ക്രിമിനല്‍ കേസുകളുടെ വിചാരണ

മുസാഫിര്‍

2018 ശവ്വാല്‍ 16 1439 ജൂണ്‍ 30

ക്രിമിനല്‍ കോടതികളില്‍ കേസ് ഫയല്‍ ചെയ്യുന്നതും ഫയല്‍ചെയ്ത കേസുകള്‍ വിചാരണക്കെടുക്കുന്നതും മറ്റും എങ്ങനെയാണെന്നുള്ളത് സാമാന്യ ജനങ്ങള്‍ക്ക് ഇന്നും അജ്ഞാതമാണ്. മജിസ്‌ട്രേറ്റുകോടതിയിലും സെഷന്‍സ് കോടതിയിലുമൊക്കെ ഹാജരാകുന്ന കക്ഷികളും സാക്ഷികളും കോടതി നടപടികള്‍ തങ്ങള്‍ക്ക് അപ്രാപ്യമാണെന്നുള്ള ധാരണയാലോ എന്തോ, ദൂരെനിന്ന് നോക്കി കാണുക മാത്രമെ ചെയ്യാറുള്ളൂ.

മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നത് രണ്ടുവിധത്തിലാണ്. ഒരു കുറ്റകൃത്യം നടന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലും ഒരുപോലീസ് റിപ്പോര്‍ട്ട് (ചാര്‍ജ്) ലഭിക്കുമ്പോഴും മജിസ്‌ട്രേറ്റുകോടതിക്ക് കേസ് ഫയലില്‍ സ്വീകരിക്കാവുന്നതാണെന്ന് ക്രിമിനല്‍ നടപടി നിയമം 190ാം വകുപ്പ് വിവക്ഷിച്ചിരിക്കുന്നു.

സ്വകാര്യവ്യക്തികള്‍ ഫയല്‍ചെയ്യുന്ന പരാതികള്‍ (അന്യായം), ആവലാതിക്കാരന്റെ മൊഴി കോടതി രേഖപ്പെടുത്തിയശേഷം ഫയലില്‍ സ്വീകരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ മൊഴി രേഖപ്പെടുത്തുന്ന അവസരത്തില്‍ മജിസ്‌ട്രേറ്റിന് ആവലാതി സംഗതിയെപ്പറ്റി പൂര്‍ണബോധ്യം വന്നിട്ടില്ലെങ്കില്‍ സാക്ഷികളെ ഹാജരാക്കി മൊഴിരേഖപ്പെടുത്തിയതിനു ശേഷമോ, ഹര്‍ജി പോലീസിലേക്കയച്ച് അതിലടങ്ങിയ വിവരങ്ങളെപ്പറ്റി പോലീസ് റിപ്പോര്‍ട്ട് വരുത്തിയതിനു ശേഷമോ ഫയലില്‍ സ്വീകരിക്കുന്നതിന് മതിയായ കാരണങ്ങളില്ലെങ്കില്‍ തള്ളിക്കളയുന്നതിന് മജിസ്‌ട്രേറ്റിനധികാരമുണ്ട്.

ഒരു സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്റെ പേരില്‍, അല്ലെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്റെ പേരില്‍ അയാളുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തെ സംബന്ധിച്ചോ അതിനിടയ്ക്കുള്ള ചെയ്തികളെ സംബന്ധിച്ചോ ആണ് സ്വകാര്യ വ്യക്തിയുടെ അന്യായം എങ്കില്‍, അയാളെ നിയമിക്കുന്നതിനും അയാളുടെ പേരില്‍ ശിക്ഷണനടപടി സ്വീകരിക്കുന്നതിനും അധികാരമുള്ള മേലുദ്യോഗസ്ഥന്റെയോ, ഗവണ്‍മെന്റിന്റെയോ മുന്‍കൂട്ടിയുള്ള അനുവാദം ഉണ്ടെങ്കില്‍ മാത്രമെ ഫയലില്‍ സ്വീകരിക്കുന്നതിന് കോടതിക്ക് അധികാരമുള്ളൂ.

