ജാമ്യം

മുസാഫിര്‍

2018 ജൂണ്‍ 09 1439 റമദാന്‍ 24

അറസ്റ്റു ചെയ്തുകഴിഞ്ഞ ഒരാളെ 24 മണിക്കൂറിനകം കോടതി മുമ്പാകെ ഹാജരാക്കേണ്ടതാണ് എന്ന് നേരത്തെ നാം മനസ്സിലാക്കിയിട്ടുണ്ട്. കേസുകള്‍ സാധാരണ ജാമ്യം കിട്ടാവുന്നതും അല്ലാത്തതുമായ രണ്ടുവിധത്തിലാണ് എടക്കാറുള്ളത്. (Bailable and non bailable)  ജാമ്യം ലഭിക്കാവുന്ന വിധത്തിലുള്ള കേസുകളില്‍ പ്രതിയെ അഥവാ അറസ്റ്റു ചെയ്യപ്പെട്ടയാളിനെ പോലീസിനു തന്നെ ജാമ്യത്തില്‍ വിടാവുന്നതാണ്. ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റുചെയ്യപ്പെട്ടയാള്‍ ജാമ്യം എടുക്കുന്നതിന് തയ്യാറെങ്കില്‍ അയാള്‍ക്ക് ജാമ്യം ഒരു അവകാശമാണ്.

ജാമ്യം ലഭിക്കാനവകാശമില്ലാത്ത കേസുകളില്‍ ചില നിബന്ധനകള്‍ക്കു വിധേയമായി ചില പ്രത്യേക കേസുകളില്‍ മജിസ്‌ട്രേറ്റിനുതന്നെ ജാമ്യമനുവദിക്കാവുന്നതാണ്. ഏതുതരം കേസുകള്‍ക്കും ജാമ്യം അനുവദിക്കുന്നതിന് സെഷന്‍സ് കോടതികള്‍ക്കും ഹൈക്കോടതികള്‍ക്കും അധികാരമുണ്ട്. സാധാരണഗതിയില്‍ ജാമ്യമനുവദിക്കാനാവാത്ത കേസുകളില്‍ മജിസ്‌ട്രേറ്റ് ജാമ്യമനുവദിക്കാറില്ല. അങ്ങനെ വരുമ്പോള്‍ സെഷന്‍സ് കോടതിക്കോ, സെഷന്‍സ് കോടതി അനുവദിച്ചില്ലായെങ്കില്‍ ഹൈക്കോടതി മുമ്പാകെയോ ജാമ്യാപേക്ഷ കൊടുക്കാവുന്നതാണ്. ഈ കോടതികള്‍ക്ക് സാഹചര്യങ്ങള്‍ പരിഗണിച്ച് ജാമ്യമനുവദിക്കുകയോ നിഷേധിക്കുകയോ ചെയ്യാവുന്നതാണ്.

മുന്‍കൂര്‍ ജാമ്യം 

മുന്‍കൂര്‍ജാമ്യം അറസ്റ്റില്‍ നിന്നുള്ള മുക്തിയല്ല. മുന്‍കൂര്‍ജാമ്യം കോടതി അനുവദിച്ചാല്‍ പ്രതിയെ അറസ്റ്റു രേഖപ്പെടുത്തി ജാമ്യത്തില്‍ വിടണമെന്നാണ് നിയമം. അതായത് കേസില്‍ നിന്നും തലയൂരുന്നതിനുള്ള ഒരു ഉപാധിയല്ല മുന്‍കൂര്‍ജാമ്യം. എല്ലാ സാഹചര്യത്തിലും മൂന്‍കൂര്‍ജാമ്യം അനുവദനീയവുമല്ല. മയക്കുമരുന്ന് നിയമത്തിനോ, പോട്ട നിയമത്തിനോ, പട്ടികജാതി/വര്‍ഗ പീഡനനിയമത്തിനോ മുന്‍കൂര്‍ജാമ്യമില്ല. ഇപ്പോള്‍ അബ്കാരി കേസുകളിലും മുന്‍കൂര്‍ജാമ്യം അനുവദിക്കാറില്ല. മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് ഹൈക്കോടതിയേയോ സെഷന്‍സ് കോടതിയെയോ സമീപിക്കാവുന്നതാണ്.

മുന്‍കൂര്‍ജാമ്യത്തിനുള്ള അപേക്ഷ കേസിന്റെ വിചാരണക്ക് അധികാരമുള്ള കോടതിയില്‍തന്നെ ഫയല്‍ ചെയ്യണമെന്നില്ല എന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ഏതു സ്ഥലത്തുവെച്ച് അറസ്റ്റു ചെയ്യാനിടയുണ്ടോ, അവിടുത്തെ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ജാമ്യം അനുവദിച്ചത് തെറ്റായിട്ടാണെങ്കില്‍ മേല്‍ക്കോടതിക്ക് ആ ഉത്തരവു പരിശോധിച്ച് റദ്ദുചെയ്യാന്‍ അധികാരമുണ്ട്.

ജാമ്യം എടുക്കുന്നത് എങ്ങനെ?

