വമ്പിച്ച നമസ്‌കാരം, ഗംഭീര നോമ്പ്!

എസ്.എ. ഐദീദ് തങ്ങള്‍

2017 നവംബര്‍ 25 1439 റബിഉല്‍ അവ്വല്‍ 06

മുഹമ്മദ് നബി ﷺ യെ സ്‌നേഹിക്കണം എന്ന കാര്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. പ്രവാചകനെ എങ്ങനെ സ്‌നേഹിക്കണം എന്ന കാര്യത്തിലാണ് ഇന്ന് അഭിപ്രായ ഭിന്നതകളുള്ളത്. പ്രവാചക സ്‌നേഹത്തെക്കുറിച്ച് ഇസ്‌ലാമിക പ്രമാണങ്ങള്‍ എന്ത് പറയുന്നു എന്ന് വിശകലനം നടത്തുകയല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. മറിച്ച്, പ്രവാചകന്‍ ﷺ പഠിപ്പിക്കാത്ത രീതിയില്‍ പ്രവാചകനെ സ്‌നേഹിച്ചാല്‍ ഉണ്ടാകാവുന്ന അപകടം എന്തൊക്കെയായിരിക്കും എന്ന് ഒരെത്തിനോട്ടം നടത്തുക എന്നത് മാത്രമാണ്.

എന്റെ ജന്മദിനം നിങ്ങള്‍ എല്ലാ വര്‍ഷവും ആഘോഷിക്കണമെന്ന് പ്രവാചകന്‍ ﷺ ഏതെങ്കിലും അനുചരനോട് (സ്വഹാബിയോട്) പറഞ്ഞിട്ടുണ്ടെങ്കില്‍ നമുക്കത് തെളിവാക്കാമായിരുന്നു. തിരുമേനിയുടെ മരണത്തിന് ശേഷം അവിടുത്തെ ഭാര്യമാരില്‍ ഒരാളെങ്കിലും ജന്മദിനം ആഘോഷിച്ചെങ്കില്‍ നമുക്കതും മതിയാകുമായിരുന്നു. മുന്‍കഴിഞ്ഞ് പോയ ഏതെങ്കിലും ഒരു പ്രവാചകന്റെ ജന്മദിനമെങ്കിലും തിരുനബി ﷺ ആചരിച്ചിരുന്നുവെങ്കില്‍ അതും ഒരു രേഖയാകുമായിരുന്നു.

മതത്തില്‍ നബിദിനാഘോഷത്തിന് യാതൊരു വിധ തെളിവും കിട്ടാതിരുന്നിട്ടും എന്ത് കൊണ്ട് ചിലര്‍ ഈ ആചാരം മതത്തിന്റെ പേരില്‍ ഈ സമുദായത്തിലേക്ക് കൊണ്ടുവന്നു എന്നതാണ് നമുക്ക് ചിന്തിക്കുവാനുള്ളത്. 

റബീഉല്‍ അവ്വല്‍ മാസം പിറന്നാല്‍ കഅ്ബയിലോ, ഹറമിന്റെ പരിസങ്ങളിലോ, മദീനമുനവ്വറയിലോ, പ്രത്യേകമായി പ്രകാശ തോരണം പോയിട്ട് ഒരു ബള്‍ബെങ്കിലും കത്തിച്ചുവെക്കാറുള്ളതായി, നബിദിനത്തിന്റെ പേരില്‍ ലൈറ്റുകളും തോരണങ്ങളും കൊണ്ട് തെരുവുകള്‍ അലങ്കരിക്കുന്നവര്‍ക്ക് കാണിച്ചുതരാന്‍ കഴിയില്ല. ചില കാര്യങ്ങള്‍ പറയുമ്പോള്‍ ഹറമിനെ ഇവര്‍ ഉദാഹരിക്കാറുള്ളതുകൊണ്ടാണ് ഇക്കാര്യം സൂചിപ്പിച്ചത്. 

