മനസ്സിലെ മക്വ്ബറകള്‍

ടി.കെ.അശ്‌റഫ്

2017 ഡിസംബർ 23 1439 റബിഉല്‍ ആഖിര്‍ 05

ഇസ്‌ലാം ശുദ്ധമായ ഏകദൈവാദര്‍ശത്തിന്റെ മതമാണ്. അതിനാല്‍ സൃഷ്ടി പൂജ ഇസ്‌ലാമിന് തീര്‍ത്തും അന്യം. എന്നാല്‍ മുസ്‌ലിം സമൂഹത്തില്‍ മരിച്ചുപോയവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവരുണ്ട്. പലരുടെയും ക്വബ്‌റുകള്‍ കെട്ടിപ്പൊക്കി ജാറമെന്നോ ദര്‍ഗയെന്നോ മക്വാം എന്നോ ഒക്കെ പേരിട്ട് അവിടങ്ങളിലേക്ക് സന്ദര്‍ശകര്‍ പ്രവഹിക്കുകയും ആഗ്രഹ സഫലീകരണത്തിനായി ക്വബ്‌റിലുള്ളവരോട് തേടുന്നുമുണ്ട്. അതിനുള്ള സ്വാതന്ത്ര്യം നാട്ടില്‍ അവര്‍ക്ക് ഉണ്ട്താനും. ഈയിടെയായി ഒരു മക്വാം തകര്‍ക്കപ്പെട്ടത് വലിയ വാര്‍ത്തയായത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ. ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന ചില ചോദ്യങ്ങക്ക് നമുക്ക് ഉത്തരം കണ്ടെത്താം.

എന്താണ് മക്വാം അല്ലെങ്കില്‍ ജാറം?

മരണപ്പെട്ടവരുടെ ക്വബ്ര്‍ കെട്ടിപ്പൊക്കി അവിടെ പച്ചപുതച്ച്, വിളക്ക് കൊളുത്തി, ജനങ്ങള്‍ക്ക് മരണപ്പെട്ട വ്യക്തിയോട് തങ്ങളുടെ ആഗ്രഹങ്ങളും ആവലാതികളും ബോധിപ്പിക്കുവാനായി ഒരുക്കിയ ഇടമാണ് മക്വാം അല്ലെങ്കില്‍ ജാറം. മിക്കവാറും പള്ളികളോട് അനുബന്ധിച്ചാണ് മക്വാം നിര്‍മിക്കാറുള്ളത്. അഥവാ മക്വാം നിര്‍മിച്ച ശേഷം അവിടെ പള്ളി നമര്‍മിക്കാറുമുണ്ട്. പള്ളിയോടനുബന്ധിച്ചല്ലാതെയും മക്വാമുകള്‍ നിര്‍മിക്കപ്പെട്ടതായി കാണാം. ആഗ്രഹ സഫലീകരണത്തിനായി വരുന്നവരില്‍ നിന്ന് പണം സ്വീകരിക്കുവാന്‍ പ്രത്യേക സംവിധാനം അവിടെ ഒരുക്കിയിട്ടുണ്ടാകും.


ഇത് ഇസ്‌ലാം അനുവദിക്കുന്നുണ്ടോ?

ഇല്ല! ക്വബ്‌റുകള്‍ ഭൂമിയില്‍ നിന്നും ഒരു ചാണിലധികം പൊക്കുവാനും അതിന്‍മേല്‍ എടുപ്പുകള്‍ നിര്‍മിക്കുവാനും, അതിന്‍മേല്‍ കുമ്മായം പൂശുവാനും ഇസ്‌ലാം അനുവദിക്കുന്നില്ല.

