നിയമ സാക്ഷരത

മുസാഫിര്‍

2018 നവംബര്‍ 03 1440 സഫര്‍ 23

സൗജന്യ നിയമസേവനങ്ങള്‍ക്കും സഹായങ്ങള്‍ക്കും പുറമെ നിയമസേവന അതോറിറ്റികള്‍ നിയമസാക്ഷരതാ ക്ലാസ്സുകളും സംഘടിപ്പിക്കുന്നുണ്ട്. കേരള സംസ്ഥാന നിയമസേവന അതോറിറ്റി സംസ്ഥാനത്തിനകത്ത് 9ാംക്ലാസ്സ് വിദ്യാര്‍ഥികള്‍ക്ക് നിയമസാക്ഷരതാ പദ്ധതി എല്ലാ സ്‌കൂളുകളിലും നടപ്പിലാക്കിയിട്ടുണ്ട്. സര്‍വകലാശാലകളിലെ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കും കുടുംബശ്രീ മിഷനിലെ അംഗങ്ങളായ സ്ത്രീകള്‍ക്കും നിയമസാക്ഷരതാ ക്ലാസ്സുകള്‍ നടത്തുന്നുണ്ട്. നിയമാവബോധം വളര്‍ത്തുന്നതുവഴി തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനും അതുവഴി വ്യവഹാരങ്ങള്‍ കുറയ്ക്കാനും കഴിയും.

സംസ്ഥാന നിയമസേവന അതോറിറ്റി

സംസ്ഥാനങ്ങളിലെ നിയമസഹായ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി നടപ്പാക്കാനായി അതത് സംസ്ഥാനങ്ങളില്‍ നിയമസേവന അതോറിറ്റിക്ക് രൂപംനല്‍കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമുണ്ട്.

സംസ്ഥാന അതോറിറ്റിയുടെ ചുമതലകള്‍:

1) കേന്ദ്ര അതോറിറ്റി നിയമസേവന സഹായമേഖലയില്‍ രൂപം നല്‍കുന്ന നയപരിപാടികള്‍ നടപ്പാക്കുക. 2) അര്‍ഹരായവര്‍ക്ക് നിയമസഹായവും നിയമസേവനവും ലഭ്യമാക്കുക. ഹൈക്കോടതിയിലുള്‍പെടെ നിലവിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനായി ലോക്അദാലത്തുകള്‍ സംഘടിപ്പിക്കുക. 3)കേന്ദ്ര അതോറിറ്റിയുമായി ആലോചിച്ച് മറ്റു കൃത്യങ്ങള്‍ നിര്‍വഹിക്കുകയും ചട്ടവ്യവസ്ഥകള്‍ രൂപപ്പെടുത്തുകയും ചെയ്യുക. 4) സംസ്ഥാനത്ത് നിയമസേവന സഹായപ്രവര്‍ത്തനം നടത്തുന്ന വിവിധ ഏജന്‍സികളെ ഏകോപിപ്പിക്കുകയും ഉദ്ഗ്രഥിത പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുക.

ജില്ലാ നിയമസേവന അതോറിറ്റി

ഹൈക്കോടതി ചീഫ്ജസ്റ്റിസുമായി കൂടിയാലോചിച്ച് ജില്ലാടിസ്ഥാനത്തിലുള്ള നിയമസേവന അതോറിറ്റികള്‍ക്ക് രൂപംനല്‍കാനുള്ള അധികാരം സംസ്ഥാന  സര്‍ക്കാരിനുണ്ട്.

ലോക് അദാലത്ത്

കോടതികളിലൂടെ എല്ലായ്‌പ്പോഴും എല്ലാതരം കേസുകളും പരിപൂര്‍ണമായും തീര്‍പ്പുകല്‍പിക്കപ്പെടുക സാധ്യമല്ല. ഒരു വ്യവഹാരമോ ക്രിമിനല്‍കേസോ തുടര്‍ന്നുപോവുന്നത് വര്‍ഷങ്ങളോളമാണ്. അതിന്റെ പ്രധാന കാരണം ജനസംഖ്യാവര്‍ധനവും കോടതികളുടെ എണ്ണക്കുറവും മറ്റുമാണ്. നിയമസാക്ഷരതയ്ക്കും നിയമസഹായത്തിനും പുറമെ വിവിധ തലങ്ങളില്‍ നീതിന്യായ തര്‍ക്കങ്ങള്‍ പരിഹരിക്കാനായി ഏര്‍പ്പെടുത്തുന്ന ലോക്അദാലത്തുകളാണ് നിയമസേവന അതോറിറ്റിയുടെ സവിശേഷമായ പ്രവര്‍ത്തന മേഖല.

1) ഏതെങ്കിലും കോടതിയില്‍ നിലവിലുള്ള തര്‍ക്കങ്ങള്‍. 2. ഏതെങ്കിലും കോടതിയുടെ പരിധിയില്‍ വരാവുന്ന തര്‍ക്കങ്ങള്‍. 3) നിലവിലുള്ള നിയമപ്രകാരം കോമ്പൗണ്ട് ചെയ്യാവുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍.

അദാലത്തിന്റെ പരിഗണനയില്‍ സാധാരണയായി ഒരു കേസ് എത്തുന്നത് തര്‍ക്കത്തില്‍ പെട്ട ഏതെങ്കിലും കക്ഷിയുടെയോ, ഇരുകക്ഷികളുടെയും സംയുക്ത അപേക്ഷയിന്‍മേലോ അല്ലെങ്കില്‍  കോടതി സ്വമേധയാ തീരുമാനിച്ച പ്രകാരമോ ആണ്.

ലോക് അദാലത്തിന്റെ നടപടിക്രമം വളരെ ലളിതമാണ്. അപേക്ഷ ലഭിച്ചാല്‍ തര്‍ക്കക്കക്ഷികള്‍ക്ക് സ്വീകാര്യവും സംയോജിതവും രമ്യവുമായ പരിഹാരത്തിന് അദാലത്ത് ശ്രമം നടത്തും. സാമാന്യനീതിയുടെയും നീതിപൂര്‍വകമായ സമത്വത്തിന്റെയും വിവേചന ബുദ്ധിയുടെയും അടിസ്ഥാനത്തിലാണ് പരസ്പര ധാരണയിലൂടെ ഒരു തീരുമാനത്തില്‍ എത്തിച്ചേരുക. ലോക് അദാലത്തിന്റെ തീര്‍പ്പ് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞാല്‍ ആ തീര്‍പ്പിന് ഒരു സിവില്‍ കോടതി വിധിയുടെ മൂല്യവും നിര്‍വഹണ ക്ഷമതയും ലഭ്യമാക്കും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ ലോക് അദാലത്തിലൂടെ ഒത്തുതീര്‍ന്നാല്‍ അടച്ചിട്ടുള്ള കോര്‍ട്ട് ഫീസ് തിരികെ കിട്ടും. സാക്ഷികളെയും ഹര്‍ജിക്കാരെയും വിളിച്ചുവരുത്തുവാനും സാന്നിധ്യം ഉറപ്പാക്കുവാനും കോടതികള്‍ക്ക് തെളിവുകള്‍ ശേഖരിക്കുവാനും അധികാരമുള്ളതുപോലെ ലോക് അദാലത്തിനും ഇത്തരം അധികാരങ്ങളുണ്ട്.