കോടതി ക്രമം

മുസാഫിര്‍

2018 ശവ്വാല്‍ 09 1439 ജൂണ്‍ 23

മജിസ്‌ട്രേറ്റു കോടതികളാണ് ക്രിമിനല്‍ നിയമത്തിലെ അടിസ്ഥാന കോടതികള്‍. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് (RDO), ജില്ലാമജിസ്‌ട്രേറ്റ് (കളക്ടര്‍) തുടങ്ങിയവരൊക്കെ ഉണ്ടെങ്കിലും ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റാണ് അടിസ്ഥാനതലത്തിലുള്ള ക്രിമിനല്‍ കോടതിയായി കരുതപ്പെടുന്നത്. എല്ലാ പോലീസ് കേസുകളും റിപ്പോര്‍ട്ടുകളും ആദ്യം ഫയല്‍ ചെയ്യപ്പെടുന്നത് മജിസ്‌ട്രേറ്റുകോടതിയിലാണ്. മജിസ്‌ട്രേറ്റിന് വിചാരണ ചെയ്യാനാവാത്ത ക്രിമിനല്‍ കേസുകള്‍ മജിസ്‌ട്രേറ്റുകോടതിയില്‍നിന്ന് സെഷന്‍സ് കോതിയിലേക്ക് അയക്കുകയാണ് ചെയ്യേണ്ടത്. ഇപ്രകാരം സെഷന്‍സ് വിചാരണക്കുവേണ്ടി കേസുകള്‍ അയക്കുന്നതിന് കമ്മിറ്റല്‍ പ്രൊസീഡിംഗ്‌സ് എന്നാണ് പറയുക. ഇങ്ങനെ കമ്മിറ്റ് ചെയ്യപ്പെട്ട് ലഭിക്കുന്ന കേസില്‍ തുടര്‍നടപടികള്‍ സെഷന്‍സ് കോടതികളാണ് നടത്തുന്നത്. 

ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതികള്‍ക്കു തൊട്ടുമുകളിലാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ സ്ഥാനം. മറ്റു ജുഡീഷ്യല്‍ മജിസ്‌ട്രേറ്റു കോടതികളുടെ മേല്‍നോട്ടം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധികാരത്തില്‍ വരുന്നു.

ഇവകൂടാതെ സെഷന്‍സ് കോടതികളാണ് ഉള്ളത്. ജില്ലാതലത്തില്‍ ഒരു സെഷന്‍സ് കോടതിയുണ്ടാവും. സിവില്‍ കേസുകളിലെ ജില്ലാകോടതികളുടെ സ്ഥാനം തന്നെയാണ് ക്രിമിനല്‍ കേസുകളില്‍ സെഷന്‍സ് കോടതിക്കുള്ളത്. സെഷന്‍സ് കോടതിക്ക് അഡീഷണല്‍ സെഷന്‍സ് കോടതികളും അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതികളും ഉണ്ടാകും. ഈ കോടതികളില്‍ മജിസ്‌ട്രേറ്റിന് വിചാരണ ചെയ്യാനാകാത്തതും ശിക്ഷവിധിക്കാനാവാത്തതുമായ കേസുകള്‍ വിചാരണക്ക് വരുന്നു.

സെഷന്‍സ് കോടതികള്‍ക്കു മുകളിലുള്ള അപ്പീല്‍ കോടതി ഹൈക്കോടതിയാണ്. ഹൈക്കോടതിക്കുമുകളില്‍ സുപ്രീം കോടതിയും. 

സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, ജില്ലാ മജിസ്‌ട്രേറ്റ് തുടങ്ങിയ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെ കോടതികള്‍ പ്രതേ്യകം നിഷ്‌കര്‍ഷിച്ചിട്ടുള്ള ക്രിമിനല്‍ നിയമാധികാരങ്ങളാണ് ഉപയോഗിക്കാറുള്ളത്. മുഖ്യധാരാ ക്രിമിനല്‍ കോടതികളുമായി അല്‍പം വേറിട്ടുനില്‍ക്കുന്ന മട്ടിലാണ് ഇവയുടെ പ്രവര്‍ത്തനമെങ്കിലും എല്ലാ കാര്യങ്ങളിലും ഒരു ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെയോ അതിലും അല്‍പം താഴെയോ ആയ അധികാരങ്ങള്‍ ഈ കോടതികള്‍ക്കുണ്ട്.

കുറ്റവിചാരണ ഏത് കോടതിയിലാണ് നടക്കേണ്ടത് എന്ന് ക്രിമിനല്‍ നടപടി നിയമം അനുശാസിക്കുന്നുണ്ട്. ഓരോ കോടതിക്കും വിധിക്കാവുന്ന ശിക്ഷകളും മറ്റും അടിസ്ഥാനപ്പെടുത്തിയാണ് കുറ്റകൃത്യം ഏതു കോടതിയില്‍ വിചാരണ നടത്തും എന്ന് നിശ്ചയിക്കുന്നത്. ചാര്‍ജ് ചെയ്തിട്ടുള്ള കുറ്റങ്ങള്‍ക്ക് വിധിക്കാവുന്ന പരമാവധി ശിക്ഷയാണ് ഇതിന്റെ മാനദണ്ഡം. മജിസ്‌ട്രേറ്റു കോടതികളില്‍ മൂന്നുവര്‍ഷം വരെ തടവും മറ്റു കോടതികളില്‍ അതിനു മുകളിലുള്ള ശിക്ഷകളുമാണ് വിധിക്കാവുന്നതായി നിശ്ചയിച്ചിരിക്കുന്നത്. ഒരു കേസ് ഏതു കോടതിയിലാണ് വിസ്തരിക്കേണ്ടത് എന്ന് ക്രിമിനല്‍ നടപടി നിയമത്തിന്റെ ഒന്നാം ഷെഡ്യൂളില്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.