അറസ്റ്റും ജാമ്യവും

മുസാഫിര്‍

2018 മെയ് 26 1439 റമദാന്‍ 10

ദൈനംദിനം കേട്ടും കണ്ടും പരിചയിച്ച ഒരു പദമാണ് അറസ്റ്റ്. അറസ്റ്റ് എന്നാല്‍ കൈവിലങ്ങണിയിക്കല്‍ എന്നല്ല അര്‍ഥം. അറസ്റ്റ് ചെയ്യപ്പെടേണ്ടയാളുടെ ദേഹത്ത് സ്പര്‍ശിച്ച് 'താങ്കള്‍ അറസ്റ്റു ചെയ്യപ്പെട്ടിരിക്കുന്നു' എന്ന് അറസ്റ്റ് ചെയ്യുന്ന പോലീസുദ്യോഗസ്ഥന്‍ പറഞ്ഞാല്‍ അത് നിയമാനുസൃതമായ അറസ്റ്റാണ്. അറസ്റ്റു ചെയ്യപ്പെട്ടയാള്‍ ഓടി രക്ഷപ്പെടുവാന്‍ സാധ്യതയുണ്ടെങ്കിലോ, മറ്റു സുരക്ഷാ കാരണങ്ങളാലോ മാത്രമെ കൈവിലങ്ങ് അണിയിക്കാന്‍ പാടുള്ളൂ. അറസ്റ്റും കസ്റ്റഡിയും തെറ്റിദ്ധരിപ്പിക്കാവുന്ന സമാനതകളുള്ള പദങ്ങളാണ്. ഇത് പലപ്പോഴും മാറിയും മറിച്ചും ഉപയോഗിച്ചു വരുന്നു. എന്നാല്‍ ഒരാളെ കസ്റ്റഡിയിലെടുത്താല്‍ മാത്രം അയാള്‍ അറസ്റ്റിലാവുകയില്ല. കസ്റ്റഡിയിലെടുത്ത ആളെ പലപ്പോഴും ദിവസങ്ങളോളം അങ്ങനെ തന്നെ സൂക്ഷിച്ചതിനു ശേഷമാവും പോലീസ് അറസ്റ്റിലുള്‍പെടുത്തുക. ഇത് നിയമവിധേയമല്ല. ഇത്തരത്തില്‍ നിയമ വിധേയമല്ലാത്ത കസ്റ്റഡി സൂക്ഷിപ്പുകള്‍ കൂടുതല്‍ വ്യാപകമാകുന്നതായി ബോധ്യപ്പെട്ടതുകൊണ്ടാണ് നമ്മുടെ പരമോന്നത നീതിപീഠം 1997ല്‍ അറസ്റ്റിനെ സംബന്ധിച്ച ചില കര്‍ശന നിര്‍ദേശങ്ങള്‍ ഒരു വിധിയുടെ രൂപത്തില്‍ നല്‍കിയിട്ടുള്ളത്. (ആ മാര്‍ഗനിര്‍ദേശങ്ങള്‍ അടുത്തലക്കത്തില്‍ വായിക്കാവുന്നതാണ്). 

അറസ്റ്റിനുള്ള അധികാരം നല്‍കിയിരിക്കുന്നത് ക്രിമിനല്‍ നടപടി നിയമത്തിലാണ്. ക്രിമിനല്‍ നടപടി നിയമം അഞ്ചാം അധ്യായത്തില്‍ 41 മുതല്‍ അറുപതുവരെയുള്ള വകുപ്പുകള്‍ അറസ്റ്റിനെപ്പറ്റി പ്രതിപാദിക്കുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാവുന്ന വിധത്തിലുള്ള കുറ്റം ചെയ്ത ഒരാളെയോ അപ്രകാരമുള്ള കുറ്റം ചെയ്തിരിക്കാനിടയുണ്ടെന്ന് ന്യായമായി സംശയിക്കാവുന്ന ഒരാളെയോ പോലീസുദ്യോഗസ്ഥന് അറസ്റ്റുചെയ്യാവുന്നതാണെന്നും അതിന് കോടതിയുടെ വാറന്റിന്റെ ആവശ്യമില്ലെന്നും ക്രി.ന.നി 41ാം വകുപ്പില്‍ പറയുന്നു. അതുപോലെ തന്നെ ഭവനഭേദനത്തിന് ഉപയോഗിക്കാവുന്ന ആയുധസാമഗ്രികള്‍ കൈവശം കാണപ്പെടുന്ന ഒരാളെയും കോടതിയുടെ വാറണ്ടു കൂടാതെ തന്നെ പോലീസിന് അറസ്റ്റുചെയ്യാവുന്നതാണ്. സായുധസേനയില്‍ നിന്ന് ഒളിച്ച് പോന്ന ഒരാളെയും കവര്‍ച്ചമുതല്‍ കൈവശം സൂക്ഷിച്ചിരിക്കുന്ന ആളെയും അറസ്റ്റു ചെയ്യുന്നതിന് വാറണ്ടിന്റെ ആവശ്യമില്ല. ഒരു പോലീസുദ്യോഗസ്ഥന്‍ ഡ്യൂട്ടിയിലാണെങ്കില്‍ അയാള്‍ നിയമാനുസൃതമായി പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവിനെയും അനുസരിക്കാതെ ഇരിക്കുന്നവരെയോ, ധിക്കരിക്കുന്നവരെയോ അറസ്റ്റുചെയ്യാവുന്നതാണ് എന്ന് ക്രിമിനല്‍ നടപടി നിയമത്തിലും പോലീസ് ആക്റ്റിലും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

