നിയമ സേവന അതോറിറ്റി നിയമം

മുസാഫിര്‍

2018 ഒക്ടോബര്‍ 27 1440 സഫര്‍ 16

നിയമത്തിന്റെ മുമ്പിലെ തുല്യതയും നിയമത്തിന്റെ തുല്യപരിരക്ഷയും പൗരന്മാരുടെ മൗലിക അവകാശമാണ്. ഭരണകൂടത്തിന്റെയും പൗരന്മാരുടെയും ബന്ധത്തില്‍ എല്ലാമേഖലകളിലും തുല്യ നിയമപരിരക്ഷയും തുല്യസമീപനങ്ങളും നിര്‍ബന്ധമാണ്. നീതി ലഭ്യമാകുന്നതില്‍ നിന്ന് ഏതൊരു കാരണംകൊണ്ടായാലും ഒരു വ്യക്തി പിന്തള്ളപ്പെട്ടുപോകരുത്. എന്നിരിക്കിലും സാമ്പത്തികവും സാമൂഹ്യവും വിദ്യാഭ്യാസപരവും വ്യക്തിഗതവുമായ കാരണങ്ങളാല്‍ ന്യായാസനങ്ങളെ സമീപിക്കുവാനും നീതിന്യായ അവകാശം സ്ഥാപിച്ചെടുക്കുവാനും പലര്‍ക്കും കഴിയാറില്ല. ഇത് പരിഹരിക്കുവാനാണ് ഇന്ത്യന്‍ പാര്‍ലമെന്റ് 1987ല്‍ 'നിയമസേവന അതോറിറ്റി നിയമം' കൊണ്ടുവന്നത്.

നിയമസേവന അതോറിറ്റി നിയമം നടപ്പിലാക്കുന്നതിനായി വിവിധ അതോറിറ്റികളെ നിയമിക്കാന്‍ നിയമം അനുശാസിക്കുന്നു. കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അതോറിറ്റി പ്രവര്‍ത്തിക്കുന്നു. സുപ്രീംകോടതി നിയമസേവന സമിതി, ഹൈക്കോടതി നിയമസേവന സമിതി, താലൂക്ക് നിയമസേവന സമിതി എന്നിങ്ങനെ വിവിധ സമിതികളും നിലവില്‍വന്നിട്ടുണ്ട്. ജില്ലാ അതോറിറ്റിയും താലൂക്ക് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നത് അതത് ജില്ലാ-താലൂക്ക് ആസ്ഥാനങ്ങളിലെ കോടതികളുമായി ചേര്‍ന്നാണ്. സംസ്ഥാനത്തെ നിയമ സേവന പ്രക്രിയകള്‍ നടപ്പിലാക്കുന്നത് സംസ്ഥാന നിയമസേവന അതോറിറ്റിയുടെ നേതൃത്വത്തിലാണ്.

ഈ നിയമത്തിന്റെ 12-ാം വകുപ്പുപ്രകാരം താഴെ പറയുന്ന വിഭാഗങ്ങള്‍ക്ക് സൗജന്യ നിയമസഹായവും നിയമസേവനവും ലഭിക്കുന്നതാണ്:

1. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക്.

2. യാചകവൃത്തി, പെണ്‍വാണിഭം, അടിമവേല മുതലായവയ്ക്കായി അനധികൃത കൈമാറ്റത്തിന് വിധേയരാകുന്നവര്‍ക്ക്.

3. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും.

4. വികലാംഗക്ഷേമ നിയമപരിധിയില്‍ പെട്ടവര്‍ക്ക്.

5. പ്രകൃതിദുരന്തം, സാമുദായിക കലാപം, മത-വര്‍ഗീയ കലാപം, ഭുകമ്പം, വ്യാവസായിക ദുരന്തം മുതലായവയ്ക്ക് ഇരയായവര്‍ക്ക്.

6. വ്യാവസായിക തൊഴിലാളികള്‍ക്ക്.

7. പുനരധിവാസ ഗൃഹങ്ങളിലെ അന്തേവാസികള്‍ ജുവനൈല്‍ ഹോമുകളിലെ അന്തേവാസികള്‍, മാനസികരോഗ ചികിത്സാലയങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവടങ്ങളിലെ അന്തേവാസികള്‍ മുതലായവര്‍ക്ക്.

ജില്ലാനിയമസേവന അതോറിറ്റികള്‍ അതാത് പ്രദേശങ്ങളില്‍ കഴിവുറ്റ വക്കീലന്മാരുടെ പാനല്‍ നിശ്ചയിച്ചിട്ടുണ്ട്. അവരിലൂടെയാണ് ജില്ലാകോടതികള്‍ വരെയുള്ള കീഴ്‌ക്കോടതികളില്‍ ആവശ്യമായ സൗജന്യ നിയമസേവനം എത്തിക്കുന്നത്. ഹൈക്കോടതികളിലും സുപ്രീംകോടതിയിലും കേസ് നടത്താന്‍ ആവശ്യമായ സൗജന്യ നിയമനടപടികള്‍ക്ക് അര്‍ഹതപ്പെട്ടവര്‍ അതതു സമിതി മുമ്പാകെ അപേക്ഷകള്‍ സമര്‍പ്പിച്ചാല്‍ മതി. ഉയര്‍ന്ന വാര്‍ഷിക കുടുംബ വരുമാനം 100000 രൂപയില്‍ കുറവുള്ളവര്‍ക്ക് സൗജന്യ നിയമസേവനത്തിനര്‍ഹതയുണ്ട്. സുപ്രീംകോടതിയില്‍ സൗജന്യ നിയമസഹായം ലഭിക്കാന്‍ 25000 രൂപയ്ക്കു താഴെ വാര്‍ഷിക വരുമാനമുള്ളവരായിരിക്കണം.