ഹൈക്കോടതി

മുസാഫിര്‍

2018 ഫെബ്രുവരി 24 1439 ജുമാദില്‍ ആഖിറ 09

ഓരോ സംസ്ഥാനത്തിനും ഓരോ ഹൈക്കോടതിയുണ്ട്. ഒരു ഹൈക്കോടതിവിധിയിലെ നിയമങ്ങള്‍ ആ ഹൈക്കോടതിയുടെ അംഗീകാരാതിര്‍ത്തിയിലുള്ള പ്രദേശങ്ങൡലെ കോടതികള്‍ നിര്‍ബന്ധമായും അനുസരിക്കണം എന്നാണ് നിയമം. മൗലികാവകാശങ്ങള്‍ നടപ്പിലാക്കാന്‍ റിട്ട് പുറപ്പെടുവിക്കാന്‍ ഹൈക്കോടതികള്‍ക്കും അധികാരമുണ്ട്. മൗലികാവകാശങ്ങള്‍ക്കു മാത്രമല്ല മറ്റാവശ്യങ്ങള്‍ക്കും റിട്ടുകള്‍ പുറപ്പെടുവിക്കാവുന്നതാണ്. കൊലക്കുറ്റങ്ങള്‍ വിചാരണ ചെയ്ത് ശിക്ഷിക്കാനുള്ള അധികാരം സെഷന്‍സ് കോടതികള്‍ക്കാണ്. എന്നാല്‍ സെഷന്‍സ് കോടതി മരണശിക്ഷ നല്‍കിയാല്‍ അത് ഹൈക്കോടതി സ്ഥിരീകരിക്കണം. ഹൈക്കോടതിയുടെ അപ്പീലധികാരം വളരെ വിപുലമാണ്. പലതരം സിവില്‍ കേസുകളിലും ക്രിമിനല്‍ കേസുകളിലും കീഴ്‌ക്കോടതി വിധികള്‍ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ ബോധിപ്പിക്കാന്‍ വ്യവസ്ഥയുണ്ട്. ഹൈക്കോടതിയില്‍ അപ്പീല്‍ ബോധിപ്പിക്കാം എന്ന് ഒരു നിയമത്തില്‍ പറഞ്ഞിരിക്കണം. കുടുംബ കോടതികളുടെ വിധികള്‍ക്കെതിരെ ഹൈക്കോടതിക്കാണ് അപ്പീല്‍ അധികാരമെന്ന് കുടുംബ കോടതി നിയമത്തില്‍ പറയുന്നുണ്ട്. അതുപോലെ ചിലയിനം സിവില്‍ കേസുകളില്‍ കീഴ്‌കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ അധികാരം ഹൈക്കോടതിക്കാണെന്ന് കേരള സിവില്‍ കോടതി നിയമത്തില്‍ പറയുന്നുണ്ട്. ക്രിമിനല്‍ കേസുകളിലും അതിന്റെ സ്വഭാവമനുസരിച്ച് ഹൈക്കോടതിക്ക് അപ്പീല്‍ അധികാരമുണ്ട്. 

ഒരു ഹൈക്കോടതിയുടെ കീഴിലുള്ള എല്ലാ കോടതികളുടെയും മേല്‍നോട്ടാധികാരം ഹൈക്കോടതിക്കാണ്. ഓരോ ജില്ലയിലെയും കോടതികളുടെ മേല്‍നോട്ടം ഓരോ ജഡ്ജിയെ ചുമതലപ്പെടുത്തുകയാണ് ഹൈക്കോടതി ചെയ്യുന്നത്.   

