ത്രിതല പഞ്ചായത്തുകള്‍

മുസാഫിര്‍

2018 മാര്‍ച്ച് 24 1439 റജബ് 06

ഒന്നോ അതിലധികമോ ഗ്രാമങ്ങള്‍ക്ക് ഒരു ഗ്രാമപഞ്ചായത്ത്, ഒരു ജില്ലയിെല മുഴുവന്‍ ഗ്രാമപ്രദേശങ്ങളും ഉള്‍പെടുന്ന ഒരു ജില്ലാപഞ്ചായത്ത്. ഇവ രണ്ടിനുമിടയില്‍ ഏതാനും ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പെടുന്ന ഇടനില പഞ്ചായത്തുകള്‍. ഇങ്ങനെയാണ് പഞ്ചായത്തുകളുടെ സംവിധാനം. കേരള പഞ്ചായത്തീരാജ് നിയമത്തില്‍ ഇടനില പഞ്ചായത്തിന് ബ്ലോക്ക് പഞ്ചായത്ത് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 20 ലക്ഷത്തില്‍ കവിയാത്ത ജനസംഖ്യയുള്ള സംസ്ഥാനങ്ങളില്‍ ഇടനില പഞ്ചായത്തുകള്‍ രൂപീകരിക്കേണ്ടതില്ല.  

ഓരോ ജില്ലയിലെയും ഗ്രാമപഞ്ചായത്തുകള്‍ മുഴുവനും ജില്ലാപഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരും. അവശേഷിക്കുന്നത് നഗരങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഗ്രാമങ്ങളോ ചെറിയ നഗരങ്ങളോ വലിയ നഗരങ്ങളോ ആയിരിക്കും. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങള്‍ ഓരോ ജില്ലയിലും കൈവിരലില്‍ എണ്ണാന്‍ മാത്രമെ ഉണ്ടാവുകയുള്ളൂ. ഇന്ത്യ മുഴുവനായി എടുത്താല്‍ 80 ശതമാനത്തിലധികം പ്രേദശങ്ങളും ഗ്രാമങ്ങളാണ്. മുനിസിപ്പാലിറ്റികളെക്കാള്‍ എത്രയോ മടങ്ങ് വരും പഞ്ചായത്തുകളുടെ എണ്ണം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളാണ് പഞ്ചായത്തുകള്‍. 1992 വരെ പഞ്ചായത്തുകളെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള ശ്രമമായിരുന്നു നടത്തിയിരുന്നത്. പഞ്ചായത്തീരാജ് ഭേദഗതികളിലൂടെ ഈ തെറ്റ് തിരുത്താന്‍ ശ്രമിച്ചിരിക്കുന്നു. 

പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും കാലാവധി സുനിശ്ചിതമാണ്. മേല്‍പറഞ്ഞ ഭരണഘടനാഭേദഗതിക്ക് മുമ്പും പഞ്ചായത്തുകള്‍ ഉണ്ടായിരുന്നു. അധികാരങ്ങള്‍ കുറഞ്ഞവയായിരുന്നുആ പഞ്ചായത്തുകള്‍. മുമ്പത്തെ പഞ്ചായത്തുകളില്‍ കൃത്യമായി തെരഞ്ഞെടുപ്പുകള്‍ നടക്കാറില്ലായിരുന്നു. ചില വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ട് പതിറ്റാണ്ടുകളോളം തെരഞ്ഞെടുപ്പ് നടക്കാതിരുന്ന പഞ്ചായത്തുകള്‍ ഉണ്ടായിരിന്നു. ഇപ്പോള്‍ ആ സ്ഥിതി മാറി. പാര്‍ലമെന്റിന്റെയും സംസ്ഥാന നിയമസഭകളുെടയും കാലാവധി അഞ്ചു കൊല്ലമായി ഭരണഘടനയില്‍ വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു. (അനുച്ഛേദം 83,172). അതിലപ്പുറം ആവരുത് എന്നും അതോടൊപ്പം പറയുന്നുണ്ട്. അതേ വാക്കുകളില്‍ തന്നെ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും കാലാവധിയും ഭരണഘടനയില്‍ വ്യവസ്ഥിതി ചെയ്തിരിക്കുന്നു. പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും കാര്യത്തില്‍ ഈ കാലാവധി കഴിയുന്നതിനുമുമ്പ് തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്ന് നിഷ്‌കര്‍ശിക്കുന്നുണ്ട്.  

 

ധനകാര്യ കമ്മീഷന്‍

പഞ്ചായത്തീരാജ് ഭേദഗതി മുഖേന ഒരു സംസ്ഥാന ധനകാര്യ കമ്മീഷന്‍ കൂടി നിലവില്‍ വന്നിട്ടുണ്ട്. 9, 9 എ ഭാഗങ്ങളില്‍ ധനകാര്യ കമ്മീഷനെക്കുറിച്ച് പറയുന്നുണ്ട്. സംസ്ഥാനത്തിന്റെ നികുതിവരുമാനത്തില്‍ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും നല്‍കേണ്ട വിഹിതവും സഹായധനവും എത്രയായിരിക്കണമെന്ന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കുകയാണ് കമ്മീഷന്റെ പ്രധാന ചുമതല. പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ധനസ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതും കമ്മീഷന്റെ ചുമതലയാണ്. ഭരണകാര്യങ്ങളില്‍ എല്ലാ പൗരന്മാര്‍ക്കും അവസരം നല്‍കുന്നു.

1992ലെ പഞ്ചായത്തീരാജ് ഭേദഗതി ഓരോ പൗരനും രാഷ്ട്രത്തിന്റെ കാര്യങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യാന്‍ അവസരമൊരുക്കുന്നുണ്ട്. അതാണ് ഗ്രാമസഭകള്‍. ഒരു ഗ്രാമസഭയുടെ പ്രദേശത്തില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ള എല്ലാവരും ഗ്രാമസഭയിലെ അംഗങ്ങളാണ്. ഒരു പ്രദേശത്തെ ആളുകള്‍ ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് പ്രാവര്‍ത്തികമാക്കുന്ന രീതിയാണിത്.