ഒരു കര്‍മം ബിദ്അത്താണെന്ന് (മതത്തിലെ പുതുനിര്‍മിതി) തെളിഞ്ഞാല്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കല്‍ ഒരു സത്യവിശ്വാസിയുടെ കടമയാണ്. നബിദിനാഘോഷം ഇസ്‌ലാമികമായ ഏര്‍പാടല്ല എന്ന് പറയുമ്പോള്‍ മുജാഹിദുകള്‍ 'നബിയെ സ്‌നേഹിക്കാത്തവരാണ്', 'നബിയെ സാധാരണ മനുഷ്യനാക്കുന്നവരാണ്,''ക്വബ്ര്‍ സിയാറത്തിനെ എതിര്‍ക്കുന്നവരാണ്,' 'സ്വലാത്ത് ചൊല്ലാത്തവരാണ്'... എന്നൊക്കെയുള്ള ആരോപണങ്ങള്‍ ജനമധ്യെ പ്രചരിപ്പിച്ച് കൊണ്ട് അതിനെ നേരിടുന്ന ശൈലി സ്വീകരിക്കുന്നത് പ്രമാണങ്ങളുടെ പിന്തുണയില്ലാത്തതുകൊണ്ടാണ് എന്നതില്‍ സംശയമില്ല.

പ്രവാചകന്‍ ﷺ ആചരിക്കുകയും അനുചരന്മാരോട് ആചരിക്കുവാന്‍ കല്‍പിക്കുകയും ചെയ്ത പുണ്യകര്‍മമാണ് നബിദിനാഘോഷമെങ്കില്‍ അന്ന് മുതല്‍ അന്ത്യനാള്‍ വരെ ലോകത്ത് നിലനില്‍ക്കുമായിരുന്നു. അങ്ങനെ നിലനില്‍ക്കുന്ന ഒട്ടനേകം കാര്യങ്ങള്‍ ഉണ്ട്താനും. 

സ്വന്തത്തെക്കാള്‍ നബി ﷺ യെ സ്‌നേഹിക്കല്‍ വിശ്വാസിയുടെ ബാധ്യതയാണ്. ആ സ്‌നേഹം അദ്ദേഹത്തിന്റെ ചര്യ പിന്‍തുടര്‍ന്നുകൊണ്ടായിരിക്കണമെന്ന് മാത്രം. ആരാധനയിലേക്ക് വഴിമാറുന്ന ആദരവോ സ്‌നേഹമോ അല്ല ഇസ്‌ലാം ആവശ്യപ്പെടുന്ന പ്രവാചകസ്‌നേഹം. മുന്‍കഴിഞ്ഞ പല പ്രവാചകന്മാരും, മഹാത്മാക്കളും ആരാധിക്കപ്പെടുവാന്‍ പോലും കാരണമായി ഭവിച്ചത് അവരോടുള്ള സ്‌നേഹം വഴിതെറ്റിപ്പോയതായിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്. 

ഈസാ നബി(അ), ഉസൈര്‍(അ) എന്നിവരെ ദൈവപുത്രന്മാരാക്കി അവരുടെ അനുയായികള്‍ എന്നു പറയുന്നവര്‍ അവരോധിച്ചത് അവരോടുള്ള വെറുപ്പ് കൊണ്ടോ, വിദ്വേഷം കൊണ്ടോ ആയിരുന്നില്ല എന്ന് നാം അറിയുക. ഇത്തരമൊരു വന്‍പിഴവ് സംഭവിക്കാതിരിക്കുവാനാണ് ഇസ്‌ലാം നബിയെ സ്‌നേഹിക്കണം എന്ന് പറഞ്ഞ് അവസാനിപ്പിക്കാതെ അത് എങ്ങനെയാവണം എന്ന് വ്യക്തമായി പഠിപ്പിച്ചത്. 