കേസ് ഫയലില്‍ സ്വീകരിച്ചതിനുശേഷം പ്രതി ഹാജരാകുന്നതിന് കോടതിയില്‍ നിന്നും സമന്‍സ് അയക്കണം. സമന്‍സ് കിട്ടിയശേഷം പ്രതി കോടതിയില്‍ ഹാജരാകുന്നതോടെയാണ് കേസിന്റെ വിചാരണ തുടങ്ങുന്നത്. കേസ് വിചാരണചെയ്യുന്നതിന് പ്രത്യേക നിബന്ധനകളുണ്ട്.

എല്ലാ ക്രിമിനല്‍ കേസുകളെയും വാറന്റ് കേസുകള്‍, സമന്‍സ് കേസുകള്‍ എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു. രണ്ടുകൊല്ലത്തിനു മുകളില്‍ ശിക്ഷ വരുന്നതായ, ജീവപര്യന്ത തടവോ വധശിക്ഷയോ വരെ വിധിക്കാവുന്ന കേസുകളെല്ലാം വാറന്റ് കേസുകള്‍ എന്ന വിഭാഗത്തിലും, മറ്റുള്ളവയെ സമന്‍സ് കേസുകള്‍ എന്ന വിഭാഗത്തിലും പെടുത്തിയിരിക്കുന്നു. വാറന്റ് കേസുകളില്‍ തന്നെ പോലീസ് ചാര്‍ജുചെയ്ത കേസുകള്‍ക്കും സ്വകാര്യ അന്യായപ്രകാരമുള്ള കേസുകള്‍ക്കും വിഭിന്ന നടപടിക്രമങ്ങളാണ് സ്വീകരിക്കേണ്ടത്.

സ്വകാര്യ അന്യായം ഫയലില്‍ സ്വീകരിച്ചശേഷം പ്രതി ഹാജരാകുമ്പോള്‍ സമന്‍സ് കേസുകളുടെ വിഭാഗത്തില്‍ പെടുന്നതാണെങ്കില്‍ പ്രതി കുറ്റം സമ്മതിക്കുകയാണോ നിഷേധിക്കുകയാണോ ചെയ്യുന്നതെന്ന് മജിസ്‌ട്രേറ്റ് ചോദിക്കണം. പ്രതി കുറ്റം സമ്മതിക്കുകയാണെങ്കില്‍ അപ്പോള്‍തന്നെ ശിക്ഷിക്കാം. നിഷേധിക്കുകയാണെങ്കില്‍ തെളിവ് ഹാജരാക്കുന്നതിന് അന്യായക്കാരനോട് ആവശ്യപ്പെട്ട്, വിചാരണ നടപടി സ്വീകരിച്ച്, വാദിഭാഗം ഹാജരാക്കുന്ന സാക്ഷികളെ വിസ്തരിച്ച്, ഇരുഭാഗത്തെയും വാദം കേട്ടതിനുശേഷം പ്രതി കുറ്റക്കാരനാണെന്നു കണ്ടാല്‍ ശിക്ഷിക്കുകയും കുറ്റംതെളിഞ്ഞിട്ടില്ലെങ്കില്‍ പ്രതിയെ വെറുതെവിടുകയും ചെയ്യണം. ഇത്തരം സമന്‍സ് കേസുകളില്‍ നേരിട്ടു ഹാജരാകാതെതന്നെ അഭിഭാഷകന്‍ മുഖാന്തരം ഹാജരായി വിചാരണയെ അഭിമുഖീകരിക്കുന്നതിന് പ്രതിക്ക് അവകാശമുണ്ട്.

കുറ്റപത്രം കൊടുക്കുന്നതിന് മതിയായ തെളിവില്ലെങ്കില്‍ പ്രതിയെ വിട്ടയക്കേണ്ടതാണ്. കുറ്റപത്രം കൊടുക്കുമ്പോള്‍ കുറ്റംചെയ്ത രീതി, സ്ഥലം, തീയതി ഇവ വിശദമായി പ്രതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കണമെന്നാണു നിയമം.

