അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍

മുസാഫിര്‍

2018 ജൂണ്‍ 02 1439 റമദാന്‍ 17

പോലീസ് കസ്റ്റഡിയില്‍വെച്ചുള്ള പീഡനം തടയുന്നതിനായി അനുവര്‍ത്തിക്കേണ്ടതായ ചില നിര്‍ദേശങ്ങള്‍ ഡി.കെ.ബാസു എന്ന ആള്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെ കൊടുത്ത കേസില്‍ സുപ്രീംകോടതി നല്‍കുകയുണ്ടായി. അവ താഴെപ്പറയും പ്രകാരമാണ്:

1. അറസ്റ്റോ ചോദ്യംചെയ്യലോ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍ അവരെ തിരിച്ചറിയത്തക്കവിധത്തിലുള്ള തിരിച്ചറിയല്‍ ചിഹ്നങ്ങളും പേരും ഉദ്യോഗപ്പേരുമുള്ള ടാഗും ധരിച്ചിരിക്കണം. അറസ്റ്റുചെയ്യപ്പെട്ടിട്ടുള്ള ആളെ ചോദ്യംചെയ്യുന്നതില്‍ ഉള്‍പെട്ടിട്ടുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥന്മാരുടെയും വിവരങ്ങള്‍ ഒരു രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കണം.

2. അറസ്റ്റുനടത്തുന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റുനടത്തുന്ന സമയത്ത് ഒരു മെമ്മോ തയ്യാറാക്കേണ്ടതും ആ മെമ്മോ അറസ്റ്റുചെയ്യപ്പെട്ട ആളിന്റെ കുടുംബത്തിലെ ഒരു അംഗമോ അറസ്റ്റുനടന്ന സ്ഥലത്തെ ബഹുമാന്യനായ ഒരു വ്യക്തിയോ സാക്ഷ്യപ്പെടുത്തിയിരിക്കേണ്ടതുമാണ്.

3. അറസ്റ്റുചെയ്യപ്പെടുകയോ തടഞ്ഞുവയ്ക്കപ്പെടുകയോ ചെയ്യുകയും പോലീസ്‌സ്റ്റേഷനിലോ ചോദ്യംചെയ്യല്‍ കേന്ദ്രത്തിലോ ലോക്കപ്പിലോ കസ്റ്റഡിയിലായിരിക്കുകയും ചെയ്യുന്ന ആളിന് താന്‍ അപ്രകാരം അറസ്റ്റുചെയ്യപ്പെടുകയും തടഞ്ഞുവയ്ക്കപ്പെടുകയും ചെയ്തിരിക്കുന്നതായി തന്റെ ഒരു സുഹൃത്തിനേയോ ബന്ധുവിനെയോ താന്‍ അറിയുന്നതോ തന്നില്‍ താല്‍പര്യമുള്ളതോ ആയ മറ്റൊരാളിനെയോ അറിയിക്കുവാന്‍ അവകാശമുണ്ട്. (എന്നാല്‍ മേല്‍പറഞ്ഞ മെമ്മോ സാക്ഷ്യപ്പെടുത്തിയത് അത്തരം ഒരു സുഹൃത്തോ ബന്ധുവോ ആണെങ്കില്‍ ഈ വ്യവസ്ഥ ബാധകമല്ല).

4. അറസ്റ്റുചെയ്യപ്പെട്ട ആളിന്റെ സുഹൃത്തോ അടുത്തബന്ധുവോ ആ ജില്ലയ്‌ക്കോ പട്ടണത്തിനോ വെളിയിലാണെങ്കില്‍ അറസ്റ്റുചെയ്ത സമയം, തീയതി, കസ്റ്റഡിയില്‍വച്ചിരിക്കുന്ന ഇടം എന്നിവ അറസ്റ്റ് നടന്ന് 8 മണിക്കൂറിനും 12 മണിക്കൂറിനും ഇടയില്‍ ജില്ലയിലെ നിയമസഹായസംഘടനയിലൂടെയും ബന്ധപ്പെട്ട പ്രദേശത്തെ പോലീസ്‌സ്റ്റേഷന്‍ മുഖേനയും വിഞ്ജാപനം ചെയ്യിക്കേണ്ടതാണ്.

5. അറസ്റ്റുചെയ്യപ്പെട്ട ആളെ തന്റെ അറസ്റ്റിനെയോ തടഞ്ഞുവയ്ക്കലിനെയോപറ്റി മേല്‍പറഞ്ഞപ്രകാരം അറിയിക്കുവാനുള്ള അവകാശത്തെപ്പറ്റി ബോധവാനാകേണ്ടതാണ്.

