കടമകളും അവകാശങ്ങളും

മുസാഫിര്‍

2018 മെയ് 05 1439 ശഅബാന്‍ 17

നിയമപരമായ ഒരവകാശം ലംഘിക്കുകയോ നിയമപരമായ ഒരു കടമ നിര്‍വഹിക്കുന്നതില്‍ ഉപേക്ഷ കാണിക്കുകയോ ചെയ്യുന്നത് നിയമപരമായ തെറ്റാണ്. കടം വാങ്ങിയ പണം പറഞ്ഞ അവധിക്ക് തിരിച്ചു കൊടുക്കാതിരുന്നാല്‍ അത് നിയമപരമായ ഒരു തെറ്റാണ്. ആളുകള്‍ക്ക് അപായം വരത്തക്കവിധത്തില്‍ അശ്രദ്ധമായി പൊതുനിരത്തുകളിലൂടെ വാഹനമോടിക്കുന്നത് നിയമപരമായ തെറ്റാണ്. കാരണം അത് നിയമം വിലയ്ക്കുന്ന ഒരു കുറ്റകൃത്യമാണ്. ഒരാളെ കത്തികൊണ്ട് കുത്തി മുറിവേല്‍പിച്ചാലോ? അതൊരു നിയമപരമായ തെറ്റാണെന്ന് പറയേണ്ടതില്ലല്ലോ. കളവു നടത്തുന്നതും ഒരാളുടെ സ്ഥലം കയ്യേറുന്നതും പാലില്‍ വെള്ളം ചേര്‍ത്ത് വില്‍ക്കുന്നതും കൈക്കൂലി വാങ്ങുന്നതുമെല്ലാം നിയമപരമായ തെറ്റുകള്‍ തന്നെ. ഇവയെല്ലാം കുറ്റങ്ങള്‍ തന്നെ. ഇങ്ങനെ ചെറുതും വലുതുമായ തെറ്റുകളും കുറ്റങ്ങളും അവയുടെ പ്രതിവിധികളുമാണ് നിയമങ്ങളുടെ പ്രധാന വിഷയമെന്ന് കാണാന്‍ വിഷമമില്ല

മേല്‍പറഞ്ഞ ഉദാഹരണങ്ങള്‍ ശ്രദ്ധാപൂര്‍വം പരിശോധിച്ചാല്‍ അവയില്‍ രണ്ടു വിഭാഗത്തില്‍പെട്ട തെറ്റുകളുള്ളതായി കാണാം. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാതിരിക്കുന്നത് തെറ്റാണ്. പക്ഷേ, കടം കൊടുത്ത ആള്‍ക്ക് അതില്‍ ആക്ഷേപം ഇല്ലെങ്കില്‍ പ്രതിവിധിയില്ല. നേരെമറിച്ച് കടം കൊടുത്ത ആള്‍ക്ക് പരാതിയുണ്ടെങ്കില്‍ അയാള്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാം. തെളിവ് ഹാജരാക്കിയാല്‍ പലിശയടക്കം പണം തിരിച്ചുകൊടുക്കാന്‍ കടം വാങ്ങിയ ആള്‍ക്കെതിരെ കോടതി വിധിക്കും. വിധിയനുസരിക്കാതിരുന്നാല്‍ അയാളുടെ സ്വത്ത് ലേലത്തില്‍ വില്‍പിച്ച് കടം കൊടുത്ത ആളുടെ തുക കോടതി ഈടാക്കി കൊടുക്കും. 