റിട്ടധികാരം

'റിട്ട്' എന്ന വാക്കിന്റെ അര്‍ഥം 'കല്‍പന' എന്നാണ്. ഇന്നത് ചെയ്യണമെന്നോ ചെയ്യരുത് എന്നോ കോടതി കല്‍പിക്കുന്നതിനാണ് റിട്ട് പുറപ്പെടുവിക്കുക എന്ന് പറയുക. ഇന്ത്യയില്‍ റിട്ട് അധികാരം സുപ്രീംകോടതിക്കും ഹൈക്കോടതികള്‍ക്കും മാത്രമേയുള്ളൂ. ഇംഗ്ലണ്ടിലെ കോടതികളിലായിരുന്നു റിട്ടധികാരത്തിന്റെ ഉത്ഭവം. ഹേബിയസ് കോര്‍പസ്, മാന്‍ഡമസ്, ക്വോവാറന്റോ, പ്രൊഹിബിഷന്‍, സെര്‍ഷ്യോറാറിഎന്നീ അഞ്ചുതരം റിട്ടുകളുണ്ട്. 

ഹേബിയസ് കോര്‍പസ്

'ഹേബിയസ് കോര്‍പസ്' എന്നതിന്റെ അര്‍ഥം 'ശരീരം ഹാജരാക്കുക' എന്നാണ്. അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്. തടവിലാക്കപ്പെട്ട ആളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അയാളുടെ സ്വാതന്ത്ര്യത്തില്‍ താല്‍പര്യമുള്ള ഏതെങ്കിലും ഒരാള്‍ക്കോ ഈ റിട്ട് ഹരജി ബോധിപ്പിക്കാവുന്നതാണ്. തടഞ്ഞുവെക്കപ്പട്ട ആളെ കോടതിയില്‍ ഹാജറാക്കാനാവശ്യമായ ഉത്തരവുകള്‍ കോടതി പുറപ്പെടുവിക്കും. ഹാജരാക്കപ്പെട്ടതിനു ശേഷം അന്യായമായിട്ടാണ് തടവിലാക്കിയതെന്ന് കണ്ടാല്‍ കോടതി അയാളെ സ്വതന്ത്രനാക്കും. പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്ത ആളെ വിടുവിക്കാന്‍ ഫലപ്രദമായ മാര്‍ഗമാണ് ഈ റിട്ട്.

മാന്‍ഡമസ് റിട്ട്

'മാന്‍ഡമസ്' എന്നാല്‍ 'കല്‍പന' എന്നാണ് അര്‍ഥം. ഒരു വ്യക്തിയോ സ്ഥാപനമോ നിയമപരമായി നിര്‍വഹിക്കേണ്ട ഒരു കടമ നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ മാന്‍ഡമസ് റിട്ടാണ് അതിന്റെ പ്രതിവിധി. ഈ റിട്ട് സര്‍ക്കാരിനെതിരെയും ഉപയോഗിക്കാവുന്നതാണ്. എല്ലാ സംസ്ഥാന സര്‍ക്കാരുകളും ഉപഭോക്തൃ തര്‍ക്കപരിഹാരത്തിന് നിര്‍ദേശിച്ച ഉപഭോക്തൃ തര്‍ക്കപരിഹാര സംസ്ഥാന കമ്മീഷനുകളും ജില്ലാ ഫോറങ്ങളും സ്ഥാപിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഒരു വകുപ്പ് 1986ലെ ഉപഭോക്തൃ സംരക്ഷണനിയമത്തിലുണ്ട്. അപ്രകാരം ചെയ്യുന്നത് ഇന്ത്യയിലെ എല്ലാ സംസ്ഥാന സര്‍ക്കാരുകളും നീട്ടിക്കൊണ്ടു പോയി. പ്രശ്‌നം മാന്‍ഡമസ് റിട്ട് മുഖേന സുപ്രീംകോടതിയില്‍ ഉന്നയിക്കപ്പെട്ടു. സമയപരിധി നിശ്ചയിച്ചുകൊണ്ട് സംസ്ഥാന കമ്മീഷനുകളും ജില്ലാ ഫോറങ്ങളും സ്ഥാപിക്കുവാന്‍ സുപ്രീംകോടതി മാന്‍ഡമസ് പുറപ്പെടുവിച്ചു.