നിയമങ്ങളിലേക്ക് ഒരു എത്തിനോട്ടം

മുസാഫിര്‍

2018 ഏപ്രില്‍ 28 1439 ശഅബാന്‍ 10

ഭരണഘടനാനിയമം

ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണല്ലോ. പൗരന്മാര്‍ക്ക് ഭരണഘടന വിലപ്പെട്ട ഒട്ടേറെ മൗലികാവകാശങ്ങള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഈ അവകാശങ്ങള്‍ വെട്ടിക്കുറക്കുകയോ എടുത്തു കളയുകയോ ചെയ്യുന്ന ഒരു നിയമത്തിനും ഇന്ത്യയില്‍ നിലനില്‍പില്ല. നിയമനിര്‍മാണത്തിനുള്ള സംവിധാനവും അതിന്റെ നടപടിക്രമങ്ങളും നാം മനസ്സിലാക്കി. ഇതൊക്കെയാണ് ഭരണഘടനാനിയമം. ഇനിയും ഒട്ടേറെ വ്യവസ്ഥകള്‍ ഭരണഘടനയിലുണ്ട്. ഭരണഘടനയില്‍ എന്തെല്ലാം വ്യവസ്ഥ ചെയ്തിട്ടുണ്ടോ അവയ്ക്ക് പൊതുവിലുള്ള പേരാണ് ഭരണഘടനാ നിയമങ്ങള്‍ എന്നത്. നിയമ നിര്‍മാണം എങ്ങനെ നടത്തണമെന്ന് നിര്‍ദേശിക്കുന്ന നിയമം ഭരണഘടനയിലാണുള്ളത്. നയമനിര്‍മാണം ആരെ എങ്ങനെ ഏല്‍പിക്കണമെന്ന് പറയുന്നതും ഭരണഘടനയിലാണ്. ചുരുക്കിപ്പറഞ്ഞാല്‍ നിയമങ്ങളുടെ ഉറവിടം ഭരണഘടനയാണ്. നിയമങ്ങളുടെ സാധുത നിര്‍ണയിക്കാനുള്ള മാനദണ്ഡങ്ങളും ഭരണഘടനാ നിയമങ്ങളാണ്. എല്ലാനിയമങ്ങളുടെയും ആധികാരികത ഭരണഘടനയെ ാശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ട് ഭരണഘടനയെ നിയമങ്ങളുടെ  നിയമമെന്നോ രാഷ്ട്രത്തിലെ അടിസ്ഥാന നിയമമെന്നോ വിശേഷിപ്പിക്കാവുന്നതാണ്. 

സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍

ഭരണഘടനാ നിയമങ്ങള്‍ കഴിഞ്ഞാല്‍ പിന്നെയുള്ള നിയമങ്ങളെ സാമാന്യമായി സിവില്‍ നിയമങ്ങള്‍ എന്നും ക്രിമനല്‍നിയമങ്ങളന്നും രണ്ടായി തരംതിരിക്കാം.

കടമകളും അവകാശങ്ങളും

അവസാന വിശകലനത്തില്‍ അവകാശം, കടമ എന്നിവയണ് എല്ലാനിയമങ്ങളുടെയും അടിസ്ഥാന ഘടകങ്ങള്‍. ഇവ പരസ്പര പൂരകങ്ങളാണ്. ഭര്‍ത്താവിനെ കൂടാതെ ഭാര്യ എന്ന വാക്കിന് അര്‍ഥമില്ലല്ലോ. ഇതുപോലെയാണ് അവകാശവും കടമയും. ഒരാളില്‍ ഒരവകാശമിരിക്കുമ്പോള്‍ അനുപൂരകമായ കടമ മറ്റൊരാളിലുണ്ടാകും. അതുപോല്‍ ഒരാളില്‍ നിക്ഷിപ്തമായ കടമയ്ക്ക് അനുസൃതമായ അവകാശം മറ്റൊരാളിലും ഉണ്ടാകും. ഉദാ: ഒരാള്‍ മറ്റൊരാളോട് ഒരു തുക കടംവാങ്ങുന്നു. ആവശ്യം വരുമ്പോള്‍ തിരിച്ചുനല്‍കാമെന്നേറ്റാണ് കടംവാങ്ങുന്നത്. ഇവിടെ പണം കടംെകാടുത്ത ആള്‍ക്ക് തുക അയാള്‍ ചോദിക്കുമ്പോള്‍ തിരിച്ചുകിട്ടാനുള്ള അവകാശമുണ്ട്. കടംവാങ്ങിയ ആള്‍ക്ക് തുകയുടെ ഉടമസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ തിരിച്ചുകൊടുക്കാനുള്ള കടമയും. മറ്റൊരുദാഹരണം: പൊതുനിരത്ത് ഉപേയാഗിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. കാല്‍നടക്കാര്‍ക്കും വാഹനം ഓടിക്കുന്നവര്‍ക്കും എല്ലാം. വാഹനമോടിക്കുന്ന ആള്‍ക്ക് തടസ്സമുണ്ടാക്കാതെ നിരത്തിന്റെ വലതുവശം ചേര്‍ന്ന് നടക്കാനുള്ള കടമ കാല്‍നടക്കാരനുണ്ട്. നടപ്പുവഴിയുണ്ടെങ്കില്‍ അതിലൂടെ നടക്കുകയാണ് വേണ്ടത്. അതില്‍ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍ ഉണ്ടെങ്കില്‍ അത് അപകടകരമാണ്. ഇവിടെ നടപ്പുവഴി അത് ഉപയോഗിക്കുന്നവര്‍ക്ക് അപകടകരമല്ലാത്ത രീതിയില്‍ സൂക്ഷിക്കുവാനുള്ള കടമ ബന്ധപ്പെട്ട അധികൃതര്‍ക്കുണ്ട്. അങ്ങനെ സൂക്ഷിക്കണമന്ന് നിഷ്‌കര്‍ഷിക്കാനുള്ള അവകാശം പൗരന്മാര്‍ക്കുമുണ്ട്. വാഹനമോടിക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്തത്ര ശ്രദ്ധാപൂര്‍വം ഓടിക്കുവാനുള്ള കടമയുണ്ട്. കടമകളുടെ പക്ഷത്തുനിന്ന് പറഞ്ഞാല്‍ കടമകള്‍ പാലിക്കാന്‍ ചുമതലയുള്ളവരെ നിര്‍ബന്ധിക്കാനുള്ളതാണ് നിയമം. അവകാശങ്ങളുടെ പക്ഷത്തുനിന്ന് പറഞ്ഞാല്‍ അവകാശങ്ങള്‍ക്ക് സംരക്ഷണം ലഭിക്കാനും അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോഴുള്ള നഷ്ടം വകവെച്ചു കിട്ടാന്‍ സഹായിക്കുന്നതുമാണ് നിയമം. നിയമം ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ എന്ന് പറയും. പാലിക്കണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്ന കടമകള്‍ നിയമപരമായകടമകള്‍. ഒരാള്‍ ഒരു ഉപകാരം ചെയ്താല്‍ നന്ദി പറയാന്‍ കടമയുണ്ട്. പക്ഷേ, അത് നിയമപരമായ കടമയല്ല; ധാര്‍മികമായ കടമയാണ്. (തുടരും)