മോട്ടോര്‍ വാഹന നിയമങ്ങള്‍

മുസാഫിര്‍

2018 ആഗസ്ത് 18 1439 ദുല്‍ഹിജ്ജ 06

ബ്രിട്ടീഷ് ഭരണകാലത്ത് 1939ല്‍ ഒരു മോട്ടോര്‍ വാഹന നിയമം പാസാക്കി നടപ്പാക്കിയിരുന്നു. 1989ല്‍ ഒരു പുതിയ മോട്ടോര്‍ വാഹന നിയമം പാര്‍ലമെന്റ് പാസാക്കി. അതനുസരിച്ച് 1939ലെ മോട്ടോര്‍ വാഹന നിയമം പിന്‍വലിക്കപ്പെട്ടു. കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചട്ടങ്ങള്‍ നിര്‍മിക്കാന്‍ അധികാരം നല്‍കുന്ന ഒട്ടേറെ വ്യവസ്ഥകള്‍ മോട്ടോര്‍ വാഹന നിയമത്തിലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ നിര്‍മിച്ചു നടപ്പാക്കി. കേരള സര്‍ക്കാര്‍ 1989ലെ കേരള മോട്ടോര്‍ വാഹന ചട്ടങ്ങളും. 1989ലെ മോട്ടോര്‍ വാഹന നിയമത്തിലെയും 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങള്‍ക്കും ബാധകമാണ്. 

കേരള മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് കേരള സംസ്ഥാനത്തില്‍ മാത്രമെ പ്രാബല്യമുള്ളൂ. മറ്റു സംസ്ഥാനങ്ങളിലും ഇത്‌പോലെയുള്ള മോട്ടോര്‍ വാഹന ചട്ടങ്ങളുണ്ട്. അവയെല്ലാം ഏറെക്കുറെ ഒരേ പോലെയാണ്. മോട്ടോര്‍ വാഹനങ്ങളുടെ നിര്‍മാണം മുതല്‍ അത് നിരത്തിലുപയോഗിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍വരെയുള്ള എല്ലാ കാര്യങ്ങളും മോട്ടോര്‍ വാഹന നിയമങ്ങളില്‍ വിസ്തരിച്ചു പറയുന്നുണ്ട്. നിര്‍മാണത്തെ സംബന്ധിച്ച് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലുള്ള നിര്‍ദേശങ്ങള്‍ ആധുനിക സാങ്കേതിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊടുത്തവയാണ്. സാങ്കേതികശാസ്ത്രം പുരോഗമിക്കുന്നതിനനുസരിച്ച് ചട്ടങ്ങളില്‍ മാറ്റം വരുത്താവുന്നതാണ്. ചട്ടങ്ങളില്‍ മാറ്റംവരുത്താന്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ മതി.

പലതരം മോട്ടോര്‍ വാഹനങ്ങള്‍

മോട്ടോര്‍ വാഹനങ്ങള്‍ക്ക് അവയുടെ ആക്‌സില്‍ ഭാരം, ഉപയോഗം എന്നിവയുടെ അടിസ്ഥാനത്തില്‍ പല പേരുകളും മോട്ടോര്‍ വാഹന നിയമത്തിലുണ്ട്. ആളുകളെ കയറ്റാനുള്ളവയെ കയറ്റാവുന്ന ആളുകളുടെ എണ്ണമനുസരിച്ചും തരംതിരിച്ചിരിക്കുന്നു. ഭാരം കയറ്റാനുള്ളത് ഗുഡ്‌സ് വാഹനങ്ങളും ആളുകളെ കയറ്റാനുള്ളത് പാസഞ്ചര്‍ വാഹനങ്ങളുമാണ്. യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തുകൊണ്ട് ഒരു നിശ്ചിത സ്ഥലം മുതല്‍ മറ്റൊരു സ്ഥലംവരെ ഓടുന്ന വാഹനങ്ങള്‍ക്ക് സ്റ്റേജ് കാര്യേജ് എന്നാണ് പേര്. കല്യാണാവശ്യങ്ങള്‍ക്കും വിനോദയാത്ര പോകാനും വാടകയ്‌ക്കെടുക്കുന്നവ കോണ്‍ട്രാക്ട് കാര്യേജുകള്‍. പൊതുജനങ്ങള്‍ക്കു വേണ്ടി വാടകയ്‌ക്കോടുന്നവ പബ്ലിക് സര്‍വീസ് വാഹനങ്ങള്‍. നിശ്ചിത റൂട്ടിലോടുന്ന ബസ്സുകളും ടാക്‌സികളും ഓട്ടോറിക്ഷകളും പബ്ലിക് സര്‍വീസ് വാഹനങ്ങള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമായ പ്രത്യേകം വ്യവസ്ഥകളനുസരിച്ച് ഉപയോഗിക്കാവുന്നവ വിദ്യാഭ്യാസ സ്ഥാപന ബസ്സുകള്‍. ഇങ്ങനെ നിയമം മോട്ടോര്‍ വാഹനങ്ങളെ പലയിനങ്ങളായി തരംതിരിക്കുന്നുണ്ട്.

രജിസ്‌ട്രേഷനും ഡ്രൈവിംഗ് ലൈസന്‍സും

രജിസ്‌ട്രേഷനില്ലാതെ ഒരു മോട്ടോര്‍വാഹനവും ഒരു പൊതുനിരത്തില്‍ ഉപയോഗിച്ചുകൂടാ. പൊതുനിരത്തുകളില്‍ ഓടിക്കുന്നവര്‍ക്ക് ലൈസന്‍സും നിര്‍ബന്ധമാണ്. 18 വയസ്സ് പൂര്‍ത്തിയായാലേ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയുള്ളൂ. മോട്ടോര്‍ വാഹനം ഓടിക്കുന്നവര്‍ പാലിക്കേണ്ട നിരത്തുനിയമങ്ങള്‍ ഉണ്ട്. അവ പഠിച്ച് ഒരു ടെസ്റ്റ് എഴുതി പാസായിരിക്കണം. എങ്കിലേ ലൈസന്‍സ് കിട്ടുകയുള്ളൂ. ലൈസന്‍സിനുള്ള പരീക്ഷയുടെ മാതൃകാ ചോദ്യങ്ങള്‍വരെ കേന്ദ്രമോട്ടോര്‍ വാഹന ചട്ടങ്ങളിലുണ്ട്.