മനുസ്മൃതിയും ജാതി, വർണ വ്യവസ്ഥിതിയും

ഉസ്മാൻ പാലക്കാഴി

2017 ഫെബ്രുവരി 18 1438 ജമാദുൽ അവ്വൽ 23

അറുതിയില്ലാത്ത ജാതി, വർണ വിവേചനം: 2

ഹൈന്ദവർ അങ്ങേയറ്റം ആദരിക്കുന്ന ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിലെ പുരുഷസൂക്തത്തിൽ വിരാട്പുരുഷന്റെ മുഖത്തുനിന്ന്‌ ബ്രാഹ്മണനുണ്ടായി എന്നും ബാഹുക്കളിൽനിന്ന്‌ ക്ഷത്രിയനുണ്ടായി എന്നും തുടയിൽനിന്ന്‌ വൈശ്യനുണ്ടായി എന്നും പാദത്തിൽനിന്ന്‌ ശൂദ്രനുണ്ടായി എന്നും പറയുന്നു! ഗീത ഈ തരംതിരിവ്‌ അംഗീകരിക്കുകയും ചെയ്യുന്നു. `കാലദേശഭേദമില്ലാതെ മാനവധർമത്തെ ഉൾക്കൊള്ളുന്നത്‌` എന്ന്‌ പറയപ്പെടുന്ന മനുസ്മൃതിയിലെ ഒന്നാം അധ്യായം 87 മുതൽ 91 വരെയുള്ള വാക്യങ്ങൾ കാണുക:

“ഈ ലോകത്തെ സംരക്ഷിക്കുന്നതിന്നായി അത്യുജ്വല കാന്തിയോടുകൂടിയ അവൻ വിരാട്‌ പുരുഷന്റെ കൈകൾ, തുടകൾ, പാദങ്ങൾ എന്നിവയിൽനിന്നും ഉണ്ടായിവന്നവർക്ക്‌ പ്രത്യേകം ധർമങ്ങൾ നിശ്ചയിച്ചുകൊടുത്തു. ബ്രാഹ്മണർക്ക്‌ വേദങ്ങൾ പഠിക്കുവാനും പഠിപ്പിക്കുവാനുമുള്ള അവകാശം അവൻ നിർണയിച്ചു. മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി യജ്ഞങ്ങൾ ചെയ്യുവാനും ദാനങ്ങൾ സ്വീകരിക്കുവാനും അവരെ നിയോഗിച്ചു”(88).

“ജനസംരക്ഷണമാണ്‌ ക്ഷത്രിയന്റെ ധർമം. യജ്ഞങ്ങൾ നടത്തുക, വേദം പഠിക്കുക, ഇന്ദ്രിയലാളനത്തിൽനിന്ന്‌ ഒഴിഞ്ഞിരിക്കുക. ഇതൊക്കെയാണ്‌ ക്ഷത്രിയന്‌ നിശ്ചയിച്ചിട്ടുള്ളത്‌“(89).

”കന്നുകാലികളെ വളർത്തുക, ദാനം ചെയ്യുക, വേദം പഠിക്കുക, കച്ചവടം നടത്തുക, പണം കടംകൊടുക്കുക, കൃഷിചെയ്യുക മുതലായവയ്ക്കായി വൈശ്യരെ നിയോഗിച്ചിരിക്കുന്നു“(90).

”ഈശ്വരൻ ശൂദ്രനു വിധിച്ചിരിക്കുന്നത്‌ മറ്റു മൂന്നു വർണത്തിൽ പറഞ്ഞിരിക്കുന്നവരെയും അനുസരണത്തോടെ പരിചരിക്കുന്നത്‌ മാത്രമാണ്‌“(91).

