നന്ദി കാണിക്കാതിരുന്നാല്‍

മെഹബൂബ് മദനി

2017 ഏപ്രില്‍ 15 1438 റജബ് 18

എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ ആസ്വദിച്ചുകൊണ്ടാണ് മനുഷ്യരെല്ലാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ഇതെല്ലാം കനിഞ്ഞേകിയ സ്രഷ്ടാവിനെ ഓര്‍ക്കലും അവന് നന്ദികാണിക്കലും ഓരോരുത്തരുടെയും ബാധ്യതയാണ്. അല്ലാഹു ആവശ്യപ്പെടുന്നതും അതു തന്നെയാണ്: ''ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്. എന്നോട്‌നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്'' (2:152).

അനുഗ്രഹങ്ങളെ അല്ലാഹു നിര്‍ദ്ദേശിച്ച രൂപത്തില്‍ വിനിയോഗിച്ചു കൊണ്ടായിരിക്കണം നാം നന്ദി പ്രകാശിപ്പിക്കേണ്ടത്. നബി(സ്വ) ഇക്കാര്യം കൃത്യമായി ശ്രദ്ധിച്ചിരുന്നതായി ഹദീഥുകളില്‍ കാണാം. ആഇശ(റ)യി ല്‍ നിന്ന് നിവേദനം: നബി(സ്വ) തന്റെ ഇരുപാദങ്ങളിലും നീരുകെട്ടുമാറ് രാത്രി നിന്ന് നമസ്‌കരിച്ചിരുന്നു. ഞാന്‍ ചോദിച്ചു: 'പ്രവാചകരേ, അങ്ങയുടെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങളെല്ലാം മാപ്പ് ചെയ്തിരിക്കെ അങ്ങെന്തിന് ഇപ്രകാരം പ്രവര്‍ത്തിക്കണം?' നബി(സ്വ) പറഞ്ഞു: ഞാനൊരു നന്ദിയുള്ള അടിമയാവേണ്ടേ?'' (ബുഖാരി, മുസ്‌ലിം).

അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിച്ചാലുള്ള ഗുണവും നന്ദികേട് കാണിച്ചാലുള്ള ദോഷവും മനുഷ്യന്‍ തന്നെ അനുഭവിക്കേണ്ടിവരും. അല്ലാഹു അക്കാര്യം ഉണര്‍ത്തുന്നുണ്ട്. വല്ലവനും നന്ദികാണിക്കുന്ന പക്ഷം തന്റെ ഗുണത്തിനായിട്ടു തന്നെയാകുന്നു അവന്‍ നന്ദികാണിക്കുന്നത്: ''വല്ലവനും നന്ദികേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്റെ രക്ഷിതാവ് പരാശ്രയമുക്തനും ഉല്‍കൃഷ്ടനുമാകുന്നു'' (27:40).

നന്ദികേടിന്റെ തിക്തഫലം പരലോകത്ത് മാത്രമല്ല ഒരു പക്ഷേ, ഇഹലോകത്തുവെച്ചു തന്നെ അല്ലാഹു അനുഭവിപ്പിച്ചേക്കാം. നബി(സ്വ) പഠിപ്പിച്ച ബനൂ ഇസ്‌റാഈല്യരില്‍പെട്ട മൂന്നാളുകളുടെ ചരിത്രത്തില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം. നബി(സ്വ)പറയുന്നതായി ഞാന്‍ കേട്ടു. ഇസ്‌റാഈല്യരില്‍പ്പെട്ട അന്ധനും കഷണ്ടിക്കാരനും വെള്ളപ്പാണ്ടുകാരനുമായ മൂന്നു പേരെ അല്ലാഹു പരീക്ഷിക്കാന്‍ തീരുമാനിച്ചു. അതിനായി ഒരു മലക്കിനെ അല്ലാഹു നിയോഗിച്ചു. വെള്ളപ്പാണ്ടുകാരനെ സമീപിച്ച് മലക്ക് ഇങ്ങനെ ചോദിച്ചു: 'താങ്കള്‍ക്ക് ഏറ്റവും ഇഷ്ടമുള്ളത് എന്താണ്?' 'ജനങ്ങളെന്നെ വെറുക്കുന്ന പാണ്ടു രോഗം മാറുകയും തല്‍സ്ഥാനത്ത് ഭംഗിയുള്ള വര്‍ണത്തോടുകൂടിയ തൊലി ലഭ്യമാവുകയുമാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടതെ'ന്ന് അദ്ദേഹം മറുപടി പറഞ്ഞു. മലക്ക് അദ്ദേഹത്തെ തടവിയപ്പോള്‍ രോഗം മാറി. ഭംഗിയും വര്‍ണവുമുള്ള തൊലി ലഭ്യമാവുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തോട് ഇഷ്ടമുള്ള ധനമേതാണെന്ന് മലക്ക് ചോദിച്ചു. ഒട്ടകം അല്ലെങ്കില്‍ പശു എന്ന് അദ്ദേഹം മറുപടി നല്‍കി. പത്ത് മാസം തികഞ്ഞ ഒരൊട്ടകത്തെ സമ്മാനിച്ചു കൊണ്ട് അഭിവൃദ്ധിക്കായി മലക്ക് പ്രാര്‍ഥിച്ചു.

