ഇമാം ബുഖാരിയും സ്വഹീഹുല്‍ ബുഖാരിയും

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

2017 സെപ്തംബര്‍ 16 1438 ⁠⁠ദുൽഹിജ്ജ 25

അല്ലാഹു മാനവര്‍ക്കായി കാലാകാലങ്ങളില്‍ പ്രവാചകന്മാരിലൂടെ നല്‍കിയ മതമാണ് ഇസ്‌ലാം. ആദം നബി(അ) മുതല്‍ അന്ത്യപ്രവാചകനായ മുഹമ്മദ്(സ്വ) വരെയുള്ള മുഴുവന്‍ പ്രാവാചകന്മാരും പ്രബോധനം ചെയ്ത മതം. അല്ലാഹുവിങ്കല്‍ സ്വീകാര്യമായ ഏക മതം. സമ്പൂര്‍ണമായി തന്റെ രക്ഷിതാവിന് തന്നെ സമര്‍പ്പിക്കലാണത്. അത് മുഹമ്മദ് നബി(സ്വ)യിലൂടെയും വിശുദ്ധ ക്വുര്‍ആനിലൂടെയും പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു. ഇനി മാനവരുടെ മാര്‍ഗദര്‍ശനത്തിനായി പ്രവാചക നിയോഗമോ, വേദഗ്രന്ഥാവതരണമോ ഉണ്ടാവില്ല. 

വിശുദ്ധ ക്വുര്‍ആന്‍ അതിന്റെ അവതരണം മുതല്‍ അവസാന നാള്‍വരെയുള്ള മുഴുവന്‍ മനുഷ്യരുടെയും മാര്‍ഗദര്‍ശക ഗ്രന്ഥമാണ്. ക്വുര്‍ആന്‍ അനുസരിച്ച് ജനങ്ങള്‍ എങ്ങനെ ജീവിക്കണമെന്ന് ജനങ്ങള്‍ക്കിടയില്‍ ജീവിച്ച് മാതൃകയാകുവാനാണ് അല്ലാഹു മുഹമ്മദ് നബി(സ്വ)യെ നിയോഗിച്ചത്. ദൈവിക ബോധനമനുസരിച്ചുള്ള പ്രവാചകന്‍(സ്വ)യുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും അംഗീകാരങ്ങളുമാണ് ഹദീഥ് എന്ന പേരില്‍ അറിയപ്പെടുന്നത്. ക്വുര്‍ആനിനെ കൃത്യമായി മനസ്സിലാക്കുവാനും യഥാര്‍ഥ മുസ്‌ലിമാകുവാനും പ്രവാചക ചര്യ സ്വീകരിച്ചേ മതിയാവൂ.  

വിശുദ്ധ ക്വുര്‍ആനും പ്രവാചകചര്യയും സംരക്ഷിക്കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. ഹദീഥിന്റെ സംരക്ഷണം സനദുകളിലൂടെയാണ് അഥവാ നിവേദക പരമ്പരകളിലൂടെയാണ്.  നബി(സ്വ)യുടെ ഹദീഥുകള്‍ പല ഗ്രന്ഥങ്ങളിലായി വ്യാപിച്ചുകിടക്കുകയാണ്. ആ ഹദീഥ് ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ മുസ്‌ലിം സമൂഹം ഒന്നടങ്കം സ്വീകാര്യമായി അംഗീകരിച്ചിരിക്കുന്ന ഗ്രന്ഥങ്ങളാണ് സ്വഹീഹുല്‍ ബുഖാരിയും സ്വഹീഹുല്‍ മുസ്‌ലിമും. സ്വാര്‍ഥതാല്‍പര്യങ്ങളും സങ്കുചിത ചിന്തകളും സംരക്ഷിക്കുവാനും നേടിയെടുക്കുവാനുമായി ഇസ്‌ലാമിന്റെ ശത്രുക്കളും ഇസ്‌ലാമിന്റെ കുപ്പായമിട്ട- ബുദ്ധിജീവികളെന്ന് സ്വയം നടിക്കുന്ന-വരും ഈ രണ്ടു ഗ്രന്ഥങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് പുതിയ സംഭവമല്ല. ഈ ഗ്രന്ഥങ്ങളില്‍ ബുദ്ധിക്ക് നിരക്കാത്ത ഒരുപാട് ഹദീഥുകളുണ്ടെന്ന് പറഞ്ഞ് അതെല്ലാം തള്ളുന്ന പ്രവണത കഴിഞ്ഞകാലങ്ങളില്‍ പ്രകടമായിട്ടുണ്ട്. ആ രോഗം ഇന്ന് അല്‍പം കൂടുതലായി കേരളത്തില്‍ ചിലര്‍ക്കിടയില്‍ കണ്ടുവരാന്‍ തുടങ്ങിയിട്ടുണ്ട്. അതിനാല്‍ ആരാണ് ഇമാം ബുഖാരി, എന്താണ് സ്വഹീഹുല്‍ ബുഖാരി എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