”ബ്രാഹ്മണൻ ദുർമാർഗിയാണെങ്കിലും പൂജ്യനാണ്‌. ശൂദ്രനാകട്ടെ, ജിതേന്ദ്രിയനായാൽ പോലും പൂജ്യനാവുകയില്ല“ (പരാശരസ്മൃതി 8:33). വൈയക്തികമായ സ്വഭാവഗുണങ്ങൾ നോക്കേണ്ടതില്ല; എറ്റവും ഉയർന്ന വർണത്തിൽ ജനിച്ചു എന്നതുകൊണ്ടാണ്‌ ബ്രാഹ്മണൻ ശ്രേഷ്ഠനാകുന്നത്‌ എന്നാണിത്‌ വ്യക്തമാക്കുന്നത്‌. മനു പറയട്ടെ:

”വേദങ്ങൾ പഠിച്ചാലും ഇല്ലെങ്കിലും അവന്ന്‌ ദിവ്യത്വമുണ്ട്‌. താണ വർണക്കാർക്ക്‌ യോജിച്ച പ്രവൃത്തികളിൽ ഏർപെട്ടാലും ബ്രാഹ്മണൻ ബ്രാഹ്മണൻ തന്നെ. ഏറ്റവും ഉയർന്ന വർണത്തിൽ ജനിച്ചതുകൊണ്ട്‌ അവൻ ദൈവത്തെ പോലെയാണ്‌. അവന്റെ ഉപദേശങ്ങൾ അലംഘനീയമായ കൽപനകളാണ്‌. അവനെ എല്ലാവരും അനുസരിക്കണം“ (മനുസ്മൃതി 9:317).

വർണം നോക്കിയാണ്‌ കുറ്റങ്ങളുടെ കാഠിന്യം നിർണയിക്കേണ്ടത്‌ എന്നാണ്‌ മനുസ്മൃതി പറയുന്നത്‌. ബ്രാഹ്മണൻ ശൂദ്രനെ ആക്ഷേപിച്ചാൽ പന്ത്രണ്ടു പണം പിഴ അടച്ചാൽ മതി. ശൂദ്രൻ ബ്രാഹ്മണനെ അപമാനിച്ചാലോ? ശൂദ്രന്റെ നാവ്‌ മുറിച്ചുകളയണം! വർണഘടനയിലെ ഏറ്റവും താഴ്ന്ന പടിയിൽ നിൽക്കുന്ന ശൂദ്രൻമാരെപ്പോലും മനുഷ്യരായിക്കാണാൻ കഴിയാത്തവിധത്തിൽ പ്രതിലോമക സ്വഭാവം പുലർത്തുന്നതാണ്‌ മനുവിന്റെ നീതിശാസ്ത്രം എന്നു വ്യക്തം. ഈ നീതിശാസ്ത്രമനുസരിച്ചല്ലേ ബ്രാഹ്മണമേധാവിത്വം അതിനീചമായ രീതിയിൽ അധഃസ്ഥിതരെ അടിച്ചമർത്തിയത്‌? ഡോ. വെള്ളായനി അർജുനൻ എഴുതുന്നു:

