പെര്‍മനന്റ് ലോക് അദാലത്ത്

മുസാഫിര്‍

2018 നവംബര്‍ 10 1440 റബിഉല്‍ അവ്വല്‍ 02

പൊതുജനോപയോഗ സേവന മേഖലകളായ (1) ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസ് (വായു, കര, ജലം എന്നിവ മുഖേനയുള്ള സഞ്ചാരവും ചരക്ക് കടത്തും), (2) പോസ്റ്റല്‍, ടെലഗ്രാഫ്, ടെലിഫോണ്‍ സര്‍വീസ്, (3) വൈദ്യുതി, വെളിച്ചം, വെള്ളം എന്നിവയുടെ വിതരണം, (4) പൊതുജനാരോഗ്യ സംരക്ഷണവും ശുചീകരണവും, (5) ആശുപത്രികള്‍, ഡിസ്പന്‍സറികള്‍ ഇവയുടെ സേവനം, (6) ഇന്‍ഷുറന്‍സ് സേവനം എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി 1987ലെ ലീഗല്‍ സര്‍വീസസ് അതോറിറ്റീസ് ആക്ട്, 2002ലെ ലീഗല്‍ സര്‍വീസസ് അതോറിറ്റീസ് അമന്റ്‌മെന്റ് ആക്ട് എന്നിവ പ്രകാരം സ്ഥാപിതമായ സംവിധാനമാണ് പെര്‍മനന്റ്‌ലോക്അദാലത്ത് (പി.എല്‍.എ.).

25 ലക്ഷം രൂപയില്‍ താഴെ മതിപ്പുതുക വരുന്ന സേവനങ്ങളെ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ മറ്റേതെങ്കിലും കോടതിയുടെ പരിഗണനയ്ക്ക് വരുന്നതിനുമുമ്പ് പെര്‍മനന്റ് ലോക്അദാലത്തില്‍ സമര്‍പ്പിക്കാം. പി.എല്‍.എ.യില്‍ പരാതി സമര്‍പ്പിച്ചാല്‍ ആ തര്‍ക്കവുമായി ബന്ധപ്പെട്ട കക്ഷികള്‍ മറ്റേതെങ്കിലും കോടതിയില്‍ പ്രസ്തുത തര്‍ക്കം ഉന്നയിക്കാന്‍ പാടില്ല.

പി.എല്‍.എയില്‍ ലഭിക്കുന്ന പരാതികളില്‍, അനുരഞ്ജനം സാധ്യമാകുന്ന തര്‍ക്കങ്ങള്‍ ഉഭയകക്ഷി സമ്മതപ്രകാരം തീര്‍പ്പുകല്‍പിക്കുകയോ അനുരഞ്ജനം സാധ്യമല്ലാതെ വരുന്ന തര്‍ക്കങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് തീര്‍പ്പുകല്‍പിക്കുകയോ ചെയ്യുന്നു. പി.എല്‍.എ പുറപ്പെടുവിക്കുന്ന തീര്‍പ്പുകള്‍ 'അവാര്‍ഡ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇപ്രകാരം പാസ്സാക്കുന്ന അവാര്‍ഡുകള്‍ അന്തിമവും എല്ലാ കക്ഷികള്‍ക്കും ബാധകവും കോടതി വിധി എന്നപോലെ നടപ്പാക്കേണ്ടതും മറ്റ് കോടതികളില്‍ ചോദ്യം ചെയ്യാന്‍ പാടില്ലാത്തതുമാണ്.

കേരളത്തില്‍, നിലവില്‍ മൂന്ന് മേഖലകളില്‍ പി.എല്‍.എ.യുടെ സേവനം ലഭ്യമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകള്‍ അധികാരപരിധിയായി തിരുവനന്തപുരം ആസ്ഥാനമായി 2006 മുതല്‍ പി.എല്‍.എ പ്രവര്‍ത്തിക്കുന്നുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകള്‍ അധികാരപരിധിയായിട്ടുള്ള എറണാകുളം മേഖലയില്‍ 2011ല്‍ പി.എല്‍.എ. സ്ഥാപിതമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കേരള ഹൈക്കോടതിയോടു ചേര്‍ന്നുള്ള കെട്ടിട സമുച്ചയത്തിലാണ് എറണാകുളം മേഖലയിലെ പി.എല്‍.എ. പ്രവര്‍ത്തിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ അധികാര പരിധി ആയിട്ടുള്ള കോഴിക്കോട് മേഖലയില്‍ 2013ല്‍ പി.എല്‍.എ സ്ഥാപിതമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.