തെളിവ് കാണുക: ജുന്‍ദുബ് ഇബ്‌നുല്‍ ബജലി(റ) പറയുന്നു: നബി ﷺ മരിക്കുന്നതിന്റെ അഞ്ചു ദിവസം മുമ്പ് അദ്ദേഹത്തില്‍ നിന്ന് (നബി ﷺ യില്‍നിന്ന്) അദ്ദേഹം കേള്‍ക്കുകയുണ്ടായി: ''അറിയുക നിങ്ങളുടെ മുന്‍ഗാമികള്‍ അവരുടെ പ്രവാചകന്മാരുടെയും സദ്‌വൃത്തരുടെയും ക്വബ്‌റുകളെ പള്ളികള്‍ ആക്കിയിരുന്നു. അറിയുക നിങ്ങള്‍ ക്വബ്‌റുകളെ പള്ളികളാക്കാതിരിക്കുക. ഞാന്‍ അതില്‍നിന്നും നിങ്ങളെ വിലക്കുന്നു'' (മുസ്‌ലിം).

അബൂഹുറയ്‌റ(റ): നബി ﷺ പറഞ്ഞു: ''നിങ്ങള്‍ എന്റെ ക്വബ്‌റിനെ ആഘോഷസ്ഥലവും നിങ്ങളുടെ വീടുകള്‍ ക്വബ്‌റുകളെ പോലെയും ആക്കരുത്. നിങ്ങള്‍ എന്റെ പേരില്‍ സ്വലാത്ത് ചൊല്ലുക. നിങ്ങള്‍ എവിടയായിരുന്നാലും നിങ്ങളുെട സ്വലാത്ത് എനിക്ക് എത്തിച്ചേരുകതന്നെ ചെയ്യും'' (അബൂദാവൂദ്).

ജാബിര്‍(റ) നിവേദനം: ''ക്വബ്‌റിനുമുകളില്‍ ഇരിക്കുന്നതും എടുപ്പുണ്ടാക്കുന്നതും കുമ്മായം പൂശുന്നതും അതിനുമുകളില്‍ എഴുതുന്നതും നബി ﷺ വിരോധിച്ചിരിക്കുന്നു'' (മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ്).

ശാഫിഈ കര്‍മശാസ്ത്ര പണ്ഡിതന്‍ ഇബ്‌നുല്‍ ഹജറുല്‍ ഹൈതമി(റഹി) പറയുന്നു: ''ക്വബ്‌റുകള്‍ പള്ളികളാക്കുക എന്നതിന്റെ അര്‍ഥം ക്വബ്‌റിന്‍മേല്‍ നമസ്‌കരിക്കുകയോ ക്വബ്‌റിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കുകയോ ചെയ്യുക എന്നതാണ്'' (അസ്സവാജിര്‍ 1:121).

അബൂസഈദുല്‍ ഖുദ്‌രി(റ)വില്‍നിന്ന്: ''ക്വബ്‌റിന്‍മേല്‍ കെട്ടിടമുണ്ടാക്കുന്നതും അതിന്‍മേല്‍ ഇരിക്കുന്നതും അതിന്‍മേല്‍ നമസ്‌കരിക്കുന്നതും അല്ലാഹുവിന്റെ ദൂതന്‍ നിരോധിച്ചിരിക്കുന്നു.'' (മുസ്‌നദു അബൂയഅ്‌ലാ).

എന്തുകൊണ്ട് ഇസ്‌ലാം ഇത് വിരോധിച്ചു?

തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ഏകദൈവാരാധനയാണ് ഇസ്‌ലാമിന്റെ അടിത്തറ. അതിന് വിഘാതമാകുന്നതൊന്നും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ക്വബ്ബറുകള്‍ കെട്ടിപ്പൊക്കുന്നത് അതില്‍ അന്ത്യവിശ്രമം കൊള്ളുന്ന വ്യക്തിയെ ആരാധിക്കുവാന്‍ കാരണമാകും എന്നതാണ് നിരോധിക്കുവാനുള്ള പ്രധാന കാരണം.

എങ്കില്‍ ക്വബ്ര്‍ സന്ദര്‍ശനം ഇസ്‌ലാം അനുവദിക്കുന്നുണ്ടല്ലോ. അതിന്റെ ലക്ഷ്യമെന്താണ്?