ഇമാം ബുഖാരി(റഹി)

പേര്: മുഹമ്മദുബ്‌നു ഇസ്മാഈലുബ്‌നു ഇബ്‌റാഹീമുബ്‌നുല്‍ മുഗീറതുബ്‌നു ബര്‍ദിസ്ബ. അപര നാമം: അബൂഅബ്ദുല്ലാഹ്. ഹദീഥ് പണ്ഡിതന്മാരുടെ ഇമാമാണ് ഇമാം ബുഖാരി. പിതാവ് ഇമാം മാലികിന്റെ ശിഷ്യന്മാരില്‍ പെട്ട ഹദീഥ് പണ്ഡിതനായിരുന്ന അബുല്‍ ഹസന്‍ ഇസ്മാഈല്‍. ചെറുപ്പത്തില്‍ ഇമാം ബുഖാരിയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നെങ്കിലും അല്ലാഹു തിരിച്ചു നല്‍കി. അതിനായി ഉമ്മ ധാരാളമായി അല്ലാഹുവിനോടു പ്രാര്‍ഥിക്കാറുണ്ടായിരുന്നു എന്ന് ഗ്രന്ഥങ്ങളില്‍ കാണാം. ഖുറാസാനിലെ ബുഖാറ'എന്ന ദേശത്ത് ഹിജ്‌റാബ്ദം 194 ശവ്വാല്‍ 13നാണ് ജനിച്ചത്. ചെറുപ്പത്തിലേ പിതാവിന്റെ വിയോഗം കാരണം ഉമ്മയാണ് വളര്‍ത്തിയത്. പത്ത് വയസ്സായപ്പോള്‍ തന്നെ ഹദീഥ് പഠിക്കുവാനും മനഃപാഠമാക്കുവാനും ആരംഭിച്ചുവെന്ന് ഇമാം ബുഖാരി തന്നെ വ്യക്തമാക്കിയതായി കാണാം. ചെറുപ്പത്തില്‍ തന്നെ അന്നുണ്ടായിരുന്ന പല ഹദീഥ് പണ്ഡിതന്മാരുടെയും ശിഷ്യത്വം സ്വീകരിക്കുകയും ഹദീഥുകളിലെ സ്വഹീഹും ദ്വഈഫും (സ്വീകാര്യതയും ദുര്‍ബലതയും) വേര്‍തിരിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. നിവേദകന്മാരെക്കുറിച്ച് ആഴത്തില്‍ പഠിച്ചിരുന്നു. 