“...സമൂഹത്തിൽ, സവർണരെന്നും അവർണരെന്നുമുള്ള വിഭാഗീയചിന്ത രണ്ടുകൂട്ടരും ഒരിക്കലും കൂട്ടിമുട്ടാനാകാത്ത തരത്തിൽ സമാന്തരരേഖകൾ പോലെ അനുദിനം വളർന്നുകൊണ്ടിരുന്നു. പല വിധത്തിലുള്ള ചൂഷണങ്ങൾക്കും മർദനങ്ങൾക്കും അധഃസ്ഥിത സമുദായങ്ങൾ എന്നും ഇരയായിക്കൊണ്ടിരുന്നു. ആര്യന്മാരുടെ കേരളീയ രൂപാന്തരമായ നമ്പൂതിരിമാർ സമൂഹത്തിന്റെ അധിപതികളായി മാറിയതോടുകൂടി, അബ്രാഹ്മണരായ നാട്ടുകാരിൽ പലവിധത്തിലുള്ള ആധിപത്യങ്ങൾ അരക്കിട്ടുറപ്പിക്കുവാൻ ശ്രമിച്ചു. മതത്തിന്റെ പേരിൽ ബ്രാഹ്മണ പുരോഹിതന്മാർ അധ്യാത്മിക മാർഗദർശികളായി മാറി. ക്ഷേത്രങ്ങളും ആരാധനയും മറ്റു ഈശ്വരീയ പരിപാടികളും നിയന്ത്രിക്കുന്നതിനുള്ള അധികാരം ഈ ബ്രാഹ്മണ പുരോഹിതന്മാരുടെ കുത്തകയായിത്തീർന്നു. കേരളത്തിൽ ജന്മിസമ്പ്രദായം പ്രബലമായി വളരുവാനും അജയ്യമായ വർണമേധാവിത്വം മറ്റു സമൂഹങ്ങളെ മുഴുവൻ അടിച്ചമർത്തക്ക വിധം പുഷ്ടിപ്രാപിക്കുവാനും ഈ ആധിപത്യസാഹചര്യം വഴിതെളിച്ചു. ക്ഷേത്രങ്ങളും പൂജാവിധികളും ആരാധനാക്രമങ്ങളും മറ്റു തന്ത്രമന്ത്രപരമായ ദൈവിക കർമങ്ങളും പുരോഹിതവർഗത്തിന്റെ കുത്തകയായി മാറി.അവർണർ എന്ന വിഭാഗത്തിൽ പെടുന്ന ജനങ്ങൾക്ക്‌ സർവവിധ ജീവിത സൗകര്യങ്ങളും നിരാകരിച്ചു. പൊതുനിരത്തുകളിൽ സഞ്ചരിക്കുവാനോ, നല്ല വീടുണ്ടാക്കി താമസിക്കുവാനോ, നന്നായി വസ്ത്രം ധരിക്കുവാനോ, സ്വർണം, വെള്ളി തുടങ്ങിയ ലോഹങ്ങളിലുള്ള ആഭരണങ്ങൾ ധരിക്കുവാനോ, ചന്തമുള്ള പന്തലിൽവച്ചു വിവാഹം നടത്തുവാനോ, ബന്ധുജനങ്ങൾക്കു സദ്യകൊടുക്കുവാനോ, ക്ഷേത്രങ്ങളിലെന്നല്ല, ക്ഷേത്രപരിസരത്തുപോലും പ്രവേശിക്കുവാനോ സ്വാതന്ത്ര്യമില്ലാതെ, മേലാളന്മാരിൽനിന്നും വളരെ വളരെ ദൂരെ അകന്നുനിൽക്കുവാനാജ്ഞാപിക്കുന്ന ഭീകരമായ അയിത്തവ്യവസ്ഥകളും കീഴാളർക്കെതിരായി മേലാളർ കൽപിച്ചുണ്ടാക്കി... ഇങ്ങനെ വ്യവസ്ഥ ചെയ്ത തീണ്ടാപ്പാടകലെ മാറി നിൽക്കാതെ അയിത്തനിയമം ലംഘിക്കുന്ന അവർണരെ, അധഃസ്ഥിതരെ അതിക്രൂരമായി മർദിക്കുകയോ കൊല്ലുകയോ ചെയ്യുവാനുള്ള അധികാരം പോലും മേൽജാതിക്കാർക്ക്‌ അന്നു ലഭിച്ചിരിരുന്നു. ഏകദേശം 19-​‍ാം നൂറ്റാണ്ടിന്റെ ആരംഭംവരെ ഈ രാക്ഷസീയസ്ഥിതി കടുകിട തെറ്റാതെ തുടർന്നുകൊണ്ടിരുന്നു. 1936 നവംബർ 12-​‍ാം തീയതി തിരുവിതാംകൂർ മഹാരാജാവ്‌ ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ ക്ഷേത്രപ്രവവേശനവിളംബരം പുറപ്പെടുവിച്ചതോടുകൂടി എല്ലാ അധഃസ്ഥിത സമുദായക്കാർക്കും നിയമപരമായി ആരാധനാസ്വാതന്ത്ര്യം ലഭിച്ചു. എങ്കിലും കേരളസമൂഹത്തിൽനിന്നും ജാതിരക്ഷസ്സിന്റെ കൊടുംതാണ്ഡവം പൂർണമായും മാറിപ്പോകാതെ ഒരു ഒഴിയാബാധയായിത്തന്നെ നിലനിന്നിരുന്നു. മനുഷ്യൻ മനുഷ്യനെ ജാതിയുടെ പേരിൽ ആട്ടിയോടിക്കുകയും അവനെ ഹീനനായിക്കരുതി സമൂഹത്തിൽനിന്നും തിരസ്കരിക്കുകയും ചെയ്തുകൊണ്ടിരുന്ന സന്തപ്തമായ കാലയളവിൽ, സഞ്ചാരസ്വാതന്ത്ര്യമോ, വിദ്യാഭ്യാസസ്വാതന്ത്ര്യമോ, ആരാധനാസ്വാതന്ത്ര്യമോ, സാമൂഹികസ്വാതന്ത്ര്യമോ, സ്ത്രീകൾക്ക്‌ മാറുമറയ്ക്കാനുള്ളസ്വാതന്ത്ര്യമോ, നല്ലവസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമോ നൽകാതെ, സവർണ സമുദായക്കാർ എന്ന പേരിൽ കുറേ മേൽജാതിക്കാരും അവരെ വരുതിക്കു നിറുത്തുന്ന പുരോഹിത വർഗവും ഒത്തുചേർന്നുകൊണ്ട്‌ കേരളത്തെ `ഭ്രാന്താല`യമാക്കി മാറ്റിയ ഘട്ടത്തിലാണ്‌ ശ്രീനാരായണഗുരു മോചനത്തിന്റെ സന്ദേശങ്ങളുമായി അന്ധകാരാവൃതമായ കേരളത്തിൽ മനുഷ്യസ്വാതന്ത്ര്യത്തിന്റെ സൂര്യതേജസ്സായി ഉദിച്ചുയർന്നത്‌“ (വിജ്ഞാനകൈരളി (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രം), പേജ്‌. 15,16, ജൂലൈ 2006).

