കുറ്റവും ശിക്ഷയും

മുസാഫിര്‍

2018 മെയ് 12 1439 ശഅബാന്‍ 26

ഇന്ത്യന്‍ ശിക്ഷാനിയമം

'ഇന്ത്യന്‍ ശിക്ഷാനിയമം 304ാം വകുപ്പു പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു,' അല്ലെങ്കില്‍ 'ഇന്ത്യന്‍ ശിക്ഷാനിയമം 302ാം വകുപ്പു പ്രകാരം ജീവപര്യന്തം തടവിന് ശിക്ഷിച്ചു' എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ പത്രങ്ങളില്‍ മിക്കവാറും എല്ലാ ദിവസങ്ങളിലും കാണും. ഒരാള്‍ക്ക് കൈകൊണ്ട് ഒരു അടി കൊടുത്താല്‍മതി. അയാളെ വേദനിപ്പിക്കണമെന്ന ഉദ്ദേശത്തോടെയാണെങ്കില്‍ അത് ശിക്ഷാര്‍ഹമായ ഒരു കുറ്റമാണ്.

ഒരു വര്‍ഷം തടവോ ആയിരം രൂപ പിഴയോ ആണ് അതിന് പരമാവധി ശിക്ഷ. ഇന്ത്യന്‍ ശിക്ഷാനിയമം 323ാം വകുപ്പില്‍ ഇതാണ് പറഞ്ഞിരിക്കുന്നത്. കൈകൊണ്ട് അടിക്കുന്നതിനു പകരം മൂര്‍ച്ചയുള്ള ഒരു കത്തികൊണ്ടോ മറ്റോകുത്തിയെന്ന് കരുതുക. ഒരു ചെറിയ പോറലേറ്റാല്‍ മതി, അത് അല്‍പംകൂടി ഗൗരവമുള്ള ഒരു കുറ്റമാണ്. ആയുധമുപയോഗിച്ച് നിസ്സാരമായ പരിക്കേല്‍പിച്ചതിനുള്ള ശിക്ഷ പരമാവധി മൂന്നുവര്‍ഷം തടവും പിഴയുമാണ.് പരിക്ക് ഗുരുതരമായാലോ? അത് ആയുധമുപയോഗിച്ച് ഗുരുതരമായ പരിക്കേല്‍പിക്കല്‍ എന്ന കുറ്റമാകും. പരമാവധി ഏഴുവര്‍ഷംവരെ തടവു നല്‍കാവുന്ന ഒരു കുറ്റമാണിത്. പരിക്കേല്‍പിച്ചത് വസ്തു തട്ടിപ്പറിക്കാനാണെങ്കില്‍ കുറ്റത്തിന് ഗൗരവം പിന്നെയും കൂടും. അപ്പോള്‍ ശിക്ഷ പരമാവധി 10 വര്‍ഷംവരെ തടവാണ്.

അശ്രദ്ധമായി വാഹനമോടിക്കുന്നത് ശിക്ഷാര്‍ഹമാക്കുന്നത് ഇനി പറയുംപ്രകാരമാണ്. മനുഷ്യജീവിതത്തിന് അപകടകരമായ മട്ടില്‍ അഥവാ മറ്റൊരാള്‍ക്ക് പരിക്കുപറ്റുന്ന മട്ടില്‍ അശ്രദ്ധമായി വാഹനം പൊതുനിരത്തിലൂടെ ഓടിച്ചാല്‍മതി. അത് ആറുമാസത്തെ തടവോ ആയിരം രൂപ പിഴയോ പരമാവധി ശിക്ഷയര്‍ഹിക്കുന്ന ഒരു കുറ്റമാണ്. അങ്ങനെ ഓടിച്ച് അതൊരാളുടെ മരണത്തില്‍ കലാശിച്ചാല്‍ ശിക്ഷ പരമാവധി രണ്ടുവര്‍ഷം തടവോ പിഴയോ ആണ്. മനഃപൂര്‍വം കൊല നടത്തിയാല്‍ ജീവപര്യന്തം തടവോ, മരണശിക്ഷയോ നല്‍കാവുന്നതാണ്.

ഒരാളുടെ ഒരു കൃത്യം മറ്റൊരാളുടെ മരണത്തില്‍ കലാശിക്കുന്നു എന്നതുകൊണ്ടുമാത്രം അയാള്‍ കുറ്റക്കാരനാവുകയില്ല. ഒരു വീട്ടമ്മയെ, വീട്ടില്‍ അതിക്രമിച്ചു കയറിയ കള്ളന്‍ കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് കരുതുക. അത് തടയാന്‍ അയാള്‍ക്കെതിരെ ബലം പ്രയോഗിക്കാന്‍ അവളെ നിയമം അനുവദിക്കുന്നുണ്ട്. ബലപ്രയോഗം അയാളുടെ മരണത്തില്‍ കലാശിച്ചാല്‍ പോലും അവള്‍ കുറ്റക്കാരിയാവുകയില്ല. സ്വന്തം ജീവന്‍ അക്രമകാരിയില്‍നിന്ന് രക്ഷിക്കുവാനുള്ള ന്യായമായ ശ്രമത്തിനിടയില്‍ അക്രമിക്ക് മരണം സംഭവിച്ചാലും ആ കൃത്യം കുറ്റകരമാവുകയില്ല. ഈവക കാര്യങ്ങളും ഇന്ത്യന്‍ പീനല്‍കോഡില്‍ എഴുതിവെച്ചിട്ടുണ്ട്. അതായത് ആത്മരക്ഷയുടെ പേരില്‍ ഒരാള്‍ ചെയ്യുന്ന ഒരു കൃത്യം കുറ്റകരമാവുകയില്ല.

ഇന്ത്യന്‍ പീനല്‍കോഡിന്റെ സാമാന്യ സ്വഭാവത്തിന്റെ ഒരു സൂചന നല്‍കുന്നവയാണ് മേലുദ്ധരിച്ച ഏതാനും ഉദാഹരണങ്ങള്‍. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോടോ, സമൂഹത്തോടോ, രാജ്യത്തോടോ, രാജ്യഭരണം നടത്തുന്ന സര്‍ക്കാരിനോടോ മറ്റോ ചെയ്യാവുന്ന മിക്കവാറും എല്ലാ കുറ്റകൃത്യങ്ങളെയും ഉള്‍പ്പെടുത്തിയിരിക്കുന്ന സമഗ്രവും സര്‍വാശ്ലേഷിയുമായ ഒരു ക്രിമിനല്‍ നിയമസംഹിതയാണ് ഇന്ത്യന്‍ ശിക്ഷാനിയമം. ചെറുതും വലുതുമായ മുന്നൂറിലേറെ കുറ്റങ്ങളുടെ നിര്‍വഹണങ്ങളും അവയ്ക്കുള്ള ശിക്ഷകളുമാണ് അതിന്റെ ഉള്ളടക്കം.

 

1973ലെ ക്രിമിനല്‍ നടപടി നിയമസംഹിത

സെഷന്‍സ് കോടതികള്‍, മജിസ്‌ട്രേറ്റ് കോടതികള്‍ എന്നീ ക്രിമിനല്‍ കോടതികളെപ്പറ്റി ഇതിന് മുമ്പ് സൂചിപ്പിച്ചുവല്ലോ. ക്രിമിനല്‍ കോടതികളെപ്പറ്റി വ്യവസ്ഥ ചെയ്തിരിക്കുന്നത് ക്രിമിനല്‍ നടപടി നിയമസംഹിതയിലാണ്.

ക്രിമിനല്‍ കേസുകളുടെ അന്വേഷണം, വിചാരണ, ശിക്ഷ, അപ്പീല്‍ എന്നിവയെ സംബന്ധിച്ച നിയമവും ക്രിമിനല്‍ നടപടി നിയമസംഹിതയിലാണുള്ളത്. ഇന്ന് പ്രാബല്യത്തിലുള്ളത് 1898-ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് നടപ്പാക്കിയ ക്രിമിനല്‍ നടപടി നിയമസംഹിതയായിരുന്നു. അതിലെ പ്രധാന വകുപ്പുകളില്‍ പലതും പുതിയ നിയമത്തിലൂം ഉള്ളതായി കാണാം.

 

പോലീസും കേസന്വേഷണവും

ഒരു പോലീസുദ്യോഗസ്ഥന് ഒരു കേസ് അന്വേഷണത്തോടനുബന്ധിച്ച് ആ കേസിനെപ്പറ്റി അറിയാമെന്ന് സംശയിക്കുന്ന ഏതൊരാളോടും സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെടാം. പക്ഷേ, അതോടൊപ്പം ഒരു പ്രധാന കാര്യം കൂടി പറയുന്നുണ്ട്. ആവശ്യപ്പെടുന്നത് രേഖാമൂലമായിരിക്കണം. 15 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളോടും സ്ത്രീകളോടും സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടരുത്. അപ്പോള്‍ അപ്രകാരമുള്ളവരില്‍ നിന്ന് തെളിവെടുക്കണമെങ്കിലോ? അവരുടെ താമസസ്ഥലത്ത് പോയി അവരെ ചോദ്യം ചെയ്യണമെന്നാണ് ക്രിമിനല്‍ നടപടി നിയമത്തില്‍ പറഞ്ഞിരിക്കുന്നത്. ഇപ്രകാരം പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതായ പലതും നമ്മുടെ പല നിയമങ്ങളിലുമുണ്ട്.