ഇന്ന് പ്രവാചകസ്‌നേഹത്തെ സമൂഹത്തിലെ ഒട്ടുമിക്ക ആളുകളും മനസ്സിലാക്കുന്നത് റബീഉല്‍ അവ്വല്‍ മാസത്തില്‍ ഒരു പ്രത്യേക ദിവസം അദ്ദേഹത്തിന്റെ ജന്മദിനമാഘോഷിക്കലാണത് എന്നാണ്. പ്രത്യേകം മൗലിദ് പാരായണം നടത്തുക, അന്നദാനം നടത്തുക, ഘോഷയാത്രയും കലാപരിപാടികളും സംഘടിപ്പിക്കുക തുടങ്ങിയവയെല്ലാമാണ് റബീഉല്‍ അവ്വലിലെ പ്രവാചക സ്‌നേഹം കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ റബീഉല്‍ അവ്വല്‍ മാസം വന്നാല്‍ നാടാകെ ആഘോഷത്തിന്റെ പ്രതീതി പടരുന്നു. കടകമ്പോളങ്ങളും മതസ്ഥാപനങ്ങളുമെല്ലാം തോരണങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെടുന്നു.  എങ്ങും മൗലിദുകളുടെയും സ്വലാത്തിന്റെയും കാതടിപ്പിക്കുന്ന ശബ്ദകോലാഹലങ്ങള്‍! ദിക്ര്‍ ഹല്‍ഖ,  പ്രാര്‍ഥനാ സമ്മേളനം, സ്വലാത്ത് വാര്‍ഷികം...എല്ലാം ലൗഡ്‌സ്പീക്കറിലൂടെ! ''താഴ്മയോടും രഹസ്യമായും നിങ്ങള്‍ നിങ്ങളുടെ റബ്ബിനോട് പ്രാര്‍ഥിക്കുക, നിശ്ചയം അതിര് കടക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല'' (ക്വുര്‍ആന്‍7:55) എന്ന അല്ലാഹുവിന്റെ വചനമൊന്നും ഇവര്‍ക്ക് ബാധകമല്ല!

കണ്ണിന്റെ കട്ടുനോട്ടവും ഹൃദയത്തിലെ രഹസ്യങ്ങളുമെല്ലാം സൂക്ഷ്മമായി അറിയുന്ന സ്രഷ്ടാവിനോടുള്ള ആരാധനയാണ് ദിക്ര്‍ ഹല്‍ഖയും സ്വലാത്ത് വാര്‍ഷികവുമൊക്കെയെങ്കില്‍ എന്തിനാണ് ഇത്ര ഉച്ചത്തില്‍ ലൗഡ്‌സ്പീക്കറിലൂടെയാക്കുന്നത്? മുഷ്ടി ചുരുട്ടി വായുവിലെറിഞ്ഞ് 'ബോലോ തക്ബീര്‍' ചൊല്ലുന്നത്?  

ബുര്‍ദയും റാത്തീബും ഹദ്ദാദുമൊക്കെ ഓതി അതിന്റെ പ്രതിഫലം പലരുടെയും ഹള്‌റത്തിലേക്ക് പാര്‍സല്‍ ചെയ്ത്‌കൊണ്ട് ദുആ ഇരക്കുകയും ഖൗമ് ഉച്ചത്തില്‍ ആമീന്‍ പറയുകയും ചെയ്യുന്ന ശബ്ദം പള്ളിയില്‍ നിന്ന് ലൗഡ്‌സ്പീക്കറില്‍ മുഴങ്ങിക്കേള്‍ക്കുമ്പോള്‍ 'വീടിന്റെ ഉള്ളിന്റെയുള്ളില്‍' പുകയും ചൂടും സഹിച്ച് പണിയെടുക്കുന്ന സ്ത്രീ സമൂഹം അറിയിപ്പ് മനസ്സിലാക്കുന്നു: 'സ്ത്രീകളേ, റാത്തീബ് തീരാറായി...ഞങ്ങളിതാ വന്നു കഴിഞ്ഞു... വേഗം പത്തിരിയും ഇറച്ചിയും വിളമ്പിത്തുടങ്ങാം!' 

അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഭക്തനായ ഒരു മനുഷ്യന് തന്റെ കര്‍മങ്ങള്‍ മറ്റൊരാളെ കാണിക്കുന്നതിലും കേള്‍പിക്കുന്നതിലും താല്‍പര്യമുണ്ടായിരിക്കില്ല. കാരണം ആരാധനകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ ചെയ്യേണ്ട ഒന്നല്ല. പരലോകത്ത് ലഭിക്കുന്ന മഹത്തായ പ്രതിഫലം മാത്രമെ തന്റെ ആരാധനകള്‍ കൊണ്ട് ഒരു ഭക്തന്‍ ലക്ഷ്യമാക്കുകയുള്ളൂ. വമ്പന്‍ പ്രചാരണകോലാഹലങ്ങള്‍ നടത്തി, പാടത്തും പറമ്പിലുമൊക്കെ പതിനായിരങ്ങളെ ഒരുമിച്ചുകൂട്ടി പ്രാര്‍ഥനാസമ്മേളനങ്ങള്‍ നടത്തുന്നവര്‍ വാസ്തവത്തില്‍ അല്ലാഹുവിന്റെ മതത്തെ അപഹസിക്കുകയല്ലേ ചെയ്യുന്നത്? 

പരിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നത് ഏറ്റവും വലിയ പുണ്യകര്‍മമാണ്. വമ്പിച്ച പ്രതിഫലം ലഭിക്കുന്ന പ്രവര്‍ത്തനമാണ്. ഇതില്‍ ആര്‍ക്കും തര്‍ക്കമില്ല. പള്ളിയില്‍ വട്ടമിട്ടിരുന്ന് ലൗഡ്‌സ്പീക്കറില്‍ ഘോരശബ്ദത്തില്‍ സംഘമായി ക്വുര്‍ആന്‍ പാരായണം ചെയ്യുന്നതായി നാം കേട്ടിട്ടുണ്ടോ? ഇല്ല! പള്ളിയില്‍ അങ്ങിങ്ങായി ഇരുന്ന് ഓരോരുത്തരും പതിഞ്ഞ സ്വരത്തില്‍ ക്വുര്‍ആന്‍ ഓതാറാണ് പതിവ്. എന്നാല്‍ മൗലീദ് കിതാബുകളും ബുര്‍ദയും റാത്തീബുമൊക്കെ അത്യുച്ചത്തില്‍ വായിക്കുന്നതും പാടുന്നത് എന്തിനാണ്? പതുക്കെയായാല്‍ പ്രതിഫലം കുറയുമെന്ന് പേടിച്ചിട്ടാണോ? അതോ ക്വുര്‍ആനിനെക്കാള്‍ മഹത്ത്വം അവയ്ക്ക് ഉണ്ടെന്ന വിശ്വാസം കൊണ്ടോ? 

മൗലിദും റാത്തീബുമൊക്കെ കഴിക്കാന്‍ പല വീട്ടുകാരും നേര്‍ച്ചയാക്കല്‍ പതിവുണ്ട്. എന്നാല്‍, അതിനെക്കാള്‍ വിശിഷ്ഠമായ പരിശുദ്ധ ക്വുര്‍ആന്‍ പള്ളിയിലിരുന്നോ, വീട്ടില്‍വെച്ചോ പാരായണം ചെയ്യാന്‍ ഇക്കൂട്ടര്‍ നേര്‍ച്ചയാക്കാറില്ല! നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവ പോലെ നേര്‍ച്ചയും ഒരു ആരാധനയാണല്ലോ. അതിനാല്‍ നേര്‍ച്ച അല്ലാഹുവിന് മാത്രമെ അര്‍പ്പിക്കുവാന്‍ പാടുള്ളൂ എന്നാണ് മുജാഹിദുകള്‍ സമൂഹത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. മമ്പുറം, കൊണ്ടോട്ടി, അജ്മീര്‍, ഭീമാപള്ളി നേര്‍ച്ചകളൊക്കെ നമസ്‌കാരം പോലെ ഒരു ആരാധന എന്ന നിലയ്ക്കാണല്ലോ ആചരിച്ച് വരുന്നത്. ഇത്തരം ആണ്ടുനേര്‍ച്ചകളെ പറ്റിയുള്ള പരസ്യപോസ്റ്ററുകളില്‍ 'വമ്പിച്ച ആണ്ടുനേര്‍ച്ച,' 'വമ്പിച്ച ഉറൂസ്,' 'ഗംഭീര പെട്ടി വരവ്,' 'സ്വലാത്ത് മഹാമഹം' എന്നൊക്കെ കാണാറുണ്ട്. 