ആദ്യകാലത്ത് ക്വബ്ര്‍ സന്ദര്‍ശനം തന്നെ നബി ﷺ നിരോധിച്ചിരുന്നു. ജനങ്ങള്‍ പഴയ വിശ്വാസത്തിലേക്ക് മടങ്ങുമോയെന്ന ഭീതിയായിരുന്നു അതിനുള്ള കാരണം. എന്നാല്‍ അവരില്‍ വിശ്വാസം രൂഢമൂലമായപ്പോള്‍ പിന്നീട് ക്വബ്ര്‍ സന്ദര്‍ശനം അനുവദിച്ചു. അതിന്റെ ലക്ഷ്യവും വിശദീകരിച്ചു: സ്വന്തം മരണത്തെക്കുറിച്ച് ഓര്‍ക്കുവാന്‍, പരലോകചിന്തയുണ്ടാകുവാന്‍. അത് നിങ്ങളുടെ കണ്ണുകളെ കരയിക്കുമെന്നും പഠിപ്പിച്ചു. ക്വബ്‌റിലുള്ളയാള്‍ക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയെന്നതാണ് മറ്റൊരു ലക്ഷ്യം.

എന്നാല്‍ ഇന്ന് കെട്ടിയുയര്‍ത്തിയ ജാറങ്ങളിലേക്ക് സിയാറത്തിന് പോകുന്നവരില്‍ ഇൗ ലക്ഷ്യമാണോ ഉള്ളത്? ഇല്ല എന്ന് മാത്രമല്ല ഇസ്‌ലാം പഠിപ്പിക്കുന്ന ലക്ഷ്യത്തിനും വിരുദ്ധമായി ക്വബ്‌റാളിയോട് സഹായം തേടലും പ്രാര്‍ഥിക്കലുമൊക്കെയാണ് അവരുടെ ലക്ഷ്യം. ഇന്നയിന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടുവാന്‍ ഇന്നയിന്ന ജാറങ്ങളില്‍ സിയാറത്ത് ചെയ്യുക എന്ന പരസ്യം നല്‍കുന്ന സൂചനയെന്താണ്? മക്വാമിനെ കേന്ദ്രീകരിച്ച് നടക്കുന്ന പ്രത്യേക ഉത്സവങ്ങള്‍ ശ്രദ്ധിച്ചാല്‍ കാണാം അതില്‍ എന്തുമാത്രം ഇസ്‌ലാം ഉണ്ടെന്ന്!


ഇസ്‌ലാം വിരോധിച്ചതാണ് ക്വബ്ര്‍ കെട്ടിപ്പൊക്കല്‍ എങ്കില്‍ അത് ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടതില്ലേ?

തീര്‍ച്ചയായും വേണം. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ആ കടമ ആദ്യം മുതലേ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് ധാരാളം മാറ്റങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. ബോധവത്കരണമാണ് അതിന്റെ മാര്‍ഗം. ഏതൊരു തിന്മയും പിഴുതെടുക്കേണ്ടത് ആദ്യം മനസ്സില്‍ നിന്നാണ്. മനസ്സ് മാറ്റാന്‍ ക്വുര്‍ആനും സുന്നത്തും ആധാരമാക്കി സച്ചരിതരായ സലഫുകളുടെ മാര്‍ഗമവലംബിച്ച് ഗുണകാംക്ഷയോടെയുള്ള ഉപദേശമാണ് പരിഹാരം. സാധാരണക്കാരില്‍ പലര്‍ക്കും ഇത് തെറ്റാണന്ന് അറിയില്ല. പുരോഹിതന്മാര്‍ അവരെ ചൂഷണം ചെയ്യുകയാണ് എന്ന് അവര്‍ മനസ്സിലാക്കുന്നില്ല.

കെട്ടിപ്പൊക്കിയ ക്വബ്‌റുകള്‍ പൊളിച്ച് നിരപ്പാക്കണമെന്ന പ്രവാചക വചനമില്ലേ? മുജാഹിദുകള്‍ എന്താണത് നടപ്പിലാക്കാത്തത്? നാടുകാണിയില്‍ മക്വാം പൊളിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും നിങ്ങള്‍ പ്രസ്താവന ഇറക്കിയില്ലേ?

