിക്കുന്നതിനെയും തിന്മ വിരോധിക്കുന്നതിനെയും മുന്‍കടക്കണം, സൗമ്യതയും വിനയവും അവയെ സഹഗമിക്കണം, ക്ഷമ അവയെ പിന്‍തുടരുകയും വേണം എന്നിവയാണവ.

പ്രബോധന മേഖലയില്‍ സജീവമായവര്‍ അറിവുമായി ബന്ധപ്പെട്ട് ശ്രദ്ധ നല്‍കേണ്ട ഒരു വിഷയം ഹിജ്‌റ 620 ല്‍ മരണപ്പെട്ട ഹമ്പലി പണ്ഡിതനായിരുന്ന ഇബ്‌നുഖുദാമ അല്‍ മഖ്ദസി അദ്ദേഹത്തിന്റെ മുഖ്തസര്‍ മിന്‍ഹാജുല്‍ ക്വാസ്വിദീന്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയതു കാണാം. വിജ്ഞാനത്തെ നന്മ കല്‍പിക്കുന്നതിലും തിന്മ വിരോധിക്കുന്നതിലും അനിവാര്യതയായി വിശദീകരിച്ച ശേഷം തിന്മയെ തിരുത്താന്‍ അനുയോജ്യമായ സാഹചര്യവും അവയുടെ പരിധിയും വിജ്ഞാനമെന്ന നിബന്ധനയുടെ ഭാഗമാണെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. ഉത്തമമായ പെരുമാറ്റ മര്യാദയാണ് മറ്റൊരു അനിവാര്യതയായി അദ്ദേഹം പറയുന്നത്. പെരുമാറ്റ മര്യാദകളില്‍ 'രിഫ്ഖ്' അഥവാ സൗമ്യത എന്നത് നിര്‍ബന്ധമാണ് എന്ന് പറഞ്ഞതിനു ശേഷം ക്വുര്‍ആനിലെ 'നിങ്ങള്‍ അവനോട് സൗമ്യമായ വാക്ക് പറയുക' എന്ന വചനം ഉദ്ധരിക്കുന്നു. തിന്മ ചെയ്തവനെയല്ല തിന്മയെയാണ് വെറുക്കേണ്ടതെന്ന സന്ദേശം അദ്ദേഹം നല്‍കുന്നതായി കാണാം. തിന്മ ചെയ്ത ഒരാളെ ജനങ്ങള്‍ അധിക്ഷേപിച്ചപ്പോള്‍ അതിനെ തടഞ്ഞ് തിന്മ ചെയ്ത വ്യക്തിയെ വെറുക്കുന്നതിന് പകരം തിന്മയെ വെറുക്കുവാന്‍ അബുദ്ദര്‍ദാഅ്(റ) ഉപദേശിച്ചത് ഇബ്‌നു ഖുദാമ പ്രസ്തുത ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നുണ്ട്.

മുസ്‌ലിം ആക്ടിവിസത്തിന് ഈ ഗുണങ്ങള്‍ ഉണ്ടായിരിക്കണം. അവ മത പ്രബോധനത്തില്‍ മാത്രം പരിമിതപ്പെടുത്തി ചര്‍ച്ച ചെയ്യേണ്ടതല്ല. സാംസ്‌കാരിക-കലാ-സാഹിത്യ മേഖലകളിലും സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ഇടപാടുകളിലും ഇവ പകര്‍ത്താന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. അനീതിക്കും അസത്യത്തിനും എതിരാണെങ്കില്‍ പോലും വാക്കും പ്രവൃത്തിയും വെറുപ്പും വിദ്വേഷവും വളര്‍ത്തുന്നതാണെങ്കില്‍ അതിന് ഇസ്‌ലാമികമായ ന്യായീകരണമില്ല.

തിന്മ വിരോധിക്കുക എന്ന പ്രവര്‍ത്തനത്തിന് നാല് തലങ്ങളുണ്ടെന്ന് ഇമാം ഇബ്‌നുല്‍ ഖയ്യിം(റഹി) അദ്ദേഹത്തിന്റെ ഇഅ്‌ലാമുല്‍ മുവക്ക്വിഈന്‍ എന്ന ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: 'തിന്മ വിരോധിക്കുന്നതിന് നാല് തലങ്ങള്‍ ഉണ്ട്. ഒന്ന്, നന്മ വന്ന് ഇല്ലാതാക്കുന്നവ. രണ്ട,് പൂര്‍ണമായി ഉന്മൂലനം ചെയ്യാന്‍ സാധിക്കാത്ത; എന്നാല്‍ ദുര്‍ബലപ്പെടുന്നവ. മൂന്ന്, തുല്യമായ തിന്മ പുനഃസ്ഥാപിക്കപ്പെടുന്നവ. നാല്, വലിയ തിന്മകൊണ്ട് പുനഃസ്ഥാപിക്കപ്പെടുന്നവ.' ഇങ്ങനെ തരംതിരിച്ചതിന് ശേഷം അദ്ദേഹം ഇവയുടെ വിധിയെ (ഹുക്മ്) സംബന്ധിച്ച് പ്രസ്താവിക്കുന്നുണ്ട്. തിന്മ വിരോധിക്കുക എന്നത് ആദ്യ രണ്ട് തലങ്ങളില്‍ അനുവദനീയവും നാലാമത്തെ തലത്തില്‍ നിഷിദ്ധവുമാണ്. മൂന്നാമത്തേത് പണ്ഡിതോചിതമായ ഗവേഷണത്തിന്റെ (ഇജ്തിഹാദ്) മേഖലയാണ്.

സമൂഹത്തില്‍ നടക്കുന്ന അനീതികളെ എടുത്തുകാട്ടി ഇസ്‌ലാമിന്റെ സാങ്കേതിക ശബ്ദങ്ങളെയും സംജ്ഞകളെയും ഉപയോഗിച്ച് തങ്ങളുടെ ആക്ടിവിസത്തിന് സാധുത കണ്ടെത്തുന്ന 'മുസ്‌ലിം ആക്ടിവിസ്റ്റുകള്‍' പലപ്പോഴും ഇവ പരിഗണിക്കാറില്ല. ഗവേഷണപരമായ മേഖലകളില്‍ പണ്ഡിതന്മാരിലേക്ക് മടങ്ങാനും ഇവര്‍ തയ്യാറാകില്ല.