ഒരു ഇബാദത്തായ നേര്‍ച്ചയെ 'വമ്പിച്ചത്,' 'ഗംഭീരം' എന്നൊക്കെ വിശേഷിപ്പിക്കുമ്പോള്‍ പാമരജനങ്ങള്‍ അതില്‍ പെട്ടുപോകുകയാണ്. 'ഗംഭീര'ത്തിന് 'വമ്പിച്ച' പിരിവ് നല്‍കുവാന്‍ അവര്‍ നിര്‍ബന്ധിതരാകും; കുരുത്തക്കേട് തട്ടിക്കൂടല്ലോ! ഈയിടെയായി പ്രവാചകന്റെ പേരിലുള്ള സ്വലാത്തിനെയും 'വമ്പിച്ച സ്വലാത്താ'ക്കി മാറ്റിയിരിക്കുന്നു! ഇനി 'വമ്പിച്ച നമസ്‌കാരവും' 'ഗംഭീര നോമ്പും' 'ഭയങ്കര ഹജ്ജും' എന്ന് പ്രത്യക്ഷപ്പെടുമോ ആവോ? പോയിപ്പോയി അവിടെയും എത്തിക്കൂടായ്കയില്ല. അവയിലൂടെ വരുമാനമുണ്ടാക്കുവാന്‍ പഴുത് കാണാത്തതുകൊണ്ടാവാം വെറുതെ വിട്ടിരിക്കുന്നത്. വമ്പിച്ച സ്വലാത്തിന്റെയും വമ്പിച്ച ദിക്ര്‍ ഹല്‍ഖയുടെയും പേരില്‍, പള്ളിയില്‍ ജമാഅത്തിന് വരാത്തവരോട് പോലും പണപ്പിരിവ് നടത്തുമ്പോള്‍ 'അതിന്  നിങ്ങളെപ്പോഴാ മൗലൂദോതിയത്, ഞങ്ങളാരും അത് കേട്ടില്ലല്ലോ, അറിഞ്ഞില്ലല്ലോ' എന്ന പരാതിയുടെ പഴുതടക്കുക എന്ന ലക്ഷ്യവും മൗലിദ്, റാത്തീബുകള്‍ ലൗഡ്‌സ്പീക്കറിലൂടെയാക്കുന്നതിനു പിന്നില്‍ ഉണ്ടായിരിക്കാം. 

മൗലിദ്, റാത്തീബുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആഗ്രഹസഫലീകരണത്തിനായി  മരണപ്പെട്ടവരോട് പ്രാര്‍ഥിക്കുവാന്‍ വിവിധ ജാറങ്ങള്‍ കയറിയിറങ്ങുന്നവര്‍ എമ്പാടും സമുദായത്തിലുണ്ട്. 'വല്ലേനിലത്തീന്നും എന്നെ വിളിപ്പോര്‍ക്ക് വായ് കൂടാതുത്തീരം ചെയ്യും ഞാനെന്നോവര്‍' എന്ന മുഹിയുദ്ദീന്‍ ശൈഖിന്റെ (പേരില്‍) ഒരു 'വമ്പിച്ച' ഓഫര്‍ നൂറ്റാണ്ടുുകളായി ഇവിടെ നിലനില്‍ക്കുന്നുണ്ട് മഹാനായ ശൈഖിന്റെ വിലമതിക്കാനാവാത്ത ഈ ഓഫര്‍ ഇവിടെ നിലവിലുണ്ടായിട്ടും പ്രസ്തുത ഓഫര്‍ അവഗണിച്ച് തള്ളുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ആരായാലും വല്ല സ്ഥലത്ത് നിന്നും ഏത് ഭാഷയില്‍ എപ്പോള്‍ വിളിച്ചാലും വിളിക്കുന്നവന്‍ തന്റെ വായുപൂട്ടുന്നതിന് മുമ്പേ ശൈഖവര്‍കള്‍ അയാള്‍ക്ക് ഉത്തരം നല്‍കുവാന്‍ കാലങ്ങളായി കാത്തു നില്‍ക്കുന്നുണ്ടെങ്കില്‍ പിന്നെ എന്തിന് മുക്കിനുമുക്കിന് ജാറങ്ങള്‍ കെട്ടിയുണ്ടാക്കുന്നു? എന്തിന് അവിടങ്ങളിലേക്കൊക്കെ സിയാറത്ത് ടൂര്‍ സംഘടിപ്പിച്ച് മറമാടപ്പെട്ടവരോടൊക്കെ വിളിച്ച് സഹായം തേടുന്നു? മുഹ്‌യുദ്ദീന്‍ ശൈഖ് പോരേ? 'ദീപസ്തംഭം മഹാശ്ചര്യം, നമുക്ക് കിട്ടണം പണം' എന്ന കവിവാക്യം ഓര്‍ത്തുപോകുന്നു.

അല്ലാഹു പറയുന്നത് കാണുക: ''നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച'' (ക്വുര്‍ആന്‍ 40:60).

''നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്'' (ക്വുര്‍ആന്‍ 2:186).

അല്ലാഹുവിന്റെ ഈ ഓഫര്‍ പോരേ സത്യവിശ്വാസികള്‍ക്ക്? ഇതിലല്ലേ നാം സായൂജ്യമടയേണ്ടത്? ചിന്തിക്കുക.