ബ്രാഹ്മണമേധാവികളുടെ പരാമൃഷ്ട പ്രവർത്തനങ്ങൾക്ക്‌ ഹൈന്ദവ പ്രമാണങ്ങളുടെ യാതൊരു പിൻബലവുമില്ല എന്ന്‌ ആർക്കു പറയാനാവും? ഈ യാഥാർഥ്യങ്ങളെ കണ്ടില്ലെന്നു നടിക്കുന്നവർ സത്യത്തിൽ തങ്ങളുടെ ധർമസംഹിതകളെ നിരാകരിക്കുകയല്ലേ ചെയ്യുന്നത്‌?

ഗുണംകൊണ്ടും കർമംകൊണ്ടുമെല്ലാം ശൂദ്രന്ന്‌ ബ്രാഹ്മണനും ബ്രാഹ്മണന്ന്‌ ശൂദ്രനും ആയിത്തീരാൻ കഴിയും എന്നു പറഞ്ഞ്‌ ജന്മമല്ല, കർമമാണ്‌ വർണം നിർണയിക്കുന്നത്‌ എന്നു വാദിക്കുന്നവരുണ്ട്‌. ഒരു പ്രത്യേക ജാതിയിലോ വർണത്തിലോ ജനിക്കുന്നതുകൊണ്ടാണ്‌ ജാതിയും വർണവും സ്ഥീരീകരിക്കപ്പെടുന്നത്‌ എന്നതാണ്‌ വാസ്തവം. അവരുടെ പ്രവർത്തനങ്ങളൊന്നും അക്കാര്യത്തിൽ പരിഗണിക്കാറില്ല. ശൂദ്രകുലത്തിൽ ജനിച്ചവൻ ബ്രാഹ്മണകർമം ചെയ്യുന്നുവെങ്കിൽ അത്‌ സ്വധർമ ലംഘനമായിരിക്കുമെന്നല്ലേ പ്രമാണങ്ങൾ പറയുന്നത്‌? ശൂദ്രനോ വൈശ്യനോ ഗുണകർമങ്ങൾകൊണ്ട്‌ ബ്രാഹ്മണനായി മാറിയതിന്‌ ഉദാഹരണം വല്ലതുമുണ്ടോ? അങ്ങനെയൊരു സ്ഥാനക്കയറ്റം കിട്ടിയ വല്ല വ്യക്തിയും ഇന്ന്‌ ജീവിച്ചിരിപ്പുണ്ടോ?