കളവിന്റെയും കൊലപാതകത്തിന്റെയും കാര്യം അങ്ങനെയല്ല. തെറ്റിനിരയായ ആള്‍ക്ക്, കൊലപാതകത്തിന്റ കാര്യത്തില്‍ അയാളുടെ അനന്തരാവകാശികള്‍ക്ക് പരാതിയുണ്ടായാലും ഇല്ലെങ്കിലും തെറ്റുചെയ്ത ആള്‍ക്കെതിരെ നടപടി സ്വീകരിക്കും. പോലീസ് കേസെടുക്കും. അന്വേഷണം നടത്തും. തെളിവുകള്‍ ശേഖരിക്കും. കാര്യം ക്രിമിനല്‍ കോടതിയിലെത്തിക്കും. കോടതിയില്‍ വിചാരണ നടക്കും. തെറ്റ് ചെയ്തതായി തെളിഞ്ഞാല്‍ തെറ്റ് ചെയ്തയാള്‍ ശിക്ഷിക്കപ്പെടും. ഇതിലൊന്നും തെറ്റിനിരയായ ആള്‍ക്ക് ചെലവും അധ്വാനവുമൊന്നുമില്ല. കോടതിയില്‍ നിന്ന് സമന്‍സ് കിട്ടുമ്പോള്‍ ഹാജരായി തെളിവ് നല്‍കിയാല്‍ മതി. അതിന് ബത്തയും കിട്ടും. കാരണം ഇത് ഭരണകൂടത്തിന്റെ (സര്‍ക്കാരിന്റെ) കൂടി കാര്യമാണ്. സമൂഹത്തിന് പൊതുവില്‍ ഉപദ്രവകരമായ തെറ്റുകള്‍ നിരുത്സാഹപ്പെടുത്തണം. അതാണ് തെറ്റുചെയ്തവര്‍ക്ക് ശിക്ഷ നല്‍കുന്നതിന്റെ ഉദ്ദേശ്യം. എന്നാല്‍ പോലീസ് കേസെടുക്കുന്നില്ലെങ്കില്‍ സ്വകാര്യമായി ക്രിമിനല്‍ കോടതിയില്‍ പരാതി നല്‍കാന്‍ പറ്റും.

നിയമങ്ങളില്‍ എല്ലാ തെറ്റുകള്‍ക്കും ശിക്ഷ വിധിക്കുന്നില്ല. ഒരു കുറ്റമായി, ഒരു നിയമത്തില്‍ നിര്‍വചിക്കപ്പെടുകയും, ശിക്ഷ നിര്‍ദേശിക്കപ്പെടുകയും ചെയ്തിട്ടുള്ള തെറ്റുകള്‍ക്ക് 'കുറ്റങ്ങള്‍' എന്നാണ് പറയുക. കുറ്റങ്ങളെ സംബന്ധിച്ച നിയമമാണ് ക്രിമിനല്‍ നിയമങ്ങള്‍. അഞ്ഞൂറ്റി പതിമൂന്നോളം വകുപ്പുകളുള്ള ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ചെറുതം വലുതുമായ മുന്നൂറ്റിയമ്പതിലേറെ കുറ്റങ്ങളുടെ നിര്‍വചനങ്ങളും അവയ്ക്കുള്ള ശിക്ഷകളുണ്ട്. 1860ല്‍ ബ്രിട്ടീഷ് ഭരണ കാലത്ത് നടപ്പാക്കപ്പെട്ട പ്രസ്തുത നിയമം ഇന്നും ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ശിക്ഷാനിയമ സംഹിതയായി തുടരുന്നു. പിന്നീട് ഒട്ടേറെ ക്രിമിനല്‍ നിയമങ്ങള്‍ പാസ്സാക്കി നടപ്പാക്കിയിട്ടുണ്ട്. ക്രിമിനല്‍ നിയമങ്ങളെ മാറ്റിവെച്ചാല്‍ അവശേഷിക്കുന്ന മുഴുവന്‍ നിയമങ്ങളെയും പൊതുവില്‍ സിവില്‍ നിയമങ്ങളെന്ന് വിശേഷിപ്പിക്കാവുന്നതാണ്. സിവില്‍ നിയമങ്ങളുടെ ഭാഗങ്ങളാണ് തൊഴില്‍ നിയമങ്ങളും മറ്റും എന്ന് പറയാം.