പഠനത്തിനായുള്ള യാത്ര 

ഇമാം ബുഖാരിയുടെ പതിനാറാമത്തെ വയസ്സില്‍ ഹിജ്‌റ: 210ല്‍ ബുഖാറയില്‍ നിന്ന് ഹിജാസിലേക്ക് പോയി. വിജ്ഞാനം തേടിയുള്ള ഇമാം ബുഖാരിയുടെ പ്രഥമ യാത്രയായിരുന്നു അത്. മാതാവിനോടും സഹോദരനോടുമൊപ്പം ഹജ്ജിനായി മക്കയില്‍ പ്രവേശിച്ചു. അതിനു ശേഷം ഇമാം ബുഖാരി അവിടെ തന്നെ താമസിച്ചു. പിന്നീട് ഹിജ്‌റ: 212ല്‍ മദീനയിലേക്ക് യാത്ര തിരിച്ചു. ഈ യാത്രയില്‍ വെച്ചാണ് ഇമാം ബുഖാരി തന്റെ''താരീഖുല്‍ കബീര്‍''എന്ന ഗ്രന്ഥം രചിച്ചത്. അന്ന് അദ്ദേഹത്തിന്റെ പ്രായം പതിനെട്ട് വയസ്സ് മാത്രം. അതിനു ശേഷം 'ബസ്വറയിലേക്കും, അവിടെ നിന്ന് കൂഫയിലേക്കും'ബാഗ്ദാദിലേക്കും യാത്രപോയി. ബസ്വറയിലേക്ക് നാല് പ്രാവശ്യമാണ് യാത്രപോയത്. ഇമാം ബുഖാരി പറയുന്നു: ''വിജ്ഞാനം തേടി ഹദീഥ് പണ്ഡിതന്മാരോടൊപ്പം കൂഫയിലേക്കും ബാഗ്ദാദിലേക്കും എത്ര പ്രാവശ്യമാണ് യാത്ര പോയതെന്ന് എനിക്കറിയില്ല, അത്ര കൂടുതല്‍ തവണ യാത്ര പോയിട്ടുണ്ട്.'' '

ശാം, മിസ്വ്ര്‍, ജസീറത്തുല്‍ അറബ്, ഖുറാസാന്‍, മര്‍വ്വ്, ബലഖ്, ഹറാത്, നൈസാപൂര്‍, റയ്യ്തുടങ്ങിയ വിവിധ നാടുകളിലേക്ക് ഹദീഥ് വിജ്ഞാനം തേടി ഇമാം ബുഖാരി യാത്ര പോയി. ഇമാം ബുഖാരിക്ക് അല്ലാഹു നല്‍കിയ ബുദ്ധികൂര്‍മതയും മനഃപാഠമാക്കുവാനുള്ള കഴിവും ചെറുതല്ല. ഹദീഥ് വിജ്ഞാനത്തിനും അതിന്റെ വ്യാപനത്തിനുമായി ഇമാം ഒരുപാട് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഭരണാധികാരികളില്‍ നിന്നും മറ്റും അഭിമുഖീകരിച്ചിട്ടുണ്ട്. 

ഗ്രന്ഥങ്ങള്‍: സ്വഹീഹുല്‍ ബുഖാരി, താരീഖുല്‍ കബീര്‍, താരീഖുല്‍ ഔസത്വ്, താരീഖുസ്സ്വഗീര്‍, അല്‍ജാമിഉല്‍ കബീര്‍, ഖല്‍ഖു അഫ്ആലുല്‍ ഇബാദ്, അദബുല്‍ മുഫ്‌റദ്, ആദാബു മശ്‌യുന്‍ ഇലസ്സ്വലാത് തുടങ്ങി ഏകദേശം ഇരുപത്തഞ്ചോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അതില്‍ മിക്കവയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

പണ്ഡിതന്മാരുടെ വാക്കുകളിലൂടെ

'സ്വഹീഹുല്‍ ബുഖാരി''എന്ന ഒരു ഗ്രന്ഥം മുസ്‌ലിം സമൂഹത്തിന് സമര്‍പ്പിക്കാനുള്ള അല്ലാഹുവിന്റെ തൗഫീക്വ് ലഭ്യമായതിലൂടെ ഇമാം ബുഖാരിക്കും സ്വഹീഹുല്‍ ബുഖാരിക്കും മുസ്‌ലിം സമുദായത്തിലുള്ള പ്രത്യേകതയും സ്ഥാനവും പണ്ഡിതന്മാരുടെ വാക്കുകളിലൂടെ നമുക്ക് കാണാം. ഉദാഹരണത്തിന് ചിലത് കാണുക:

അബൂനഈം അഹ്മദ്ബ്‌നു ഹമ്മാദ് പറയുന്നു: 'അദ്ദേഹം (ഇമാം ബുഖാരി) ഈ ഉമ്മത്തിന്റെ ഫഖീഹ് ആകുന്നു.'