പിന്നീട് കഷണ്ടിക്കാരന്റെ അടുക്കല്‍ ചെന്ന് കൂടുതല്‍ ഇഷ്ടമുള്ളതെന്തെന്ന് അന്വേഷിച്ചു. 'ജനങ്ങള്‍ വെറുക്കുന്ന ഈ രോഗം മാറി പകരം കൗതുകമുള്ള മുടിയാണ് ഞാനിഷ്ടപ്പെടുന്നതെ'ന്ന് അയാള്‍ മറുപടി പറഞ്ഞു. മലക്ക് അയാളെ തലോടി. രോഗം മാറി. ഭംഗിയുള്ള മുടി വന്നു. കൂടുതല്‍ ഇഷ്ടമുള്ള ധനത്തെപറ്റി മലക്ക് അന്വേഷിച്ചു. 'പശു' എന്ന് അദ്ദേഹം മറുപടി നല്‍കി. ഒരു ഗര്‍ഭിണിയായ പശുവിനെ നല്‍കിക്കൊണ്ട് മലക്ക് അഭിവൃദ്ധിക്കായി പ്രാര്‍ഥിച്ചു.

പിന്നീട് അന്ധന്റെ അടുത്ത് ചെന്ന് ചോദിച്ചു: 'നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ളതെന്താണ്?' 'അല്ലാഹു എനിക്ക് കാഴ്ച മാറ്റിത്തരികയും അതുവഴി ജനങ്ങളെ കാണാന്‍ കഴിയുകയുമാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്' അയാള്‍ പറഞ്ഞു. മലക്ക് അയാളെ തലോടി. അയാളുടെ കാഴ്ച അല്ലാഹു മടക്കിക്കൊടുത്തു. മലക്ക് പിന്നീട് കൂടുതല്‍ ഇഷ്ടമുള്ള സമ്പത്തിനെ പറ്റി അന്വേഷിച്ചു. 'ആട്' എന്ന് അയാള്‍ മറുപടി പറഞ്ഞു. പ്രസവിച്ച ഒരാടിനെ അയാള്‍ക്ക് സമ്മാനിച്ചു.

അങ്ങനെ ഈ മൂന്ന് പേരുടെയും സമ്പത്ത് പെറ്റുപെരുകാന്‍ തുടങ്ങി. ഓരോരുത്തര്‍ക്കും താഴ്‌വര നിറയെ ഒട്ടകവും പശുവും ആടും ഉണ്ടായി.

