പൊതുമുതല്‍ നശിപ്പിക്കുന്നത് തടയുന്ന നിയമം

മുസാഫിര്‍

2018 സെപ്തംബര്‍ 22 1439 മുഹര്‍റം 11

സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും മറവില്‍ വ്യാപകമായി പൊതുമുതല്‍ നശീകരണം പലപ്പോഴും നടക്കാറുണ്ട്. ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങള്‍ മൂലം നികുതിദായകന്റെ പണം കൊണ്ട്  ഉണ്ടാക്കിയെടുത്തതും പൊതുനന്മക്കായി ഉപയോഗിക്കാവുന്നതും ആയ ആസ്തികളാണ് നശിക്കുന്നത്. നശിപ്പിക്കപ്പെട്ട ആസ്തികള്‍ പുനഃസൃഷ്ടിക്കാനോ നന്നാക്കാനോ വഴിമാറി ചെലവിടേണ്ടിവരുമ്പോള്‍ നഷ്ടം പൊതുജനത്തിനുതന്നെയാണ്.

പൊതുമുതല്‍ നശീകരണമാണ് സര്‍ക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്താനുള്ള മാര്‍ഗം എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അപ്രകാരമുള്ള പ്രവര്‍ത്തികളില്‍ ആളുകള്‍ സാധാരണയായി ഏര്‍പെടുന്നത്. ഇത്തരം പ്രവൃത്തികളുടെ തിക്തഫലം പൗരന്മാര്‍ തന്നെയാണ് അനുഭവിക്കേണ്ടിവരുന്നത് എന്നതിനാല്‍ അതില്‍ ഏര്‍പെടുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കി അവ തടയേണ്ട ആവശ്യകത ഉടലെടുത്തു.

1984 ലെ നിയമപ്രകാരം പൊതുമുതലിന്റെ നിര്‍വചനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ കമ്പനികളുടെയും കൈവശത്തിലോ അധീനതയിലോഉള്ള സ്ഥാവരജംഗമവസ്തുക്കള്‍ എല്ലാം ഉള്‍പെടും. ജലം, വൈദ്യുതി, ഊര്‍ജം എന്നിവയുടെ ഉല്‍പാദനത്തിനും വിതരണത്തിനും ആവശ്യമായ കെട്ടിടങ്ങള്‍, വ്യവസായശാലകള്‍, ഖനികള്‍, പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ആസ്തികള്‍, എണ്ണ ഉല്‍പാദനശാലകള്‍ എന്നിവയെല്ലാം പൊതുമുതലായാണ് പരിഗണിക്കപ്പെടുന്നത്.

പൊതുമുതല്‍ നശീകരണം ഏതുരീതിയില്‍ നടത്തി എന്നതിന്റെ അടിസ്ഥാനത്തില്‍ അത്തരം പ്രവൃത്തികളെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. അഗ്നിയോ സ്‌ഫോടകവസ്തുക്കളോ ഉപയോഗിച്ച് പൊതുമുതല്‍ നശിപ്പിക്കുന്നതിനുള്ള ശിക്ഷ ഒരു കൊല്ലത്തിനും പത്തു കൊല്ലത്തിനും ഇടയിലുള്ള കഠിനതടവാണ്. മിനിമം ശിക്ഷ ഒരു കൊല്ലം കഠിനതടവാണെങ്കില്‍ പോലും കോടതിക്ക് തക്കതായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അതിലും ലഘുവായ ശിക്ഷ നല്‍കാനും അധികാരമുണ്ട്. അഗ്നിയും, സ്‌ഫോടകവസ്തുക്കളും ഉപയോഗിക്കാതെ നടത്തുന്ന പൊതുമുതല്‍ നശീകരണത്തിന് സാധാരണഗതിയില്‍ അഞ്ചുകൊല്ലം വരെയുള്ള തടവുശിക്ഷയും പിഴയും ലഭിക്കാവുന്നതാണ്. എന്നാല്‍ നശീകരണ പ്രവര്‍ത്തനം ജലം, വൈദ്യുതി, ഊര്‍ജം എന്നിവയുടെ ഉല്‍പാദനത്തിനും വിതരണത്തിനും ആവശ്യമായ കെട്ടിടങ്ങള്‍, വ്യവസായശാലകള്‍, ഖനികള്‍, പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ആസ്തികള്‍, എണ്ണ ഉല്‍പാദനശാലകള്‍ എന്നിവയ്‌ക്കെതിരാണെങ്കില്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്ന ആളുകള്‍ക്ക് ആറ് മാസം മുതല്‍ അഞ്ച് കൊല്ലം വരെയുള്ള കഠിനതടവുശിക്ഷ ലഭിക്കുന്നതാണ്. മിനിമം ശിക്ഷ നല്‍കാനും അധികാരമുണ്ട്. ഏതു തരത്തിലുള്ള നശീകരണപ്രവര്‍ത്തനം ആയാലും തടവുശിക്ഷയോടൊപ്പം പിഴചുമത്താനും കോടതിക്ക് അധികാരമുണ്ട്.

പൊതുമുതല്‍ നാശം സംബന്ധിച്ചുള്ള കേസ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാവുന്ന കേസുകളുടെ ഗണത്തില്‍ പെട്ടതാണ്. എന്നാല്‍ നശീകരണം സംബന്ധമായ കേസില്‍ ജാമ്യം നല്‍കുന്നതിന് മുമ്പ് പ്രോസിക്യൂട്ടര്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കാനുള്ള അവസരം നല്‍കേണ്ടതാണെന്ന് നിയമത്തില്‍ അനുശാസിച്ചിട്ടുണ്ട്.