ക്വുതൈബബ്‌നു സഈദ് പറയുന്നു: 'ഭൂമിയുടെ കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നും ഒരുപാട് വ്യക്തിത്വങ്ങള്‍ എന്റെയടുത്ത് വന്നിട്ടുണ്ട്; മുഹമ്മദ്ബ്‌നു ഇസ്മാഈലുല്‍ ബുഖാരിയെ പോലെ ആരും എന്റെയടുത്ത് വന്നിട്ടില്ല.'

അബൂമുഹമ്മദ് അബ്ദുല്ലാഹ് ബ്‌നു അബ്ദുര്‍റഹ്മാന്‍ അദ്ദാരിമി പറയുന്നു: 'മുഹമ്മദ്ബ്‌നു ഇസ്മാഈലുല്‍ ബുഖാരി ഞങ്ങളെക്കാള്‍ അറിവുള്ളയാളും ഫിക്വ്ഹില്‍ പാണ്ഡിത്യമുള്ളയാളും വിജ്ഞാനമന്വേഷിക്കുന്നയാളുമാണ്.'

ഇസ്ഹാക്വ്ബ്‌നു റാഹവൈഹി പറയുന്നു: 'അദ്ദേഹം (ഇമാം ബുഖാരി) എന്നെക്കള്‍ ഉള്‍ക്കാഴ്ചയും അറിവുമുള്ള വ്യക്തിയാകുന്നു.'

അബൂ ഹാതിം അര്‍റാസി പറയുന്നു: 'ഇറാഖില്‍ പ്രവേശിച്ചവരില്‍ ഏറ്റവും അറിവുള്ളയാള്‍ മുഹമ്മദ്ബ്‌നു ഇസ്മാഈല്‍ ആകുന്നു.'

അഹ്മദ്ബ്‌നു ഹമ്പല്‍ പറയുന്നു: 'ഖുറാസാന്‍ മുഹമ്മദ്ബ്‌നു ഇസ്മാഈലിനെ പോലെ മറ്റൊരാളെ പുറത്ത്‌കൊണ്ടു വന്നിട്ടില്ല.'

റജാഅ്ബ്‌നു റജാഅ്: പറയുന്നു: 'അദ്ദേഹം (ബുഖാരി) ഭൂമിയിലൂടെ നടക്കുന്ന അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ ഒരു ദൃഷ്ടാന്തമാകുന്നു.'

ഇബ്‌നു ഖുസൈമ പറയുന്നു: 'ആകാശത്തിനു ചുവട്ടില്‍ മുഹമ്മദ്ബ്‌നു ഇസ്മാഈലുല്‍ ബുഖാരിയെക്കാള്‍ റസൂലുല്ലാഹി(സ്വ)യുടെ ഹദീഥുകളെ സംബന്ധിച്ച് അറിവുള്ള, മനഃപാഠമുള്ള മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല.' 

ഹാഫിളുദ്ദഅബി തന്റെ തദ്കിറതുല്‍ ഹുഫ്ഫാളില്‍ പറയുന്നു: 'ഇമാം ബുഖാരി ബുദ്ധി കൂര്‍മതയിലും വിജ്ഞാനത്തിലും വിരക്തിയിലും ആരാധനയിലും നേതാവായിരുന്നു.'

ഹാഫിളു ഇബ്‌നു ഹജറുല്‍ അസ്ഖലാനി തന്റെ തഖ്‌രീബുത്തഅ്ദീബില്‍ പറയുന്നു: 'അബൂഅബ്ദുല്ലാഹ് അല്‍ബുഖാരി മനഃപാഠത്തില്‍ പര്‍വതവും ദുന്‍യാവിന്റെ ഇമാമും ഹദീഥില്‍ സ്വീകാര്യനുമാകുന്നു.'

