പൊതുശല്യത്തിനെതിരെ

മുസാഫിര്‍

2018 മെയ് 19 1439 റമദാന്‍ 03

ഇന്ത്യന്‍ പീനല്‍കോഡില്‍ പൊതുജനശല്യത്തെ നിര്‍വചിച്ചിരിക്കുന്നത് 'പൊതുജനങ്ങള്‍ക്ക് പൊതുവില്‍ അപകടമോ ശല്യമോ ഉണ്ടാക്കുന്ന ഒരു കൃത്യം അഥവാ കൃത്യവിലോപം' എന്നാണ്. പൊതുജനങ്ങള്‍ കുടിവെള്ളം ശേഖരിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന വെള്ളത്തില്‍ വിഷം കലര്‍ത്തുന്നത് പൊതുജന ശല്യമാണ്. അന്തരീക്ഷ വായുവില്‍ വിഷം കലര്‍ത്തുന്നതും പൊതുശല്യമാണ്. അതുപോലെ ആളുകള്‍ വഴിനടക്കുന്ന ഇടവഴിയിലേക്കോ റോഡിലേക്കോ അഴുക്കുവെള്ളം ഒഴുക്കുന്നതും പൊതുശല്യമാണ്. നിയമപരമായി ഒരു കൃത്യം ചെയ്യാന്‍ കടമയുള്ള വ്യക്തിയോ സ്ഥാപനമോ അത് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ അത് കൃത്യവിലോപമാണ്. നഗരശുചീകരണം മുനിസിപ്പാലിറ്റിയുടെ നിയമപരമായ ഒരു പ്രധാന കടമയാണ്. 

മധ്യപ്രദേശിലെ രത്‌ലം നഗരത്തിലെ മുനിസിപ്പാലിറ്റിയില്‍ മേല്‍പറഞ്ഞ പ്രകാരമുള്ള ഒരു പ്രശ്‌നമുണ്ടായി. റോഡരികില്‍ ഓടകളുടെ പണി പൂര്‍ത്തിയാക്കാതെവിട്ടതു കാരണം അഴുക്കുവെള്ളം ഓടകളില്‍ നിന്ന് കവിഞ്ഞൊഴുകി റോഡുകളില്‍ പല സ്ഥലത്തും തളംകെട്ടിനിന്നു. കുടിലുകളില്‍ താമസിക്കുന്ന പാവപ്പെട്ടവര്‍ പൊതുകക്കൂസുകളില്ലാത്തതിനാല്‍ റോഡുവക്ക് മലമൂത്ര വിസര്‍ജനത്തിനുപയോഗിച്ചു. വീടുകളില്‍നിന്നും ഹോട്ടലുകളില്‍നിന്നുമുള്ള പാഴ്‌വസ്തുക്കളും റോഡുകളില്‍ വലിച്ചെറിയപ്പെട്ടു. അവ വലിച്ചെറിയുന്നതിനെതിരെ നടപടിയെടുക്കാനോ അവ സമയാസമയങ്ങളില്‍ നീക്കം ചെയ്യാനോ മുനിസിപ്പാലിറ്റി ഒരു നടപടിയുമെടുത്തില്ല.

പൊതുശല്യത്തിനെതിരെ നടപടിയെടുക്കാന്‍ സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റിന് അധികാരം നല്‍കുന്ന ഒരു വകുപ്പ് (133) ക്രിമിനല്‍ നടപടി നിയമസംഹിതയിലുണ്ട്. പൊതുശല്യത്തെപ്പറ്റി ഒരു പരാതി കിട്ടിയാല്‍ എതിര്‍കക്ഷിയെ സമന്‍സ് അയച്ചുവരുത്തി തെളിവെടുത്ത് പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ അത് നീക്കം ചെയ്യാന്‍ മജിസ്‌ട്രേറ്റിന് എതിര്‍കക്ഷിയോട് കല്‍പിക്കാന്‍ അധികാരമുണ്ട്. കല്‍പന അനുസരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ നടപടിയെടുക്കാന്‍ പാകത്തിലുള്ള ഒരു വകുപ്പ് ഇന്ത്യന്‍ പീനല്‍കോഡിലുണ്ട്. അതനുസരിച്ച് നിയമനടപടിയെടുക്കാം. ഇതാണ് പൊതുശല്യത്തെ സംബന്ധിച്ച് ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വ്യവസ്ഥകളുടെ രത്‌നച്ചുരുക്കം.

രത്‌ലം മുനിസിപ്പാലിറ്റിക്കെതിരെയുള്ള പരാതി സത്യമാണെന്ന് മജ്‌സ്‌്രേടറ്റിന് ബോധ്യപ്പട്ടു. ഓടകള്‍ വൃത്തിയാക്കാനും ഓടകളുടെ പണി പൂര്‍ത്തിയാക്കാനും പാവങ്ങളുടെ ഉപയോഗത്തിന് പൊതുകക്കൂസുകള്‍ നിര്‍മിക്കാനും മജ്‌സ്‌്രേടറ്റ് മുനിസിപ്പാലിറ്റിയോട് കല്‍പിച്ചു. പണമില്ലെന്നായിരുന്നു മുനിസിപ്പാലിറ്റിയുടെ പ്രധാന വാദം. ശിക്ഷാനടപടിയില്‍നിന്നൊഴിവാകാന്‍ മുനിസിപ്പാലിറ്റി മജ്‌സ്‌്രേടറ്റിന്റെ ഉത്തരവിനെതിരെ സെഷന്‍സ് കോടതിയെ സമീപിച്ചു. അവിടന്ന് പ്രശ്‌നം ഹൈക്കോടതിയിലെത്തി; ഒടുവില്‍ സുപ്രീംകോടതിയിലും. അപ്പോഴേക്കും വര്‍ഷങ്ങള്‍ ഏഴ് കഴിഞ്ഞിരുന്നു! ഒരു മുനിസിപ്പാലിറ്റിയുടെ പ്രാഥമിക കടമ നഗര ശുചീകരണമാണെന്നും അതില്‍നിന്ന് ഒഴിഞ്ഞുമാറുന്ന ഒരു മുനിസിപ്പാലിറ്റിക്ക് ആ പേരിനര്‍ഹതയില്ലെന്നും വിധിയില്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ രേഖപ്പെടുത്തി. സംസ്ഥന സര്‍ക്കാരിനെ കേസില്‍ കക്ഷി ചേര്‍ത്ത് മുനിസിപ്പാലിറ്റിക്ക് ആവശ്യമുള്ള സാമ്പത്തിക സഹായം നല്‍കാന്‍ നിര്‍ദേശിച്ചു. നിശ്ചിത സമയത്തിനുളില്‍ ശല്യം നീക്കം ചെയ്തില്ലെങ്കില്‍ ശിക്ഷാനടപടികളെടുക്കുമെന്ന് താക്കീതും നല്‍കി.