അവർണർക്കോ, സവർണരിലെ ബ്രാഹ്മണേതരർക്കോ പൂജാരികളാകാൻ കഴിയുമോ? അവർ ഒരുനിലയ്ക്കും ക്ഷേത്രങ്ങളിൽ പൂജാരികളാകാൻ പാടില്ലെന്ന ബ്രാഹ്മണ നിലപാട്‌ ഹൈന്ദവ പ്രമാണങ്ങളുടെ പിൻബലമുള്ളതുതന്നെയാണ്‌. ക്ഷേത്രപൂജാധികാരം അവർണർക്കു നിഷേധിക്കുന്ന ബ്രാഹ്മണ-സവർണപക്ഷ നിലപാടിന്‌ സവർണ ജനങ്ങളോ അവരുടെ സംഘടനകളോ അല്ല ഒരർഥത്തിൽ ഉത്തരവാദികൾ; മറിച്ച്‌ ഹൈന്ദവ പ്രമാണങ്ങൾ തന്നെയാണ്‌. ബ്രാഹ്മണ്യം കർമത്താൽ നേടാവുന്നതാണ്‌ എന്നും, ജൻമമല്ല കർമമാണ്‌ ബ്രാഹ്മണ്യത്തിന്റെ അടിസ്ഥാനമെന്നുമുള്ള വീക്ഷണത്തിന്‌ മൗലിക ഹൈന്ദവപ്രമാണങ്ങൾ പിന്തുണ നൽകുന്നില്ല. പിൽകാലത്ത്‌ ഹിന്ദുധർമ പരിഷ്കർത്താക്കളും ഹിന്ദുത്വ രാഷ്ട്രീയവാദികളും ഹൈന്ദവ ശാക്തീകരണത്തിന്റെ വർഗീയ ലക്ഷ്യങ്ങൾ പുലർത്തുന്നവരും വികസിപ്പിച്ചെടുത്തിട്ടുള്ള വിശാല ഹിന്ദുത്വം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ്‌ ബ്രാഹ്മണ്യം കർമണാൽ നേടാവുന്നതാണ്‌ എന്നും, അവർണർക്കും താഴ്ന്ന ജാതിക്കാർക്കും ഷോഡശക്രിയകളിലൂടെ ബ്രാഹ്മണ്യം ആർജിക്കാവുന്നതാണ്‌ എന്നുമുള്ള ചിന്താഗതി ചിലർ പ്രചരിപ്പിച്ചത്‌.

എങ്ങനെയാണ്‌ അവർണൻ ഹിന്ദുവായിത്തീരുക? ഹിന്ദുവിനെ നിർവചിക്കുന്ന പ്രമാണങ്ങളുടെയോ ഹിന്ദുത്വത്തിന്റെ അടിസ്ഥാന രേഖകളുടെയോ പിൻബലമില്ലാത്ത ഈ വീക്ഷണം പ്രചരിപ്പിക്കുവാൻ ആധുനിക ഇന്ത്യയിൽ രാഷ്ട്രീയ സ്വയംസേവക സംഘം പോലെയുള്ള പ്രസ്ഥാനങ്ങൾ മുന്നിട്ടിറങ്ങിയതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്‌; ഹിന്ദുത്വത്തെക്കുറിച്ചുള്ള ശരിയായ സാംസ്കാരിക വീക്ഷണങ്ങളല്ല. അവർണരെ ഹിന്ദുക്കളാക്കി മാറ്റുന്ന തത്ത്വശാസ്ത്രം അവതരിപ്പിച്ചവരുടെ ലക്ഷ്യങ്ങൾ തിരിച്ചറിയുവാൻ അംബേദ്കറെപ്പോലെ പലർക്കും സാധിച്ചിട്ടുള്ളതുകൊണ്ടാണ്‌ അവർ സവർണർക്കുമാത്രമെ ഹിന്ദുക്കളാകാൻ സാധിക്കൂ എന്ന വാദം ഉന്നയിച്ചത്‌. ഹിന്ദുധർമത്തെ ആഴത്തിൽ പഠിച്ചശേഷമാണ്‌ അംബേദ്ക്കർ അവർണർ ഹിന്ദുക്കളല്ല എന്ന്‌ അഭിപ്രായപ്പെട്ടത്‌.