(ഈ ഉദ്ധരണികളെല്ലാം എടുത്തിരിക്കുന്നത് മദീനയിലെ ശൈഖ് അബ്ദുല്‍ മുഹ്‌സിന്‍ അബ്ബാദിന്റെ 'ഇമാമുല്‍ ബുഖാരി വ കിതാബുഹു അല്‍ ജാമിഉ സ്സ്വഹീഹ്''എന്ന ഗ്രന്ഥത്തില്‍ നിന്നും ഹാഫിളുല്‍ മിസ്സിയുടെ തഹ്ദീബുല്‍ കമാലില്‍ നിന്നുമാണ്). 

മരണം

അവസാനനാള്‍ വരെയുള്ള മുസ്‌ലിം സമുഹത്തിന് വഴികാട്ടിയായ സ്വഹീഹുല്‍ ബുഖാരിയെന്ന അമൂല്യ ഗ്രന്ഥം സമ്മാനമായി നല്‍കി മഹാനായ മുഹമ്മദുബ്‌നു ഇസ്മാഈലുല്‍ ബുഖാരി(റഹി) ഹിജ്‌റ: 256ല്‍ തന്റെ അറുപത്തി രണ്ടാമത്തെ വയസ്സില്‍ ഈദുല്‍ ഫിത്വ്‌റിന്റെ രാത്രിയില്‍ മരണപ്പെടുകയുണ്ടായി. 

സ്വഹീഹുല്‍ ബുഖാരി

മുസ്‌ലിംകള്‍ക്കിടയില്‍ 'സ്വഹീഹുല്‍ ബുഖാരി' എന്ന പേരില്‍ പ്രസിദ്ധമായ ഇമാം ബുഖാരിയുടെ ഹദീഥ് സമാഹാരത്തിന്റെ പൂര്‍ണ നാമം 'അല്‍ജാമിഅ് അല്‍മുസ്‌നദ് അസ്സ്വഹീഹുല്‍ മുഖ്തസ്വ്ര്‍ മിന്‍ ഉമൂരി റസൂലില്ലാഹി സ്വല്ലല്ലാഹു അലൈഹി വസ്സല്ലം വ സുനനിഹി വഅയ്യാമിഹി''എന്നാണ്. ഈ ഗ്രന്ഥത്തില്‍ ആവര്‍ത്തനം അടക്കം ഏഴായിരത്തി ഇരുന്നൂറ്റി എഴുപത്തിയഞ്ച് ഹദീഥുകളാണുള്ളത്. ആവര്‍ത്തനം കൂടാതെ നാലായിരം ഹദീഥുകളാണുള്ളത്. സനദില്ലാതെ വിഷയക്രമത്തിനും കൂടുതല്‍ തെളിവിനുമായി മുഅല്ലഖായി (അനുബന്ധം) കൊടുത്തിട്ടുള്ള ഹദീഥുകള്‍ ആയിരത്തി മുന്നൂറ്റി നാല്‍പത്തിയൊന്നാണ്. 

കാരണം 

ഇമാം ബുഖാരി ഈ ഗ്രന്ഥം രചിക്കുവാനുള്ള കാരണമായി പറയുന്നത്; ഒരിക്കല്‍ തന്റെ ശൈഖായ ഇസ്ഹാക്വ്ബ്‌നു റാഹവൈഹിയുടെ സദസ്സിലിരിക്കുമ്പോള്‍ അദ്ദേഹം പറയുകയുണ്ടായി: 'നബി(സ്വ)യുടെ ഹദീഥുകളില്‍ സ്വഹീഹായത് മാത്രം തെരഞ്ഞെടുത്ത് ആരെങ്കിലും ക്രോഡീകരിച്ചിരുന്നെങ്കില്‍ എന്ന് ചിലയാളുകള്‍ നമ്മോട് പറഞ്ഞിരിക്കുന്നു.' ഇത് കേട്ടപ്പോള്‍ അങ്ങനെ ഒരു ഗ്രന്ഥം എഴുതുവാന്‍ ആരംഭിക്കുകയുണ്ടായി. അങ്ങനെ അദ്ദേഹം മനഃപാഠമാക്കിയ ഹദീഥുകളില്‍ നിന്നാണ് സ്വഹീഹുല്‍ ബുഖാരി തയ്യാറാക്കിയത്.  