കെട്ടി ഉയര്‍ത്തിയ ക്വബ്‌റുകള്‍ പൊളിക്കണമെന്നത് ഇസ്‌ലാമിന്റെ കല്‍പനയാണ്. നബി ﷺ അലി (റ) വിനോട് അപ്രകാരം കല്‍പിക്കുകയും ചെയ്തിട്ടുണ്ട്. ഭരണം നബി ﷺ യുടെ കയ്യിലെത്തി രാജ്യം പൂര്‍ണമായി ഇസ്‌ലാമിക രാഷ്ട്രമായ സന്ദര്‍ഭത്തിലാണ് അലി(റ)യോട് ഇപ്രകാരം കല്‍പിച്ചത്. ക്വുര്‍ആനും പ്രവാചക ചര്യയും അനുസരിച്ച് ഭരണം നടത്തുന്ന ഒരു രാജ്യത്ത്, ഇസ്‌ലാം സഗൗരവം എതിര്‍ക്കുന്ന ക്വബ്ര്‍ ആരാധനയുടെ അവശിഷ്ടങ്ങള്‍ പൊളിച്ച് നീക്കല്‍ തികച്ചും സ്വാഭാവികമാണ്. ആദ്യം മനസ്സില്‍ നിന്ന് ഇത്തരം വികലവിശ്വാസങ്ങള്‍ കുടിയൊഴിപ്പിച്ച ശേഷമായിരുന്നു നബി ﷺ ഇപ്രകാരം കല്‍പിച്ചത്.

ഇന്ത്യ ഒരു ഇസ്‌ലാമിക രാജ്യമല്ല. മതേതരത്വമാണ് ഇന്ത്യയുടെ ഭരണഘടന ഉദ്‌ഘോഷിക്കുന്നത്. ഇവിടെ എല്ലാവര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ വെച്ച്പുലര്‍ത്തുവാനും മാന്യമായ നിലയില്‍ അത് പ്രബോധനം ചെയ്യുവാനും പരസ്പരം ആശയ സംവാദങ്ങളിലേര്‍പെടുവാനും സ്വാതന്ത്ര്യമുണ്ട്. മദീനയില്‍ ജൂതന്മാര്‍ക്ക് അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കുവാന്‍ പ്രവാചകന്‍ അനുവാദം നല്‍കിയതില്‍ നിന്ന് ഇസ്‌ലാമിക രാജ്യത്തുള്ള അവിശ്വാസികള്‍ക്ക് വിശ്വാസ, അനുഷ്ഠാന സ്വാതന്ത്ര്യം ഇസ്‌ലാം വകവെച്ച് നല്‍കുന്നുവെന്ന് മനസ്സിലാക്കാം.

മുജാഹിദുകള്‍ മക്വാമുകള്‍ പൊളിച്ചു കൊണ്ടല്ല ഇത്രയും കാലം അതിനെ എതിര്‍ത്തിട്ടുള്ളത്. മനസ്സുകളില്‍ നിന്ന് മക്വാമുകള്‍ പൊളിച്ച് കളയാനുള്ള ബോധവത്കരണമാണ് നടത്തിയിട്ടുള്ളത്; നടത്തിക്കൊണ്ടിരിക്കുന്നതും അതാണ്.