ക്രിമിനല്‍ കേസുകളില്‍ ജാമ്യംകൊടുക്കാവുന്ന കേസുകളും ജാമ്യംകൊടുക്കാനാവാത്ത കേസുകളും ഉണ്ടെന്ന് നേരത്തെ പറഞ്ഞല്ലോ. അവയില്‍ ജാമ്യംനല്‍കാവുന്ന കേസുകളില്‍ പോലീസ് സ്റ്റേഷനില്‍ നിന്നുതന്നെ ജാമ്യം നല്‍കാവുന്നതാണ് എന്നും അറിഞ്ഞുകഴിഞ്ഞു. മറ്റുള്ള കേസുകളില്‍ ജാമ്യം അനുവദിക്കുന്നതിനുള്ള അധികാരം കോടതികള്‍ക്കാണ്. മജിസ്‌ട്രേറ്റുകോടതിയില്‍ നിന്നും ജാമ്യം ലഭിച്ചില്ലായെങ്കില്‍ ജില്ലാകോടതിയിലോ അതുമല്ലെങ്കില്‍ ഹൈക്കോടതിയിലോ ജാമ്യാപേക്ഷ നല്‍കാവുന്നതാണ്. അബ്കാരി നിയമപ്രകാരമുള്ള കുറ്റത്തിന് പുതുക്കിയ നിയമപ്രകാരം ജാമ്യം നിയന്ത്രിതമാണ്. മയക്കുമരുന്നു സംബന്ധിച്ച കുറ്റങ്ങള്‍ക്കും ഇതേപോലെതന്നെയാണ് ജാമ്യത്തിന്റെ അവസ്ഥ. ടാഡ നിയമം നിലവിലുണ്ടായിരുന്നപ്പോള്‍ ജാമ്യം ലഭിക്കുന്നത് എളുപ്പമായിരുന്നില്ല. പോട്ട (ഭീകരവിരുദ്ധ നിയമം) നിയമമനുസരിച്ചും ജാമ്യം ലഭിക്കുക എളുപ്പമല്ല. പൊതുമുതല്‍ നശിപ്പിക്കുന്നതു സംബന്ധിച്ച കുറ്റകൃത്യങ്ങളില്‍ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദംകൂടി കേട്ടശേഷമേ കോടതി ജാമ്യം അനുവദിക്കുകയുള്ളൂ.

1977ലെ സുപ്രീം കോടതി വിധിപ്രകാരം അറസ്റ്റുചെയ്യപ്പെട്ട വ്യക്തി നിയമത്തിന്റെ പിടിയില്‍ നിന്നും കുതറി രക്ഷപ്പെടുന്ന അവസ്ഥയിലായെങ്കില്‍ ജാമ്യം അനുവദിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നു. ജാമ്യം നല്‍കാവുന്ന വിധത്തിലുള്ള കേസുകളില്‍ ജാമ്യത്തിനുള്ള വ്യവസ്ഥകള്‍ക്ക് തയ്യാറാണെങ്കില്‍ ജാമ്യം ആ വ്യക്തിയുടെ അവകാശമാണ് എന്ന് കോടതികള്‍ പലതവണ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ജാമ്യം നല്‍കാവുന്ന കുറ്റങ്ങളില്‍ ക്രിമിനല്‍ നടപടി നിയമം 436ാം വകുപ്പുപ്രകാരവും ജാമ്യാര്‍ഹതയില്ലാത്ത കേസുകളില്‍ 437ാം വകുപ്പനുസരിച്ചുമാണ് ജാമ്യമനുവദിക്കുന്നത്. എന്നാല്‍ ജീവപര്യന്തം തടവുശിക്ഷയോ വധശിക്ഷയോ വിധിക്കാവുന്ന വിധത്തിലുള്ള കുറ്റങ്ങള്‍ക്ക് ഈ വകുപ്പുപ്രകാരം ജാമ്യം അനുവദിച്ചുകൂടാ. അതിന് ക്രിമിനല്‍ നടപടി നിയമം 439ാം വകുപ്പാണ് ഉപയോഗിക്കേണ്ടത്. ജാമ്യം നല്‍കുന്നതിന് ചില വ്യവസ്ഥകള്‍ കോടതിക്ക് നിര്‍ദേശിക്കാവുന്നതാണ്.

അറസ്റ്റുചെയ്യപ്പെട്ട ആള്‍ക്ക് ജാമ്യം നല്‍കുന്നത് സ്വന്തജാമ്യത്തിലും മറ്റു രണ്ടുപേരുടെ ജാമ്യത്തിലും ആയിരിക്കും. ജാമ്യം അനുവദിക്കുന്നത് ജാമ്യമില്ലാത്ത വകുപ്പുകളില്‍പെട്ട കുറ്റകൃത്യത്തിനാണെങ്കില്‍, പ്രതി കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ചവരുത്താതെ ഇരിക്കുന്നതിനുവേണ്ടിയാണ് നിബന്ധനകള്‍ ഏര്‍പെടുത്തുന്നത്. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം അസ്ഥിരപ്പെടുത്തിയശേഷം ജാമ്യത്തുക മുഴുവനായോ, ഭാഗികമായോ കണ്ടുകെട്ടുന്നതാണ്.