കോടതികള്‍

മുസാഫിര്‍

2018 ഫെബ്രുവരി 17 1439 ജുമാദില്‍ ആഖിറ 02

നീതിന്യായ വകുപ്പ്

സുപ്രീം കോടതിയും ഹൈക്കോടതിയും കീഴ്‌കോടതികളും ഉള്‍ക്കൊള്ളുന്നതാണ് നീതിന്യായ സംവിധാനം. ഒരു പിരമിഡിന്റെ മാതൃകയിലാണ് കോടതികളുടെ സംവിധാനം. ഏറ്റവും മുകളില്‍ സുപ്രീം കോടതി. സംസ്ഥാനങ്ങളിലെ ഉന്നത നീതിപീഠങ്ങള്‍ ഹൈക്കോടതികളിലാണ്. ഓരോ ഹൈക്കോടതിയുടെയും താഴെ ജില്ല- സെഷന്‍സ് കോടതികള്‍. അവയ്ക്ക് താഴെ സബോര്‍ഡിനേറ്റ്-അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജിമാര്‍. ഏറ്റവും അടിത്തട്ടില്‍ മുന്‍സിഫ് കോടതികളും മജിസ്‌ട്രേറ്റ് കോടതികളും. പ്രത്യേക ട്രൈബ്യൂണലുകള്‍ വേറെയുണ്ട്. ഇവയെല്ലാം ചേര്‍ന്നുള്ളതാണ് ഇന്ത്യയിലെ നീതിന്യായ സംവിധാനം. 


സുപ്രീം കോടതി

ഒരു ചീഫ് ജസ്റ്റിസും 30 ജഡ്ജിമാരും അടങ്ങുന്നതാണ് സുപ്രീം കോടതി. മൗലികാവകാശങ്ങള്‍ നടപ്പാക്കിക്കിട്ടാന്‍ ഏതൊരു പൗരനും സുപ്രീം കോടതിയെ നേരിട്ട് സമീപിക്കാവുന്നതാണ്. മൗലികാവകാശസംരക്ഷണമാണ് സുപ്രീം കോടതിയുടെ ഏറ്റവും പ്രധാനപ്പെട്ട കര്‍ത്തവ്യം. ഏതൊരാള്‍ക്കും ഏറ്റവും വിലപ്പെട്ടത് സ്വന്തം ജീവനും സ്വാതന്ത്ര്യവുമാണല്ലോ. ഭരണഘടന ഉറപ്പു നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം മൗലികാവകാശവും ജീവന്റെയും സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണമാണ്. ഈ കാര്യത്തില്‍ സുപ്രീം കോടതി സ്വയം നടപടികളെടുത്തതിന് ഉദാഹരണങ്ങളുണ്ട്. ബീഹാറില്‍ പോലീസുകാര്‍ കളവുകേസുകള്‍ ആരോപിച്ച് ഏതാനും പേരെ അറസ്റ്റു ചെയ്ത് ലോക്കപ്പിലാക്കി. അവര്‍ സ്ഥിരം കുറ്റവാളികളാണെന്ന് സംശയിച്ച് അവരുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു. ഇതിനെ സംബന്ധിച്ച പത്രവാര്‍ത്ത ശ്രദ്ധയില്‍ പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി സര്‍ക്കാരിനെതിരെ കേസെടുത്തു നഷ്ടപരിഹാരം നല്‍കാന്‍ കല്‍പിക്കുകയുണ്ടായി. മനുഷ്യജീവന്റെയും സ്വാതന്ത്ര്യത്തിന്റെയും കാര്യത്തില്‍ ഔപചാരികമായ ഒരു ഹര്‍ജി ബോധിപ്പിക്കപ്പടണമെന്ന് പോലുമില്ല. വിവരം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെട്ടാല്‍ മതി. കോടതി യുക്തമായ നടപടികളെടുത്തേക്കാം.

സര്‍ക്കാരുകള്‍ തമ്മിലുള്ള അവകാശത്തര്‍ക്കങ്ങള്‍ വിചാരണ ചെയ്യുവാന്‍ സുപ്രീം കോടതിക്ക് മാത്രമെ അധികാരമുള്ളൂ. മറ്റു കോടതികളുടെ വിധികള്‍ക്കും ഉത്തരവുകള്‍ക്കും എതിരെ സാധാരണ നിലയില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ബോധിപ്പിക്കാവുന്നതല്ല. ഹൈക്കോടതി വിധിച്ച കേസുകളില്‍ സുപ്രീം കോടതി പരിഗണിക്കേണ്ട ഒരു നിയമ പ്രശ്‌നം അതിലുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ സാധാരണ നിലയില്‍ അപ്പീല്‍ സ്വീകരിക്കപ്പെടുകയുള്ളൂ. 

ക്രിമിനല്‍ കേസുകളില്‍ കീഴ്‌കോടതി വെറുതെ വിട്ട ഒരാളെ അപ്പീലില്‍ ഹൈക്കോടതി മരണശിക്ഷക്ക് വിധിച്ചാല്‍ അയാള്‍ക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ട്. സുപ്രീം കോടതിയുടെ മറ്റൊരു പ്രധാനപ്പെട്ട അധികാരം ഇന്ത്യയിലെ ഏതൊരു കോടതിയുടെയും ഏത് വിധിയും ഉത്തരവും തീരുമാനവും പുനഃപരിശോധനക്ക് പ്രത്യേകാനുമതി കൊടുക്കാമെന്നതാണ്. അത് ആവശ്യമാണെന്ന് സുപ്രീം കോടതിക്ക് ബോധ്യപ്പെടണം. നീതി ആര്‍ക്കും നിഷേധിക്കപ്പെടാതിരിക്കാനുള്ള ഒരു മുന്‍കരുതലാണിത്. രാഷ്ട്രപതിക്ക് പ്രധാന പ്രശ്‌നങ്ങളില്‍ സുപ്രീം കോടതിയുടെ ഉപദേശം തേടാവുന്നതാണ്. പ്രശ്‌നത്തിന്റെ എല്ലാ വശങ്ങളും കേസ് വിചാരണയുടെ അതേ രീതിയില്‍ അഭിപ്രായം രൂപീകരിച്ച് പ്രസിഡന്റിനെ അറിയിക്കും. 

ഇന്ത്യയില്‍ നിയമകാര്യങ്ങങൡ അവസാന വാക്ക് സുപ്രീം കോടതിയുടെതാണ്. സുപ്രീം കോടതി വിധികളും അവയിലെ തത്ത്വങ്ങളും ഇന്ത്യയിലെ എല്ലാ കോടതികളും അനുസരിക്കണം. ഒരു സുപ്രീം കോടതിവിധി പുനഃപരിശോധിക്കാനുള്ള അധികാരം സുപ്രീം കോടതിക്ക് മാത്രമെയുള്ളൂ. ലോകത്ത് ഏറ്റവും അധികാരമുള്ള സുപ്രീംകോടതി ഇന്ത്യയിലേതാണെന്ന് പറയപ്പെടുന്നു.