ഇസ്‌ലാമിക രാജ്യത്ത് ഭരണാധികാരികള്‍ നടപ്പിലാക്കേണ്ട നിയമങ്ങള്‍ ധാരാളമുണ്ട്. കട്ടവന്റെ കൈ വെട്ടുക, വ്യഭിചരിച്ചവനെ ശിക്ഷിക്കുക, കൊന്നവനെ കൊല്ലുക... തുടങ്ങിയ ശിക്ഷാവിധികള്‍ ഇസ്‌ലാമിക രാജ്യത്ത് പോലും വ്യക്തികള്‍ക്ക് നടപ്പാക്കുവാന്‍ അനുവാദമില്ല. നിയമം കയ്യിലെടുക്കുവാന്‍ ഒരു പൗരനും അവകാശമില്ല. പിന്നെയെങ്ങനെയാണ് ഇന്ത്യയെപ്പോലുള്ള ഒരു മതേതര രാജ്യത്ത് വ്യക്തികള്‍ അക്രമമാര്‍ഗം സ്വീകരിക്കുന്നത് അംഗീകരിക്കാനാവുക? ഇന്ത്യയില്‍ ഏത് മതവിശ്വാസിക്കും അവരുടെ വിശ്വാസം കാത്ത് സൂക്ഷിച്ച് ജീവിക്കുവാന്‍ സ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവരുടെ ആരാധ്യരെയും ആരാധനാ കേന്ദ്രങ്ങളെയും നിന്ദിക്കുവാനും നശിപ്പിക്കുവാനും ഇസ്‌ലാം അനുവദിക്കുന്നില്ല. ആരോഗ്യകരമായ ആശയസംവാദമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്.

നാടുകാണി ചുരത്തിലെ മക്വാം തകര്‍ത്ത പ്രതികള്‍ മുജാഹിദ് പ്രവര്‍ത്തകരാണെന്ന് സമസ്തയിലെ തീവ്ര ചിന്താഗതിയുള്ള ചിലര്‍ ഓണ്‍ലൈനിലൂടെയും അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെയും പ്രചരിപ്പിക്കുന്നുണ്ടല്ലോ. എന്താണ് വസ്തുത?

പിടിക്കപ്പെട്ട വ്യക്തികള്‍ മുജാഹിദുകളിലെ ഒരു വിഭാഗത്തിന്റെയും സംഘടനയില്‍ അംഗങ്ങളല്ല എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. എടക്കര ഏരിയയിലാണ് പ്രതികളുടെ താമസം. അവര്‍ക്ക് എടക്കരയിലെ ഒരു ശാഖയിലും അംഗത്വമില്ലെന്നും സംഘടനയുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ലന്നും മുജാഹിദ് പ്രബോധന വിഭാഗമായ വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ എടക്കര മണ്ഡലം പ്രസിഡന്റ് പത്രത്തില്‍ പ്രസ്താവന നടത്തിയിരുന്നത് ഓര്‍ക്കുക. തീവ്രതക്കെതിരെ സംസാരിച്ച കാരണത്താല്‍ വിസ്ഡം പണ്ഡിതന്മാര്‍ക്ക് വേണ്ടത്ര വിവരമില്ലെന്ന് ആക്ഷേപിക്കാറുള്ള വ്യക്തികള്‍ കൂടിയായിരുന്നു പ്രതികള്‍ എന്നത് ഇതിനോട് കൂട്ടിവായിക്കുക.