പ്രമാണങ്ങളുടെ പിൻബലമില്ലാത്ത ഈ പുതിയ ധർമനിർണയ വാദം ഏറ്റുപിടിക്കുവാൻ ഹിന്ദുധർമത്തിലെ പരിഷ്കരണവാദികൾ മുൻപന്തിയിൽ വർത്തിച്ചു. ആര്യസമാജം പോലെയുള്ള ചില പ്രസ്ഥാനങ്ങൾ എല്ലാവർക്കും ബ്രാഹ്മണ്യഹിന്ദുത്വം വിതരണം ചെയ്യുന്ന ഏജൻസികളായി വർത്തിക്കുമ്പോൾ തന്നെയും, മതപരിഷ്കരണവാദത്തിന്റെയും ആര്യനിസത്തിന്റെയും ഇടയിൽ സമന്വയശ്രമങ്ങൾ നടത്തി. ആര്യൻ എന്നാൽ ശ്രേഷ്ഠൻ, അഥവാ ബ്രാഹ്മണൻ എന്നു നിർവചിച്ച ദയാനന്ദ സരസ്വതിയെപ്പോലുള്ളവരാണ്‌ ശുദ്ധി ക്രിയകളിലൂടെ ആർക്കും ആര്യനാവാമെന്ന വാദഗതിക്ക്‌ വമ്പിച്ച പ്രചാരം നൽകിയത്‌. അതിനിഗൂഢമായ സവർണവത്കരണത്തിനും, അതിന്റെ പിന്നിലെ അതീവനിഗൂഢ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും അവർണരെ വിധേയമാക്കുക എന്നത്‌ ആര്യൻവാദികളുടെ ലക്ഷ്യമായിരുന്നു. ഈ ഉദ്ദേശത്തോടുകൂടിത്തന്നെയാണ്‌ വിചാരധാരയിൽ ഗുരുജി ഗോൾവൽക്കർ ജാതീയതയെയും തൊട്ടുകൂടായ്മയെയും വിമർശിക്കുന്നതും. 1969ൽ ഉഡുപ്പിയിൽ വെച്ചു നടന്ന വിശ്വഹിന്ദു സമ്മേളനത്തിൽ അംഗീകരിച്ച ഒരു പ്രമേയം വിചാരധാരയിൽ ഉദ്ധരിക്കുന്നുണ്ട്‌. അത്‌ കാണുക:

“മുഴുവൻ ഹിന്ദു സമുദായവും അഖണ്ഡമായ ഐക്യഭാവനയിൽ ഏകീകൃതമാകണമെന്നും സ്പൃശ്യത, അസ്പൃശ്യത എന്നീ പ്രവണതകളും വികാരങ്ങളും കൊണ്ട്‌ അതിൽ ശിഥിലീകരണമുണ്ടാക്കരുതെന്നും ഉള്ള ലക്ഷ്യത്തെ പുരസ്കരിച്ചു ലോകത്തിലെങ്ങുമുള്ള ഹിന്ദുക്കൾ അവരുടെ പരസ്പര സൗഹൃദത്തിൽ ഏകതയുടെയും സമഭാവനയുടെയും തത്ത്വം പാലിക്കേണ്ടതാണ്‌” (വിചാരധാര,പേജ്‌ 405,406).

ഇത്തരത്തിലുള്ള ഐക്യാഹ്വാനങ്ങൾ ഒരു ഹിന്ദുരാഷ്ട്രത്തിന്റെ രൂപീകരണം എന്ന കേവല രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയാണെന്നും സമൂഹത്തിന്റെയും ഹിന്ദുമതത്തിന്റെ തന്നെയും അഭിവൃദ്ധിക്കുവേണ്ടിയല്ലെന്നും വിചാരധാരയുടെ ഓരോ വരിയും വ്യക്തമാക്കുന്നുണ്ട്‌. എല്ലാവിധ അകലങ്ങളും ഇല്ലാതാക്കുവാനുള്ള കൽപന യഥാർഥത്തിൽ ഇതിഹാസങ്ങളുടെയും സ്മൃതികളുടെയും വേദങ്ങളുടെയുമൊക്കെ പല കൽപനകൾക്കും വിരുദ്ധമാണെന്നതാണ്‌ വാസ്തവം.