നിബന്ധനകള്‍

ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഒരു ഹദീഥ് രേഖപ്പെടുത്തുവാനായി ഹദീഥ് നിദാന ശാസ്ത്ര പ്രകാരമുള്ള നിബന്ധനകള്‍ സ്വീകരിച്ചിട്ടുണ്ട്. ആ നിബന്ധനകള്‍ ഇമാം ബുഖാരി തന്റെ ഗ്രന്ഥത്തിന് നല്‍കിയ പൂര്‍ണനാമത്തില്‍ നിന്ന് തന്നെ വ്യക്തമാണെന്ന് പണ്ഡിതന്മാര്‍ അവരുടെ ഗ്രന്ഥങ്ങൡ വ്യക്തമാക്കിയിട്ടുണ്ട്. അത്; ഹദീഥിന്റെ സനദിലെ റാവി(റിപ്പോര്‍ട്ടര്‍)മാര്‍ ഒരേ കാലത്ത് ജീവിക്കുകയും പരസ്പരം കണ്ടുമുട്ടുകയും കേള്‍ക്കുകയും ചെയ്യണം. അതോടാപ്പം റാവിമാര്‍ സത്യസന്ധരും നീതിമാന്മാരും ഹദീഥില്‍ നിപുണരും അറിവുള്ളവരും അല്ലാഹുവിനെ ഭയപ്പെടുന്നവരും ഹദീഥുകള്‍ മനഃപാഠമാക്കിയവരോ എഴുതിവെച്ചവരോ ആയിരിക്കുകയും ചെയ്യണം. ഒരു ഹദീഥിന് ഈ നിബന്ധനകളെല്ലാം  പൂര്‍ത്തിയായിയെന്ന് മനസ്സിലായാല്‍ തന്റെ സ്വഹീഹില്‍ രേഖപ്പെടുത്തുന്നതിനു മുമ്പ് ഇമാം ബുഖാരി കുളിക്കുകയും വുദൂഅ് ചെയ്യുകയും ചെയ്തു രണ്ട് റകഅത്ത് ഇസ്തിഖാറയുടെ നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തിരുന്നു. ഈ ഗ്രന്ഥത്തിന് തുടക്കം കുറിച്ചത് മക്കയിലെയും മദീനയിലെയും ഹറമുകളില്‍ വെച്ചാണ്. സ്വഹീഹില്‍ രേഖപ്പെടുത്തിയതിനു ശേഷം വീണ്ടും വീണ്ടും പരിശോധിച്ചിരുന്നു. അങ്ങനെ മൂന്ന് പ്രാവശ്യം സ്വഹീഹുല്‍ ബുഖാരി രേഖപ്പെടുത്തിയതിന്റെ അവസാനത്ത രൂപമാണ് ഇന്ന് നാം കാണുന്ന സ്വഹീഹുല്‍ ബുഖാരി. തന്റെ ജീവിത കാലത്ത് തന്നെ അത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തന്റെ ഗ്രന്ഥം ശൈഖുമാരെയും ഉസ്താദുമാരെയും കാണിക്കുകയും അവരെക്കൊണ്ട് പരിശോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവരില്‍ 'അഹ്മദ്ബ്‌നു ഹമ്പല്‍, അലിയ്യുബ്‌നുല്‍ മദീനി, യഹ്‌യബ്‌നു മഈന്‍'തുടങ്ങിയ മുഹദ്ദിസുകളും ഉണ്ട്. അവര്‍ സ്വഹീഹുല്‍ ബുഖാരിയിലുള്ളത് മുഴുവനും സ്വഹീഹാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സ്വഹീഹായ മുഴുവന്‍ ഹദീഥുകളും ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ രേഖപ്പെടുത്തിയിട്ടില്ല, മറിച്ച് സ്വഹീഹായത് മാത്രമെ തന്റ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ.