സ്ഥിരം കുറ്റവാളിയായ ഒരാളെ പോലീസ് ഉദ്യോഗസ്ഥന് വാറണ്ടില്ലാതെ അറസ്റ്റു ചെയ്യുകയോ, അയാളെ അറസ്റ്റു ചെയ്യുന്നതിന് സാധാരണക്കാരനായ പൗരനോട് നിര്‍ദേശിക്കുകയോ ചെയ്യാവുന്നതാണ്. ഡ്യൂട്ടിയിലുള്ള ഒരു പോലീസുദ്യോഗസ്ഥന്‍ സംശയാസ്പദമായി കാണപ്പെടുന്ന ഒരാളോട് പേരും മേല്‍വിലാസവും ആവശ്യപ്പെട്ടാല്‍, അത് തെറ്റായി പറയുകയോ, പറയാന്‍ വിമുഖത കാട്ടുകയോ ചെയ്താല്‍ അയാളെ പോലീസുദ്യോഗസ്ഥന് അറസ്റ്റു ചെയ്യാവുന്നതാണ്. ശരിയായ വിവരങ്ങള്‍ 24 മണിക്കൂറിനകം കിട്ടുന്നില്ലായെങ്കില്‍കൂടി അയാളെ 24 മണിക്കൂറിനകം മജിസ്‌ട്രേറ്റു മുമ്പാകെ ഹാജരാക്കേണ്ടതാണ്.

 

സാധാരണ പൗരന് അറസ്റ്റുചെയ്യാം!

കുറ്റവാളിയായ ഒരാളെ പോലീസുദ്യോഗസ്ഥന് അറസ്റ്റുചെയ്യാം എന്നതുപോലെ അങ്ങനെയുള്ള ഒരാളെ അറസ്റ്റുചെയ്യുന്നതിനുള്ള അധികാരം ഒരു സാധാരണ പൗരനും നിയമം അനുവദിച്ചുതരുന്നുണ്ട്. ഒരു പ്രഖ്യാപിത കുറ്റവാളിയെയും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടുകൊണ്ടിരിക്കുന്ന ഒരാളെയും ഏതൊരു സാധാരണ പൗരനും നിയമവിധേയമായി അറസ്റ്റുചെയ്യാവുന്നതാണ്. അപ്രകാരം അറസ്റ്റു ചെയ്താല്‍ ഉടന്‍തന്നെ ആ കുറ്റവാളിയെ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഹാജരാക്കേണ്ടതാണ്. എന്നാല്‍ അയാള്‍ ഒരു കുറ്റകൃത്യത്തിലും ഉള്‍പെട്ടിട്ടില്ലായെന്ന് വ്യക്തമാവുന്നപക്ഷം ഉടന്‍തന്നെ അയാളെ വിട്ടയക്കേണ്ടതാണ്. മേല്‍പറഞ്ഞ രണ്ടു സാഹചര്യങ്ങളില്‍ ഒരു സാധാരണ  പൗരന്‍ പോലീസ് ഉദ്യോഗസ്ഥന് തുല്യനാവുന്നു എന്നുള്ളതാണ് ക്രിമിനല്‍ നടപടിനിയമം 43ാം വകുപ്പുകൊണ്ടുള്ള നേട്ടം. ഇപ്രകാരം അറസ്റ്റു ചെയ്യപ്പെട്ടയാളെ പോലീസ് വീണ്ടും അറസ്റ്റു ചെയ്യേണ്ടതുണ്ട്.

ഒരു മജിസ്‌ട്രേറ്റിന്റെ മുമ്പില്‍വച്ച് ഒരു കുറ്റകൃത്യം ചെയ്യുന്നയാളെ അദ്ദേഹത്തിനു തന്നെ അറസ്റ്റു ചെയ്യുകയോ മറ്റൊരാളോട് ആ കുറ്റവാളിയെ അറസ്റ്റുചെയ്യുന്നതിന് ഉത്തരവു കൊടുക്കുകയോ ചെയ്യാവുന്നതാണ്. അറസ്റ്റു ചെയ്യപ്പെടേണ്ടയാള്‍ അറസ്റ്റിനു കീഴ്‌പെടുന്നില്ലായെങ്കില്‍ എന്തുചെയ്യണമെന്നും നിയമം പറയുന്നുണ്ട്. അങ്ങനെയാണെങ്കില്‍ അയാളുടെ ദേഹത്തു തൊട്ടോ ബന്ധനത്തിലാക്കിയോ അറസ്റ്റുചെയ്യേണ്ടതാണ്. ആവശ്യം വേണ്ടുന്നതായ ബലപ്രയോഗത്തെപ്പറ്റി ഇവിടെയാണ് സൂചനയുള്ളത്. അറസ്റ്റിനു കീഴൊതുങ്ങാത്തയാളെ രക്ഷപ്പെടുവാനനുവദിക്കാതെ അറസ്റ്റു നടപ്പിലാ ക്കുന്നതിന് ആവശ്യം വേണ്ടതായ ബലപ്രയോഗം നടത്താവുന്നതാണ്.