“ശുദ്ധമായ ധാർമിക ഭക്തിയുടെ പ്രവാഹത്തിൽ, സ്പൃശ്യമെന്നും അസ്പൃശ്യമെന്നും മറ്റുമുള്ള വ്യത്യാസങ്ങളെ മുക്കി, പൊതുവായൊരു സാഹോദര്യഭാവത്തിൽ ഒത്തുചേരുവാൻ സാധിക്കുന്ന സ്ഥലങ്ങളിൽ ഭജനകൾ, കീർത്തനങ്ങൾ, ഉത്സവങ്ങൾ, രാമായണ- മഹാഭാരത കഥാപ്രവചനങ്ങൾ തുടങ്ങിയവ ഈ ഉദ്ദേശത്തിനുവേണ്ടി ഏർപ്പാടുചെയ്യാവുന്നതാണ്‌” (വിചാരധാര,പേജ്‌ 410). രാമായണമാസാചരണം പോലുള്ള കാര്യങ്ങൾ വ്യാപകമാക്കുകയും അങ്ങനെ എല്ലാ ജാതികളെയും ഒരുമിച്ചുകൂട്ടുവാൻ ശ്രമിക്കുകയും ചെയ്യുന്ന കാഴ്ച ഇന്ന്‌ ദർശനീയമാണ്‌. ഇതിന്റെയെല്ലാം പിന്നിൽ ഹൈന്ദവ ധർമത്തിന്റെ സമുദ്ധാരണമല്ല ലക്ഷ്യമെന്നും തികച്ചും രാഷ്ട്രീയപരമായ ലക്ഷ്യമാണെന്നും സാധാരണക്കാർ മനസ്സിലാക്കുന്നില്ല എന്നിടത്താണ്‌ സംഘ്പരിവാറിന്റെ വിജയം.

“ദളിതരെയും ഇതര അവശവിഭാഗങ്ങളെയും വോട്ടിന്റെ കാര്യത്തിലൊഴിച്ച്‌ തുല്യരായി കാണാനുള്ള വൈമുഖ്യമാണ്‌ പൗരോഹിത്യ ഹിന്ദുമതം പുലർത്തിവരുന്നത്‌. സ്വാതന്ത്ര്യാനന്തര തലമുറ ആർജിച്ചത്‌ ഔപനിഷദികസമത്വത്തിനു പകരം അമേരിക്കൻ സമത്വമാണല്ലൊ! ഇതിന്റെ തെളിവായിരുന്നു മണ്ഡൽ പ്രക്ഷോഭണകാലത്ത്‌ ഡൽഹിയിൽ നടന്ന ആത്മാഹുതി. അനുഭവിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളിൽ കുറച്ച്‌ അധഃസ്ഥിതർക്കു വിട്ടുകൊടുക്കേണ്ടി വരുന്നതിലുള്ള വലുതായ നഷ്ടബോധമാണ്‌ ഈ കടുത്ത നടപടിക്കവരെ പ്രേരിപ്പിച്ചത്‌. അധഃസ്ഥിതരെ സഹോദരരായി കാണാനും കൈപിടിച്ചുയർത്താനുമുള്ള വൈമുഖ്യം ധർമശാസ്ത്രങ്ങളുടെ സ്വാധീനം എത്ര ശക്തിമത്തായി തലമുറകളിലൂടെ തുടരുന്നു എന്നു സൂചിപ്പിക്കുന്നു“ (ഹിന്ദുവിന്റെ പുസ്തകം, ശശിധരൻ ചെമ്പഴന്തിയിൽ, പേജ്‌ 121).

