വിനോദയാത്രക്ക് ഒരുങ്ങുമ്പോള്‍

മുസാഫിര്‍

2018 നവംബര്‍ 17 1440 റബിഉല്‍ അവ്വല്‍ 09

പഠനയാത്രകള്‍ വിനോദപ്രദവും വിജ്ഞാനദായകവുമാണ്. എന്നാല്‍ യാത്രാവേളയില്‍ ഉണ്ടാകാവുന്ന ചെറിയ അശ്രദ്ധകള്‍ പോലും വന്‍ ദുരന്തങ്ങള്‍ക്ക് കാരണമായേക്കാം. പഠനയാത്രക്കായി പോയ 18 ഓളം വിദ്യാര്‍ഥികളുടെ ജീവന്‍ നഷ്ടപ്പെട്ടതിനു കാരണമായ തട്ടേക്കാട് 'ബോട്ടുദുരന്തം' എന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മയാണ്. ഇതിനെത്തുടര്‍ന്ന് സ്‌ക്കൂള്‍ പഠനയാത്ര സംബന്ധിച്ച് താഴെ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു:

1. പഠനയാത്രക്കായി തെരഞ്ഞെടുക്കുന്ന സ്ഥലം, യാത്രാപരിപാടികള്‍, താമസം എന്നിവ സ്‌ക്കൂള്‍ അഡൈ്വസറി പി.ടി.എ. എക്‌സിക്യൂട്ടീവില്‍ മുന്‍കൂട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്.

2. വിനോദയാത്രാ സംഘം സന്ദര്‍ശിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ സവിശേഷതകള്‍, സുരക്ഷാ സംവിധാനം എന്നിവയെക്കുറിച്ച് മുന്‍കൂട്ടി മനസ്സിലാക്കേണ്ടതാണ്. ഇതിനായി ആ പ്രദേശത്തെ അധികാരികളില്‍ നിന്ന് ആവശ്യമെങ്കില്‍ മുന്‍കൂര്‍ അനുമതി രേഖാമൂലം വാങ്ങിയിരിക്കണം.

3. പഠനയാത്രക്കുള്ള പരിപാടി തയ്യാറാക്കുമ്പോള്‍ വിദ്യാഭ്യാസപരമായ പ്രസക്തിയും ഉദ്ദേശ്യവും പരിഗണിച്ചുകൊണ്ട് യാത്രയ്ക്കുള്ള സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ തെരഞ്ഞെടുക്കേണ്ടതാണ്.

4. പഠനയാത്രയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും സമ്മതപത്രം കാലേക്കുട്ടി വാങ്ങി സൂക്ഷിക്കേണ്ടതാണ്.

5. പഠനയാത്രക്ക് പുറപ്പെടുന്ന വിദ്യാര്‍ഥികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് മുന്‍കൂട്ടി ഉറപ്പാക്കിയിരിക്കേണ്ടതാണ്.

6. പ്രധാനാധ്യാപകനോ സീനിയര്‍ അസിസ്റ്റന്റോ യാത്രാസംഘത്തെ അനുഗമിക്കേണ്ടതാണ്.

7. പഠനയാത്ര സംഘത്തിലെ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:15 ആയിരിക്കണം. അഥവാ 15 കുട്ടികള്‍ക്ക് ഒര് അധ്യാപകന്‍. അധ്യാപകരോ രക്ഷിതാക്കളോ അല്ലാത്തവര്‍ കുട്ടികളോടൊപ്പം യാത്രാസംഘത്തില്‍ ഉണ്ടായിരിക്കാന്‍ പാടില്ല.

8. തികച്ചും സുരക്ഷിതമായിട്ടുള്ള വാഹനം മാത്രമെ യാത്രക്കായി തെരഞ്ഞെടുക്കാവൂ. അതുപോലെ വാഹനത്തിന്റെ അമിത വേഗത നിയന്ത്രിക്കേണ്ടതും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. ബസ്, ബോട്ട്, മറ്റു വാഹനങ്ങള്‍ എന്നിവയില്‍ നിയമപ്രകാരം അനുവദിച്ച എണ്ണം ആളുകളെ മാത്രമെ കയറ്റുന്നുള്ളൂവെന്ന് ഉറപ്പാക്കേണ്ടത് സംഘം തലവന്റെ ചുമതലയും ബാധ്യതയുമാണ്.