മുസ്‌ലിം ഉമ്മത്തിന്റെ ഇജ്മാഅ് 

സ്വഹീഹുല്‍ ബുഖാരിയിലും മുസ്‌ലിമിലുമുള്ള ഹദീഥുകള്‍ മുഴുവനും സ്വഹീഹാണെന്നതിനു മുസ്‌ലിം ഉമ്മത്തിന്റെ ഇജ്മാഅ് ഉള്ളതായി നമുക്ക് പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കും. ഉദാഹരണത്തിനു ചിലതു മാത്രം കാണുക:  

ഇബ്‌നു കഥീര്‍ തന്റെ 'അല്‍ബിദായ വന്നിഹായ'യില്‍ പറയുന്നു: 'അതിലുള്ളത് (അതായത് സ്വഹീഹുല്‍ ബുഖാരിയിലുള്ളത്) സ്വഹീഹാണെന്നതിലും അവ സ്വീകരിക്കണമെന്നതിലും പണ്ഡിതന്മാര്‍ യോജിച്ചിരിക്കുന്നു; അതുപോലെ ഇസ്‌ലാമിലെ മുഴുവനാളുകളും.'…'

ഇബ്‌നു സുബ്കി തന്റെ 'ത്വബകാതുശ്ശാഫിഈയതുല്‍ കുബ്‌റ'യില്‍ പറയുന്നു: 'അദ്ദേഹത്തിന്റെ (ഇമാം ബുഖാരിയുടെ) ഗ്രന്ഥം''അല്‍ ജാമിഉസ്സ്വഹീഹ്''അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാല്‍ ഇസ്‌ലാമിന്റെ ഏറ്റവും മഹത്തായ ഗ്രന്ഥമാകുന്നു.' 

അബൂഅംറുബ്‌നു സ്വലാഹ് തന്റെ 'ഉലൂമുല്‍ ഹദീഥി'ല്‍ സ്വഹീഹുല്‍ ബുഖാരിയെയും സ്വഹീഹ് മുസ്‌ലിമിനെയും സംബന്ധിച്ച് വിശദീകരിക്കുമ്പോള്‍ പറയുകയുണ്ടായി: 'അവര്‍ രണ്ടാളുടെയും (ഇമാം ബുഖാരി, ഇമാം മുസ്‌ലിം) ഗ്രന്ഥങ്ങള്‍ പ്രതാപവാനായ അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാല്‍ ഏറ്റവും ശരിയായ ഗ്രന്ഥങ്ങളാകുന്നു.' 

ഇമാം നവവി(റഹി) സ്വഹീഹ് മുസ്‌ലിമിന്റെ വിശദീകരണത്തിന്റെ മുഖവുരയില്‍ പറയുന്നു: 'പ്രതാപവാനായ അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാല്‍ ഏറ്റവും ശരിയായ ഗ്രന്ഥങ്ങള്‍ രണ്ട് സ്വഹീഹുകളായ സ്വഹീഹ് ബുഖാരിയും സ്വഹീഹ് മുസ്‌ലിമുമാകുന്നു എന്നതില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. മുസ്‌ലിം സമുദായം അത് സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ആ രണ്ട് ഗ്രന്ഥങ്ങളില്‍  ഏറ്റവും കൂടുതല്‍ ഉപകാരപ്രദവും ശരിയായതും ഇമാം ബുഖാരിയുടെ ഗ്രന്ഥമാകുന്നു.' 

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) പറയുന്നു: 'ക്വുര്‍ആനിനു ശേഷം ആകാശത്തിനു ചുവട്ടില്‍ ബുഖാരി, മുസ്‌ലിമിനെക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു ഗ്രന്ഥമില്ല' (മജ്മൂഉല്‍ ഫതാവാ: 18/74). (ഈ ഉദ്ധരണികളെല്ലാം എടുത്തിരിക്കുന്നത് മദീനയിലെ ശൈഖ് അബ്ദുല്‍ മുഹ്‌സിന്‍ അബ്ബാദിന്റെ ഇമാമുല്‍ ബുഖാരി വ കിതാബുഹു അല്‍ ജാമിഉസ്സ്വഹീഹ്''എന്ന ഗ്രന്ഥത്തില്‍ നിന്നാണ്). 

