തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കല്‍

മുസാഫിര്‍

2018 ഒക്ടോബര്‍ 20 1440 സഫര്‍ 09

മനുഷ്യര്‍ ഭിന്നസ്വഭാവക്കാരാണ്; ഭിന്നാഭിപ്രായക്കാരും. തര്‍ക്കങ്ങളും കലഹങ്ങളും അവര്‍ക്കിടയില്‍ ഉണ്ടാവുക സ്വാഭാവികം. പ്രാചീനകാലത്ത് ഗോത്രങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ കലാപങ്ങളായി മാറുക പതിവായിരുന്നു. പിന്നീട് ഗോത്രസഭകളും മറ്റും ഉണ്ടായി. പില്‍ക്കാലത്ത് കോടതികള്‍ രൂപപ്പെട്ടു. ഭരണരീതിയും സംസ്‌കാരവും മാറുന്നതിനനുസരിച്ച് നിയമങ്ങളും കോടതികളും മാറിമാറി വന്നു.

എന്നാല്‍, കേസുകള്‍ പരസ്പരം പറഞ്ഞുതീര്‍ക്കുക എന്നതിന്റെ പ്രാധാന്യം ഇതുകൊണ്ടൊന്നും കുറയുന്നില്ല. നീണ്ടുനില്‍ക്കുന്ന വ്യവഹാരങ്ങളുടെ ഫലമായി സാമ്പത്തികമായും മാനസികമായും ഭൗതികമായും തകര്‍ന്ന എത്രയോ ആളുകളുണ്ട്. പറഞ്ഞു തീര്‍ക്കാവുന്ന നിസ്സാര പ്രശ്‌നങ്ങള്‍പോലും കോടതികളില്‍ എത്തിക്കുകയും അവിടെ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന വ്യവഹാരങ്ങളില്‍ ഏര്‍പെടുകയും ചെയ്യുന്ന പ്രവണത ആകാവുന്നത്ര കുറക്കേണ്ടിയിരിക്കുന്നു.

മധ്യസ്ഥത്തിനും നിയമം

രണ്ടുപേര്‍ ഒന്നിച്ച് ഒരേര്‍പാട് തുടങ്ങുന്നു. തര്‍ക്കങ്ങളുണ്ടായാല്‍ അത് ഒരു മധ്യസ്ഥനെ ഏല്‍പിക്കാന്‍ അവര്‍ ഒരു കരാറുണ്ടാക്കുന്നു. ഒരു മധ്യസ്ഥനെ അവര്‍ക്ക് പേരെടുത്ത് പറയാം. അഥവാ രണ്ടുപേരും ഓരോ പേരുകള്‍ നിര്‍ദേശിക്കാമെന്നും അങ്ങനെ നിര്‍ദേശിക്കപ്പെടുന്നവര്‍ മൂന്നാമതൊരാളെ നിയമിക്കാമെന്നും അവര്‍ മൂന്നുപേരും കൂടി തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കണമെന്നും വ്യവസ്ഥചെയ്യാം. ഇങ്ങനെ കരാറുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ഒരു നിയമമാണ് ആര്‍ബിട്രേഷന്‍ ആക്ട്. ആര്‍ബിട്രേഷന്‍ എന്നാല്‍ മാധ്യസ്ഥം എന്നാണര്‍ഥം. ഈ നിയമമനുസരിച്ച് കക്ഷികള്‍ നിയമിക്കുന്നവര്‍ക്ക് ആര്‍ബിട്രേറ്റര്‍മാര്‍ എന്നാണ് പറയുക.

കുടുംബകോടതികള്‍

നിസ്സാര കാരണത്തിനായിരിക്കും പലപ്പോഴും ഭാര്യാഭര്‍ത്താക്കന്മാര്‍ പിണങ്ങുക. അത് കോടതിയിലെത്തിയാലോ? വീറും വാശിയുമുള്ള പോരാട്ടമായി മാറും! ഉള്ളതും ഇല്ലാത്തതും രണ്ടുപേരും കോടതിയില്‍ എഴുതി ബോധിപ്പിക്കുകയും പറയുകയും ചെയ്യും. പിന്നീട് ഒരിക്കലും ഒന്നിച്ച് ജീവിക്കാന്‍ പറ്റാത്ത വിധത്തില്‍ അവര്‍ അകലുകയായിരിക്കും അതിന്റെ അനന്തരഫലം. ഈ തിരിച്ചറിവാണ് സാധാരണ കോടതികളിലെ മത്സരനടപടികള്‍ കുടുംബകാര്യങ്ങള്‍ക്ക് പറ്റിയതല്ല എന്ന നിഗമനത്തില്‍ നമ്മുടെ നിയമനിര്‍മാതാക്കളെ എത്തിച്ചത്. കുടുംബ തര്‍ക്കങ്ങളില്‍ ഒത്തുതീര്‍പ്പിന്റെ മാര്‍ഗമാണ് തര്‍ക്കപരിഹാരത്തിന് ഏറ്റവും അനുയോജ്യം. അതുകൊണ്ട് ഒത്തുതീര്‍പ്പിന് മുന്‍ഗണന നല്‍കുന്ന ഒരു നിയമം തന്നെ നടപ്പാക്കപ്പെട്ടു. അതാണ് 1984ലെ കുടുംബകോടതി നിയമം. ഈ നിയമം അനുസരിച്ചുള്ള കോടതികളാണ് കുടുംബകോടതികള്‍. അവിടെ കക്ഷികള്‍ നേരിട്ടു ചെന്ന് ഹര്‍ജികൊടുക്കണം. മധ്യസ്ഥശ്രമം നടത്താന്‍ കഴിവുള്ള വിദഗ്ധന്മാരുടെ ഒരു ലിസ്റ്റ് കുടുംബകോടതിയിലുണ്ടാകും; മനഃശാസ്ത്രജ്ഞന്മാരും സാമൂഹ്യപ്രവര്‍ത്തകരും മറ്റും ഉള്‍ക്കൊള്ളുന്ന ഒരു ലിസ്റ്റ്. ഹര്‍ജി അവര്‍ക്ക് കൈമാറും. അവര്‍ അന്വേഷണം നടത്തും. ഒത്തുതീര്‍പ്പിലെത്താന്‍ കക്ഷികളെ സഹായിക്കും. ഒത്തുതീര്‍പ്പിലെത്തിയാല്‍ കോടതി അതനുസരിച്ച് കേസ് വിധിക്കും. അതിനുശേഷം സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍  മറ്റു കോടതികളെ അപേക്ഷിച്ച് ലളിതമാണ്. ആ ഘട്ടത്തില്‍ ആവശ്യമാണെന്ന് കോടതി കരുതുന്ന പക്ഷം അഭിഭാഷകരെ വെക്കാന്‍ കക്ഷികളെ അനുവദിക്കും. സാധാരണ കോടതികളില്‍ എല്ലാവരും കേള്‍ക്കെയാണ് വിചാരണകള്‍ നടക്കാറ്. കുടുംബകോടതികളില്‍ കഴിയുന്നതും പരസ്യവിചാരണ ഒഴിവാക്കും.