9. ജലയാത്രകള്‍, വനത്തിലൂടെയുള്ള യാത്രകള്‍, വന്യമൃഗസങ്കേതങ്ങള്‍ എന്നിവിടങ്ങളിലേക്ക് സന്ദര്‍ശനം നടത്തുമ്പോള്‍ ബന്ധപ്പെട്ട അധികാരികളെ മുന്‍കൂട്ടി അറിയിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കുകയും അവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് സന്ദര്‍ശനം നടത്തുന്നത് എന്നുറപ്പാക്കുകയും വേണം. പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അംഗീകൃത ഗൈഡുകളുടെ സേവനം ഉപയോഗിക്കേണ്ടതാണ്.

10. പാര്‍ക്കുകള്‍, മ്യൂസിയം, അണക്കെട്ടു പ്രദേശങ്ങള്‍ എന്നിവ സന്ദര്‍ശിക്കുമ്പോള്‍ വൈദ്യുത സംവിധാനം ഉപയോഗിച്ചുള്ള റോപ്പ് വേ, അമ്യൂസ്‌മെന്റ് സംവിധാനങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കേണ്ടതാണ്.

11. യാത്രാസംഘത്തിന്റെ താമസം, ഓരോ ദിവസവും സന്ദര്‍ശിക്കുന്ന സ്ഥലം, ഓരോ ദിവസവും താമസസ്ഥലത്തു നിന്നും പുറപ്പെടുന്നതും തിരിച്ചെത്തുന്നതുമായ സമയം എന്നിവ യാത്രാസമയത്ത് വിനോദയാത്രാ സംഘത്തിന്റെ തലവന്‍ സൂക്ഷിക്കേണ്ടതും പകര്‍പ്പ് സ്‌കൂളുകളിലും ബന്ധപ്പെട്ട ജില്ല/ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും മുന്‍കൂര്‍ സമര്‍പ്പിച്ചിരിക്കേണ്ടതുമാണ്.

12. വിനോദയാത്രക്കിടയില്‍ സുരക്ഷിതവും നിലവാരമുള്ളതുമായ താമസസൗകര്യം ക്രമീകരിക്കുന്നതിനും ശുചിത്വം പാലിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

13. രാത്രി 9 മണിക്ക് ശേഷമുള്ള യാത്രയും രാവിലെ 6 മണിക്കുമുമ്പുള്ള യാത്രയും പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.

14. ആധുനിക ആശയവിനിമയ സംവിധാനങ്ങള്‍ (മൊബൈല്‍ ഫോണ്‍ പോലുള്ളവ) കരുതിവേണം യാത്രക്ക് പുറപ്പെടേണ്ടത്.

15. യാത്രാവസാനം വിദ്യാര്‍ഥികള്‍ രക്ഷകര്‍ത്താക്കളുടെ സമീപം സുരക്ഷിതമായി എത്തിച്ചേര്‍ന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്. കൂടാതെ ഇത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് ബന്ധപ്പെട്ട ജില്ല/ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കേണ്ടതാണ്.

16. പഠനയാത്രക്കായി പലപ്പോഴും വളരെ അകലെയുള്ള സ്ഥലങ്ങളാണ് തെരഞ്ഞെടുക്കാറുള്ളത്. ആയതുകൊണ്ട് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഇതില്‍ പങ്കാളികളാകാന്‍ പലപ്പോഴും സാധിക്കാറില്ല. അതിനാല്‍ ഇത്തരം കുട്ടികള്‍ക്ക് കൂടി സാമ്പത്തികമായി താങ്ങാവുന്ന സ്ഥലങ്ങള്‍ മാത്രമെ ഇതിനായി തെരഞ്ഞെടുക്കുന്നുള്ളൂവെന്ന് ഉറപ്പാക്കേണ്ടതാണ്.