വിശദീകരണ ഗ്രന്ഥങ്ങള്‍

അഭിപ്രായ വ്യത്യാസമില്ലാതെ മുസ്‌ലിം സമുദായം ഒന്നടങ്കം സ്വീകരിച്ച സ്വഹീഹുഹുല്‍ ബുഖാരിക്ക് അഹ്‌ലുസ്സുന്നത്തിന്റെ മുന്‍ഗാമികളും പിന്‍ഗാമികളുമായ (ഹിജ്‌റ വര്‍ഷം 300 മുതല്‍ 1400 വരെയുള്ള വ്യത്യസ്ഥ കാലങ്ങളിലെ) ഏകദേശം നാല്‍പതോളം പണ്ഡിതന്മാര്‍ വിശദീകരണം എഴുതിയിട്ടുണ്ട്. ഇവരെല്ലാം തന്നെ മുസ്‌ലിം ലോകത്ത് സ്വഹീഹുല്‍ ബുഖാരിക്കുള്ള സ്ഥാനവും പ്രത്യേകതയും മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് അവ രചിച്ചിട്ടുള്ളത്. 

സ്വഹീഹുല്‍ ബുഖാരിയിലെ ചില ഹദീഥുകളെ സംബന്ധിച്ച് ഇമാം ദാറുക്വുത്വ്‌നി അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ മറ്റു പണ്ഡിതന്മാര്‍ക്കില്ലാത്ത അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് വസ്തു നിഷ്ഠമായി ഇമാം ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. അത് ഫത്ഹുല്‍ ബാരിയില്‍ കാണാവുന്നതാണ്.

സമാപനം

ആരാണ് ഇമാം ബുഖാരി, എന്താണ് സ്വഹീഹുല്‍ ബുഖാരി, ഇസ്‌ലാമിലും മുസ്‌ലിം ഉമ്മത്തിലും സ്വഹീഹുല്‍ ബുഖാരിക്കുള്ള സ്ഥാനമെന്താണ് എന്നെല്ലാം വസ്തുനിഷ്ഠമായി നാം മനസ്സിലാക്കുകയുണ്ടായി. സ്വഹീഹുല്‍ ബുഖാരിയിലെ ഹദീഥുകള്‍ ബുദ്ധിക്ക് യോജിക്കുന്നില്ലായെന്ന് പറഞ്ഞ് നബി(സ്വ)യുടെ ഹദീഥുകളെ തള്ളുകയും പരിഹസിക്കുകയും കൊച്ചാക്കുകയും ചെയ്യുന്നവരും, സംഘടനയെയും നേതാക്കളെയും തൃപ്തിപ്പെടുത്താനായി സ്വഹീഹായ ഹദീഥുകളെ തള്ളിക്കളയുന്നവരും, ഹദീഥുകളെ പരിഹസിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നവര്‍ക്ക് രഹസ്യമായോ പരസ്യമായോ സഹായം ചെയ്യുകയും പ്രസംഗിക്കാനും എഴുതാനും സ്‌റ്റേജും പേജും ഒരുക്കി ക്കൊടുക്കുകയും ചെയ്യുന്നവര്‍ ക്വുര്‍ആനിലെ താഴെ വരുന്ന ആയത്തുകള്‍ പാരായണം ചെയ്യട്ടെ: 

''അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ തമാശപറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്? നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍ ഒരു വിഭാഗത്തിന് നാം മാപ്പുനല്‍കുകയാണെങ്കില്‍ തന്നെ മറ്റൊരു വിഭാഗത്തിന് അവര്‍ കുറ്റവാളികളായിരുന്നതിനാല്‍ നാം ശിക്ഷ നല്‍കുന്നതാണ്'' (9/65,66)