അധികാരം ജനങ്ങളിലേക്ക്

മുസാഫിര്‍

2018 മാര്‍ച്ച് 17 1439 ജുമാദില്‍ ആഖിറ 29

പഞ്ചായത്തിരാജ്

'സ്വാതന്ത്ര്യം അടിത്തട്ടില്‍നിന്നാരംഭിക്കണം. ഓരോ ഗ്രാമവും പൂര്‍ണ അധികാരമുള്ള ഓരോ റിപ്പബ്ലിക്കോ പഞ്ചായത്തോ ആകണം' ഗാന്ധിജിയുടെ വാക്കുകളാണിത്. സ്വാതന്ത്ര്യത്തിലേക്ക് രാജ്യത്തെ നയിക്കുന്നതില്‍ മാത്രമായിരുന്നില്ല അദ്ദേഹം മാര്‍ഗദര്‍ശനം നല്‍കിയത്. സ്വതന്ത്ര ഭാരതം എങ്ങനെ കെട്ടിപ്പടുക്കണമെന്ന കാര്യത്തിലും അദ്ദേഹത്തിന് സുനിശ്ചിതമായ അഭിപ്രായങ്ങളുണ്ടായിരുന്നു. അവയുടെ കൂട്ടത്തില്‍ അതിപ്രധാനമായ ഒന്നായിരുന്നു 'പഞ്ചായത്തീരാജ്' എന്ന സങ്കല്‍പം. 'ഇന്ത്യ ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്' എന്ന വാക്ക് അദ്ദേഹത്തിന്റെ സംഭാവനമാണ്. 'ഗ്രാമസ്വരാജ്' ആയിരുന്നു ഗാന്ധിജിയുടെ സ്വപ്‌നം. 

 

പഞ്ചായത്തീരാജ് ഭരണഘടന ഭേദഗതികള്‍

ഇന്ത്യന്‍ ഭരണഘടന 1950ല്‍ നടപ്പാക്കപ്പെടുമ്പോള്‍ പഞ്ചായത്തീരാജ് സംവിധാനത്തിന് അതില്‍ സ്ഥാനം കൊടുക്കാന്‍ കഴിയാതെ പോയി. പകരം സംസ്ഥാനങ്ങളുടെ യൂണിയന്‍ ആയ ഒരിന്ത്യക്ക് രൂപം കൊടുക്കുകയാണ് ചെയ്തത്. ഇത് ഒരു പോരായ്മയായിരുന്നു. അമേരിക്കന്‍ രീതിയില്‍ സംസ്ഥാനങ്ങളുടെ ഒരു യൂണിയന്‍ എന്ന നിലയില്‍ മാത്രം നമ്മുടെ രാജ്യത്തെ കാണാവുന്നതല്ല. ഗാന്ധിജി പറഞ്ഞ പോലെ ഗ്രാമങ്ങള്‍ എന്ന കൊച്ചു റിപ്പബ്ലിക്കുകൡലേക്ക് അധികാരങ്ങള്‍ വികേന്ദ്രീകരിക്കപ്പെടണം. 

1992ല്‍ നാം അംഗീകരിച്ച് നടപ്പിലാക്കിയ പഞ്ചായത്തീരാജ് ഭരണഘടനാഭേദഗതികള്‍ അധികാര വികേന്ദ്രീകരണത്തിനായുള്ള ഭരണഘനാപരമായ പരിശ്രമമാണ്. ഭരണഘടനയില്‍ രണ്ടു ഭാഗങ്ങള്‍ എഴുതിച്ചേര്‍ക്കുകയാണ് ഇതിനായി ചെയ്തത്. 

പഞ്ചായത്തുകള്‍ 9ാം ഭാഗമായും മുനിസിപ്പാലിറ്റികള്‍ 9എ ഭാഗമായും ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തു. അതോടെ ഇന്ത്യയുടെ രൂപഘടനതന്നെ അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായി. അതിനുമുമ്പ് രാഷ്ട്രത്തിന്റെ അധികാരങ്ങളും കര്‍ത്തവ്യങ്ങളും 'യൂണിയന്‍', 'സംസ്ഥാനങ്ങള്‍' എന്നീ രണ്ടു ഘടകങ്ങള്‍ക്കിടയില്‍ വീതിക്കപ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ അടിസ്ഥാനതലത്തില്‍ തന്നെ അധികകര വികേന്ദ്രീകരണം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. 

 

ഗ്രാമങ്ങളും നഗരങ്ങളും

ഗ്രാമങ്ങള്‍, നഗരങ്ങളായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമങ്ങള്‍, ചെറിയ നഗരങ്ങള്‍, വലിയ നഗരങ്ങള്‍ എന്നിവയ്ക്ക് കൂടി ഭരണഘടനയില്‍ സ്ഥാനം നല്‍കിക്കൊണ്ടാണ് ഭരണഘടനാഭേദഗതി ഉണ്ടായത്. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേരുവിവരം കാണിക്കുന്ന ഒരു പട്ടിക ഭരണഘടനയിലുണ്ട്. ഇന്ത്യയിലെ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും പേര് ഭരണഘടനയില്‍ ഉള്‍പെടുത്തണമെങ്കില്‍ അതിന് അനവധി പേജുകള്‍ വേണ്ടി വരും. അവയുടെ പേരുകള്‍ ഉള്‍പെടുത്തുന്നതിനു പകരം അവയെ പേരെടുത്തു പറഞ്ഞുകൊണ്ട് ഗവര്‍ണര്‍മാര്‍ വിജഞാപനം പറപ്പെടുവിക്കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുകയാണ്. ഗ്രാമങ്ങള്‍ക്ക് പഞ്ചായത്തുകളും  നഗരങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളുമാണ് ഭരണഘടന നിര്‍ദേശിക്കുന്നത്.