നിയമവും പ്രകൃതിസംരക്ഷണവും

മുസാഫിര്‍

2018 ശവ്വാല്‍ 23 1439 ജൂലായ് 07

പരിസ്ഥിതി നിയമങ്ങള്‍

ഒരു കാര്‍ട്ടൂണിനെക്കുറിച്ച് പറഞ്ഞുകൊണ്ടാരംഭിക്കാം. വര്‍ഷങ്ങള്‍ക്കു മുമ്പ് റഷ്യയിലെ കുട്ടികള്‍ ചേര്‍ന്ന് വളരെ ലളിതമായ ഒരു ചിത്രം വരച്ചു. 'സ്പുട്‌നിക്' എന്ന മാസികയില്‍ അത് പിന്നീട് വളരെ പ്രസിദ്ധമായ ചിത്രമായി മാറി.

ഇത്രയേയുള്ളൂ ചിത്രം: ഗോളാകൃതിയിലുള്ള ഒരു രൂപം. ഗോളത്തിനു താഴെ കുട്ടികള്‍ എഴുതിവെച്ചു: ''ഇതല്ലാതെ മറ്റൊരു ഭവനമില്ല.''

ഗോളമെന്നാല്‍ ഭൂഗോളം. ഭൂമിയല്ലാതെ നമുക്ക് മറ്റൊരു ഭവനമില്ല. മനുഷ്യര്‍ക്കെന്നല്ല സകല ചരാചരങ്ങള്‍ക്കും ഒരൊറ്റ ഭവനം മാത്രമേയുള്ളൂ. അതാണ് ഭൂമി.

ഭൂമിയില്ലെങ്കില്‍ നമ്മളില്ല. ജൈവമണ്ഡലത്തിലെ ജീവനുള്ളതും ഇല്ലാത്തതുമായ സകല ഘടകങ്ങളും പരിരക്ഷിക്കപ്പെടണം. വനനശീകരണം തടയണം. മരങ്ങള്‍ വെച്ചുപിടിപ്പിക്കണം. വായുവിലും വെള്ളത്തിലും മണ്ണിലും മാലിന്യം കലരാതെ നോക്കണം. ശബ്ദശല്യം കുറക്കണം. വിഭവങ്ങള്‍ പരമാവധി സൂക്ഷിച്ച് ഉപയോഗിക്കണം. അവ അടുത്ത തലമുറക്ക് കൈമാറണം.

''നമ്മുടെ ആവശ്യങ്ങള്‍ക്കുള്ളതെല്ലാം പ്രകൃതിയിലുണ്ട്. എന്നാല്‍ നമ്മുടെ അത്യാഗ്രഹത്തെ തൃപ്തിപ്പെടുത്താന്‍ പ്രകൃതിക്ക് കഴിയില്ല.'' ഈ അര്‍ഥംവരുന്ന വാക്കുകള്‍ ഗാന്ധിജിയുടേതാണ്.

പ്രകൃതിവിഭവങ്ങള്‍ നമുക്ക് മാത്രമുള്ളതല്ല. അടുത്ത തലമുറയിലേക്ക് അവയെ സുരക്ഷിതമായി ഏല്‍പിക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. ഈ ലക്ഷ്യത്തോടെയാണ് പരിസ്ഥിതി നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്.

ലോക പരിസ്ഥിതി സമ്മേളനം

1972 ജൂലായ് 5ന് സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമില്‍ ഒരു ലോകപരിസ്ഥിതി സമ്മേളനം നടന്നു. ഐക്യരാഷ്ട്രങ്ങള്‍ വിളിച്ചുകൂട്ടിയ ആ സമ്മേളനത്തില്‍ ഭൂരിപക്ഷം അംഗരാജ്യങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് അവര്‍ ആ സമ്മേളനത്തില്‍ പ്രസംഗിക്കുകയും ചെയ്തു.

ലോകത്തിലെവിടെയും അനുഭവപ്പെടുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ ആഴത്തില്‍ വിലയിരുത്തിക്കൊണ്ടുള്ള ഒരു പ്രഖ്യാപനം പ്രസ്തുത സമ്മേളനം അംഗീകരിച്ചു. പ്രശ്‌നപരിഹാരത്തില്‍ ഓരോ രാഷ്ട്രവും അതിലെ പൗരന്മാരും എടുക്കേണ്ട മുന്‍കരുതലുകള്‍ അതില്‍ വിശദീകരിക്കുന്നുണ്ട്.

പരിസ്ഥിതി അവബോധം വ്യാപകമാകുന്നു

മേല്‍പറഞ്ഞ സമ്മേളനം എല്ലാ രാജ്യങ്ങളിലും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടി. രാഷ്ട്രങ്ങള്‍ മറ്റു നിയമനടപടികള്‍ എടുത്തു. സന്നദ്ധ സംഘടനകള്‍ രംഗത്തുവന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച അവബോധം ജനങ്ങളില്‍ സൃഷ്ടിച്ചു. കേരളത്തില്‍ സൈന്റ്‌വാലി  വനത്തിന് നാശം സംഭവിക്കുമായിരുന്ന വൈദ്യുത പദ്ധതി പരിസ്ഥിതി പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പുമൂലം സര്‍ക്കാരിന് ഉപേക്ഷിക്കേണ്ടിവന്നു.