പിന്നീടൊരിക്കല്‍ മലക്ക് വെള്ളപ്പാണ്ടുകാരന്റെ അടുക്കല്‍ ചെന്നിട്ട് പറഞ്ഞു: 'ഞാനൊരു ദരിദ്രനാണ്. യാത്ര തുടരാന്‍ വഴിയില്ല. അല്ലാഹുവിനെ കഴിച്ചാല്‍ നീയല്ലാതെ എനിക്കാരുമില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് സമ്പത്തും സൗന്ദര്യവും പ്രദാനം ചെയ്ത അല്ലാഹുവിന്റെ പേരില്‍ ഈ യാത്രയില്‍ എനിക്ക് മതിയായ ഒരൊട്ടകത്തെ നിങ്ങളോട് ഞാന്‍ യാചിക്കുന്നു.'

അവന്‍ പറഞ്ഞു: 'എനിക്ക് ധാരാളം ബാധ്യതകളുണ്ട്.' മലക്ക് പറഞ്ഞു: 'താങ്കളെ എനിക്ക് പരിചയുള്ള പോലെയുണ്ടല്ലോ! ഒരു ദരിദ്രനും ജനങ്ങള്‍ വെറുക്കുന്ന വെള്ളപ്പാണ്ടുകാരനുമായിരുന്നില്ലേ താങ്കള്‍? എന്നിട്ട് അല്ലാഹുവല്ലേ താങ്കളെ സമ്പന്നന്നാക്കിയത്?' അയാള്‍ പറഞ്ഞു: 'ഇക്കാണുന്നതെല്ലാം പരമ്പരാഗതമായി എനിക്ക് ലഭിച്ചിട്ടുള്ളതാണ്.' അപ്പോള്‍ മലക്ക് പ്രാര്‍ഥിച്ചു: 'നീ കളവാണ് പറയുന്നതെങ്കില്‍ അല്ലാഹു നിന്നെ മുമ്പത്തെ അവസ്ഥയിലേക്ക് മടക്കട്ടെ.'

അതിന് ശേഷം കഷണ്ടിക്കാരന്റെയടുക്കലും തന്റെ പഴയ അവസ്ഥയില്‍ ചെന്നിട്ട് മുമ്പത്തെപ്പോലെ പറഞ്ഞു. വെള്ളപ്പാണ്ടുകാരന്‍ പറഞ്ഞ രൂപത്തിലുള്ള മറുപടിയാണ് അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്. ഉടനെ മലക്ക് പ്രാര്‍ഥിച്ചു: 'താങ്കള്‍ കളവാണെന്ന് പറയുന്നതെങ്കില്‍ അല്ലാഹു താങ്കളെ മുമ്പത്തെ അവസ്ഥയിലേക്ക് മടക്കട്ടെ.'

പിന്നീട് അന്ധന്റെയടുക്കല്‍ പഴയരൂപത്തില്‍ ചെന്ന് മലക്ക് പറഞ്ഞു: 'ഞാനൊരു ദരിദ്രനും യാത്രക്കാരനുമാണ്. യാത്ര തുടരാനുള്ള മാര്‍ഗമില്ല. അല്ലാഹുവിന്ന് പുറമെ നിങ്ങളെക്കൊണ്ടല്ലാതെ എനിക്ക് ഇന്നൊരു രക്ഷയുമില്ല. നിനക്ക് കാഴ്ച മടക്കിത്തന്ന അല്ലാഹുവിന്റെ പേരില്‍ യാത്രാവശ്യങ്ങള്‍ക്കായി ഒരാടി നെ ഞാന്‍ ആവശ്യപ്പെടുന്നു. അദ്ദേഹം പറഞ്ഞു ഞാനൊരു അന്ധനായിരുന്നു. അല്ലഹുവാണ് എനിക്ക് കാഴ്ച ശക്തി മടക്കിതന്നത്. നിനക്കിഷ്ടമുള്ളത് എടുക്കാം. അല്ലാഹുവാണേ, നീ ഇതൊന്നെടുത്ത് കൊണ്ടു പോകുന്ന യാതൊന്നിലും എനിക്ക് വെറുപ്പില്ല മലക്ക് പറഞ്ഞു. നീ തന്നെ കൈവശം വെച്ചുകൊള്ളുക. നിങ്ങള്‍ പരീക്ഷിക്കപ്പെട്ടത് മാത്രമാണ്. നിന്നെ അല്ലാഹു തൃപ്തിപ്പെടുകയും കൂട്ടുകാരോട് അല്ലാഹു കേള്‍ക്കുകയും ചെയ്തിരിക്കുന്നു.(ബുഖാരി, മുസ്‌ലിം)

ജീവിതത്തില്‍ എല്ലാം നല്‍കി അനുഗ്രഹിച്ച റബ്ബിനോട് നന്ദികേട് കാണിച്ചാലുണ്ടാകുന്ന ദുരന്തമെന്നാണെന്ന് ഈ ചരിത്രസംഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്.