വെള്ളിയാഴ്ച മുജാഹിദ് പള്ളിയിലാണ് ജുമുഅക്ക് പോകാറുള്ളതെന്ന ഒരു പ്രതിയുടെ മൊഴിയാണ് പ്രസ്ഥാനവുമായി ബന്ധപ്പെടുത്താനുള്ള കാരണമെന്ന് മനസ്സിലാകുന്നു. കേരളത്തിലെ മുസ്‌ലിം നാമധാരികളായി പിടിക്കപ്പെടുന്ന കുറ്റവാളികളെല്ലാം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പള്ളിയില്‍ ജുമുഅയില്‍ പങ്കെടുക്കുന്നുണ്ടാകും. അതുകൊണ്ട് ആ കുറ്റത്തിന്റെ ഉത്തരവാദിത്തം പള്ളിക്കമ്മറ്റിയുടെയും അതിനെ പ്രതിനിധീകരിക്കുന്ന സംഘടനയുടെയും തലയില്‍ കെട്ടിവെക്കാനാവുമോ? അമ്പലത്തിലും ചര്‍ച്ചിലും പങ്കെടുക്കുന്ന വ്യക്തികളുടെ തെറ്റിന്റെ ഉത്തരവാദിത്തം അവയുടെ നടത്തിപ്പുകാര്‍ക്കും ഏല്‍ക്കാനാവില്ലല്ലോ. അതുപോലെ മാത്രമെ ഇതിനെയും കാണേണ്ടതുള്ളൂ. നാടുകാണി സംഭവത്തില്‍ മുജാഹിദുകളെ അധിക്ഷേപിക്കാന്‍ ബോധപൂര്‍വം ഇറങ്ങിത്തിരിച്ചവര്‍ കേരളത്തിലുണ്ടായ അക്രമം, കൊല, ലഹരി, വ്യഭിചാരം, സ്ത്രീപീഡനം, സ്വവര്‍ഗരതി, സാമ്പത്തിക തട്ടിപ്പ്, ആത്മീയ ചൂഷണങ്ങള്‍... തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെയൊക്കെ ജാതിയും മതവും രാഷ്ട്രീയവും സംഘടനാ നിറവും ചികഞ്ഞ് നോക്കി കുറ്റം ചാര്‍ത്താന്‍ തയ്യാറായാല്‍ എന്തായിരിക്കും അവസ്ഥ? മുജാഹിദ് സംഘടനയില്‍ അംഗം പോലുമല്ലാത്ത വ്യക്തി ചെയ്ത അക്രമത്തെ സംഘടനയുടെ തലയില്‍ കെട്ടിവെക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്?

മക്വാമുകള്‍ അനിസ്‌ലാമികമാണെന്ന് ശക്തമായി പ്രബോധനം നടത്തുന്നവര്‍ മുജാഹിദുകളായതിനാല്‍, അത് അക്രമിക്കപ്പെടുമ്പോള്‍ മുജാഹിദുകള്‍ സംശയിക്കപ്പെടുക സ്വാഭാവികമല്ലേ?

ഒരു തെറ്റിനെ ആശയപരമായി എതിര്‍ക്കുന്നു എന്നതുകൊണ്ട് അത്തരം കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെടുന്നതിന്റെ ഉത്തരവാദിത്തം എതിര്‍ക്കുന്നവരുടെ തലയില്‍ ചാര്‍ത്തുന്നത് ന്യായമാണോ? അങ്ങനെയെങ്കില്‍ മദ്യം, വ്യഭിചാരം, പലിശ, ചൂതാട്ടം തുടങ്ങിയവയെല്ലാം ഇസ്‌ലാമില്‍ വിലക്കപ്പെട്ടതാണ്. മുസ്‌ലിം സംഘടനകളെല്ലാം അതിനെതിരെ ബോധവത്കരണം നടത്തുന്നുമുണ്ട്. അതിനാല്‍ അതില്‍ വല്ലതിന്റെയും കേന്ദ്രം അക്രമിക്കപ്പെട്ടാല്‍ ഇവിടെയുള്ള എല്ലാ മുസ്‌ലിം സംഘടനകളും അതിന്റെ ഉത്തരവാദിത്തം വഹിക്കേണ്ടിവരുമോ? നിയമം കയ്യിലെടുക്കുന്നവന്‍ ആരായാലും സാമൂഹ്യദ്രോഹിയാണ്. സംഘടനകളുടെ നയവും നിലപാടുകളും അക്രമത്തിന് അനുകൂലമാണോ എന്നതുകൂടി പരിശോധിക്കേണ്ടതുണ്ട്.

ഐ.എസ് പോലുള്ള ഭീകര സംഘടനകള്‍ മക്വാം പൊളിക്കുവാന്‍ ആഹ്വാനം ചെയ്യുന്നവരാണന്നും അതിനാല്‍ അതേ ആശയം പുലര്‍ത്തുന്ന കേരളത്തിലെ മുജാഹിദുകള്‍ ഐ.എസിന്റെ പതിപ്പാണെന്നും പ്രചരണമുണ്ടല്ലോ?