6. തടങ്കലില്‍വച്ചിട്ടുള്ള സ്ഥലത്ത് ഒരു ഡയറിയില്‍ അറസ്റ്റിനെപ്പറ്റിയുള്ള ഒരു കുറിപ്പ് രേഖപ്പെടുത്തേണ്ടതും അതില്‍ മേല്‍പറഞ്ഞപ്രകാരം വിവരം അറിയിക്കപ്പെട്ട അടുത്ത സുഹൃത്തിന്റെയോ ബന്ധുവിന്റെയോ പേരും അറസ്റ്റ് ചെയ്യപ്പെട്ട ആളെ കസ്റ്റഡിയില്‍വച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥന്മാരുടെ പേരും മറ്റു വിവരങ്ങളും പേഖപ്പെടുത്തേണ്ടതുമാണ്.

7. അറസ്റ്റ്‌ചെയ്യപ്പെടുന്ന ആള്‍ ആവശ്യപ്പെടുന്നപക്ഷം ആ സമയത്ത് അയാളുടെയോ അവളുടെയോ ശരീരത്തിലുള്ള ചെറുതും വലുതുമായ ക്ഷതങ്ങളും മുറിവുകളും മറ്റും പരിശോധിച്ച് രേഖപ്പെടുത്തേണ്ടതാണ്. ഈ പരിശോധനാ മെമ്മോയില്‍ അറസ്റ്റുചെയ്യപ്പെട്ട ആളും പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥനും ഒപ്പുവയ്‌ക്കേണ്ടതാണ്. ഇതിന്റെ പകര്‍പ്പ് അറസ്റ്റ്‌ചെയ്യപ്പെട്ട ആള്‍ക്കും അറസ്റ്റുനടത്തിയ പോലീസ് ഉദ്യോഗസ്ഥനും നല്‍കേണ്ടതാണ്.

8. അറസ്റ്റുചെയ്യപ്പെട്ട ആളെ, അയാളെ കസ്റ്റഡിയില്‍വച്ചിരിക്കുന്ന കാലയളവില്‍ ഓരോ 48 മണിക്കൂറിലും സംസ്ഥാനസര്‍ക്കാരിന്റെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ അംഗീകരിച്ച ഡോക്ടര്‍മാരുടെ പാനലില്‍പെട്ട ഒരു ഡോക്ടര്‍ പരിശോധിക്കേണ്ടതാണ്.

9. മേല്‍പറഞ്ഞ അറസ്റ്റു സംബന്ധിച്ച മെമ്മോ ഉള്‍പെടെയുള്ള എല്ലാ രേഖകളുടെയും പകര്‍പ്പ് തല്‍പ്രദേശത്ത് ആധികാരികതയുള്ള മജിസ്‌ട്രേറ്റിന് അദ്ദേഹത്തിന്റെ രേഖകളില്‍ ഉള്‍ക്കൊള്ളിക്കുന്നതിനായി അയച്ചു കൊടുക്കേണ്ടതാണ്.

10. ചോദ്യംചെയ്യല്‍ സമയത്ത് തന്റെ അഭിഭാഷകനെ കാണുവാന്‍ അറസ്റ്റുചെയ്യപ്പെട്ട ആളെ അനുവദിക്കേണ്ടതാണ്. എന്നാല്‍ ചോദ്യംചെയ്യുന്ന സമയം മുഴുവന്‍ ഇപ്രകാരം അനുവദിക്കണമെന്നില്ല.

11. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സംസ്ഥാന തലസ്ഥാനത്തും ഓരോ പോലീസ് കണ്‍ട്രോള്‍റൂം ഏര്‍പെടുത്തേണ്ടതും ഒരു അറസ്റ്റുനടന്ന് 12 മണിക്കുറിനുള്ളില്‍ അതിനെ സംബന്ധിച്ച വിവരം അറസ്റ്റുനടത്തുന്ന ഉദ്യോഗസ്ഥന്‍ കണ്‍ട്രോള്‍റൂമില്‍ അറിയിക്കേണ്ടതും അവിടെ അത് പ്രത്യക്ഷമായി കാണത്തക്കവിധം ഒരു നോട്ടീസ്‌ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. സ്ത്രീകളെ അറസ്റ്റുചെയ്യുമ്പോള്‍ സാധാരണഗതിയില്‍ വനിതാപോലീസ് ഉണ്ടായിരിക്കണമെന്ന് പോലീസിന് നിര്‍ദേശമുണ്ടെങ്കിലും കുറ്റവാളി രക്ഷപ്പെടാനുള്ള സാധ്യത തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളില്‍ പുരുഷനായ പോലീസുദ്യോഗസ്ഥനും  സ്ത്രീയെ അറസ്റ്റുചെയ്യാം. അത്തരം സന്ദര്‍ഭങ്ങളില്‍ പ്രത്യേക സാഹചര്യങ്ങള്‍ എന്തായിരുന്നുവെന്ന് ആ പോലീസുദ്യോഗസ്ഥന്‍ രേഖപ്പെടുത്തണം. സ്ത്രീയുടെ മാന്യത പാലിച്ചുകൊണ്ടുവേണം ആ സന്ദര്‍ഭങ്ങളില്‍ പോലും പോലീസ് അറസ്റ്റുചെയ്യേണ്ടത്.