മനുഷ്യര്‍ ചോദിക്കുക പോലും ചെയ്യാതെയാണ് അനവധി അനുഗ്രഹങ്ങള്‍ അല്ലാഹു നല്‍കിക്കൊണ്ടിരിക്കുന്നത്. എന്നിട്ട് മനുഷ്യരിലധികവും റബ്ബിനോട് നന്ദികേട് കാണിക്കുന്നു. മനുഷ്യരുടെ നന്ദികേടിന്റെ ആഴമെത്രയെന്ന് സുന്ദരമായ ഒരു ഉപമയിലൂടെ അല്ലാഹു വിശദീകരിക്കുന്നത്. ഖുര്‍ആനില്‍ നമുക്ക് കാണാം. തനിക്ക് പുല്ലും വെള്ളവും നല്‍കുന്ന യജമാനനോടുള്ള നന്ദിസൂചകമായി കുതിര യുദ്ധക്കളത്തിലേക്കിറങ്ങി മെയ് മറന്നു പോരാടുന്നു. എന്നാല്‍ മനുഷ്യര്‍ അനേകം അനുഗ്രഹങ്ങള്‍ നല്‍കിയ അല്ലാഹുവിനോട് ശുക്‌റ് ചെയ്യാന്‍ തയ്യാറാവുന്നില്ല. അല്ലാഹു പറയുന്നത് കാണാം.

''കിതച്ചുക്കൊണ്ട് ഓടുന്നവയും അങ്ങനെ (കുളമ്പ് കല്ലില്‍)ഉരസി തീപ്പൊരി പറപ്പിക്കുന്നവയും, എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും അന്നേരത്ത് പൊടിപടലം ഇളക്കിവിട്ട് അതിലൂടെ (ശത്രു)സംഘത്തിന്റെ ക്യൂവില്‍ പ്രവേശിച്ചപ്പോഴും (കുതിരയും)തന്നെ സത്യം. തീര്‍ച്ചയായും മനുഷ്യന്‍ തന്റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ. തീര്‍ച്ചയായും അവന്‍ അതിന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.''(100:1-7)

റബ്ബിനോട് നന്ദികേട് കാണിക്കുന്നതില്‍ നിന്നും പൂര്‍ണമായി അകന്നു നില്‍ക്കാന്‍ നമുക്കാവേണ്ടതുണ്ട്. അല്ലാഹു പറയുന്നു. നിങ്ങള്‍ നന്ദി കാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് അനുഗ്രഹം വര്‍ധിപ്പിച്ച് തരുന്നതാണ്. എന്നാല്‍ നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും.(14:7)

നന്ദിയുള്ള ദാസന്‍മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താനുള്ള പ്രാര്‍ഥന എങ്ങനെയാവണമെന്ന് സുലൈമാന്‍ നബി(സ്വ)യുടെ ചരിത്രത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നു. അദ്ദേഹം അല്ലാഹുവിനോട് ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു. രക്ഷിതാവേ എനിക്കും എന്റെ മാതാപിതാക്കാള്‍ക്കും നി ചെയ്തു തന്നിട്ടുള്ള നിന്റെ അനുഗ്രഹത്തിന് നന്ദി കാണിക്കുവാനും, നീ തൃപ്തിപ്പെടുന്ന സത്കര്‍മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നല്‍കേണമേ. (27:19) റബ്ബ് തൃപ്തിപ്പെടുന്ന കര്‍മങ്ങള്‍ അനുഷ്ഠിച്ചു കൊണ്ട് നന്ദിയുള്ള ദാസന്‍മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ നാം ശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ...