സംവരണം

മുസാഫിര്‍

2018 ഫെബ്രുവരി 03 1439 ജുമാദില്‍ ഊല 17

ഇന്ത്യയില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരക്ക് പുറത്താണ് ഇന്നുമുള്ളത്. ഗാന്ധിജി അവരെയാണ് ഹരിജനങ്ങള്‍ എന്ന് വിശേഷിപ്പത്. നൂറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന പിന്നോക്കാവസ്ഥ കാരണം വിദ്യാഭ്യാസപരവും സാമ്പത്തികവും സാമൂഹികവുമായ പുരോഗതി അനുഭവിക്കുവാന്‍ അവര്‍ക്ക് സാധ്യമല്ലാത്ത അവസ്ഥയാണുള്ളത്. മറ്റുള്ളവരോട് മത്സരിച്ച് ഉയര്‍ന്നുവരാന്‍ അവര്‍ക്ക് കഴിവില്ല. അതുകൊണ്ട് അവര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ അവര്‍ക്ക് നല്‍കണം. സര്‍ക്കാരുദ്യോഗങ്ങളില്‍ അവര്‍ക്ക് തസ്തികകള്‍ നീക്കിവെക്കണം. എങ്കിലേ അവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് വര്‍ഗത്തിന്റെയും വര്‍ണത്തിന്റെയും ജാതിയുടെയും പേരില്‍ വിവേചനം അരുതെന്ന് പറയുന്നതോടൊപ്പം പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിന് തടസ്സമില്ല എന്നും ഭരണഘടന പറയുന്നുണ്ട്. 

നിര്‍ദേശക തത്ത്വങ്ങള്‍

രാഷ്ട്രം പിന്തുടരേണ്ടുന്ന മഹത്തായ ആദര്‍ശങ്ങളും മാര്‍ഗങ്ങളും ലക്ഷ്യങ്ങളുമാണ് നിര്‍ദേശക തത്ത്വങ്ങൡ വിവരിക്കപ്പെട്ടിട്ടുള്ളത്. 38 മുതല്‍ 51 വരെയുള്ള അനുഛേദങ്ങളില്‍ ഇവ വിവരക്കപ്പെട്ടിരിക്കുന്നു. ക്ഷേമ രാഷ്ട്ര നിര്‍മിതിക്ക് സാമ്പത്തികവും സാമൂഹികവുമായ നടപടികള്‍ വേണം. വിഭവങ്ങളെ ശരിയായും നീതിയുക്തമായും ഉപയോഗിക്കണം. തുല്യ ജോലിക്ക് തുല്യ വേദനം തുടങ്ങിയ തത്ത്വങ്ങള്‍ നടപ്പിലാവണം. തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കപ്പെടണം. കുട്ടികളെ നല്ലരീതിയില്‍ വളര്‍ത്താന്‍ കഴിയണം; അവരുടെ കഴിവുകളെ വികസിപ്പിക്കണം. തുല്യനീതി നടപ്പില്‍ വരണം. ആവശ്യമള്ളവര്‍ക്ക് സൗജന്യമായി നിയമ സഹായം ലഭിക്കണം. തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടണം. തൊഴിലാളികള്‍ക്ക് മാന്യമായ വേതനം ലഭിക്കണം. സൗജന്യവും നിര്‍ബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം വേണം. പൊതുജനാരോഗ്യം മെച്ചപ്പെടണം. പിന്നോക്ക വിഭാഗങ്ങളെ മുന്നിലെത്തിക്കണം. ഇവയ്‌ക്കെല്ലാമൊപ്പം മറ്റു പലതും നിര്‍ദേശക തത്ത്വങ്ങളില്‍ പെടുന്നു. അവ ഒരു രാഷ്ട്രത്തിന്റെ മഹത്തായ അഭിലാഷങ്ങളാണ്. പൗരന്മാരെ മുന്നോട്ട് നയിക്കുന്ന പ്രതീക്ഷകളും.

മൗലിക കടമകള്‍

1976ലെ ഭേദഗതിയിലൂടെയാണ് മൗലിക കടമകളെ കൂട്ടിച്ചേര്‍ത്തത്. അവ 1977 മുതല്‍ പ്രാബല്യത്തില്‍ വന്നു. ദേശീയ പതാകയെയും ദേശിയഗാനത്തെയും ആദരിക്കണമെന്നും സ്വാതന്ത്ര്യ സമരത്തിന്റെ മഹത്തായ ആദര്‍ശങ്ങളെ പിന്‍തുരണമെന്നും മറ്റും ഇതില്‍ പറയുന്നു. പൗരന്മാര്‍ക്കിടയില്‍ സാഹോദര്യം വളര്‍ത്തണമെന്നും സാംസ്‌കാരിക പൈതൃകവും പ്രകൃതി സമ്പത്തും ശാസ്ത്രാവബോധവും മാനവികതയും കാത്തുസൂക്ഷിക്കാന്‍ ഓരോ പൗരനും ചുമതലയുണ്ടെന്നും ഈ ഭാഗം പറയുന്നു. സര്‍വതോന്മുഖമായ പുരോഗതിക്കായി കൂട്ടായി പരിശ്രമിക്കാനുള്ള ഭരണഘടനാപരമായ ആഹ്വാനമാണിത്. ഇവയുടെ സാഫല്യത്തിനായി പരിശ്രമിക്കാന്‍ പൗരന്മാര്‍ ബാധ്യസ്ഥരാണ്.