ഐ.എസ് ആഹ്വാനം ചെയ്യുന്നതു പോലെ കേരളത്തിലെ മുജാഹിദുകള്‍ എവിടെയാണ് ആഹ്വാനം ചെയ്തത്? എവിടെയാണ് മക്വ്ബറ തകര്‍ത്തത്? ഐ.എസ് ദുര്‍വ്യാഖ്യാനിക്കുന്ന പ്രമാണങ്ങള്‍ക്ക് വസ്തുനിഷ്ഠമായി കേരളത്തില്‍ 'ഐ.എസ് മതവിരുദ്ധം; മാനവ നിഷിദ്ധം' എന്ന ടൈറ്റിലില്‍ ആദ്യമായി പ്രോഗ്രാം സംഘടിപ്പിച്ചത് വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷനാണ്. പിന്നീട് മറ്റു മുജാഹിദ് സംഘടനകളും രംഗത്തുവന്നു. ലോകത്ത് അറിയപ്പെടുന്ന സലഫി പണ്ഡിതന്മാരെല്ലാം ഐ.എസിനെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്.

ഐ.എസ് സാമ്രാജ്യത്വത്തിന്റെ ചട്ടുകമാണ്. മുസ്‌ലിംകളാണ് അവരുടെ ഒന്നാമത്തെ ശത്രു. കഅ്ബയാണ് അവരുടെ പ്രധാന ഉന്നം. ഐ.എസിന്റെ ആദര്‍ശ പാപ്പരത്തം പ്രാമാണികമായി തുറന്ന് കാണിക്കുന്നത് സലഫികളായതുകൊണ്ടാണ് ഐ.എസ് ലേബല്‍ സലഫികള്‍ക്ക് മേല്‍ പതിപ്പിക്കുവാന്‍ തല്‍പരകക്ഷികള്‍ ശ്രമിക്കുന്നത്. ഐ.എസ് നിരപരാധികളുടെ തലയറുക്കുമ്പോള്‍ ഉരുവിടുന്നത്. അല്ലാഹു അക്ബര്‍, ലാ ഇലാഹ ഇല്ലല്ലാഹ് എന്നീ പദങ്ങളാണ്. അതിന്റെ പേരില്‍ കേരളത്തിലെ മുസ്‌ലിംകള്‍ മേല്‍പദങ്ങള്‍ ഉപയോഗിക്കുവാന്‍ പാടില്ലെന്നുണ്ടോ?


ഇത്രയും ബാലിശമായ ആരോപണങ്ങള്‍ യാഥാസ്ഥിതിക വിഭാഗം മുജാഹിദുകള്‍ക്ക് നേരെ ഉന്നയിക്കുവാന്‍ എന്താണ് കാരണം?

മക്വാമുകള്‍ സന്ദര്‍ശിക്കുന്ന സാധാരണക്കാരെ മുജാഹിദുകളുടെ ബോധവത്കരണം നന്നായി സ്വാധീനിക്കുന്നുണ്ട്. ക്വബ്ര്‍ കെട്ടിപ്പൊക്കുന്നതിനും ആത്മീയ ചൂഷണത്തിനും എതിരില്‍ മുജാഹിദുകള്‍ ഉയര്‍ത്തുന്ന തെളിവുകളെ പ്രാമാണികമായി ഖണ്ഡിക്കുവാന്‍ ഇവര്‍ക്ക് സാധ്യമല്ല. ബോധവത്കരണം മുന്നോട്ട് പോയാല്‍ അവര്‍ക്ക് വരുമാനത്തില്‍ മാന്ദ്യമുണ്ടാകും. അതുകൊണ്ട് ഇത്തരം ദുരാരോപണങ്ങള്‍ ഉന്നയിച്ച് മുജാഹിദുകളെ മൗനികളാക്കാന്‍ കഴിയുമോയെന്നാണ് അവര്‍ ചിന്തിക്കുന്നത്. തീവ്രവാദ ആരോപണം ഉയര്‍ത്തിക്കൊണ്ട് വന്ന് യഥാര്‍ഥ വിഷയത്തില്‍ നിന്ന് ഒളിച്ചോടാമെന്നാണ് അവര്‍ വ്യാമോഹിക്കുന്നത്.