വിചാരധാരയും മറ്റും ഉയർത്തിപ്പിടിക്കുന്ന ഹിന്ദു ഐക്യം എത്രമാത്രം ഉപരിപ്ളവകരവും വഞ്ചനാപരവുമാണെന്ന്‌ ഈ ഉദ്ധരണി വെളിവാക്കുന്നു. പാണനെയും പറയനെയും പുലയനെയുമെല്ലാം ഒരു സ്ഥലത്ത്‌ ഒരുമിച്ചുകൂട്ടി ഭജനകൾ, കീർത്തനങ്ങൾ, ഉത്സവങ്ങൾ, രാമായണ-മഹാഭാരത കഥാപ്രവചനങ്ങൾ തുടങ്ങിയവ ഏർപ്പാടു ചെയ്ത്‌ ഉണ്ടാക്കുന്ന ഐക്യമെന്താണ്‌? ആ പാവങ്ങൾക്ക്‌ അതുകൊണ്ട്‌ ലഭിക്കുന്ന നേട്ടമെന്താണ്‌? അത്തരക്കാർക്ക്‌ തൊഴിൽ സംവരണം നൽകാനുള്ള മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാക്കുന്നതിനെതിരായി വീറുറ്റ സമരം നടത്തിയത്‌ വിചാരധാരയും പൊക്കിപ്പിടിച്ചു നടക്കുന്ന സംഘ്പരിവാർ പ്രവർത്തകരല്ലേ? അതിന്റെ പ്രവർത്തകരെ ആത്മാഹുതിക്കു പോലും പ്രേരിപ്പിക്കുന്ന തരത്തിൽ അവർക്ക്​‍്‌ അനിഷ്ടകരമായിരുന്നു അധഃസ്ഥിതർക്ക്‌ അൽപം ആനുകൂല്യം നൽകുന്നതെങ്കിൽ അവർ പ്രചരിപ്പിക്കുന്ന ഹൈന്ദവ ഐക്യത്തിന്റെ ലക്ഷ്യമെന്താണ്‌?

അതെ, ഒരുവശത്ത്‌ സവർണർ ജാതീയതയെ പാലൂട്ടി വളർത്തുന്നു. മറുവശത്ത്‌ രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രം അവർണരിൽ ഹൈന്ദവ വികാരം വളർത്തി അവരെ കൂട്ടുപിടിക്കുന്നു. ജാതി വിവേചനത്തിനെതിരായി ചെറുവിരലനക്കാൻ പോലും ഇക്കൂട്ടർ തയ്യാറാകുന്നത്‌ കാണുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന്‌ ഇടയ്ക്കിടെ പുറത്തുവരുന്ന അവർണർക്കെതിരെയുള്ള മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളുടെ വാർത്തകൾക്ക്‌ ശമനമുണ്ടാകുമായിരുന്നു.

അവലംബങ്ങൾ

1). ഹിന്ദുവിന്റെ പുസ്തകം, ശശിധരൻ ചെമ്പഴന്തിയിൽ, പെൻബുക്സ്‌.

2). കേരളത്തിലെ ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികൾ, ഡോ. കെ. ജയപ്രകാശ്‌, കുരുക്ഷേത്ര പ്രകാശൻ- കൊച്ചി.

3). ഭാരതീയ ചിന്ത, കെ. ദാമോദരൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌, 1988.

4). ഭഗവദ്ഗീതാസാധ്യായം, നിത്യചൈതന്യ യതി, ഡി.സി.ബുക്സ്‌-1992.

5). ഭഗവദ്ഗീത ശിവാരവിന്ദം മഹാഭാഷ്യം, പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌- 1997.

6). വിചാരധാര (ആറാം പതിപ്പ്‌), ഗുരുജി ഗോൾവൽക്കർ, കുരുക്ഷേത്ര പ്രകാശൻ- കൊച്ചി.

7). ജന്മഭൂമി ദിനപ്പത്രം. 2006 ജൂലൈ 7, വെള്ളിയാഴ്ച.

8). വിജ്ഞാനകൈരളി മാസിക (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രം), ജൂലൈ 2006