ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍

മുസാഫിര്‍

2018 ജനുവരി 06 1439 റബിഉല്‍ ആഖിര്‍ 17

'ഇന്ത്യയിലെ ജനങ്ങളായ നാം' എന്ന വാചകത്തോടെയാണ് ഇന്ത്യന്‍ ഭരണഘടന തുടങ്ങുന്നത്. നിര്‍മാണ സമിതി ഭരണഘടന പാസ്സാക്കിയത് 1949 നവംബര്‍ 26ാം തീയതിയായിരുന്നു. ആ ചരിത്രമുഹൂര്‍ത്തത്തില്‍ ഭരണഘടനയുടെ പ്രധാന ശില്‍പിയായിരുന്ന ഡോ.അംബേദ്കര്‍ ഇങ്ങനെ പറയുകയുണ്ടായി: ''ഇന്നലെവരെ ഇന്ത്യയുടെ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും നമുക്ക് പഴിപറയാന്‍ ബ്രിട്ടീഷുകാരുണ്ടായിരുന്നു. ഇന്നുമുതല്‍ അതിന് പ്രസക്തിയില്ലാതായിരിക്കുന്നു. ഇനിയങ്ങോട്ട് നമ്മുടെ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും നാം നമ്മെത്തന്നെയാണ് കുറ്റം പറയേണ്ടത്.'' ഇവിടെ എന്തു നടന്നാലും അത് മറ്റുള്ളവരുടെ കുറ്റംകൊണ്ടാണെന്നു പറഞ്ഞ് ഒരു പൗരനും അതിന്റെയൊക്കെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുവാന്‍ പറ്റില്ല എന്നര്‍ഥം. ഇന്ത്യയിലെ വിദ്യാസമ്പന്നര്‍ പോലും നാട്ടില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ക്കെതിരെ കണ്ണടയ്ക്കുന്നതിന്റെ പ്രധാന കാരണം നിയമപരമായ നിരക്ഷതയാണ്. നിയമത്തെക്കുറിച്ചുള്ള അവബോധം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനുതന്നെയും ഏറെ ഉപകാരപ്രദമാണെന്നതില്‍ സംശയമില്ല.


സാധാരണ അവകാശങ്ങളും മൗലികാവകാശങ്ങളും

ഒരാള്‍ ഒരു വഴി 20 വര്‍ഷമായി തുടര്‍ച്ചയായി ഉപയോഗിച്ചുവരുന്നു. ആ വഴി നിലകൊള്ളുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മറ്റൊരാള്‍ക്കാണ്. എന്നിരുന്നാലും വഴി ഉപയോഗിക്കാന്‍ അയാള്‍ക്ക് അവകാമുണ്ടെന്ന് നിയമം പറയുന്നു. ഈസ്‌മെന്റ് അവകാശം അഥവാ സൗകര്യാവകാശം എന്നാണിതിന്റെ പേര്. സ്ഥലമുടമ വഴിയുപയോഗിക്കുന്നതില്‍നിന്ന് സൗകര്യാവകാശക്കാരനെ തടസ്സപ്പെടുത്തരുത്. ഇത്സ്ഥലമുടമയുടെ കടമയാണ്. ഈ അവകാശവും കടമയും സൗകര്യാവകാശ നിയമത്തിന്റെ ഭാഗമാണ്. നിയമം മുഖേന അവ എടുത്തുകളയുകയോ അവയില്‍ മാറ്റമവരുത്തുകയോ ചെയ്യാം. അതിന് പാകത്തില്‍ നിയമം നിര്‍മിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്താല്‍ മതി.

18 വയസ്സ് പൂര്‍ത്തിയായ ഏതൊരു പൗരനും മറ്റു അയോഗ്യതകളൊന്നുമില്ലെങ്കില്‍ വോട്ടറായി രജിസ്റ്റര്‍ ചെയ്തുകിട്ടാന്‍ അവകാശമുണ്ടെന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്. (അനുഛേദം 326). നേരത്തെ നിര്‍ദേശിച്ച വയസ്സ് 21 ആയിരുന്നു. ഇത് ഭരണഘടനയുടെ സൃഷ്ടിയായ ഒരു സാധാരണ അവകാശമാണ്. ഇങ്ങനെ സാധാരണ നിയമാവകാശങ്ങളും ഭരണഘടനാപരമായ അവകാശങ്ങളുമുണ്ട്. അവ ബന്ധപ്പെട്ട നിയമമോ ഭരണഘടനയോ നല്‍കുന്നതാണ്.  

എന്തെല്ലാമാണ് നമ്മുടെ ഭരണഘടനയുടെ  ലക്ഷ്യങ്ങള്‍? എങ്ങനെയായിരിക്കണം നമ്മുടെ രാജ്യം? ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍തന്നെ ഇതിനുള്ള ഉത്തരം ഉണ്ട്.


- ഇന്ത്യ ഒരു പരമാധികാരരാജ്യമാകണം.

- സോഷ്യലിസ്റ്റ് രാജ്യമാകണം.

- മതേതരരാജ്യമാകണം.

- ജനാധിപത്യ രാജ്യമാകണം.

- സ്വതന്ത്ര രാജ്യമായി നിലനില്‍ക്കണം.

പത്രങ്ങളില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും പ്രസംഗങ്ങളില്‍ നിന്നും ഈ പദങ്ങളും പ്രയോഗങ്ങളും മിക്ക ആളുകള്‍ക്കും പരിചിതമായിരിക്കും. വലിയ അര്‍ഥങ്ങള്‍ ഉള്ളവയാണ് ഇവയോരോന്നും. അതിനാല്‍ ഇവയോരോന്നും പ്രധാനമാണ്.

മൗലികാവകാശങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയില്‍

മൗലികാവകാശങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള എന്തെങ്കിലും നടപടി എടുക്കാന്‍ കേന്ദ്ര സര്‍ക്കാറിനോ സംസ്ഥാന സര്‍ക്കാറിനോ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ അധികാരമില്ല. മൗലികാവകാശം ലംഘിക്കപ്പെട്ടാല്‍ ഏതൊരാള്‍ക്കും നേരിട്ട് സുപ്രീംകോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാന്‍ അവകാശമുണ്ട്. യുക്തമായ നിര്‍ദേശങ്ങളോ റിട്ടുകളോ പുറപ്പെടുവിച്ച് പ്രതിവിധി നല്‍കുവാന്‍ ഈ കോടതികള്‍ക്ക് അധികാരമുണ്ട്.

രാഷ്ട്രത്തിന് നിയമനിര്‍മാണം, കാര്യനിര്‍വഹണം, നീതി നിര്‍വഹണം എന്നീ മൂന്ന് അവയവങ്ങളുണ്ടെന്ന് പറയാം. ഈ അവയവങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത് മൗലികാവകാശങ്ങളെ സ്പര്‍ശിക്കാതെ വേണം.

പൗരന്മാരുടെ അടിസ്ഥാനപരമായ അവകാശങ്ങള്‍ക്കാണ് മൗലികാവകാശങ്ങള്‍ എന്ന് പറയുന്നത്. 'അടിസ്ഥാനപരം,' 'അടിത്തറയായിട്ടുള്ളത്' എന്നെല്ലാമാണ് 'മൗലികം' എന്നതിന്റെ അര്‍ഥം. പൗരത്വത്തിന്റെയും സമൂഹത്തിന്റെയും അങ്ങനെ രാഷ്ട്രത്തിന്റെയും അടിത്തറ തന്നെയാണ് മൗലികാവകാശങ്ങള്‍ എന്നു പറയാം.

0
0
0
s2sdefault