ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുസാഫിര്‍

2018 സെപ്തംബര്‍ 15 1439 മുഹര്‍റം 04

കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കില്‍ കഴിയുന്നതും അപരിചിതരുമായി ചാറ്റ് ചെയ്യുന്നതും മെയിലുകള്‍ക്ക് മറുപടി നല്‍കുന്നതും ഒഴിവാക്കുക. ഈ ആളുകള്‍ ആരൊക്കെയാണെന്ന് നമുക്കറിയില്ല. സ്ത്രീയുടെ പേരില്‍ മെയില്‍ അയക്കുന്നത് പുരുഷനാകാം. പുരുഷന്റെ പേരില്‍ സ്ത്രീയുമാകാം. ഓണ്‍ലൈനില്‍ ഒരാള്‍ക്ക് എങ്ങനെ വേണമെങ്കിലും സ്വയം അവതരിപ്പിക്കാം.

ചാറ്റിങ്ങിലൂടെ പരിചയപ്പെടുന്നവരോട് നിങ്ങളുടെ പേര്, അഡ്രസ്സ്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വ്യക്തിപരമായ വിവരങ്ങള്‍ ഒരു കാരണവശാലും വെളിപ്പെടുത്തരുത്. കുട്ടികള്‍ സ്‌കൂളിന്റെ പേര് നല്‍കരുത്.

യാതൊരു കാരണവശാലും നിങ്ങളുടെ ഫോട്ടോ അയക്കരുത്. കുട്ടികള്‍ മുതിര്‍ന്നവരെ അറിയിക്കാതെ ആരെയെങ്കിലും നേരില്‍ കാണാന്‍ ശ്രമിക്കരുത്.

വൃത്തികെട്ടതും അശ്ലീലം നിറഞ്ഞതുമായ സന്ദേശങ്ങള്‍, ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ തുടങ്ങി നിങ്ങള്‍ക്ക് പ്രയാസം ഉണ്ടാക്കുന്ന, അനാവശ്യമെന്ന് തോന്നുന്ന ഒരു സന്ദേശത്തിനും മറുപടി അയക്കരുത്. 

മൊബൈല്‍ ക്യാമറ ഉപയോഗിച്ച് അനുവാദം കൂടാതെ ആരുടെയും ഫോട്ടോ എടുക്കാന്‍ പാടില്ല. അതു മറ്റൊരാളുടെ സ്വകാര്യതയുടെ ലംഘനമാണ്.

അശ്ലീല ചിത്രങ്ങള്‍, വാചകങ്ങള്‍ തുടങ്ങിയവ മെസേജ് ആയി അയക്കരുത്. അശ്ലീല സന്ദേശങ്ങള്‍, ഫോട്ടോകള്‍ മുതലായവ അയക്കുന്നത് ഐ.ടി നിയമ പ്രകാരം ശിക്ഷാര്‍ഹമാണ്. 3 വര്‍ഷം വരെ തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കാം.

അപരിചിതരുടെ മെസേജുകള്‍ക്ക് (എസ്.എം.എസ്/എം.എം.എസ്) മറുപടി അയക്കാതിരിക്കുക. ചാറ്റ് ചെയ്യുമ്പോള്‍ ലഭിച്ചതോ ആരുടെയെങ്കിലും പ്രൊഫൈലുകളില്‍ കാണുന്നതോ ആയ അപരിചിതരുടെ നമ്പറുകളില്‍ വിളിക്കരുത്.

കോപ്പിറൈറ്റ് ഉള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ (സോഫ്റ്റ് വെയറുകള്‍) മോഷ്ടിക്കരുത്. ഇന്റര്‍നെറ്റില്‍ കയറി അവ പകര്‍ത്താന്‍ ശ്രമിക്കുന്നത് മോഷ്ടിക്കുന്നതിന് തുല്യമാണ്.

ഇന്റര്‍നെറ്റില്‍ ഉള്ള ലേഖനങ്ങളും മറ്റും പകര്‍ത്തി അവ നിങ്ങള്‍ രചിച്ചതെന്ന രീതിയില്‍ ഉപയോഗിക്കരുത്. ഒരു പുസ്തകത്തിലെയോ മാസികയിലെയോ ലേഖനത്തിന്റെ ഉടമസ്ഥത നിങ്ങള്‍ കൈവശപ്പെടുത്തുന്നതുപോലെയാണത്. നിങ്ങള്‍ കണ്ടുപിടിക്കപ്പെടാം. മറ്റുള്ളവര്‍ക്കും അതേ ലേഖനം ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്നോര്‍ക്കുക.

ഇന്റര്‍നെറ്റില്‍ നിന്നും പ്രോഗ്രാമുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുമ്പ് അവയില്‍ വൈറസ് ഉണ്ടോ എന്ന് പരിശോധിക്കുക. ചില പ്രോഗ്രാമുകളില്‍ നിങ്ങളുടെ കമ്പ്യൂട്ടറിനെ നശിപ്പിക്കാന്‍ ശേഷിയുള്ള വൈറസുകള്‍ ഉണ്ടാകാം.

ഉത്തരവാദിത്തങ്ങള്‍

ഇത്തരം ആശയവിനിമയോപാധികള്‍ ഉപയോഗിക്കുമ്പോള്‍ നമുക്കും ചില ഉത്തരവാദിത്തങ്ങളുണ്ടെന്ന് ഓര്‍ക്കുക. ആശുപത്രികള്‍, മീറ്റിംഗ് ഹാളുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ മൊബൈല്‍ ഫോണ്‍ കഴിയുന്നതും ഉപയോഗിക്കാതിരിക്കുക. അത്യാവശ്യമെങ്കില്‍ സൈലന്റ് മോഡില്‍ മാത്രമിടുക. സംസാരിക്കാനുണ്ടെങ്കില്‍ മറ്റാരെയും ശല്യപ്പെടുത്താതെ പുറത്തിറങ്ങി സംസാരിക്കുക.

നിങ്ങള്‍ക്ക് ആരുടെയെങ്കിലും ഫോട്ടോ എടുക്കണമെങ്കില്‍ അനുവാദം വാങ്ങി മാത്രം എടുക്കുക. മൊബൈല്‍ ഫോണില്‍ ബ്ലൂടൂത്ത് ഉണ്ടെങ്കില്‍ അത് ഓപണ്‍ ആക്കി വെക്കരുത്. ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തപ്പെടാനും അശ്ലീല/അനാവശ്യ സന്ദേശങ്ങളും ചിത്രങ്ങളും ലഭിച്ചേക്കാനും സാധ്യതയുണ്ട്. കമ്പനികള്‍ അധികാരപ്പെടുത്തിയിട്ടുള്ള സര്‍വീസ് സെന്ററുകളില്‍ മാത്രമെ ഫോണ്‍ സര്‍വീസിങ്ങിന് നല്‍കാവൂ. അല്ലെങ്കില്‍ അതിലെ വിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗപ്പെടുത്തിയേക്കാം.