കുറ്റപത്രം നല്‍കുമ്പോള്‍ പ്രതി കുറ്റം നിഷേധിക്കുകയാണെങ്കില്‍ പ്രതിക്കെതിരെ തെളിവ് ഹാജരാക്കുന്നതിന് പ്രോസിക്യൂഷന്‍ ഭാഗത്തിന് അവസരം കൊടുക്കണം. അഥവാ പ്രതി കുറ്റം സമ്മതിക്കുകയാണെങ്കില്‍ ആയത് സ്വമേധയാ ചെയ്യുന്നതാണോയെന്ന് ബോധ്യം വരുത്തിയശേഷം പ്രതിയെ ശിക്ഷിക്കാവുന്നതാണ്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് ഹാജരാക്കുന്ന തെളിവുകള്‍ രേഖപ്പെടുത്തിയശേഷം തനിക്കെതിരായി ഹാജരാക്കിയിരിക്കുന്ന തെളിവുകളെപ്പറ്റി വിശദീകരണം നല്‍കുന്നതിന് സാക്ഷിമൊഴിയുടെ പ്രസക്തഭാഗങ്ങള്‍ പ്രതിയുടെ ശ്രദ്ധയില്‍ പെടുത്തണം. പ്രതിയെ ചോദ്യം ചെയ്തതിനുശേഷം പ്രതിഭാഗത്തേക്ക് തെളിവ് ഹാജരാക്കുന്നതിന് അവസരം നല്‍കിയിരിക്കണം.

സെഷന്‍സ് കേസുകളുടെ വിചാരണ

മജിസ്‌ട്രേറ്റുകോടതിയില്‍ ഫയല്‍ ചെയ്യപ്പെടുന്ന കേസുകളില്‍ സെഷന്‍സ് കോടതി മാത്രം വിചാരണചെയ്യേണ്ട കേസുകള്‍ മജിസ്‌ട്രേറ്റുകോടതിയില്‍ നിന്നും സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റു ചെയ്ത് അവിടെ വേണം വിചാരണ തുടരേണ്ടത് എന്ന് നിയമം അനുശാസിക്കുന്നു. കൊലക്കുറ്റം, കോലക്കുറ്റത്തോടുകൂടിയ ഭവനഭേദനം, കവര്‍ച്ച, രാജ്യദ്രോഹ കുറ്റം, ബലാല്‍സംഗം, അബ്കാരിനിയമം അനുസരിച്ചുള്ള കേസുകള്‍, പട്ടികജാതി പട്ടികവര്‍ഗ പീഡനം സംബന്ധിച്ച കേസുകള്‍, സ്ത്രീധന മരണം, വധശ്രമം തുടങ്ങി വളരെയേറെ കേസുകള്‍ സെഷന്‍സ് കോടതിയില്‍ മാത്രം വിചാരണ ചെയ്യപ്പെടേണ്ടവയാണ്.

സമന്‍സ് കേസുകളില്‍ വിചാരണ വരുമ്പോള്‍ എന്തിനെപ്പറ്റിയാണ് കേസ് എന്ന് കോടതിക്ക് രൂപം കിട്ടുന്നതിനുവേണ്ടി കേസുരേഖകളെപ്പറ്റി പ്രോസിക്യൂട്ടര്‍ കോടതിയെ ബോധ്യപ്പെടുത്തണം. എല്ലാ സമന്‍സു കേസുകളും ഗവണ്‍മെന്റിനുവേണ്ടി ഹാജരായി നടത്തുന്നതിനുള്ള ചുമതല പബ്ലിക് പ്രോസിക്യൂട്ടര്‍ക്കാണ്. അതിനുശേഷം രേഖകള്‍ പരിശോധിച്ച് പ്രതിയുടെ പേരില്‍ കുറ്റപത്രം നല്‍കേണ്ടതാണ്. എന്നാല്‍ അതിനുമുന്‍പ് രേഖകളനുസരിച്ച് വിചാരണ ചെയ്യത്തക്ക ഒരു കുറ്റവും ഇല്ലെന്നു കണ്ടാല്‍ കോടതിക്ക് കുറ്റാരോപിതനെ വെറുതെ വിട്ടയക്കാവുന്നതാണ്. കുറ്റപത്രം കൊടുക്കുന്ന കേസുകളില്‍ പ്രതി കുറ്റം നിഷേധിച്ചതിനുശേഷം വിചാരണ തീയതി പ്രഖ്യാപിക്കേണ്ടതാണ്. എന്നാല്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുമ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയാണെങ്കില്‍ ആ കുറ്റസമ്മതം സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം കോടതിയില്‍ നിക്ഷിപ്തമാണ്.